Month: നവംബർ 2021

ക്രിസ്തുമസ്സ് പൈതൽ

ഒരു വിത്തിൽ നിന്നും ദേവദാരുവിന്റെ വസന്തം തന്നെ ഉണ്ടാക്കുന്നവൻ ഒരു ഭ്രൂണമായിട്ടാണ് ജീവിതം ആരംഭിച്ചത്; നക്ഷത്രങ്ങളെ ഉണ്ടാക്കിയവൻ തന്നെത്താൻ ഒരു ഗർഭപാത്രത്തിൽ സമർപ്പിച്ചവൻ; സ്വർഗ്ഗം മുഴുവൻ നിറക്കുന്നവൻ ഇന്നത്തെ സ്ഥിതിയിൽ കേവലം അതീന്ദ്രിയ ശബ്ദത്തിലെ ഒരു കണിക മാത്രമായി മാറുന്നു. യേശു, അസ്തിത്വത്തിൽ ദൈവമായവൻ, തന്നെത്താൻ ശൂന്യനാക്കി (ഫിലിപ്പിയർ 2:6-7). എന്തൊരു വിസ്മയാവഹമായ ചിന്തയാണ് !

ഒരു കർഷക ഗ്രാമത്തിൽ സമതല പ്രദേശത്ത്, ആട്ടിടയന്മാരുടേയും മാലാഖമാരുടേയും ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും ഇടയിൽ, ആടുകളുടെ കരച്ചിൽ അവന്റെ ആദ്യത്തെ താരാട്ട് പാട്ടാക്കി അവൻ ഭൂജാതനാകുന്ന ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കൂ. അവൻ നല്ല ആകാരവടിവും ഭംഗിയുമുള്ളവനുമായി വളർന്നു; ഗുരുക്കന്മാരെ അമ്പരിപ്പിക്കുന്ന വിധം വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ബാലനായി ; സ്വർഗ്ഗത്തിൽ നിന്ന് തന്റെ പിതാവിന്റെ അംഗീകാരത്തിനായി യോർദ്ദാനിൽ ഇറങ്ങി നില്ക്കുന്ന യുവാവായി; വിജന പ്രദേശത്ത്, പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി സാത്താനോട് പോരാടി. 

അടുത്തതായി അവൻ , ലോകത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തന്റെ ദൗത്യം തുടങ്ങുന്നത് കാണാം - രോഗികളെ സൗഖ്യമാക്കി, കുഷ്ഠ രോഗിയെ തൊട്ടു, അശുദ്ധന് മോചനം കൊടുത്തു. അവൻ ഒരു തോട്ടത്തിൽ മുട്ടുകുത്തി അതിവേദനയോടെ പ്രാർത്ഥിക്കുമ്പോൾ അവർ അവനെ പിടികൂടുന്നതും ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവനെ വിട്ട് ഓടിപ്പോകുന്നതും കാണുക. മുഖത്ത് തുപ്പലേറ്റ്, ലോകത്തിന്റെ പാപം ചുമലിലേറ്റി, രണ്ട് മരത്തടികളിന്മേൽ ക്രൂശിക്കപ്പെട്ടതും കാണുക. പക്ഷെ നോക്കൂ, ശരിക്ക് നോക്കൂ ,കല്ല്  ഉരുണ്ടു മാറി പോയിരിക്കുന്നു; ശൂന്യമായ കല്ലറയുടെ മുഴക്കം കേൾക്കുന്നു ; കാരണം,അവൻ ജീവിക്കുന്നു!

നോക്കൂ, ദൈവം അവനെ ഏറ്റവും ഉയർത്തി.(വാ.9). അവന്റെ നാമം സ്വർലോകവും ഭൂലോകവും നിറഞ്ഞിരിക്കുന്നു.    (വാ.10-11).

നക്ഷത്രങ്ങളുടെ സ്രഷ്ടാവായവൻ അൾട്രാ സൗണ്ടിലെ ഒരു കണികയായി. ഇതാണ് നമ്മുടെ ക്രിസ്മസ്  പൈതൽ.

