Month: ജനുവരി 2021

ചെറിയ മത്സ്യം

വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന ഒരു ദമ്പതികള്‍ അവരുടെ പട്ടണത്തിലെ ഒരു മനുഷ്യനുമായി ശക്തമായ സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കുകയും യേശുവിന്റെ സ്‌നേഹവും രക്ഷയുടെ കഥയും പലതവണ അദ്ദേഹവുമായി പങ്കുവയ്്ക്കുകയും ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ''വലിയ സത്യം'' ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും ആയുസ്പര്യന്തം മറ്റൊരു മതത്തോടുള്ള വിശ്വസ്തത ഉപേക്ഷിക്കാന്‍ അദ്ദേഹം വിമുഖത കാണിച്ചു. അദ്ദേഹത്തിന്റെ ആശങ്ക ഒരു പരിധിവരെ സാമ്പത്തികത്തെ ആശ്രയിച്ചുള്ളതായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തിലെ ഒരു നേതാവും തനിക്കു ലഭിച്ചിരുന്ന പണത്തില്‍ ആശ്രയിച്ചു ജീവിച്ചിരുന്ന ആളുമായിരുന്നു. തന്റെ സമുദായത്തിലെ ആളുകള്‍ക്കിടയില്‍ തന്റെ പ്രശസ്തി നഷ്ടപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.

സങ്കടത്തോടെ അദ്ദേഹം വിശദീകരിച്ചു, ''ഒരു അരുവിയില്‍ നിന്നു കൈകൊണ്ട് മീന്‍ പിടിക്കുന്ന ഒരാളെപ്പോലെയാണ് ഞാന്‍. ഒരു കൈയില്‍ ഞാന്‍ ഒരു ചെറിയ മത്സ്യത്തെ പിടിച്ചു, പക്ഷേ ഒരു വലിയ മത്സ്യം നീന്തുകയാണ്. വലിയ മത്സ്യത്തെ പിടിക്കണമെങ്കില്‍, ചെറിയതിന ഞാന്‍ ഉപേക്ഷിക്കണം!'

മത്തായി 19-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ധനികനായ യുവ ഭരണാധികാരിക്ക് സമാനമായ പ്രശ്നമുണ്ടായിരുന്നു. യേശുവിനെ സമീപിച്ച് അവന്‍ ചോദിച്ചു, ''ഗുരോ, നിത്യജീവനെ പ്രാപിക്കുവാന്‍ ഞാന്‍ എന്തു നന്മ ചെയ്യണം?'' (വാ. 16). അവന്‍ ആത്മാര്‍ത്ഥമായിട്ടാണ് ചോദിച്ചതെന്നു തോന്നും, പക്ഷേ തന്റെ ജീവിതം പൂര്‍ണ്ണമായും യേശുവിനു സമര്‍പ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. പണത്തില്‍ മാത്രമല്ല, കല്പന അനുസരിക്കുന്നവന്‍ എന്ന് അഭിമാനിക്കുന്ന കാര്യത്തിലും അവന്‍ സമ്പന്നനായിരുന്നു. അവന്‍ നിത്യജീവന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, അവന്‍ അതിലുപരിയായി മറ്റു പലതിനെയും സ്‌നേഹിക്കുകയും ക്രിസ്തുവിന്റെ വാക്കുകള്‍ നിരസിക്കുകയും ചെയ്തു.

താഴ്മയോടെ നമ്മുടെ ജീവിതം യേശുവിനു സമര്‍പ്പിക്കുകയും അവന്റെ രക്ഷാദാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍, ''വന്ന്, എന്നെ അനുഗമിക്കുക'' എന്ന് അവന്‍ നമ്മെ വിളിക്കുന്നു (വാ. 21).

ദൈവത്തിന്റെ കാല്‍പ്പാടുകള്‍

''ദൈവം എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയാം,'' ഞങ്ങളുടെ നാലുവയസ്സുള്ള കൊച്ചുമകന്‍എന്റെ ഭാര്യ കാരിയോട് പറഞ്ഞു. 'അത് എവിടെയാണ്?'' അവള്‍ വര്‍ദ്ധിച്ച ജിജ്ഞാസയോടെ ചോദിച്ചു. ''നിങ്ങളുടെ വീടിനടുത്തുള്ള കാട്ടിലാണ് ദൈവം താമസിക്കുന്നത്,'' അവന്‍ മറുപടി പറഞ്ഞു.

