ദൈവമക്കള്‍
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി, ഞാനൊരിക്കല്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചു. പങ്കെടുത്തവരില്‍, തങ്ങളുടെ വന്ധ്യതയില്‍ ഹൃദയം തകര്‍ന്നിരുന്ന പലരും, തങ്ങളുടെ ഭാവിയെക്കുറിച്ച് നിരാശിതരായിരുന്നു. മക്കളില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചിരുന്ന ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. 'മാതാപിതാക്കളാകാതെ തന്നെ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു വ്യക്തിത്വം നേടാന്‍ കഴിയും,' ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്ന പുതിയ ഉദ്ദേശ്യമുണ്ട്.''
പിന്നീട് ഒരു സ്ത്രീ കണ്ണീരോടെ എന്നെ സമീപിച്ചു. 'നന്ദി,' അവള്‍ പറഞ്ഞു. 'കുട്ടികളില്ലാത്തതില്‍ വിലകെട്ടവളായി എനിക്കു തോന്നിയിരുന്നു, ഞാന്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന സന്ദേശം എനിക്കുള്ളതായിരുന്നു.' യേശുവില്‍ വിശ്വസിക്കുന്നവളാണോ എന്നു ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു. 'വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി,' അവള്‍ പറഞ്ഞു. 'പക്ഷെ എനിക്ക് ദൈവവുമായി വീണ്ടും ഒരു ബന്ധം ആവശ്യമാണ്.'
ഇതുപോലുള്ള സമയങ്ങള്‍, സുവിശേഷം എത്ര അടിസ്ഥാനമുള്ളതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. 'പിതാവ്,' 'മാതാവ്' എന്നിങ്ങനെയുള്ള ചില വ്യക്തിത്വങ്ങള്‍ ചിലര്‍ക്കു നേടുവാന്‍ പ്രയാസമാണ്. ഒരു ജോലിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതര്‍ക്കു നഷ്ടപ്പെടാം. എന്നാല്‍ യേശുവിലൂടെ നാം ദൈവത്തിന്റെ 'പ്രിയമക്കളായി' മാറുന്നു - ആര്‍ക്കും ഒരിക്കലും മോഷ്ടിക്കാനാവാത്ത വ്യക്തിത്വമാണത് (എഫെസ്യര്‍ 5:1). അതിനുശേഷം നമുക്കു 'സ്‌നേഹത്തിന്റെ പാതയില്‍ നടക്കുവാന്‍' കഴിയും - ഏതൊരു റോളിനെയും തൊഴില്‍ പദവിയെയും കവിയുന്ന ഒരു ജീവിതോദ്ദേശ്യമാണത് (വാ. 2).
എല്ലാ മനുഷ്യരും 'ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണ്' (സങ്കീര്‍ത്തനം 139:14). യേശുവിനെ അനുഗമിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (യോഹന്നാന്‍ 1:12-13). നിരാശിതയായിരുന്ന ആ സ്ത്രീ, പ്രത്യാശയുള്ളവളായി - ഈ ലോകത്തിനു നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ ഉന്നതമായ ഒരു വ്യക്തിത്വവും ലക്ഷ്യവും കണ്ടെത്തുന്നവളായി - മടങ്ങിപ്പോയി.
നിങ്ങളുടെ വിശ്വാസം പങ്കിടുക
എഴുത്തുകാരിയും സുവിശേഷകയുമായ ബെക്കി പിപ്പെര്‍ട്ട് അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന സമയത്ത്, ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഹീതറുമായി യേശുവിന്റെ സുവിശേഷം പങ്കിടാന്‍ അവള്‍ രണ്ടു വര്‍ഷം ആഗ്രഹിച്ചു. എന്നാല്‍ ഹെതറിന് അതിന് അല്പംപോലും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒരു സംഭാഷണം ആരംഭിക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയ ബെക്കി തന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പു പ്രാര്‍ത്ഥിച്ചു.
