എല്ലാവർക്കും ലഭ്യമായത്
കരീബിയയിലെ കൊച്ചു ദ്വീപായ എല്യൂതെറയിലെ ഒരു മനുഷ്യനിർമ്മിത പാലത്തിൽ നിന്നുകൊണ്ട്, അറ്റ്ലാന്റിക് സമുദ്രത്തിലെ ഇളകിമറിയുന്ന കരിനീല ജലവും കരീബിയൻ കടലിലെ ശാന്തമായ ഇളംപച്ച ജലവും തമ്മിലുള്ള വ്യത്യാസത്തെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ഒരുകാലത്ത് ഇവയെ തമ്മിൽ വേർതിരിച്ചിരുന്ന വീതികുറഞ്ഞ ഭൂഭാഗത്തെയും പ്രകൃതിനിർമ്മിതമായ കൽകമാനത്തെയും കാലക്രമേണ കൊടുങ്കാറ്റ് തുടച്ചുനീക്കി. അതിനു പകരം നിർമ്മിക്കപ്പെട്ടതും എല്യൂതെറയിലെ വിനോദസഞ്ചാര ആകർഷണമായി വർത്തിക്കുന്നതുമായ കണ്ണാടി ജനൽ പാലം ''ഭൂമിയിലെ ഏറ്റവും ഇടുങ്ങിയ സ്ഥലം'' എന്നറിയപ്പെടുന്നു.
നിത്യജീവനിലേക്ക് നയിക്കുന്ന വഴി ഇടുങ്ങിയതാണെന്നും ''അത് കണ്ടെത്തുന്നവർ ചുരുക്കമാണ്'' എന്നും ബൈബിൾ വിവരിക്കുന്നു (മത്തായി 7:14). വാതിൽ ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണം, വീണുപോയ മനുഷ്യനെയും പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക പാലം ദൈവപുത്രനാണ് എന്നതാണ് (വാ. 13-14; യോഹന്നാൻ 10: 7-9; 16:13 കാണുക). എന്നിരുന്നാലും, എല്ലാ ജാതികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സാമൂഹിക പദവിയിൽ നിന്നുമുള്ള വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും രാജാധിരാജാവിന്റെ മുമ്പിൽ വണങ്ങുകയും അവന്റെ സിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കുകയും ചെയ്യുമെന്നും തിരുവെഴുത്ത് പറയുന്നു (വെളിപ്പാട് 5:9). വൈരുദ്ധ്യത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണമായ ചിത്രത്തിൽ ദൈവത്തിന്റെ മനോഹരമാംവിധം വൈവിധ്യമാർന്ന സകല ആളുകളും ഉൾപ്പെടുന്നു.
നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ടെങ്കിലും, ദൈവം സൃഷ്ടിച്ച ഓരോ വ്യക്തിയെയും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ലഭ്യമായ നിരപ്പിന്റെ ഈ ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിലെ നിത്യതയിലേക്കു പ്രവേശിക്കാൻ ദൈവം ക്ഷണിക്കുന്നു. ക്രൂശിലെ അവന്റെ പരമയാഗം, കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവയാണ് സുവാർത്ത. അത് എല്ലാവർക്കും ലഭ്യമായതും ഇന്നും എല്ലാ ദിവസവും പങ്കിടേണ്ടതുമായ സുവാർത്തയാണ്.
ശിക്ഷണം നൽകുന്ന സ്നേഹം
അവൾ വാതിൽ വലിച്ചടച്ചു. അവൾ വീണ്ടും വാതിൽ വലിച്ചടച്ചു. ഞാൻ ഗരേജിൽ പോയി ഒരു ചുറ്റികയും ഒരു സ്ക്രൂെ്രെഡവറും എടുത്തു മകളുടെ മുറിയിലേക്കു നടന്നു. ശാന്തമായി ഞാൻ പറഞ്ഞു, ''മോളേ, നിന്റെ കോപം നിയന്ത്രിക്കാൻ നീ പഠിക്കണം.'' എന്നിട്ട് ഞാൻ അവളുടെ മുറിയുടെ കതകിന്റെ വിജാഗിരികൾ ഊരിമാറ്റി, കതക് ഗരേജിലേക്ക് കൊണ്ടുപോയി. വാതിൽ താൽക്കാലികമായി നീക്കംചെയ്യുന്നത് ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഓർമ്മിക്കാൻ അവളെ സഹായിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ.
