ഓരോ ശ്വാസവും
ശരീരത്തിന്റെ സ്വയം രോഗപ്രതിരോധത്തോടു ബന്ധപ്പെട്ട അപൂര്‍വമായ ഒരു രോഗം ടീ ഉന്‍നെ ബാധിച്ചിട്ട് അതവന്റെ എല്ലാ പേശികളെയും ദുര്‍ബലപ്പെടുത്തി. ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയപ്പോഴാണ് ശ്വസിക്കാന്‍ കഴിയുന്നത് ഒരു ദാനമാണെന്ന് അവന്‍ മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെയായി, സെക്കന്‍ഡുകളുടെ ഇടവേളകളില്‍ ഒരു യന്ത്രമുപയോഗിച്ച് ശ്വാസകോശത്തിലേക്ക് വായു പമ്പു ചെയ്യേണ്ടിവന്നു. ഇത് അവന്റെ ചികിത്സയുടെ വേദനാജനകമായ ഭാഗമായിരുന്നു.
ടീ ഉന്‍ അത്ഭുതകരമായ ഒരു തിരിച്ചുവരവു നടത്തി. ജീവിതവെല്ലുവിളികളെക്കുറിച്ചു പരാതിപ്പെടരുതെന്ന് ഇന്ന് അദ്ദേഹം സ്വയം ഓര്‍മ്മിപ്പിക്കുന്നു. 'ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കും, അതിന് എനിക്ക് കഴിയുന്നതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.''
നമുക്ക് ആവശ്യമുള്ളതോ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ ഏറ്റവും വലിയ അത്ഭുതങ്ങളാകാമെന്ന കാര്യം മറക്കുന്നതും എത്ര എളുപ്പമാണ്! യെഹെസ്‌കേലിന്റെ ദര്‍ശനത്തില്‍ (യെഹെസ്‌കേല്‍ 37:1-14), ഉണങ്ങിയ അസ്ഥികള്‍ക്കു ജീവന്‍ നല്‍കാന്‍ തനിക്കു മാത്രമേ കഴിയൂ എന്നു ദൈവം പ്രവാചകനെ കാണിച്ചു. ഞരമ്പും മാംസവും ത്വക്കും പ്രത്യക്ഷപ്പെട്ടതിനുശേഷവും 'ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു'' (വാ. 8). ദൈവം അവര്‍ക്കു ശ്വാസം നല്‍കിയപ്പോഴാണ് അവര്‍ക്കു വീണ്ടും ജീവിക്കാന്‍ കഴിഞ്ഞത് (വാ. 10).
യിസ്രായേലിനെ നാശത്തില്‍നിന്നു പുനഃസ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെ ഈ ദര്‍ശനം ചിത്രീകരിക്കുന്നു. വലുതോ ചെറുതോ ആയ എനിക്കുള്ളതെന്തും ദൈവം എനിക്കു ശ്വാസം നല്‍കുന്നില്ലെങ്കില്‍ ഉപയോഗശൂന്യമാണെന്നും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.
ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും ലളിതമായ അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു നന്ദി പറയുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ദൈനംദിന പോരാട്ടത്തിനിടയില്‍, ഒരു ദീര്‍ഘശ്വാസം എടുക്കാന്‍ ഇടയ്ക്കിടെ നിര്‍ത്താം; ''ശ്വാസമുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ'' (സങ്കീര്‍ത്തനം 150:6).
നമ്മുടെ ദാരിദ്ര്യത്തില്‍നിന്ന്
അവരുടെ പണത്തിന്റെ പകുതി സംഭാവന ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പ്രതിജ്ഞ ചൊല്ലിയപ്പോള്‍ വാറന്‍ ബഫെയും ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ചരിത്രം സൃഷ്ടിച്ചു. 2018 ലെ കണക്കനുസരിച്ച് ഇത് 9,200 കോടി ഡോളറിന്റെ സംഭാവന ആയിരുന്നു. ഈ പ്രതിജ്ഞ, മനഃശാസ്ത്രജ്ഞ വിദഗ്ധനായ പോള്‍ പിഫിന് നല്‍കല്‍ രീതികളെക്കുറിച്ചു പഠിക്കാന്‍ പ്രേരണ നല്‍കി. ഒരു ഗവേഷണപരീക്ഷണത്തിലൂടെ, ദരിദ്രര്‍ സമ്പന്നരായ ആളുകളേക്കാള്‍ 44 ശതമാനം കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. സ്വയമായി ദാരിദ്ര്യം അനുഭവിച്ചവര്‍ പലപ്പോഴും കൂടുതല്‍ ഔദാര്യമുള്ളവരായി മാറുന്നു.