ഒരു ദിവസം പാര്‍ലറില്‍, ബെക്കി ഒരു പഴയ മാസിക മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു മോഡലിന്റെ ചിത്രം കണ്ടപ്പോള്‍ അവളതു ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് അവളെ ഇത്രയധികം ശ്രദ്ധിക്കുന്നതെന്നു ഹെതര്‍ ചോദിച്ചപ്പോള്‍, അതു തന്റെ ഒരു ഉറ്റ സുഹൃത്തിന്റെ ചിത്രമാണെന്നും പണ്ട് അവള്‍ വോഗിന്റെ കവര്‍ മോഡലായിരുന്നുവെന്നും ബെക്കി അവളോട് പറഞ്ഞു. ദൈവവിശ്വാസത്തിലേക്കു വന്ന തന്റെ ചില സ്‌നേഹിതകളുടെ കഥ ബെക്കി പങ്കുവെച്ചു; ഹെതര്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടു.
ബെക്കി ഒരു യാത്രയ്ക്കായി പുറപ്പെട്ടു, പിന്നീട് അവള്‍ അയര്‍ലണ്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, ഹെതര്‍ ഒരു പുതിയ സ്ഥലത്തേക്ക് മാറിയതായി അവള്‍ മനസ്സിലാക്കി. ബെക്കി പ്രതിഫലിപ്പിച്ചു, 'സുവിശേഷം പങ്കിടാന്‍ ഒരവസരം നല്‍കണമെന്നു ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു, അവിടുന്ന് അതു ചെയ്തു!''
അപ്പൊസ്തലനായ പൗലൊസില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ ബലഹീനതയ്ക്കുള്ള സഹായത്തിനായി ബെക്കി ദൈവത്തെ നോക്കി. പൗലൊസ് ബലഹീനനാകുകയും, അവന്റെ ജഡത്തിലെ ശൂലം നീക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തപ്പോള്‍ കര്‍ത്താവ് പറഞ്ഞു, 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യര്‍ 12:9). വലുതും ചെറുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തിലാശ്രയിക്കാന്‍ പൗലൊസ് പഠിച്ചിരുന്നു.
നമുക്കു ചുറ്റുമുള്ളവരെ സ്‌നേഹിക്കാന്‍ സഹായിക്കുന്നതിനു നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ആധികാരികമായി പങ്കിടാനുള്ള അവസരങ്ങള്‍ നാമും കണ്ടെത്തും.
ഇതൊന്നു സങ്കല്പിച്ചു നോക്കുക!
ഒരു ജനപ്രിയ, ഭവന നവീകരണ ടെലിവിഷന്‍ പ്രോഗ്രാമിനിടെ, 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!' എന്ന് അവതാരക കൂടെക്കൂടെ പറയുന്നത് പ്രോക്ഷകര്‍ കേള്‍ക്കാറുണ്ട്. തുടര്‍ന്ന്, പഴയ വസ്തുക്കള്‍ പുനര്‍നിര്‍മ്മിക്കുകയോ ഭിത്തികളും തറയും പെയിന്റടിക്കുകയോ നിറംപിടിപ്പിക്കുകയോ ചെയ്തത് അവള്‍ അനാവരണം ചെയ്യുന്നു. ഒരു എപ്പിസോഡില്‍, നവീകരണത്തിനുശേഷം വീട്ടുടമസ്ഥ വളരെയധികം സന്തോഷിക്കുന്നതു പ്രേക്ഷകര്‍ കണ്ടു. വിവിധ സന്തോഷപ്രകടനങ്ങളോടൊപ്പം, 'അത് മനോഹരമാണ്!' എന്ന വാക്കുകള്‍ അവളുടെ നാവില്‍ നിന്നു മൂന്നു പ്രാവശ്യം പുറപ്പെട്ടു.
ബൈബിളിലെ, നമ്മെ അതിശയിപ്പിക്കുന്ന 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!'' ഭാഗങ്ങളിലൊന്നാണ് യെശയ്യാവ് 65:17-25. എത്ര വര്‍ണ്ണാഭമായ പുനഃസൃഷ്ടി രംഗമാണത്! ആകാശത്തിന്റെയും ഭൂമിയുടെയും ഭാവിയിലെ പുതുക്കലാണവിടെ കാണുന്നത് (വാ. 17). അതു കേവലം സൗന്ദര്യവല്കരണമല്ല. ഇത് ആഴമേറിയതും യഥാര്‍ത്ഥവുമാണ്, ജീവിതത്തിനു മാറ്റം വരുത്തുന്നതും ജീവന്‍ സംരക്ഷിക്കുന്നതുമാണത്. 'അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം
അനുഭവിക്കും'' (വാ. 21). അക്രമം പഴങ്കഥയായി മാറും: 'എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല' (വാ. 25).
യെശയ്യാവ് 65 ല്‍ ദര്‍ശിക്കുന്ന ഫലങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ തന്നേ, പ്രപഞ്ച നവീകരണം ആസൂത്രണം ചെയ്യുന്ന ദൈവം ഇപ്പോള്‍ ജീവിതനവീകരണത്തിന്റെ ബിസിനസ്സിലാണ്. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഉറപ്പു നല്‍കുന്നു, 'ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). പുനഃസ്ഥാപനം ആവശ്യമുണ്ടോ? നിങ്ങളുടെ ജീവിതം സംശയം, അനുസരണക്കേട്, വേദന എന്നിവയാല്‍ തകര്‍ന്നിട്ടുണ്ടോ? യേശുവിലൂടെയുള്ള ജീവിതരൂപാന്തരം യഥാര്‍ത്ഥവും മനോഹരവും ആണ്; അതു ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭ്യവുമാണ്.
ദൈവം അവിടെയുണ്ട്
പ്രായമായ തന്റെ പിതാവിനായി ഓബ്രി ഒരു കമ്പിളിക്കോട്ടു വാങ്ങിയെങ്കിലും, അതു ധരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന്, അവള്‍ ഒരു പ്രോത്സാഹനക്കുറിപ്പും 20 ഡോളറിന്റെ നോട്ടും പോക്കറ്റില്‍ ഇട്ട് ജാക്കറ്റ് ജീവകാരുണ്യത്തിനായി നല്‍കി.
തൊണ്ണൂറു മൈല്‍ അകലെ, കുടുംബത്തിലെ ഛിദ്രം സഹിക്കവയ്യാതെ, പത്തൊന്‍പതുകാരനായ കെല്ലി തന്റെ കോട്ടുപോലും എടുക്കാതെ വീടു വിട്ടു. തനിക്കു പോകാന്‍ കഴിയുന്ന ഒരിടത്തെക്കുറിച്ചു മാത്രമേ അവനറിയുമായിരുന്നുള്ളു- അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മുത്തശ്ശിയുടെ വീട്. മണിക്കൂറുകള്‍ക്കു ശേഷം അവന്‍ ബസ്സിറങ്ങി മുത്തശ്ശിയുടെ കരവലയത്തിലമര്‍ന്നു. ശീതക്കാറ്റില്‍ നിന്ന് അവനെ രക്ഷിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു, ''നിനക്കുവേണ്ടി നമുക്കൊരു കോട്ടു വാങ്ങണം!'' മിഷന്‍ സ്‌റ്റോറില്‍, കെല്ലി തനിക്കിഷ്ടപ്പെട്ട ഒരു കോട്ടു കണ്ടെത്തി. കൈകള്‍ പോക്കറ്റിലേക്കു താഴ്ത്തിയപ്പോള്‍ ഒരു കവര്‍ കൈയില്‍ തടഞ്ഞു - അതില്‍ 20 ഡോളറും ഓബ്രിയുടെ കുറിപ്പും.
യാക്കോബ് തന്റെ ജീവനെ ഭയന്ന്, ഛിദ്രിച്ച കുടുംബത്തില്‍നിന്ന് ഓടിപ്പോയി (ഉല്പത്തി 27:41-45). രാത്രിയില്‍ അവന്‍ ഒരിടത്തു വിശ്രമിച്ചപ്പോള്‍, ദൈവം സ്വപ്‌നത്തില്‍ യാക്കോബിനു സ്വയം വെളിപ്പെടുത്തി. 'ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്; നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും'' എന്നു ദൈവം അവനോടു പറഞ്ഞു (28:15). യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു, ''ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിക്കുവാന്‍ ആഹാരവും ധരിക്കുവാന്‍ വസ്ത്രവും എനിക്കു തരികയും ... ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും' (വാ. 20-21).
യാക്കോബ് ഒരു പരുക്കന്‍ യാഗപീഠം ഉണ്ടാക്കി, ആ സ്ഥലത്തിന് 'ദൈവത്തിന്റെ ഭവനം' എന്നു പേരിട്ടു (വാ. 22). ഓബ്രിയുടെ കുറിപ്പും ആ 20 ഡോളറും താന്‍ പോകുന്നിടത്തെല്ലാം കെല്ലി കൊണ്ടുപോകുന്നു. നാം എവിടേക്ക് ഓടിയാലും അവിടെ ദൈവം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അവ രണ്ടും.
അവന്‍ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും
മുറിവേറ്റ കുതിരയ്ക്ക്് ഡ്രമ്മര്‍ ബോയ് എന്നു പേരിട്ടു. ചാര്‍ജ്ജ് ഓഫ് ലൈറ്റ് ബ്രിഗേഡ് എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധത്തിലേക്കു ബ്രിട്ടീഷ് സൈനികരെ എത്തിച്ച 112 കുതിരകളിലൊന്നായിരുന്നു അത്. ആ മൃഗം അത്യധികം ധൈര്യവും ശക്തിയും പ്രകടിപ്പിച്ചതിനാല്‍, ധീരരായ മനുഷ്യരെപ്പോലെ കുതിരയും ഒരു മെഡലിന് അര്‍ഹനാണെന്നു നിയുക്ത കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ ഡി സാലിസ് തീരുമാനിച്ചു. ശത്രുസൈന്യത്തിനെതിരായ അവരുടെ സൈനിക നടപടി പരാജയപ്പെട്ടെങ്കിലും അദ്ദേഹമിതു ചെയ്തു. കുതിരപ്പടയുടെ വീര്യം, അവരുടെ കുതിരകളുടെ ധൈര്യവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍, ഈ ഏറ്റുമുട്ടല്‍ ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു, അതിന്നും ആഘോഷിക്കപ്പെടുന്നു.
എന്നിരുന്നാലും, ഈ ഏറ്റുമുട്ടല്‍ ഒരു പുരാതന ബൈബിള്‍ സദൃശവാക്യത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു: 'കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു'' (സദൃശവാക്യങ്ങള്‍ 21:31). തിരുവെഴുത്ത് ഈ തത്വം വ്യക്തമായി സ്ഥിരീകരിക്കുന്നു. 'നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയണം'' (ആവര്‍ത്തനം 20:4). മരണത്തിന്റെ വിഷമുള്ളിനെതിരെ പോലും അപ്പൊസ്തലനായ പൗലൊസ് എഴുതി, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം'' (1 കൊരിന്ത്യര്‍ 15:56-57).
ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങള്‍ക്കു തയ്യാറാകുക എന്നതാണ് ഇതറിയുന്ന നാം ചെയ്യേണ്ടത്. ഒരു ശുശ്രൂഷ കെട്ടിപ്പടുക്കുന്നതിന്, നാം പഠിക്കുകയും ജോലി ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കുന്നതിന്, നാം ഒരു വൈദഗ്ദ്ധ്യം നേടുന്നു. ഒരു പര്‍വ്വതത്തെ കീഴടക്കുന്നതിന്, നാം ഉപകരണങ്ങള്‍ സമ്പാദിക്കുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുക്കപ്പെടുന്ന നാം, ക്രിസ്തുവിന്റെ ശക്തമായ സ്‌നേഹത്തിലൂടെ വിജയികളാണ്.