സദൃശവാക്യങ്ങൾ 3:11-12 ൽ, ദൈവത്തിന്റെ ശിക്ഷ സ്വീകരിക്കാൻ ജ്ഞാനിയായ ഗുരു വായനക്കാരെ ക്ഷണിക്കുന്നു. ശിക്ഷ എന്ന പദത്തെ ''തിരുത്തൽ'' എന്ന് വിവർത്തനം ചെയ്യാനാകും. നല്ലവനും സ്നേഹനിധിയുമായ ഒരു പിതാവെന്ന നിലയിൽ, സ്വയ-നാശത്തിനു ഹേതുവാകുന്ന സ്വഭാവം തിരുത്താൻ ദൈവം തന്റെ ആത്മാവിലൂടെയും തിരുവെഴുത്തുകളിലൂടെയും നമ്മോടു സംസാരിക്കുന്നു. ദൈവത്തിന്റെ ശിക്ഷണം ആപേക്ഷികമാണ് - അവന്റെ സ്നേഹത്തിലും നമുക്ക് ഏറ്റവും നല്ലത് എന്താണെന്നുള്ള ആഗ്രഹത്തിലും വേരൂന്നിയതാണത്. ചിലപ്പോൾ ഇത് പരിണതഫലങ്ങൾ പോലെ തോന്നും. ചിലപ്പോൾ നമ്മുടെ ഇരുണ്ട വശങ്ങൾ ചൂണ്ടിക്കാണിക്കാൻ ദൈവം ആരെയെങ്കിലും പ്രേരിപ്പിക്കും. പലപ്പോഴും, ഇത് അസുഖകരമാണ്, പക്ഷേ ദൈവത്തിന്റെ ശിക്ഷണം ഒരു ദാനമാണ്.
എന്നാൽ നാം എല്ലായ്പ്പോഴും അതിനെ അങ്ങനെയല്ല കാണുന്നത്. ജ്ഞാനി ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു ''മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്'' (വാ. 11). ചിലപ്പോൾ നാം ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നു. മറ്റു ചിലപ്പോൾ, നമ്മുടെ ജീവിതത്തിലെ മോശമായ കാര്യങ്ങളെ ദൈവത്തിന്റെ ശിക്ഷണം എന്നു തെറ്റായി വ്യാഖ്യാനിക്കുന്നു. നമ്മിൽ ആനന്ദിക്കുകയും നമ്മെ സ്നേഹിക്കുന്നതിനാൽ നമ്മെ തിരുത്തുകയും ചെയ്യുന്ന സ്നേഹനിധിയായ ഒരു പിതാവിന്റെ ഹൃദയത്തിൽ നിന്ന് ഇത് വളരെ അകലെയാണ്.
ദൈവത്തിന്റെ ശിക്ഷണത്തെ ഭയപ്പെടുന്നതിനുപകരം, അത് സ്വീകരിക്കാൻ നമുക്ക് പഠിക്കാം. തിരുത്തലിന്റെ ദൈവശബ്ദം നമ്മുടെ ഹൃദയത്തിൽ കേൾക്കുമ്പോഴോ അല്ലെങ്കിൽ തിരുവെഴുത്ത് വായിക്കുമ്പോൾ തെറ്റിനെക്കുറിച്ചുള്ള ബോധ്യം അനുഭവിക്കുമ്പോഴോ, നമുക്ക് ഏറ്റവും മികച്ചതെന്തോ അതിലേക്ക് നമ്മെ നയിക്കാൻ തക്കവണ്ണം അവൻ നമ്മിൽ സന്തോഷിക്കുന്നുവെന്നതിൽ നമുക്കു ദൈവത്തിന് നന്ദി പറയാം.
നിർഭയ സ്നേഹം
ഒരിക്കലും മറക്കാനാവാത്തവിധം ശക്തമായ ചില ചിത്രങ്ങളുണ്ട്. അന്തരിച്ച വെയിൽസിലെ രാജകുമാരി ഡയാനയുടെ പ്രസിദ്ധമായ ഒരു ഫോട്ടോ കണ്ടപ്പോൾ എന്റെ അനുഭവം അതായിരുന്നു. ഒറ്റനോട്ടത്തിൽ, അതൊരു സാധാരണ ചിത്രമാണെന്ന് തോന്നും: രാജകുമാരി ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്, അജ്ഞാതനായ ഒരു മനുഷ്യനു ഹസ്തദാനം നൽകുന്നു. എന്നാൽ ചിത്രത്തിന്റെ പിന്നിലെ കഥയാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.
1987 ഏപ്രിൽ 19 ന് ഡയാന രാജകുമാരി ലണ്ടൻ മിഡിൽസെക്സ് ആശുപത്രി സന്ദർശിച്ചപ്പോൾ, ഇംഗ്ലണ്ട് എയ്ഡ്സ് മഹാമാരിയെ നേരിടുന്നതിന്റെ പരിഭ്രാന്തിയിലായിരുന്നു. ഭയാനകമായ വേഗതയിൽ ആളുകളെ കൊല്ലുന്ന ഈ രോഗം എങ്ങനെയാണ് പടർന്നതെന്ന് അറിയാതെ, ചില സമയങ്ങളിൽ എയ്ഡ്സ് ബാധിതരെ സാമൂഹിക ഭ്രഷ്ടരായിട്ടാണ് പൊതുജനങ്ങൾ കണ്ടിരുന്നത്.