യേശുവിന് ഇത് അറിയാമായിരുന്നു. ദൈവാലയം സന്ദര്‍ശിച്ചപ്പോള്‍, പുരുഷാരം ഭണ്ഡാരത്തില്‍ ഔദാര്യദാനങ്ങള്‍ ഇടുന്നത് അവന്‍ കണ്ടു (മര്‍ക്കൊസ് 12:41). ധനികര്‍ പണക്കിഴികള്‍ ഇട്ടു, പക്ഷേ ഒരു പാവപ്പെട്ട വിധവ, അവളുടെ അവസാനത്തെ രണ്ടു ചെമ്പു നാണയങ്ങള്‍ പുറത്തെടുത്തു- ഒരു പൈസയ്ക്കു സമാനമായത് - ഭണ്ഡാരത്തില്‍ ഇട്ടു. യേശു എഴുന്നേറ്റു നില്‍ക്കുന്നതും സന്തോഷിക്കുന്നതും കൈയടിക്കുന്നതും ഞാന്‍ ഭാവനയില്‍ കാണുന്നു. ഉടനെ, അവന്‍ തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി, ഈ വിസ്മയകരമായ പ്രവൃത്തി അവര്‍ കാണാതെപോകുന്നില്ലെന്ന് ഉറപ്പുവരുത്തി. 'ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു,'' യേശു പ്രസ്താവിച്ചു (വാ. 43). യേശു എന്താണ് സംസാരിക്കുന്നതെന്ന് ആരെങ്കിലും വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ച് ശിഷ്യന്മാര്‍ പരസ്പരം നോക്കി. അതിനാല്‍, അവന്‍ ഇത് വ്യക്തമാക്കിക്കൊടുത്തു: വലിയ സംഭാവനകള്‍ ഇട്ടവര്‍ 'തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു'' (വാ. 44).
നമുക്ക് നല്‍കാന്‍ കുറച്ചു മാത്രമേ ഉണ്ടാകൂ, എങ്കിലും നമ്മുടെ ദാരിദ്ര്യത്തില്‍ നിന്നു നല്‍കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇതു തുച്ഛമാണെന്നു തോന്നുമെങ്കിലും, നമുക്കുള്ളതു നാം നല്‍കുന്നു. നമ്മുടെ ഔദാര്യദാനങ്ങളില്‍ ദൈവം വലിയ സന്തോഷം കണ്ടെത്തുന്നു.
ഈ കാര്യങ്ങള്‍ പരിശീലിക്കുക
എന്റെ മകനെ കണക്കിന്റെ ഗൃഹപാഠം ചെയ്യാന്‍ ഞാന്‍ സഹായിച്ചപ്പോള്‍, ഒരേ ആശയവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രശ്‌നങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ഉത്സാഹം കാണിക്കുന്നില്ലെന്നു വ്യക്തമായി. 'എനിക്കത് മനസ്സിലായി, ഡാഡീ!'' എല്ലാ കണക്കുകളും ചെയ്യാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കുകയില്ലെന്നു പ്രതീക്ഷിച്ച് അവന്‍ നിര്‍ബന്ധിച്ചു. എങ്ങനെ പ്രായോഗികമാക്കാമെന്ന് മനസ്സിലാക്കുന്നതുവരെ ഒരു ആശയം ഒരു ആശയം മാത്രമാണെന്ന് ഞാന്‍ അവനോട് സൗമ്യമായി വിശദീകരിച്ചു.
