ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കുക
1999 ജൂലൈ 16-ന് ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ( മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍) പറത്തിയ ചെറിയ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നറിയപ്പെടുന്ന ഒരു സാധാരണ പിശകാണ് അപകടകാരണമെന്ന് അന്വേഷകര്‍ വിലയിരുത്തി. കാഴ്ചക്കുറവ് കാരണം, പൈലറ്റുമാര്‍ വഴിതെറ്റിപ്പോകുകയും ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരാന്‍ സഹായിക്കുന്നതിന് അവരുടെ ഉപകരണങ്ങളെ ആശ്രയിക്കാന്‍ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
നമ്മള്‍ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ജീവിതം അത്യധികം പ്രയാസകരമായി അനുഭവപ്പെടുന്ന അനുഭവങ്ങളുണ്ടാകയും നാം ദിശമാറിപ്പോകയും ചെയ്യാറുണ്ട്. ഒരു കാന്‍സര്‍ രോഗനിര്‍ണ്ണയം, പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്ടപ്പെടല്‍, ഒരു സുഹൃത്തിന്റെ വിശ്വാസവഞ്ചന എന്നിങ്ങനെ ജീവിതത്തിലെ അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തേക്കാം.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നാം അകപ്പെടുമ്പോള്‍, 43-ാം സങ്കീര്‍ത്തനത്തിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാന്‍ നാം ശ്രമിച്ചേക്കാം. ഈ സങ്കീര്‍ത്തനത്തില്‍, താന്‍ ദുഷ്ടതയാലും അനീതിയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നതായി സങ്കീര്‍ത്തനക്കാരന് അനുഭവപ്പെടുന്നു. നിരാശയില്‍, സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനമായ ദൈവസാന്നിധ്യത്തിലേക്ക് സഞ്ചരിക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി അവന്‍ ദൈവത്തോടു നിലവിളിക്കുന്നു (വാ. 3-4). ദൈവസന്നിധിയില്‍ പുതിയ പ്രത്യാശയും സന്തോഷവും കണ്ടെത്താന്‍ കഴിയുമെന്നു സങ്കീര്‍ത്തനക്കാരനറിയാം.
മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സങ്കീര്‍ത്തനക്കാരന്‍ അഭ്യര്‍ത്ഥിക്കുന്ന ഉപകരണങ്ങള്‍ ഏതാണ്? സത്യത്തിന്റെ പ്രകാശവും പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഉറപ്പും.
നിങ്ങള്‍ക്കു വഴിതെറ്റിപ്പോയതായി തോന്നുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ ആത്മാവിലൂടെയും സ്‌നേഹപൂര്‍വമായ സാന്നിധ്യത്തിലൂടെയും ദൈവത്തിന്റെ വിശ്വസ്ത മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യും.
ആത്മവിശ്വാസമുള്ള പ്രാര്‍ത്ഥന
അനേക വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി കൊതിച്ച വിശ്വാസ് - റീത്ത ദമ്പതികള്‍, റീത്ത ഗര്‍ഭം ധരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നിരുന്നാലും, അവളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിന് അപകടകരമാണെന്നു മനസ്സിലായപ്പോള്‍, വിശ്വാസ് ഓരോ രാത്രിയും ഉണര്‍ന്നിരുന്നു ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍, താന്‍ കഠിനമായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വാസ് മനസ്സിലാക്കി, കാരണം താന്‍ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം റീത്തയുടെ ഗര്‍ഭം അലസി. വിശ്വാസ് തകര്‍ന്നുപോയി. താന്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാതിരുന്നതുകൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടത്? വിശ്വാസ് ആശ്ചര്യപ്പെട്ടു.