അതിനാൽ ആ ദിവസം, ഡയാന, യഥാർത്ഥ പുഞ്ചിരിയോടെ ഗ്ലൗസിടാത്ത കൈകൾകൊണ്ട് ഒരു എയ്ഡ്സ് രോഗിയുടെ കൈ കുലുക്കിയത് ഞെട്ടിക്കുന്ന നിമിഷമായിരുന്നു. ആദരവിന്റെയും ദയയുടെയും ആ ചിത്രം രോഗബാധിതരോട് സമാനമായ കരുണയോടും അനുകമ്പയോടും കൂടെ പെരുമാറാൻ ലോകത്തെ പ്രേരിപ്പിച്ചു.
യേശുവിന്റെ സ്നേഹം മറ്റുള്ളവർക്ക് സൗജന്യമായും ഉദാരമായും വാഗ്ദാനം ചെയ്യുന്നത് മൂല്യവത്തായ കാര്യമാണ് എന്ന് ഞാൻ പലപ്പോഴും മറന്നുപോകുന്നു എന്ന് ചിത്രം എന്നെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിലുള്ള ആദ്യകാല വിശ്വാസികളെ യോഹന്നാൻ ഓർമ്മിപ്പിച്ചത്, നമ്മുടെ ഭയത്തിന്റെ മുൻപിൽ സ്നേഹം വാടിപ്പോകാനും അല്ലെങ്കിൽ മറയ്ക്കപ്പെടാനും അനുവദിക്കുന്നത് യഥാർത്ഥത്തിൽ ''മരണത്തിൽ'' വസിക്കുന്നതിനു തുല്യമാണ് എന്നാണ് (1 യോഹന്നാൻ 3:14). ആത്മാവിന്റെ സ്വയ-ത്യാഗ സ്നേഹത്താൽ നിറയുകയും ശക്തിപ്പെടുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായും ഭയരഹിതമായും സ്നേഹിക്കുന്നത്, പുനരുത്ഥാനജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുന്നതിനു തുല്യമാണ് (വാ. 14, 16).
നല്ല കുഴപ്പം
ജോൺ ലൂയിസ് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് 2020 ൽ മരണമടഞ്ഞപ്പോൾ, രാഷ്ട്രീയ രംഗത്തു നിന്നുള്ള നിരവധി ആളുകൾ വിലപിച്ചു. കറുത്ത പൗരന്മാർക്ക് വോട്ടവകാശം നേടുന്നതിനായി 1965 ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനോടൊപ്പം ലൂയിസ് മാർച്ച് നടത്തി. മാർച്ചിനിടെ, ലൂയിസിനു തലയോട്ടിയിൽ പരിക്കേറ്റു, അതിന്റെ അടയാളം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ ശിരസ്സിലുണ്ടായിരുന്നു. ''ശരിയല്ലാത്തതും, നീതിയല്ലാത്തതും ന്യായമല്ലാത്തതുമായ എന്തെങ്കിലും നിങ്ങൾ കാണുമ്പോൾ, അതിനെതിരെ എന്തെങ്കിലും പറയാനോ ചെയ്യാനോ നിങ്ങൾക്ക് ധാർമ്മികമായ ബാധ്യതയുണ്ട്'' അദ്ദേഹം പറഞ്ഞു, ''അതിനെതിരെ ശബ്ദമുയർത്താനും നല്ലതും അനിവാര്യവുമായ കുഴപ്പങ്ങളിൽ അകപ്പെടാനും ഭയപ്പെടരുത്.''
ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനും സത്യത്തോടു വിശ്വസ്തത പുലർത്തുന്നതിനും ''നല്ല'' കുഴപ്പങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ലൂയിസ് നേരത്തെ മനസ്സിലാക്കി. ജനപ്രിയമല്ലാത്ത കാര്യങ്ങൾ താൻ സംസാരിക്കേണ്ടതുണ്ട്. ആമോസ് പ്രവാചകനും ഇത് അറിയാമായിരുന്നു. യിസ്രായേലിന്റെ പാപവും അനീതിയും കണ്ടിട്ട് അവനു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ശക്തരായവർ ''വെട്ടുകല്ലുകൊണ്ടു വീട് പണിയുകയും'' ''മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും'' ചെയ്യുന്നതോടൊപ്പം, ''നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും'' ചെയ്യുന്നു (ആമോസ് 5:11-12). മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നതിലൂടെ സ്വന്തം സുരക്ഷയും ആശ്വാസവും നിലനിർത്തുന്നതിനുപകരം ആമോസ് തിന്മയെ നേരിട്ടു. പ്രവാചകൻ നല്ലതും ആവശ്യമുള്ളതുമായ കുഴപ്പങ്ങൾ ഉണ്ടാക്കി.
