സത്യത്തില്‍ നങ്കൂരമിട്ടത്
എന്റെ കുടുംബം, ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ളതും ധാരാളം സവിശേഷതകളുള്ളതുമായ ഒരു വീട്ടിലാണ് താമസിക്കുന്നത്. മനോഹരമായ ചിത്രപ്പണികളുള്ള ഭിത്തികളാണതിനുള്ളത്. ഇത്തരം ഭിത്തികളില്‍ ഒരു ചിത്രം തൂക്കണമെന്നുണ്ടെങ്കില്, ഒരു മരക്കഷണം ഭിത്തിയില്‍ ഉറപ്പിച്ചിട്ടുവേണം അതില്‍ ആണിയടിച്ച് ചിത്രം തൂക്കിയിടാന്‍ എന്ന് വീടുകള്‍ നിര്‍മ്മിക്കുന്ന ഒരാള്‍ എനിക്കു മുന്നറിയിപ്പു നല്കി. അല്ലെങ്കില്‍, ഒരു കൊളുത്ത് സിമന്റിട്ടുറപ്പിക്കണം. അല്ലാത്തപക്ഷം ആണി ഭിത്തിയില്നിന്നിളകുകയും താഴെ വീണു തകര്‍ന്നുപോകയും ചെയ്യും, ഭിത്തിയില്‍ ഒരു വികൃതമായ ദ്വാരമുണ്ടാകുകയും ചെയ്യും.
എല്യാക്കീം എന്ന ഒരു അപ്രധാന ബൈബിള്‍ കഥാപാത്രത്തെ വിവരിക്കാന്‍, ഒരു ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആണിയുടെ സാദൃശ്യം യെശയ്യാപ്രവാചകന്‍ ഉപയോഗിച്ചു. അഴിമതിക്കാരനായ രാജധാനി വിചാരകന്‍ ശെബ്നയില് നിന്നും (യെശയ്യാവ് 22:15-19) സ്വന്ത ശക്തിയില്‍ ആശ്രയിക്കുന്ന യിസ്രായേല്‍ ജനത്തില്‍നിന്നും (വാ. 8-11), വ്യത്യസ്തമായി, എല്യാക്കീം ദൈവത്തില്‍ ആശ്രയിച്ചു. ഹിസ്കീയാരാജാവിന്റെ രാജധാനി വിചാരകനായുള്ള എല്യാക്കീമിന്റെ സ്ഥാനക്കയറ്റം പ്രവചിച്ചുകൊണ്ട്, 'ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാന്‍ അവനെ തറയ്ക്കും' എന്ന് യെശയ്യാവ് എഴുതി (വാ. 23). ദൈവത്തിന്റെ സത്യത്തിലും കൃപയിലും സുരക്ഷിതമായി നങ്കൂരമുറപ്പിക്കുന്നത്, തന്റെ കുടുംബത്തിനും ജനത്തിനും പിന്തുണ നല്കുന്ന ഒരുവനാക്കി എല്യാക്കീമിനെ മാറ്റും (വാ. 22-24).
എന്നിട്ടും, യെശയ്യാവ് ഈ പ്രവചനം അവസാനിപ്പിച്ചത്, ഒരു വ്യക്തിക്കും തന്റെ സ്നേഹിതരുടെയോ കുടുംബാംഗങ്ങളുടെയോ ആത്യന്തികസുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന ഗൗരവമായ ഓര്‍മ്മപ്പെടുത്തലോടെയാണ് - കാരണം, നാമെല്ലാവരും പരാജയപ്പെടുന്നു (വാ. 25). നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസനീയമായ ഏക നങ്കൂരം യേശു മാത്രമാണ് (സങ്കീര്‍ത്തനം 62:5-6; മത്തായി 7:24). നാം മറ്റുള്ളവരെ കരുതുകയും അവരുടെ ഭാരം പങ്കിടുകയും ചെയ്യുമ്പോള്‍, ഒരിക്കലും പരാജയപ്പെടാത്ത നങ്കൂരമായ യേശുവിലേക്ക് അവരെ നമുക്കു നയിക്കുകയും ചെയ്യാം.