പ്രായോഗികമാക്കുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് എഴുതി. 'എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍'' (ഫിലിപ്പിയര്‍ 4:9). അവന്‍ അഞ്ചു കാര്യങ്ങള്‍ പരാമര്‍ശിച്ചു: അനുരഞ്ജനം - യുവൊദ്യയെയും സുന്തുകയെയും അതു ചെയ്യാന്‍ നിര്‍ബന്ധിച്ചു (വാ. 2-3.) സന്തോഷം - വളര്‍ത്തിയെടുക്കാന്‍ അവന്‍ തന്റെ വായനക്കാരെ ഓര്‍മ്മിപ്പിച്ചു (വാ. 4); സൗമ്യത - ലോകവുമായുള്ള അവരുടെ ബന്ധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവന്‍ അവരെ പ്രേരിപ്പിച്ചു (വാ. 5); പ്രാര്‍ത്ഥന - തന്റെ ജീവിതത്തിലും എഴുത്തിലും അവന്‍ അവര്‍ക്കായി മാതൃക കാണിച്ചു (വാ. 6-7); ശ്രദ്ധ കേന്ദ്രീകരിക്കല്‍ - ജയിലില്‍ പോലും അവന്‍ കാണിച്ചത് (വാ. 8). അനുരഞ്ജനം, സന്തോഷം, സൗമ്യത, പ്രാര്‍ത്ഥന, ശ്രദ്ധ കേന്ദ്രീകരിക്കല്‍ - യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം ജീവിക്കാന്‍ വിളിക്കപ്പെടുന്ന കാര്യങ്ങള്‍. ഏതൊരു ശീലത്തെയും പോലെ, ഈ സദ്ഗുണങ്ങളും വളര്‍ത്തിയെടുക്കണമെങ്കില്‍ അതു പരിശീലിക്കണം.
എന്നാല്‍ സുവിശേഷത്തെക്കുറിച്ചുള്ള സുവാര്‍ത്ത, പൗലൊസ് നേരത്തെ തന്നെ ഫിലിപ്പിയരോട് പറഞ്ഞതുപോലെ, 'ഇച്ഛിക്കുക എന്നതും പ്രവര്‍ത്തിക്കുക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്'' (2:13). നാം ഒരിക്കലും നമ്മുടെ സ്വന്തം ശക്തിയില്‍ പരിശീലിക്കുന്നില്ല. നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കും (4:19).
ഹിമസംഗീതം
അമേരിക്കയിലെ മധ്യവര്‍ഗ്ഗ ജനം പാര്‍ക്കുന്ന ഒരു പ്രദേശത്തെ ഒരു സംഗീത ബാന്‍ഡ്, ഓരോ വര്‍ഷവും നഗരത്തില്‍ സംഭവിക്കുന്ന ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ഒരു ഗാനം ആലപിക്കുന്നു. 'ഞങ്ങള്‍ക്ക് വര്‍ഷത്തിലെ ആദ്യത്തെ യഥാര്‍ത്ഥ മഞ്ഞുവീഴ്ച ലഭിക്കുമ്പോള്‍, അതു പാവനമായ ഒരു കാര്യം സംഭവിക്കുന്നതുപോലെയാണ്,'' ബാന്‍ഡിന്റെ സഹസ്ഥാപകന്‍ വിശദീകരിക്കുന്നു: 'ഒരു പുതിയ തുടക്കത്തിന്റെ ഒരംശം പോലെ. നഗരം മന്ദഗതിയിലാകുകയും നിശ്ശബ്ദമാകുകയും ചെയ്യുന്നു.''