അവരുടെ സംഭാഷണത്തെക്കുറിച്ച് കാരി എന്നോട് പറഞ്ഞപ്പോള്‍, അവന്റെ ചിന്തയെ പ്രേരിപ്പിച്ചതെന്താണെന്ന് അവള്‍ അത്ഭുതപ്പെട്ടു. ''എനിക്കറിയാം,'' ഞാന്‍ പ്രതിവചിച്ചു. ''അവന്‍ കഴിഞ്ഞ പ്രാവശ്യം നമ്മളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ കാട്ടില്‍ നടക്കാന്‍ പോയിരുന്നു. ഞാന്‍ അവനോട് പറഞ്ഞു, 'നമുക്ക് ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും, അവന്‍ ചെയ്ത കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'' ''ഞാന്‍ ഉണ്ടാക്കുന്ന കാല്‍പ്പാടുകള്‍ നീ കാണുന്നുണ്ടോ?'' ഞങ്ങള്‍ നദിക്കരയിലെ മണല്‍പ്പരപ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ എന്റെ കൊച്ചുമകനോട് ചോദിച്ചു. ''മൃഗങ്ങളും വൃക്ഷങ്ങളും നദിയും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പോലെയാണ്. അവന്‍ ഇവിടെ ഉണ്ടായിരുന്നതായി നമുക്കറിയാം, കാരണം അവന്‍ സൃഷ്ടിച്ച കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'

104-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് സൃഷ്ടിയില്‍ ദൈവത്തിനുള്ള തെളിവുകള്‍ ചൂണ്ടിക്കാണിച്ചു, ''യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു' (വാ. 24). ഇവിടെ കാണുന്ന ജ്ഞാനത്തിനുള്ള എബ്രായ പദം, സമര്‍ത്ഥമായ കരകൗശലത്തെ വിവരിക്കാന്‍ ബൈബിളില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്. പ്രകൃതിയിലെ ദൈവത്തിന്റെ കരകൗശലം അവന്റെ സാന്നിധ്യത്തെ പ്രഖ്യാപിക്കുകയും അവനെ സ്തുതിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

104-ാം സങ്കീര്‍ത്തനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഈ വാക്കുകളോടെയാണ്: ''യഹോവയെ സ്തുതിപ്പിന്‍' (വാ. 1, 35). ഒരു കുഞ്ഞിന്റെ കൈ മുതല്‍ കഴുകന്റെ കണ്ണ് വരെ, നമുക്ക് ചുറ്റുമുള്ള നമ്മുടെ സ്രഷ്ടാവിന്റെ കലാപരമായ കഴിവ് അവന്റെ പൂര്‍ണ്ണമായ അഗാധമായ നൈപുണ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് നമുക്ക് ഇതെല്ലാം അത്ഭുതത്തോടെ കാണുകയും അതിനായി അവനെ സ്തുതിക്കുകയും ചെയ്യാം!

തകര്‍ക്കാനാവാത്ത വിശ്വാസം

അവരുടെ ആദ്യജാതനായ മകന് ഓട്ടിസം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തിയ ശേഷം, ഒരു ബുദ്ധി വൈകല്യമുള്ള കുട്ടിയെ ആജീവനാന്തം പരിചരിക്കുന്നതിന്റെ വൈഷമ്യമോര്‍ത്ത് ഒരു യുവ ദമ്പതികള്‍ ദുഃഖിച്ചു. അണ്‍ബ്രോക്കണ്‍ ഫെയ്ത്ത് എന്ന തന്റെ പുസ്തകത്തില്‍, അവരുടെ പ്രിയപ്പെട്ട മകന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ക്രമീകരിക്കുന്നതിന് പാടുപെട്ടതായി അവള്‍ സമ്മതിക്കുന്നു. എന്നിട്ടും ഈ വേദനാജനകമായ പ്രക്രിയയിലൂടെ, അവരുടെ കോപവും സംശയങ്ങളും ഭയങ്ങളും കൈകാര്യം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍, അവരുടെ മകന്‍ പ്രായപൂര്‍ത്തിയായതോടെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡയാന തന്റെ അനുഭവങ്ങള്‍ ഉപയോഗിക്കുന്നു. ദൈവത്തിന്റെ തകര്‍ക്കാന്‍ കഴിയാത്ത വാഗ്ദത്തങ്ങളെക്കുറിച്ചും പരിധിയില്ലാത്ത ശക്തിയെക്കുറിച്ചും സ്‌നേഹമസൃണ വിശ്വസ്തതയെക്കുറിച്ചും അവള്‍ മറ്റുള്ളവരോട് പറയുന്നു. ഒരു സ്വപ്‌നം, ഒരു പ്രതീക്ഷ, ഒരു വഴി അല്ലെങ്കില്‍ ജീവിതത്തിലെ ഒരു കാലഘട്ടം നശിക്കുമ്പോള്‍ ദുഃഖിക്കാന്‍ അവിടുന്ന് അനുമതി നല്‍കുന്നുവെന്ന് അവള്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.