ഉദ്യാനത്തില്‍
എന്റെ പിതാവിനു പഴയ ഗാനങ്ങള്‍ ആലപിക്കാന്‍ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിലൊന്ന് 'ഉദ്യാനത്തില്‍' ആയിരുന്നു. ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ശവസംസ്കാരവേളയില്‍ ഞങ്ങള്‍ അതു പാടി. കോറസ് വളരെ ലളിതമാണ്: 'അവന് എന്നോടൊപ്പം നടക്കുന്നു, അവന് എന്നോടു സംസാരിക്കുന്നു, ഞാന്‍ അവന്റേതാണെന്ന് അവന് എന്നോടു പറയുന്നു, ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന സന്തോഷം മറ്റാരും അറിഞ്ഞിട്ടില്ലാത്തതാണ്.' ആ ഗാനം എന്റെ പിതാവിനു സന്തോഷം നല്കി - അത് എനിക്കും അങ്ങനെയായിരുന്നു.
1912 വസന്തകാലത്ത് ഈ ഗാനം രചിച്ച സി. ഓസ്റ്റിന്‍ മൈല്‍സ് പറഞ്ഞത്, യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം വായിച്ചതിനുശേഷമാണു താന്‍ ഈ ഗാനം രചിച്ചതെന്നാണ്. 'അന്നു ഞാന്‍ അതു വായിക്കുമ്പോള്‍, ഞാന്‍ ആ രംഗത്തിന്റെ ഭാഗമാണെന്ന് തോന്നി. മറിയ കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തി 'റബ്ബൂനീ (ഗുരോ)'' എന്നു വിളിച്ച ആ നാടകീയ നിമിഷത്തിനു ഞാന്‍ ഒരു നിശ്ശബ്ദസാക്ഷിയായി മാറി.'
യോഹന്നാന് 20-ല്‍, മഗ്ദലനക്കാരി മറിയ യേശുവിന്റെ ശൂന്യമായ കല്ലറയ്ക്കടുത്തു നിന്നു കരയുന്നതു നാം കാണുന്നു. അവള് എന്തിനാണു കരയുന്നതെന്ന് അവളോടു ചോദിച്ച ഒരാളെ അവള് അവിടെ കണ്ടു. അതു തോട്ടക്കാരനാണെന്നു കരുതിയ അവള്, ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനോടു - യേശുവിനോട് - സംസാരിച്ചു! അവളുടെ ദുഃഖം സന്തോഷമായി മാറി, 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്നു പറയാന്‍ അവള് ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി (വാ. 18).
യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഉറപ്പു നമുക്കും ഉണ്ട്! അവിടുന്ന് ഇപ്പോള്‍ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലാണ്, പക്ഷേ അവിടുന്നു നമ്മെ തനിയെ വിട്ടിട്ടില്ല. ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്ക് അവിടുത്തെ ആത്മാവ് ഉള്ളില്‍ ഉണ്ട്, അവനിലൂടെ കര്‍ത്താവു നമ്മോടൊപ്പമുണ്ടെന്നും നാം അവിടുത്തെ വകയാണെന്നും അറിയുന്നതിലുള്ള ഉറപ്പും സന്തോഷവും നമുക്കുണ്ട്!
തിരമാലകളുടെമേല്‍ സഞ്ചരിക്കുക
എന്റെ ഭര്‍ത്താവ് ചക്രവാളത്തിന്റെ ഫോട്ടോയെടുത്തുകൊണ്ട് പാറക്കെട്ടു നിറഞ്ഞ കടല്‍ത്തീരത്തുകൂടി മുന്നോട്ടു പോകുമ്പോള്‍, മറ്റൊരു മെഡിക്കല്‍ പ്രശ്നത്തെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടു ഞാന്‍ ഒരു വലിയ പാറയില്‍ ഇരുന്നു. വീട്ടില്‍ പ്രശ്നങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും, ആ നിമിഷത്തില്‍ എനിക്കു സമാധാനം ആവശ്യമായിരുന്നു. കറുത്ത, പരുക്കന്‍ പാറക്കെട്ടുകള്‍ക്കു നേരെ ആഞ്ഞടിക്കുന്ന തിരമാലകളെ ഞാന്‍ ഉറ്റുനോക്കി. തിരമാലയുടെ വളവിലെ ഇരുണ്ട നിഴല്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എന്റെ ക്യാമറയിലെ സൂം ഉപയോഗിച്ച്, തിരമാലകളുടെമേല്‍ ശാന്തമായി സഞ്ചരിക്കുന്ന കടലാമയാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ചിറകു സമാനമായ അതിന്റെ കൈകള്‍ ശാന്തമായി വിരിച്ചിരുന്നു. ഉപ്പുകാറ്റിലേക്കു മുഖം തിരിച്ചു ഞാന്‍ പുഞ്ചിരിച്ചു.
'യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെ...സ്തുതിക്കും' (സങ്കീര്‍ത്തനം 89:5). നമ്മുടെ അതുല്യനായ ദൈവം 'സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ അവയെ അമര്‍ത്തുന്നു' (വാ. 9). അവിടുന്ന് 'ഭൂതലവും അതിന്റെ പൂര്‍ണ്ണതയും സ്ഥാപിച്ചിരിക്കുന്നു'' (വാ. 11). അവിടുന്ന് എല്ലാം ഉണ്ടാക്കി, എല്ലാം അവിടുത്തെ സ്വന്തമാണ്, എല്ലാം അവിടുന്നു കൈകാര്യം ചെയ്യുന്നു, എല്ലാം അവിടുത്തെ മഹത്വത്തിനും നമ്മുടെ ആസ്വാദനത്തിനുമായി നിര്‍മ്മിച്ചിരിക്കുന്നു.
നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയില്‍ - നമ്മുടെ മാറ്റമില്ലാത്ത പിതാവിന്റെ സ്നേഹത്തില്‍ - നിന്നുകൊണ്ട്, നമുക്ക് അവിടുത്തെ 'മുഖപ്രകാശത്തില് നടക്കാന്‍ കഴിയും' (വാ. 15). ദൈവം ശക്തിയില്‍ ഭയങ്കരനും നമ്മോടുള്ള ഇടപാടുകളില്‍ കരുണയുള്ളവനുമായി നിലകൊള്ളുന്നു. ദിവസം മുഴുവന്‍ നമുക്ക് അവിടുത്തെ നാമത്തില്‍ സന്തോഷിക്കാം (വാ. 16). എന്തു തടസ്സങ്ങള്‍ നാം നേരിട്ടാലും, എത്ര തിരിച്ചടികള്‍ സഹിക്കേണ്ടിവന്നാലും തിരമാലകള്‍ ഉയര്‍ന്നുവരുമ്പോള്‍ ദൈവം നമ്മുടെ കരത്തില്‍ പിടിക്കുന്നു.
നല്കേണ്ടുന്ന വില
മൈക്കലാഞ്ചലോയുടെ ശില്പങ്ങള് യേശുവിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴമായി പര്യവേക്ഷണം ചെയ്യുന്നവയാണ്. എങ്കിലും ഏറ്റവും വിശദമായ ഒന്ന് ഏറ്റവും ലളിതവുമായിരുന്നു. 1540-കളില്‍ അദ്ദേഹം തന്റെ സ്നേഹിതയായ വിറ്റോറിയ കൊളോണയ്ക്കായി ഒരു പിയാത്ത (യേശുവിന്റെ അമ്മ ക്രിസ്തുവിന്റെ മൃതദേഹം മടിയില്‍ വച്ചിരിക്കുന്ന ചിത്രം) വരച്ചു. ചോക്കില്‍ വരച്ച ചിത്രത്തില്‍, മറിയ തന്റെ പുത്രന്റെ നിശ്ചലരൂപത്തെ മടിയില്‍ കിടത്തി, ആകാശത്തേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മറിയയുടെ പുറകില്‍, ഉയര്‍ന്നു നില്ക്കുന്ന കുരിശില്‍ ഡാന്റേയുടെ പാരഡൈസില്‍ നിന്നുള്ള ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു: “അതിന് എത്രമാത്രം രക്തം വിലകൊടുക്കേണ്ടതാണെന്ന് അവിടെ അവര്‍ ചിന്തിക്കുന്നില്ല.'’ മൈക്കലാഞ്ചലോയുടെ ചിന്ത അഗാധമായിരുന്നു: യേശുവിന്റെ മരണത്തെ നാം ധ്യാനിക്കുമ്പോള്‍, അവിടുന്നു നല്കിയ വിലയെക്കുറിച്ചു നാം ചിന്തിക്കണം.
ക്രിസ്തു നല്കിയ വില “നിവൃത്തിയായി’' എന്ന അവിടുത്തെ അന്തിമ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു (യോഹന്നാന് 19:30). 'നിവൃത്തിയായി' (റ്റെറ്റലെസ്റ്റായി) എന്ന പദം പല തരത്തില്‍ ഉപയോഗിക്കാറുണ്ട് - ഒരു ബില്‍ അടച്ചുതീര്‍ത്തു, ഒരു ദൗത്യം പൂര്‍ത്തിയായി, ഒരു യാഗം അര്‍പ്പിച്ചു, ഒരു കലാരൂപം പൂര്‍ത്തിയാക്കി എന്നിവ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു. ക്രൂശില്‍ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഇവ ഓരോന്നും ബാധകമാണ്! ഒരുപക്ഷേ അതുകൊണ്ടാകാം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതിയത്, “എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു'’ (ഗലാത്യര്‍ 6:14).
ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ നിത്യമായ തെളിവാണ് നമ്മുടെ സ്ഥാനം ഏറ്റെടുക്കാനുള്ള യേശുവിന്റെ സന്നദ്ധത. അവിടുന്ന് നല്കിയ വിലയെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, നമുക്ക് അവിടുത്തെ സ്നേഹത്തെ ആഘോഷിക്കാം - ഒപ്പം ക്രൂശിനായി നന്ദി പറയാം.
വളരെ സഹായകരം
ഒരാള്‍ ഒരു ക്രിസ്തീയ റേഡിയോ സ്റ്റേഷനിലേക്കു വിളിച്ചിട്ട്, തന്റെ ഭാര്യ ഒരു ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍നിന്നു വീട്ടിലേക്കു വരികയാണെന്ന് അറിയിച്ചു. തുടന്ന് അദ്ദേഹം പറഞ്ഞ കാര്യം എന്റെ ഹൃദയത്തെ ആഴമായി സ്പര്‍ശിച്ചു: “ഞങ്ങളുടെ സഭാകുടുംബത്തിലെ എല്ലാവരും ഈ സമയത്തു ഞങ്ങളെ പരിചരിക്കുന്നതിനു വളരെയധികം സഹായകരമായിരുന്നു.'’
ഈ ലളിതമായ പ്രസ്താവന കേട്ടപ്പോള്‍, ക്രിസ്തീയ ആതിഥ്യമര്യാദയുടെയും പരിചരണത്തിന്റെയും മൂല്യവും ആവശ്യകതയും ഞാന്‍ ഓര്‍ത്തു. സുവിശേഷത്തിന്റെ ജീവിതരൂപാന്തരീകരണശക്തി പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗമാണു സഹവിശ്വാസികളുടെ പരസ്പര സ്നേഹവും പിന്തുണയുമെന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
ഇന്നത്തെ തുര്‍ക്കിയില്‍ ഉള്‍പ്പെട്ടിരുന്നതും ഒന്നാം നൂറ്റാണ്ടില്‍ നിലവിലിരുന്നതുമായ സഭകളില്‍ വായിക്കുന്നതിനായി അപ്പൊസ്തലന് എഴുതിയ ഒരു എഴുത്തായിരുന്നു പത്രൊസിന്റെ ഒന്നാം ലേഖനം. ആ എഴുത്തില്‍, തന്റെ സ്നേഹിതനായ പൗലൊസ് റോമര്‍ 12:13 ല്‍ എഴുതിയ ഒരു കാര്യം ചെയ്യാന്‍ പത്രൊസ് തന്റെ വായനക്കാരെ നിര്‍ബന്ധിച്ചു: '”അതിഥിസല്ക്കാരം ആചരിക്കുക.’' പത്രൊസ് പറഞ്ഞു, 'സകലത്തിനും മുമ്പേ തമ്മില്‍ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിന്‍ .... തമ്മില്‍ അതിഥിസല്ക്കാരം ആചരിക്കുവിന്.' 'ദൈവം നല്കിയ വരങ്ങളെ '”അന്യോന്യം ശുശ്രൂഷിക്കുന്നതിന്'’ ഉപയോഗിക്കാന്‍ പത്രൊസ് അവരെ ഓര്‍മ്മിപ്പിച്ചു (1 പത്രൊസ് 4:8-10). സഹവിശ്വാസികളോട് നാം എങ്ങനെ പെരുമാറണമെന്ന് എല്ലാ ക്രിസ്തുവിശ്വാസികളോടുമുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് ഇവയെല്ലാം.
ആ വിളിച്ചയാളുടെ ഭാര്യയെപ്പോലെ, ആരെങ്കിലും തങ്ങളുടെയടുത്തെത്തി ക്രിസ്തുതുല്യമായ സ്നേഹവും കരുതലും പ്രകടിപ്പിക്കാന്‍ ആവശ്യമുള്ള വ്യക്തികളെ നമുക്കെല്ലാവര്‍ക്കും അറിയാം. ദൈവത്തിന്റെ ശക്തിയില്‍, 'വളരെ സഹായകരം' എന്നു മറ്റുള്ളവര്‍ പറയത്തക്കവിധത്തിലുള്ള ആളുകളില്‍ നാമും ഉള്‍പ്പെടട്ടെ.