നന്ദി നിറഞ്ഞ ഹൃദയം

പുരാതന റോമിലെ പ്രശസ്ത തത്വചിന്തകനായിരുന്ന സെനെക്കയുടെ മേൽ (4 Bc- AD 65) ചക്രവർത്തിനി മെസ്സാലിന ഒരിക്കൽ വ്യഭിചാരക്കുറ്റം ആരോപിച്ചു. സെനറ്റ് അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചെങ്കിലും ചക്രവർത്തിയായ ക്ലൌദ്യോസ് അത് കോർസിക്കയിലേക്ക് നാടുകടത്തൽ ആക്കി കുറച്ചു; കാരണം ഒരുപക്ഷെ അതൊരു വ്യാജമായ ആരോപണമാകാമെന്ന് അദ്ദേഹം സംശയിച്ചിരിക്കാം. ഈ ശിക്ഷയിളവ് സെനെക്കയിൽ കൃതജ്‌ഞതയെക്കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം: "നരഘാതകർ , സ്വേച്ഛാധിപതികൾ, കള്ളന്മാർ, കൊള്ളക്കാർ, ദൈവനിന്ദകർ , രാജ്യദ്രോഹികൾ എന്നിവരെക്കാളെല്ലാം കുറ്റക്കാരാണ് നന്ദിയില്ലാത്തവർ " എന്ന് അദ്ദേഹം എഴുതി.

സെനെക്കയുടെ സമകാലികനായ അപ്പൊസ്തലനായ പൗലോസ് ഇത് ശരിവെക്കുന്നു. റോമർ 1:21 ൽ പൗലോസ് എഴുതിയത് മനുഷ്യകുലത്തിന്റെ അധപതനത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കാൻ തയ്യാറായില്ല എന്നതാണ്. കൊലോസ്യയിലുള്ള സഭക്ക് എഴുതുമ്പോൾ വിശ്വാസികളോട് നന്ദിയുള്ളവരായിരിക്കണമെന്ന് 3 തവണ ആഹ്വാനം ചെയ്യുന്നുണ്ട്. നാം "സ്തോത്രത്തിൽ കവിഞ്ഞിരിക്കണം" (കൊലോ.2:7) എന്ന് എഴുതിയിരിക്കുന്നു. "ക്രിസ്തുവിന്റെ സമാധാനം" നമ്മുടെ ഹൃദയങ്ങളിൽ വാഴുമ്പോൾ നാം " നന്ദിയുള്ളവരായും "ഇരിക്കണം. (3:15) യഥാർത്ഥത്തിൽ നമ്മുടെ പ്രാർത്ഥനയുടെ പ്രത്യേകതയായിരിക്കണം കൃതജ്‌ഞത . (4:2)

നമ്മോടുള്ള ദൈവത്തിന്റെ മഹാദയ നമ്മുടെ ജീവിത്തിന്റെ അടിസ്ഥാനം തന്നെയാണ്. അതുകൊണ്ട് അവിടുന്ന്‌ നമ്മുടെ സ്നേഹവും ആരാധനയും മാത്രമല്ല, കൃതജ്ഞതയുള്ള ഹൃദയവും സ്വീകരിക്കുവാൻ യോഗ്യനാണ്. എല്ലാ നല്ല ദാനവും ദൈവത്തിൽ നിന്നല്ലോ വരുന്നത്. (യാക്കോ.1:17)

ക്രിസ്തുവിൽ നമുക്ക് ലഭിച്ചിരിക്കുന്നതെല്ലാം വിചാരിച്ചാൽ നന്ദിയെന്നത് നമ്മുടെ ശ്വാസം പോലെ സ്വാഭാവികമായി ഉണ്ടാകണം. ദൈവത്തിന്റെ കൃപാദാനങ്ങളോട് നന്ദിയോടെ നമുക്ക് പ്രതികരിക്കാം.

ദൈവത്തിന്റെ ഇഷ്ടം

ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് ചിലപ്പോൾ പ്രയാസകരമാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു.പിറുപിറുക്കാതെ കഷ്ടത സഹിക്കുവാൻ; കുഴപ്പം പിടിച്ചവരെ സ്നേഹിക്കാൻ. നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഉള്ളിലെ ശബ്ദം ശ്രവിക്കാൻ; നാം എടുക്കാൻ സാധ്യതയില്ലാത്ത ചുവടുകൾ എടുക്കാൻ, അവിടുന്ന് നമ്മെ വിളിക്കുന്നു.അതുകൊണ്ട് നാം നമ്മുടെ ഉള്ളങ്ങളോട് നിരന്തരം പറയണം : " ആത്മാവേ, കേൾക്കുക . നിശബ്ദനായിരിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. "

"എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. " ( സങ്കീ.62:1) "എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക " ( സങ്കീ.62:5) ഈ വാക്യങ്ങൾ ഒരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്. ദാവീദ് തന്റെ ഉള്ളത്തെക്കുറിച്ചും ഉള്ളത്തോടും പറയുന്ന കാര്യങ്ങളാണ്. "നോക്കി മൗനമായിരിക്കുന്നു" എന്നത് ഒരു തീരുമാനമാണ്, ശാന്തമായിരിക്കുക എന്ന മനസ്സിന്റെ അവസ്ഥയാണ്. "നോക്കി മൗനമായിരിക്കുക" എന്നത് ആ തീരുമാനത്തെ ഓർക്കുവാനായിട്ട് ദാവീദ് തന്റെ ഉള്ളത്തെ തയാറാക്കുന്നതാണ്.

നിശബ്ദനായിരിക്കാൻ ദാവീദ് തീരുമാനിക്കുന്നു - ദൈവഹിതത്തിന് നിശബ്ദമായ കീഴടങ്ങൽ. നമ്മെയും വിളിച്ചതും നിർമ്മിച്ചിട്ടുള്ളതും ഇതിനായിട്ടാണ്. നാമത് അംഗീകരിച്ചാൽ നമുക്ക് സമാധാനമുണ്ടാകും. "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ" (ലൂക്കൊ.22: 42). ഇതാണ് നാം അവനെ കർത്താവും ജീവിതത്തിന്റെ അടിസ്ഥാന സന്തോഷവുമായി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ മേലുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. "നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു " എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. (40:8)

നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ "പ്രത്യാശ അവനിൽ നിന്ന് വരുന്നു" ( 62:5). നാം അവന്റെ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവത്തിന്  ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയതൊന്നും നമ്മോടും ചെയ്യാൻ പറയുകയില്ല.

പ്രത്യാശ പങ്കുവെക്കൽ

ശാന്തി, ദൈവത്തിന്റെ പ്രിയമകൾ എന്ന അവളുടെ വ്യക്തിത്വം സ്വീകരിക്കുവാൻ ദൈവം അവളെ സഹായിച്ചതിനെ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ധാരാളം തിരുവചനങ്ങൾ ഉദ്ധരിച്ചു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനി വാക്കുകളേക്കാൾ അധികം ദൈവവചനം ഉദ്ധരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവൾ ഒരു സഞ്ചരിക്കുന്ന ബൈബിളാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ പുരികം ചുളിഞ്ഞു. അവൾ ബോധപൂർവം ബൈബിൾ വാക്യങ്ങൾ ഉരുവിടുന്നതായിരുന്നില്ല. ദിവസേനയുള്ള ബൈബിൾ വായനമൂലം അതിലെ വാക്കുകളും ജ്ഞാനവും ശാന്തിയുടെ സംസാരത്തിന്റെ ഭാഗമാകുകയായിരുന്നു. ദൈവസാന്നിധ്യം അവൾ ആസ്വദിക്കുകയും ദൈവിക സത്യങ്ങൾ പങ്കുവെക്കുന്നത് സന്തോഷമായി കാണുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനം വായിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച ആദ്യത്തെ ചെറുപ്പക്കാരി ശാന്തിയായിരുന്നില്ല.

അപ്പൊസ്‌തലനായ പൗലോസ്, തിമൊഥെയോസിനെ നേതൃത്വത്തിലേക്ക് ഇറങ്ങുവാൻ പ്രോത്‌സാഹിക്കുമ്പോൾ, അദ്ദേഹം ആ യുവാവിൽ നല്ല വിശ്വാസമർപ്പിച്ചിരുന്നു (1 തിമൊ.4:11-16). തിമൊഥെയോസ് ശിശുവായിരുന്നപ്പോൾ മുതൽ തിരുവെഴുത്തിൽ വേരൂന്നിയ ആളായിരുന്നുവെന്ന് പൗലോസ് സമ്മതിക്കുന്നു (2 തിമൊ.3:15). പൗലോസിനെപ്പോലെ തിമൊഥെയോസിനും സംശയക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ രണ്ടു പേരും എല്ലാ തിരുവെഴുത്തും " ദൈവശ്വാസീയ "മാണെന്ന് വിശ്വസിച്ചാണ് ജീവിച്ചത്. തിരുവെഴുത്ത് "ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു" ( 2 തിമൊ.3:16,17 ) എന്ന് അവർ മനസ്സിലാക്കി.