എന്നാൽ ഈ പ്രശ്നം എല്ലാവർക്കുമുള്ള നീതി ലക്ഷ്യമിടുന്നതായിരുന്നു. ''നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ!'' ആമോസ് ഉദ്ഘോഷിച്ചു (വാ. 24). നാം നല്ല കുഴപ്പങ്ങളിൽ അകപ്പെടുമ്പോൾ (നീതി ആവശ്യപ്പെടുന്ന ധാർമ്മികവും അഹിംസാത്മകവുമായ കുഴപ്പം), ലക്ഷ്യം എല്ലായ്പ്പോഴും നന്മയും സൗഖ്യവും ആയിരിക്കും.
ആദ്യം ക്ഷമിക്കുക
ഞങ്ങൾ ഞങ്ങളെത്തന്നെ ''ക്രിസ്തുവിലുള്ള സഹോദരിമാർ'' എന്നാണു വിളിച്ചിരുന്നത്, പക്ഷേ ഞാനും വെള്ളക്കാരിയായ എന്റെ സുഹൃത്തും ശത്രുക്കളെപ്പോലെയാണു പെരുമാറിയിരുന്നത്. ഒരു പ്രഭാതത്തിൽ, ഒരു കഫേയിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ഞങ്ങളുടെ വ്യത്യസ്തമായ വംശീയ വീക്ഷണങ്ങളെക്കുറിച്ച് ഞങ്ങൾ ദയാരഹിതമായി വാദിച്ചു. തുടർന്ന് ഇനി പരസ്പരം വീണ്ടും കാണുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. എന്നിരുന്നാലും ഒരു വർഷം കഴിഞ്ഞ്, അതേ സംഘടന ഞങ്ങളെ രണ്ടുപേരെയും വീണ്ടും വിളിച്ചു - ഒരേ വകുപ്പിൽ, പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ. ആദ്യമൊക്കെ പരിഭ്രമത്തോടെ, ഞങ്ങൾ പൊരുത്തക്കേടുകളെക്കുറിച്ച് സംസാരിച്ചുതുടങ്ങി. കാലക്രമേണ, പരസ്പരം ക്ഷമ ചോദിക്കാനും സൗഖ്യം പ്രാപിക്കാനും ശുശ്രൂഷയ്ക്ക് ഞങ്ങളുടെ മികച്ച സേവനം നൽകാനും ദൈവം ഞങ്ങളെ സഹായിച്ചു.
ഏശാവിനും അവന്റെ ഇരട്ടസഹോദരനായ യാക്കോബിനും ഇടയിലുള്ള കടുത്ത ഭിന്നതയെ ദൈവം സുഖപ്പെടുത്തി, അവരുടെ രണ്ടുപേരുടെയും ജീവിതത്തെ അനുഗ്രഹിച്ചു. ഒരുകാലത്ത്, സൂത്രശാലിയായിരുന്ന യാക്കോബ് ഏശാവിനു ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം തട്ടിയെടുത്തു. എന്നാൽ ഇരുപതു വർഷത്തിനുശേഷം, ജന്മനാട്ടിലേക്കു മടങ്ങാൻ ദൈവം യാക്കോബിനെ വിളിച്ചു. അതിനാൽ, ഏശാവിനെ പ്രീണിപ്പിക്കാൻ യാക്കോബ് ധാരാളം സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ ''ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു'' (ഉല്പത്തി 33:4).
നമ്മുടെ യാഗങ്ങൾ - കഴിവുകളും സമ്പത്തും - ദൈവത്തിനു സമർപ്പിക്കുന്നതിനുമുമ്പ് ഒരു സഹോദരനോടോ സഹോദരിയോടോ ഉള്ള കോപം പറഞ്ഞു തീർക്കാൻ ദൈവം പ്രേരിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി അവരുടെ പുനഃസമാഗമം നിലകൊള്ളുന്നു (മത്തായി 5:23-24). ''നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നുകൊള്ളുക; പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്കുക'' (വാ. 24). ഏശാവുമായി അനുരഞ്ജനത്തിലൂടെയും പിന്നീട് കർത്താവിന് ഒരു യാഗപീഠം പണിതും യാക്കോബ് ദൈവത്തെ അനുസരിച്ചു (ഉല്പത്തി 33:20). എന്തൊരു മനോഹരമായ ക്രമം: ആദ്യം ക്ഷമിക്കുന്നതിനും അനുരഞ്ജനത്തിനുമായി പരിശ്രമിക്കുക. തുടർന്ന് അവിടുത്തെ യാഗപീഠത്തിൽ, അവൻ നമ്മെ സ്വീകരിക്കുന്നു.