കനത്ത മഞ്ഞുവീഴ്ച നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു പാട്ടിന് എങ്ങനെ പ്രചോദനമാകുമെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. മഞ്ഞ് മാലിന്യത്തെയും പഴക്കത്തെയും മറയ്ക്കുമ്പോള്‍, ഒരു മാസ്മരികമായ ശാന്തത ലോകത്തെ അലങ്കരിക്കുന്നു. കുറച്ച് നിമിഷത്തേക്ക്, ശൈത്യത്തിന്റെ വിരസത തിളക്കമുള്ളതാകുകയും ചിന്തിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
ദൈവത്തെക്കുറിച്ച് സഹായകരമായ ഒരു വീക്ഷണം ഉണ്ടായിരുന്ന ഇയ്യോബിന്റെ സ്‌നേഹിതനായ എലീഹൂ, സൃഷ്ടി നമ്മുടെ ശ്രദ്ധയെ എങ്ങനെ ക്ഷണിക്കുന്നുവെന്ന് രേഖപ്പെടുത്തി. 'ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു'' (ഇയ്യോബ് 37:5). 'അവന്‍ ഹിമത്തോട്: ഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.'' അത്തരം മഹിമയ്ക്ക് നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്താനും ഭക്തിയോടെ നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കാനും കഴിയും. 'താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിയത്തക്കവിധം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു'' (വാ. 7) എലീഹൂ നിരീക്ഷിച്ചു.
നമുക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രകൃതി ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നു. നമുക്ക് എന്തു സംഭവിക്കുന്നുവെന്നോ നമുക്കു ചുറ്റും നാം നിരീക്ഷിക്കുന്നതെന്താണെന്നോ പരിഗണിക്കാതെ - ഗംഭീരമോ, ഭയാനകമോ, മുഷിപ്പനോ ആയ - ഓരോ നിമിഷവും നമ്മുടെ ആരാധനയെ പ്രചോദിപ്പിക്കും. നമ്മുടെ ഉള്ളിലെ കവിയുടെ ഹൃദയം വിശുദ്ധ നിശബ്ദതയെ മോഹിക്കുന്നു.
എഴുതാനുള്ള കാരണം
'കര്‍ത്താവ് എന്റെ ഉന്നത ഗോപുരം . . . . എന്നു പാടിക്കൊണ്ട് ഞങ്ങള്‍ ക്യാമ്പ് വിട്ടു.'' 1943 സെപ്റ്റംബര്‍ 7 ന് എറ്റി ഹില്ലെസം ഒരു പോസ്റ്റ്കാര്‍ഡില്‍ ആ വാക്കുകള്‍ എഴുതി ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു. അവളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസാനത്തെ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു അവ. 1943 നവംബര്‍ 30 ന് ഓഷ്വിറ്റ്‌സില്‍ വെച്ച് അവള്‍ കൊല്ലപ്പെട്ടു. പിന്നീട്, ഹില്ലെസമിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ (രണ്ടാം ലോകമഹായുദ്ധ സമയത്തെ) അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു. നാസി അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ചും ദൈവിക ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഉള്ള അവളുടെ കാഴ്ചപ്പാടുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അവളുടെ ഡയറിക്കുറിപ്പുകള്‍ അറുപത്തിയേഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് - നല്ലതും ചീത്തയുമായതു വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സമ്മാനമായി.
യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പരുഷമായ യാഥാര്‍ത്ഥ്യങ്ങളെ അപ്പൊസ്തലനായ യോഹന്നാന്‍ മറികടന്നുപോയില്ല; യേശു ചെയ്ത നന്മയെയും അവിടുന്നു നേരിട്ട വെല്ലുവിളികളെയും കുറിച്ചു യോഹന്നാന്‍ എഴുതി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്കുകള്‍, തന്റെ പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. 'ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു'' (20:30). എന്നാല്‍ 'നിങ്ങള്‍ വിശ്വസിക്കേണ്ടതിനും ... ഇത് എഴുതിയിരിക്കുന്നു'' (വാ. 31). യോഹന്നാന്റെ 'ഡയറി'' വിജയക്കുറിപ്പില്‍ അവസാനിക്കുന്നു: ''യേശു ദൈവപുത്രനായ ക്രിസ്തു.'' ആ സുവിശേഷവാക്കുകളുടെ സമ്മാനം വിശ്വസിക്കാനും 'അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിനും'' നമുക്ക് അവസരമൊരുക്കുന്നു.
നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് സുവിശേഷങ്ങള്‍. അവ വായിക്കാനും വിശ്വസിക്കാനും പങ്കിടാനുമുള്ള വാക്കുകളാണ്, കാരണം അവ നമ്മെ ജീവനിലേക്ക് നയിക്കുന്നു. അവ നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്നു.