“അപ്പോൾ താങ്കൾ പറയുന്നത് ഇത് എന്റെ തെറ്റായിരിക്കില്ല എന്നാണല്ലേ”. ആ സ്ത്രീയുടെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. അവളുടെ സഭയിലെ ഒരു അഥിതി പ്രഭാഷകനെന്ന നിലയിൽ ആ പ്രഭാതത്തിൽ ഞാൻ പങ്കുവെച്ചതിനെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. “എനിക്കൊരു മാറാരോഗമുണ്ട്, സൗഖ്യം ലഭിക്കേണ്ടതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും, പാപങ്ങളെ ഏറ്റുപറയുകയും എന്നാൽ ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു” അവൾ വിവരിച്ചു. “എന്നാൽ ഞാനിപ്പോഴും രോഗിയാണ്, അതുകൊണ്ട് ഞാൻ കരുതി തെറ്റ് എന്റെ ഭാഗത്താണെന്ന്”. 

ആ സ്ത്രീയുടെ ഏറ്റുപറച്ചിലിൽ എനിക്ക് വിഷമം തോന്നി. അവളുടെ പ്രശ്നം പരിഹരിക്കുവാൻ നൽകിയ ആത്മീയ “സൂത്രവാക്യം” വേണ്ട ഫലം ചെയ്യാത്തതിൽ അവൾ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. സഹനത്തോടുള്ള ഇത്തരം സൂത്രവാക്യങ്ങൾ വേണ്ട ഫലം ചെയ്യില്ലെന്ന് തലമുറകൾ മുൻപേ തെളിഞ്ഞതാണ്.

ലളിതമായി പറഞ്ഞാൽ, ഈ സൂത്രവാക്യം പറയുന്നത് നിങ്ങൾക്ക് കഷ്ടതയുണ്ടെങ്കിൽ നിങ്ങൾ പാപാപം ചെയ്തിരിക്കുന്നു. ഇയ്യോബിന്‌ തന്റെ ആടുമാടുകളും, മക്കളും ആരോഗ്യവും നഷ്ടപ്പെട്ടപ്പോൾ, തന്റെ സുഹൃത്തുക്കളും ഇതേ രീതിയാണ് അവലംബിച്ചത്. “നിർദ്ദോഷിയായി നശിച്ചവൻ ആർ?” എന്നാണ് ഇയ്യോബിന്റെമേൽ ദോഷം നിരൂപിച്ചു എലിഫസ് ചോദിച്ചത് (ഇയ്യോ.4:7). തന്റെ മക്കൾ പാപം ചെയ്തതുകൊണ്ട് അവർ മരിച്ചുപോയി എന്നാണ് ബിൽദാദ് പറഞ്ഞത് (8:4). ഇയ്യോബിന്റെ ജീവിതത്തിലെ ദുരിതങ്ങളുടെ(1:6 – 2:10)  യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ സാമാന്യമായ കാര്യങ്ങൾ പറഞ്ഞാണ് അവർ അവനെ അസഹ്യപ്പെടുത്തിയതും പിന്നീട് ദൈവം അവരെ ശാസിച്ചതും. (42:6)

വീണുപോയ ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമാണ് കഷ്ടത. ജോബിനെപ്പോലെ, നമുക്ക് ഒരിക്കലും അറിയാത്ത കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ നിങ്ങൾ സഹിക്കുന്ന വേദനകൾക്കപ്പുറം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. ലളിതമായ സൂത്രവാക്യങ്ങളിൽ വീണു സ്വയം നിരുത്സാഹപ്പെടരുത്.