യെശയ്യാവ് 26-ല്‍, ദൈവജനത്തിന് എന്നേക്കും കര്‍ത്താവില്‍ ആശ്രയിക്കാന്‍ കഴിയുമെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. കാരണം യഹോവ 'ശാശ്വതമായൊരു പാറ' (വാ. 4) ആകുന്നു. ഏതു സാഹചര്യത്തിലും പ്രകൃത്യാതീതമായ സമാധാനത്തോടെ നമ്മെ നിലനിര്‍ത്താന്‍ അവനു കഴിയും (വാ. 12). അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിഷമകരമായ സമയങ്ങളില്‍ അവനോട് നിലവിളിക്കുകയും ചെയ്യുന്നത് നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു (വാ. 15).

എന്തെങ്കിലും നഷ്ടമോ നിരാശയോ പ്രയാസകരമായ സാഹചര്യങ്ങളോ നാം അഭിമുഖീകരിക്കുമ്പോള്‍, തന്നോട് സത്യസന്ധത പുലര്‍ത്താന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ വികാരങ്ങളെയും ചോദ്യങ്ങളെയും കൈകാര്യം ചെയ്യാന്‍ അവനു കഴിയും. അവന്‍ നമ്മോടൊപ്പം ഇരിക്കുകയും നിലനില്‍ക്കുന്ന പ്രത്യാശയാല്‍ നമ്മുടെ ആത്മാക്കളെ പുതുക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതം തകര്‍ന്നടിയുന്നുവെന്ന് തോന്നുമ്പോഴും, നമ്മുടെ വിശ്വാസത്തെ തകര്‍ക്കാനാവാത്തതാക്കാന്‍ ദൈവത്തിന് കഴിയും.

സ്വീകാര്യതയുടെ ഒരു പൈതൃകം

ബ്രേക്കിംഗ് ഡൗണ്‍ വാള്‍സ് എന്ന തന്റെ പുസ്തകത്തില്‍ ഗ്ലെന്‍ കെഹ്രെയിന്‍, 1968 ല്‍ പൗരാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിക്കാഗോയിലെ തന്റെ കോളേജ് ഡോര്‍മിറ്ററിയുടെ മേല്‍ക്കൂരയില്‍ കയറിയതിനെക്കുറിച്ച് എഴുതുന്നു. 'ഭീതിദമായ വെടിയൊച്ചകള്‍ വലിയ കെട്ടിടത്തില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു, താമസിയാതെ എന്റെ മേല്‍ക്കൂര വിശാലവും അതേസമയം ഭയാനകവുമായ ഒരു കാഴ്ചയ്ക്കു വേദിയായി. .. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വിസ്‌കോണ്‍സിന്‍ ചോളപ്പാടത്തു നിന്ന് ഷിക്കാഗോയിലെ ഒരു നഗരാന്തര്‍ഭാഗത്തുള്ള യുദ്ധമേഖലയിലേക്ക് എനിക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?' യേശുവിനോടും തന്റേതില്‍ നിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള ജനങ്ങളോടും ഉള്ള സ്‌നേഹത്താല്‍ നിര്‍ബന്ധിതനായ ഗ്ലെന്‍ ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുകയും, 2011 ല്‍ മരിക്കുന്നതുവരെ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുകയും ചെയ്തു.

തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരെ ആലിംഗനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ യേശുവിലുള്ള വിശ്വാസികളുടെ ശ്രമങ്ങളെ ഗ്ലെന്നിന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു. പൗലൊസിന്റെ പഠിപ്പിക്കലും മാതൃകയും, ദൈവത്തില്‍ നിന്നും അകന്നുപോയ മാനവരാശിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയില്‍ യെഹൂദനെയും ജാതികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കുവാന്‍ റോമാ വിശ്വാസികളെ സഹായിച്ചു (റോമര്‍ 15:8-12). മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള അവന്റെ മാതൃക പിന്തുടരാന്‍ അവന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു (വാ. 7). 'ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍'' മഹത്വപ്പെടുത്താന്‍ വിളിക്കപ്പെട്ടവരില്‍ മുന്‍വിധിക്കും വിയോജിപ്പിനും സ്ഥാനമില്ല (വാ. 6). തടസ്സങ്ങള്‍ മറികടന്ന് മതിലുകള്‍ തകര്‍ക്കാനും വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരെയും ഊഷ്മളമായി ആലിംഗനം ചെയ്യാനും നിങ്ങളെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. സ്വീകാര്യതയുടെ ഒരു പൈതൃകം കൈമാറുവാന്‍ നമുക്ക് ശ്രമിക്കാം.