നാം ദൈവികജ്ഞാനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചാൽ, ദൈവിക സത്യങ്ങൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലൂടെ പുറത്ത് വരും.സഞ്ചരിക്കുന്ന ഒരു ബൈബിൾ പോലെ, നാം പോകുന്നിടത്തെല്ലാം ദൈവീകമായ നിത്യ പ്രത്യാശയെ പങ്കുവെക്കാൻ നമുക്ക് കഴിയും.

സത്യാരാധകർ

ഒടുവിൽ അവൾക്ക് ആ പള്ളി സന്ദർശിക്കാൻ അവസരം ലഭിച്ചു. പള്ളിക്കുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ ഒരു ചെറിയ ഗുഹപോലുള്ള സ്ഥലത്ത് അവളെത്തി. മെഴുകുതിരികളും തൂക്കുവിളക്കുകളും ആ തറയെ പ്രകാശമാനമാക്കുന്നുണ്ട്. അവിടെ ആ ചെറിയ മാർബിൾ തറയിൽ 14 കതിരുകളുള്ള വെള്ളിയിൽ തീർത്ത ഒരു നക്ഷത്രത്തമുണ്ട്. ബത്‌ലെഹേമിലെ നേറ്റിവിറ്റി ഗ്രോട്ടോയിലാണവൾ നിൽക്കുന്നത് - ആ നക്ഷത്രമുള്ളിടത്താണ് ക്രിസ്തു ജനിച്ചത് എന്നാണ് പാരമ്പര്യം പറയുന്നത്. എന്നാൽ, ദൈവം ആ സ്ഥലത്തേക്കാൾ എത്രയോ വലിയവനാണ് എന്ന തിരിച്ചറിവ് മൂലം എഴുത്തുകാരിയായ ആനി ഡില്ലാർഡിനെ ഇക്കാര്യം അധികം സ്വാധീനിച്ചില്ല.

എന്നിരുന്നാലും, ഇത്തരം സ്ഥലങ്ങൾക്ക് നമ്മുടെ വിശ്വാസ കഥകളിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കിണറിനരികെ യേശുവും ശമര്യക്കാരത്തി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിൽ പരാമർശവിധേയമായ, അവളുടെ "പൂർവ്വികർ ആരാധിച്ചിരുന്ന"മല (യോഹ. 4:20). ഇത് ഗെരെസീം മലയാണ് (ആവ.11:29). ഈ സ്ഥലം ശമര്യക്കാർക്ക് പവിത്രമായതായിരുന്നു. യരുശലേമാണ് യഥാർത്ഥ ആരാധനാസ്ഥലം എന്ന യഹൂദന്മാരുടെ വാദത്തെ ശമര്യർ എതിർത്തത് ഈ മലയുപയോഗിച്ചായിരുന്നു (വാ.20). എന്നിരുന്നാലും ആരാധനക്ക് സ്ഥലവുമായല്ല, മറിച്ച് ഒരു വ്യക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന്  യേശു പറഞ്ഞു: "സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു" (വാ.23). ആ സ്ത്രീ മശീഹായിലുള്ള തന്റെ വിശ്വാസം പരസ്യമാക്കി; എന്നാൽ താൻ അവനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞില്ല. അപ്പോൾ"യേശു അവളോട്: 'നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹാ' എന്ന് പറഞ്ഞു"(വാ.26).

ദൈവം ഒരു മലയിലോ ഭൗതിക സ്ഥലത്തോ ഒതുങ്ങുന്നില്ല. അവൻ എവിടെയും നമ്മോടൊപ്പമുണ്ട്. നമ്മുടെ യഥാർത്ഥ പ്രയാണം നാം പ്രാഗത്‌ഭ്യത്തോടെ "ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ച് അവിടുത്ത കൃപാസനത്തോട് സമീപിക്കുന്നതാണ്; അവൻ തീർച്ചയായും അവിടെയുണ്ട്.