ആദ്യ വായനയില്‍, ഇന്നത്തെ ഉപമ അങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്നു നാം ചിന്തിച്ചേക്കാം. കഥയില്‍, ഒരു അയല്‍ക്കാരന്‍ (ദൈവത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിപ്പോകും) സുഹൃത്തിന്റെ നിരന്തര ശല്യപ്പെടുത്തല്‍ നിമിത്തം കിടക്കയില്‍ നിന്നെഴുന്നേറ്റ് അവനെ സഹായിക്കുന്നു (ലൂക്കൊസ് 11:5-8). ഈ രീതിയില്‍ വായിച്ചാല്‍, ഉപമ സൂചിപ്പിക്കുന്നത് നാം ദൈവത്തെ ശല്യപ്പെടുത്തിയാല്‍ മാത്രമേ നമുക്കാവശ്യമുള്ളത് ദൈവം നല്‍കൂ എന്നാണ്. നാം വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍, ഒരുപക്ഷെ ദൈവം നമ്മെ സഹായിക്കയില്ല.
എന്നാല്‍ പ്രശസ്ത വേദപുസ്തക വ്യാഖ്യാതാക്കള്‍ വിശ്വസിക്കുന്നത്, ഇത് ഉപമയെ തെറ്റിദ്ധരിക്കുന്ന വ്യാഖ്യാനമാണെന്നാണ് - അതിന്റെ യഥാര്‍ത്ഥ പോയിന്റ്, അയല്‍ക്കാര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടു നമ്മെ സഹായിക്കുമെങ്കില്‍, നമ്മുടെ നിസ്വാര്‍ത്ഥനായ പിതാവ് എത്രയധികം എന്നതാണ്. അതിനാല്‍, തെറ്റുകളുള്ള മനുഷ്യരെക്കാള്‍ ദൈവം വലിയവനാണെന്ന് അറിഞ്ഞുകൊണ്ട് (വാ. 11-13) നമുക്ക് ആത്മവിശ്വാസത്തോടെ ചോദിക്കാം (വാ. 9-10). അവിടുന്ന് ഉപമയിലെ അയല്‍ക്കാരനല്ല, മറിച്ച് അവന്റെ നേരെ വിപരീതമാണ്.
''എന്തുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല,'' ഞാന്‍ വിശ്വാസിനോടു പറഞ്ഞു, ''പക്ഷേ, നിങ്ങള്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാത്തതുകൊണ്ടല്ല അതെന്നെനിക്കറിയാം. ദൈവം അത്തരക്കാരനല്ല.''
കേള്‍ക്കുകയും പഠിക്കുകയും
തെരുവിന്റെ ഒരു വശത്ത് ഒരു വീട്ടുടമസ്ഥന്‍ തന്റെ മുറ്റത്ത് ഒരു വലിയ രാഷ്ട്രീയ പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. ഒരു വലിയ ട്രക്ക് ഡ്രൈവ്‌വേയില്‍ കിടക്കുന്നു. ഇതിന്റെ വശത്തെ വിന്‍ഡോയില്‍ പതാക വരച്ചിരിക്കുന്നു, പിന്നിലെ ബമ്പര്‍ നിറയെ ദേശസ്‌നേഹ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു. തെരുവിന്റെ മറുവശത്തുള്ള ഒരു അയല്‍ക്കാരന്റെ മുറ്റത്ത്, വാര്‍ത്തകളില്‍ വരുന്ന നിലവിലെ സാമൂഹികനീതി പ്രശ്നങ്ങളെ സംബന്ധിച്ച മുദ്രാവാക്യങ്ങള്‍, വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഈ വീടുകളിലെ ആളുകള്‍ പരസ്പരം വൈരാഗ്യത്തിലാണോ അതോ സുഹൃത്തുക്കളാണോ? നാം അത്ഭുതപ്പെട്ടേക്കാം. രണ്ടു കുടുംബങ്ങളും യേശുവില്‍ വിശ്വസിക്കുന്നവരാകാന്‍ സാധ്യതയുണ്ടോ? യാക്കോബ് 1:19-ലെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു: ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.'' മിക്കപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങളെ ധാര്‍ഷ്ട്യത്തോടെ മുറുകെ പിടിക്കുകയും മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. മാത്യു ഹെന്റി കമന്ററി ഇപ്രകാരം പറയുന്നു: ''എല്ലാ വശത്തുനിന്നുമുള്ള യുക്തിയും സത്യവും കേള്‍ക്കാന്‍ നാം വേഗതയുള്ളവരായിരിക്കണം, സംസാരിക്കാന്‍ മന്ദഗതിയുള്ളവരുമായിരിക്കണം. . . നാം സംസാരിക്കുമ്പോള്‍ കോപമുളവാക്കുന്നതൊന്നുമുണ്ടാകരുത്.''
ആരോ പറഞ്ഞു, ''പഠനത്തിന് കേള്‍ക്കേണ്ടതാവശ്യമാണ്.'' നാം ദൈവത്തിന്റെ സ്‌നേഹാത്മാവില്‍ നിറയുകയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ യാക്കോബിന്റെ പുസ്തകത്തില്‍നിന്നുള്ള ദൈവത്തിന്റെ പ്രായോഗിക വാക്കുകള്‍ നിറവേറ്റാന്‍ നമുക്കു കഴിയൂ. നമ്മുടെ ഹൃദയത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായിക്കാന്‍ അവിടുന്നു സന്നദ്ധനാണ്. കേള്‍ക്കാനും പഠിക്കാനും ഞങ്ങള്‍ തയ്യാറാണോ?
ദൈവത്തിനായി വാഞ്ഛിക്കുക
രോഹനും റീമയും റോഡിലൂടെ അഞ്ചു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പൂച്ച ബഗീര തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഓടിപ്പോയി. ഒരു ദിവസം റീമ അവരുടെ പഴയ വീടിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിത്രത്തില്‍ ബഗീര ഉണ്ടായിരുന്നു!
സന്തോഷത്തോടെ, ദമ്പതികള്‍ അവനെ തിരികെ കൊണ്ടുവരാന്‍ പോയി. ബഗീര വീണ്ടും ഓടി. അവന്‍ എവിടെപ്പോയെന്ന് ഊഹിക്കാമോ? ഇത്തവണ, വീടു വാങ്ങിയ കുടുംബം ബഗീരയെ സംരക്ഷിക്കാമെന്നു സമ്മതിച്ചു. അനിവാര്യമായി സംഭവിക്കുന്ന കാര്യം തടയാന്‍ ഈ ദമ്പതികള്‍ക്കു കഴിഞ്ഞില്ല; ബഗീര എപ്പോഴും ''വീട്ടിലേക്കു'' മടങ്ങുക തന്നെ ചെയ്തു.
നെഹെമ്യാവ് ശൂശനിലെ രാജധാനിയില്‍ ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അവന്റെ ഹൃദയം മറ്റൊരിടത്തായിരുന്നു. അവന്റെ ''പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണത്തിന്റെ'' (നെഹെമ്യാവ് 2:3) ശൂന്യമായ അവസ്ഥയെക്കുറിച്ച് അവന്‍ കേട്ടു. അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ''നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കണമേ'' (1:8-9).
ഹൃദയം ഉള്ളിടത്താണ് വീട്, എന്നവര്‍ പറയുന്നു. നെഹെമ്യാവിന്റെ കാര്യത്തില്‍, വീടിനോടുള്ള ആഗ്രഹം ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനേക്കാള്‍ അപ്പുറമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മയാണ് അവന്‍ ഏറ്റവുമധികം ആഗ്രഹിച്ചത്. യെരുശലേം ''എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു.''
ആഴമായി നാം അനുഭവിക്കുന്ന അസംതൃപ്തി, യഥാര്‍ത്ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള വാഞ്ഛയാണ്. അവിടുത്തോടൊപ്പം വീട്ടിലായിരിക്കാന്‍ നാം കൊതിക്കുന്നു.
യേശു നമ്മെ യഥാസ്ഥാനപ്പെടുത്തുന്നു
അശോക് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തിന് അസംബ്ലി ലൈനിലെ ജോലി നഷ്ടപ്പെട്ടു. മറ്റൊരു ഡിവിഷനിലെ അശ്രദ്ധയാണ് അവര്‍ നിര്‍മ്മിച്ച കാറുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. നിരവധി തകര്‍ച്ചകളുടെ വാര്‍ത്തകള്‍ വന്നതോടുകൂടി, ജാഗ്രതയുള്ള ഉപഭോക്താക്കള്‍ അവരുടെ ബ്രാന്‍ഡ് വാങ്ങുന്നതു നിര്‍ത്തി. കമ്പനിക്കു ജോലിക്കാരെ കുറയ്‌ക്കേണ്ടി വന്നപ്പോള്‍ അശോകിനും ജോലി നഷ്ടമായി. മറ്റൊരാളുടെ തെറ്റിന്റെ പാര്‍ശ്വഫലമായാണ് അശോകിനു നഷ്ടമുണ്ടായത്, അത് നീതിയല്ല, അതൊരിക്കലുമല്ല.
ചരിത്രത്തിലെ ആദ്യത്തെ, പാര്‍ശ്വഫലമായ നഷ്ടം സംഭവിച്ചത് ആദ്യപാപത്തിനു തൊട്ടുപിന്നാലെയാണ്. ആദാമും ഹവ്വായും അവരുടെ നഗ്‌നതയെക്കുറിച്ച് ലജ്ജിതരായതിനാല്‍, ദൈവം ''തോല്‍കൊണ്ട്'' ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു (ഉല്പത്തി 3:21). സങ്കല്‍പ്പിക്കുന്നതുപോലും വേദനാജനകമാണ്, പക്ഷേ തോട്ടത്തില്‍ എപ്പോഴും സുരക്ഷിതമായിരുന്ന ഒന്നോ അതിലധികമോ മൃഗങ്ങളെ ഇപ്പോള്‍ അറുത്ത് തൊലിയുരിക്കേണ്ടിവന്നു.
അതുകൊണ്ടും അവസാനിച്ചില്ല. ദൈവം യിസ്രായേലിനോടു പറഞ്ഞു, ''ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനം പ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കണം; രാവിലെതോറും അതിനെ അര്‍പ്പിക്കണം'' (യെഹെസ്‌കേല്‍ 46:13). ഒരു. കുഞ്ഞാടിനെ. ദിനംപ്രതി. മനുഷ്യന്റെ പാപം കാരണം എത്ര ആയിരം മൃഗങ്ങളെയാണ് ബലികഴിച്ചിട്ടുണ്ടാവുക?
ദൈവത്തിന്റെ കുഞ്ഞാടായ യേശു, നമ്മുടെ പാപത്തെ നീക്കാന്‍ വരുന്നതുവരെ അവയുടെ മരണം അനിവാര്യമായിരുന്നു (യോഹന്നാന്‍ 1:29). ഇതിനെ ''പാര്‍ശ്വഫലമായ പരിഹരിക്കല്‍''എന്നു വിളിക്കാം. ആദാമിന്റെ പാപം നമ്മെ കൊല്ലുന്നതുപോലെ, അവസാനത്തെ ആദാമിന്റെ (ക്രിസ്തുവിന്റെ) അനുസരണം അവനില്‍ വിശ്വസിക്കുന്ന എല്ലാവരെയും യഥാസ്ഥാനപ്പെടുത്തുന്നു (റോമര്‍ 5:17-19). പാര്‍ശ്വഫലമായ പരിഹരിക്കല്‍ ന്യായമല്ല - ഇതിന് യേശുവിന്റെ ജീവന്‍ നഷ്ടമായി - എങ്കിലും ഇതു സൗജന്യമാണ്. വിശ്വാസത്താല്‍ യേശുവിനെ സമീപിക്കുക, അവിടുന്നു നല്‍കുന്ന രക്ഷ സ്വീകരിക്കുക, അവിടുത്തെ നീതിപൂര്‍വമായ ജീവിതം നിങ്ങളുടേതായി കണക്കാക്കപ്പെടും.