ഓസിലെ അത്ര അത്ഭുതവാനല്ലാത്ത മാന്ത്രികന്‍

ദി വണ്ടര്‍ഫുള്‍ വിസര്‍ഡ് ഓഫ് ഓസില്‍ (ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് നാടകം) ഡൊറോത്തി, നോക്കുകുത്തി, തകര മനുഷ്യന്‍, ഭീരുവായ സിംഹം എന്നിവര്‍ പടിഞ്ഞാറെ ദുഷ്ട മാന്ത്രികന്റെ ശക്തിയുടെ രഹസ്യമായ ചൂലിന്റെ സഹായത്തോടെ ഓസില്‍ മടങ്ങിയെത്തുന്നു. ചൂല്‍ മടക്കിക്കൊടുക്കുന്നതിനു പകരമായി ഓസിലെ മാന്ത്രികന്‍ നാലുപേര്‍ക്കും അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു: ഡൊറോത്തിക്ക് വീട്ടിലേക്കുള്ള യാത്ര, നോക്കുകുത്തിക്ക് ഒരു മസ്തിഷ്‌കം, തകര മനുഷ്യന് ഒരു ഹൃദയം, ഭീരുവായ സിംഹത്തിന് ധൈര്യം. എന്നാല്‍ മന്ത്രവാദി അതു മാറ്റിവയ്ക്കുകയും അടുത്ത ദിവസം മടങ്ങിവരാന്‍ അവരോടു പറയുകയും ചെയ്യുന്നു.

അവര്‍ മാന്ത്രികനോട് അപേക്ഷിക്കുമ്പോള്‍, മാന്ത്രികന്‍ മറഞ്ഞിരുന്നു സംസാരിച്ചിരുന്ന തിരശ്ശീല ഡൊറോത്തിയുടെ നായയായ ടോട്ടോ നീക്കുന്നു. അപ്പോഴാണ് അയാള്‍ ഒരു മാന്ത്രികനല്ലെന്നും അവന്‍ നെബ്രാസ്‌കയില്‍ നിന്നുള്ള ഭയചകിതനും സ്വസ്ഥതയില്ലാത്തവനുമായ ഒരു മനുഷ്യന്‍ മാത്രമാണെന്നും അവര്‍ക്കു മനസ്സിലായത്.

എഴുത്തുകാരനായ എല്‍. ഫ്രാങ്ക് ബോമിന് ദൈവവുമായി ഗുരുതരമായ ഒരു പ്രശ്‌നമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു, അതിനാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് മാത്രമേ അധികാരമുള്ളൂ എന്ന സന്ദേശം ലോകത്തെ അറിയിക്കാന്‍ അയാള്‍ ആഗ്രഹിച്ചു.

ഇതിനു വിപരീതമായി, ''തിരശ്ശീല'' യുടെ പിന്നിലെ യഥാര്‍ത്ഥ അത്ഭുതവാനായവനെ വെളിപ്പെടുത്തുന്നതിന് അപ്പൊസ്തലനായ യോഹന്നാന്‍ തിരശ്ശീല നീക്കുന്നു. യോഹന്നാന് വാക്കുകള്‍ കിട്ടാതായി (പോലെ എന്ന ഗതിയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ശ്രദ്ധിക്കുക) എങ്കിലും വിഷയം വളരെ വ്യക്തമായി സൂച്ചിപ്പിച്ചു: 'ദൈവം തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു... സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍' (വെളിപ്പാട് 4:2, 6). ഭൂമിയില്‍ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ (അ. 2-3), ദൈവം അസ്വസ്ഥനായി ഉലാത്തുകയോ നഖം കടിക്കുകയോ ചെയ്യുന്നില്ല. അവന്‍ നമ്മുടെ നന്മയ്ക്കായി സജീവമായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ നമുക്ക് അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും.