Month: ജനുവരി 2022

അഭിപ്രായവ്യത്യാസത്തെ കൈകാര്യം ചെയ്യുമ്പോൾ

സമൂഹമാധ്യമങ്ങളിലെ അതികായകരായ റ്റ്വിറ്റർ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ചെറിയ ശബ്ദ ശകലങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി. എന്നാൽ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത അഭിപ്രായങ്ങളും ജീവിത ശൈലികളും ഉള്ളവരെ അധിക്ഷേപിക്കാനായി ആളുകൾ റ്റ്വിറ്ററിനെ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെ ഈ ഫോർമുല കൂടുതൽ സങ്കീർണ്ണമായി. എപ്പോൾ ആ പ്ലാറ്റ്ഫോമിൽ ലോഗ് ഓൺ ചെയ്തു കയറിയാലും ആരുടെയെങ്കിലും പേര് “ട്രെന്റിങ്ങ്’’ ആയിരിക്കും. ആ പേരിൽ ക്ലിക്ക് ചെയ്താൽ ഉയർന്നുവന്ന ഏതു വിവാദത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം.

ധരിക്കുന്ന വസ്ത്രം മുതൽ ആളുകൾ മുറുകെപ്പിടിക്കുന്ന വിശ്വാസം വരെ എല്ലാത്തിനേയും പരസ്യമായി വിമർശിക്കാൻ നാം പഠിച്ചു. എന്നാൽ, നമ്മെ യേശുവിലെ വിശ്വാസികളായി വിളിച്ച ദൈവവുമായി ചേരാത്തതാണ് വിമര്‍ശനാത്മകമായ സ്നേഹമില്ലാത്ത മനോഭാവം എന്നതാണ് യാഥാർത്ഥ്യം. അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യേണ്ട സമയങ്ങൾ നമുക്ക് ഉണ്ടാകാമെങ്കിലും വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്, വിശ്വാസികളെന്ന നിലയിൽ നാം എല്ലായ്പ്പോഴും “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ“(കൊലൊസ്സ്യർ 3:12) എന്നിവയോടെ പെരുമാറണം എന്നാണ്. നമ്മുടെ ശത്രുക്കളെപ്പോലും കഠിനമായി വിമർശിക്കുന്നതിനു പകരം, "അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ" (വാ. 12, 13) എന്നതാണ് ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

നാം യോജിക്കുന്ന ജീവിത ശൈലിയും വിശ്വാസങ്ങളും ഉള്ളവരോടു മാത്രമായി ഒതുങ്ങേണ്ടതല്ല ഈ ഇടപെടൽ. വിഷമകരമാണെങ്കിലും, അവന്റെ സ്നേഹത്താൽ നാം വീണ്ടെടുക്കപ്പെട്ടു എന്ന തിരിച്ചറിവിൽ, ക്രിസ്തു നമ്മെ നടത്തുന്നതു പോലെ നാം കണ്ടുമുട്ടുന്ന എല്ലാവറിലേക്കും കൃപയും സ്നേഹവും വ്യാപിപ്പിക്കാം.

അടിസ്ഥാനങ്ങളിലേക്കു മടങ്ങുക

പ്രതിജ്ഞകൾ ലംഘിക്കാനായി എടുക്കുന്നതാണെന്ന് തോന്നുന്നു. ചില ആൾക്കാർ ഈ യാഥാർത്ഥ്യത്തെ കളിയാക്കിക്കൊണ്ട് സാദ്ധ്യമായ പുതുവത്സര പ്രതിജ്ഞകൾ നിർദ്ദേശിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്നും ചിലത് ഇതാ:

സ്റ്റോപ്പ് ലൈറ്റിൽ സഹവാഹനക്കാരെ കൈവീശി കാണിക്കുക.

ഒരു മാരത്തോണിനു പേരു നൽകുക, അത് ഓടരുത്.

കാര്യങ്ങൾ മാറ്റിവെക്കുന്നത്-നാളെ നിർത്തുക.

തങ്ങളുടെ വ്യായാമക്രമം പങ്കുവക്കുന്നവരെ എല്ലാം സൗഹൃദ വലയത്തിൽനിന്ന് പുറത്താക്കുക

ഒരു പുതിയ തുടക്കം എന്ന ആശയം എത്രയായാലും ഗൗരവമുള്ള കാര്യമാണ്. പ്രവാസത്തിലായ യഹൂദ ജനത്തിനു അങ്ങനെയൊന്ന് അത്യാവശ്യമായിരുന്നു. എഴുപത് വർഷത്തെ തങ്ങളുടെ അടിമത്തത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും ദൈവം അവർക്ക് യെഹസ്ക്കേൽ പ്രവാചകനിലൂടെ “യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും“ (യെഹെസ്കേൽ 39:25CL) എന്ന് വാഗ്ദത്തം ചെയ്ത് ധൈര്യപ്പെടുത്തി.

പക്ഷേ, രാജ്യം ആദ്യം അടിസ്ഥാനങ്ങളിലേക്ക്-ദൈവം മോശക്ക് 800 വർഷങ്ങൾക്കു മുൻപ് നൽകിയ കല്പനകൾ-ലേക്ക് മടങ്ങിപ്പോകേണ്ടിയിരുന്നു. പുതുവർഷത്തിലെ ഉത്സവം ആചരിക്കുന്നത് അതിൽ പെട്ടതായിരുന്നു. പുരാതന യഹൂദ ജനങ്ങൾക്ക് വസന്തത്തിന്റെ ആരംഭത്തിലായിരുന്നു അത്. (45:18). ഉത്സവങ്ങളുടെ ഒരു പ്രധാന ലക്ഷ്യം അവരെ ദൈവത്തിന്റെ സ്വഭാവത്തേക്കുറിച്ചും അവന്റെ പ്രതീക്ഷയേയും കുറിച്ച് ഓർമ്മപ്പെടുത്തുക എന്നതായിരുന്നു. അവൻ അവരുടെ പ്രഭുക്കന്മാരോട് “സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ” (വാ. 9) എന്നു പറയുകയും അവരോട് സത്യസന്ധത നിർബന്ധിക്കുകയും ചെയ്തു (വാ.10). 

ഈ പാഠം നമുക്കും ബാധകമാണ്. നമ്മുടെ വിശ്വാസം പ്രവൃത്തിയിൽ വന്നില്ലെങ്കിൽ അത് വിലയില്ലാത്തതാണ് (യാക്കോബ് 2:17). ഈ പുതിയ വർഷത്തിൽ ദൈവം നമുക്ക് ആവശ്യമായതു നൽകുമ്പോൾ “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം” എന്നും “കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” (മത്തായി 22:37–39) എന്നുമുള്ള അടിസ്ഥാനങ്ങളിലേക്ക് മടങ്ങി നാം നമ്മുടെ വിശ്വാസത്തെ ജിവിച്ചു കാണിക്കാം.

ഉറച്ച വിശ്വാസം

ഒരു തടാകത്തിന്റെ വടക്കേ തീരത്ത് ഉയർന്നുനിന്ന മണല്‍ക്കൂനകൾ സമീപത്തുള്ള വീടുകളെ നിരങ്ങുന്ന മണലിലേക്ക് താഴുന്നതരത്തിൽ അപകടാവസ്ഥയിലാക്കി. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനുള്ള അധ്വാനത്തിൽ മണൽക്കൂനകൾ നീക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കെട്ടുറപ്പുള്ള വീടുകൾ കണ്മുന്നിൽ താഴ്ന്നു പോകുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട ഒരു വീട് വൃത്തിയാക്കുന്നത് മേൽനോട്ടം വഹിച്ചപ്പോൾ ഒരു ലോക്കൽ ഉദ്യോഗസ്ഥൻ‍ ഈ പ്രക്രിയ തടയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു. വീട്ടുടമസ്ഥർ എത്ര കഠിനമായി ശ്രമിച്ചാലും ഈ അസ്ഥിരമായ ചിറകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സാധിക്കില്ല, മണൽക്കൂനക്ക് ശക്തമായ അടിത്തറ നൽകുവാൻ സാധ്യമേയല്ല.

മണലിൽ ഒരു വീട് പണിയുന്നതിന്റെ നിരർത്ഥകത യേശുവിന് അറിയാമായിരുന്നു. കള്ള പ്രവാചകന്മാരെക്കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പിനു ശേഷം, സ്നേഹപൂർവ്വമുള്ള അനുസരണം ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നു എന്ന് അവൻ അവരെ ഉറപ്പിച്ചു (മത്തായി 7:15–23). തന്റെ വചനങ്ങളെ കേട്ടു “ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു അവൻ പറഞ്ഞു (വാ. 24). എന്നാൽ ദൈവത്തിന്റെ വാക്കുകളെ കേട്ട് ചെയ്യാത്തവനൊക്കെയും “മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു“(വാ. 26).

ചുറ്റുപാടുകൾ ക്ലേശങ്ങളുടേയോ ബുദ്ധിമുട്ടുകളുടേയോ ഭാരത്താൽ താഴ്ന്നു പോകുന്ന അസ്ഥിരമായ മണൽ പോലെ തോന്നുമ്പോൾ, നമുക്ക് നമ്മുടെ പ്രത്യാശ പാറയായ ക്രിസ്തുവിൽ വെക്കാം. തന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ അചഞ്ചലമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ അവൻ നമ്മെ സഹായിക്കും.

സ്നേഹം ഒരിക്കലും നിലക്കാതിരിക്കുമ്പോൾ

“എന്റെ മുത്തച്ഛൻ എന്നെ കടൽത്തീരത്ത് കൊണ്ടു പോയപ്പോഴൊക്കെ അദ്ദേഹം തന്റെ വാച്ച് അഴിച്ച് മാറ്റി വെച്ചു,” പ്രിയങ്ക ഓർത്തു. “ഒരിക്കൽ ഞാൻ അദ്ദേഹത്തോട് എന്തിനാണതെന്ന് ചോദിച്ചു.”

‘നിന്നോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് എത്ര പ്രീയപ്പെട്ടതാണെന്ന് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമയം കടന്നു പോകുമ്പോഴും ഞാൻ നിന്നൊടൊത്തിരിക്കാൻ മാത്രം ആഗ്രഹിക്കുന്നു, “അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ഉത്തരം നൽകി”.

പ്രിയങ്ക ആ സ്മരണ തന്റെ മുത്തച്ഛന്റെ മരണശുശ്രൂഷയിലാണ് പങ്ക് വെച്ചത്. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നു അത്. മറ്റുള്ളവർ നമുക്കായി സമയമെടുക്കുന്നത് നമ്മെ എത്രമാത്രം വിലമതിക്കപ്പെട്ടതായി നമുക്ക് അനുഭവപ്പെടുമെന്ന കാര്യം ഞാൻ ധ്യാനിച്ചു. ദൈവത്തിന്റെ സ്നേഹപൂർവമായ പരിപാലനത്തേക്കുറിച്ചുള്ള വേദവാക്യങ്ങൾ അത് മനസ്സിലേക്ക് കൊണ്ടുവന്നു. 

ദൈവം എപ്പോഴും നമുക്കായി സമയമുണ്ടാക്കുന്നു. 145ആം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിച്ചു “യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” (വാ. 16–18).

ദൈവത്തിന്റെ നന്മയും ശ്രദ്ധയോടെയുള്ള വിചാരവും ഓരോ നിമിഷവും ശ്വസിക്കാൻ വായുവും കഴിക്കാൻ ഭക്ഷണവും നൽകി നമ്മെ നിലനിർത്തുന്നു. കാരണം അവൻ സ്നേഹ സമ്പന്നനാണ്, സകലത്തേയും നിർമ്മിച്ചവൻ നമ്മുടെ അസ്തിത്വത്തിന്റെ ഏറ്റവും സങ്കീർണ്ണമായ വിശദാംശങ്ങൾ പോലും കരുണയോടെ മെനയുന്നു. 

"കാലം കടന്നു പോകട്ടെ, എങ്കിലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നോടൊപ്പം എന്നേക്കുമായിരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു" എന്ന് പറയുമ്പോലെ, ദൈവത്തിന്റെ സ്നേഹം എത്രയോ അഗാധവും അന്തമില്ലാത്തതുമാണ്. കാരണം, അവൻ നമുക്കായി നിത്യജീവനിലേക്കും അവന്റെ സന്നിധിയിലെ സന്തോഷത്തിലേക്കും തന്റെ ദയയാലും കരുണയാലും വഴി തുറന്നു.

പുതിയ തുടക്ക പ്രഭാവം

ആയുഷിനു മുപ്പതു വയസ്സു തികഞ്ഞപ്പോൾ, താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത സെയിൽ‌സ് ജോലിയിൽ തന്നെ ഇപ്പോഴും ആയിരിക്കുന്നതിനാൽ അവൻ സങ്കടപ്പെട്ടു. നീട്ടിവയ്‌ക്കുന്നത് മതിയാക്കി പുതിയൊരു ജോലി കണ്ടെത്തുവാൻ അവൻ തീരുമാനിച്ചു. രേണു പുതുവത്സരരാവിൽ കണ്ണാടിയിൽ നോക്കി, ഇത് തന്റെ ശരീരഭാരം കുറച്ച വർഷമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. തന്റെ ദേഷ്യത്തിലുള്ള പൊട്ടിത്തെറികൾ കുറയാത്ത ഒരു മാസം കൂടെ കടന്നു പോകുന്നതു കാണുകയായിരുന്നു അശോക്. അടുത്ത മാസം കൂടുതൽ കഠിനമായി പരിശ്രമിക്കുമെന്ന് അവൻ ശപഥം ചെയ്തു.

ഒരു പുതിയ മാസത്തിന്റെയോ പുതിയ വർഷത്തിന്റെയോ ആരംഭത്തിലോ, ഒരു പ്രധാന ജന്മദിനത്തിലോ മാറുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ഗവേഷകർക്ക് ഇതിനൊരു പേരുണ്ട്: പുതിയ തുടക്ക പ്രഭാവം. ഇതുപോലെയുള്ള കലണ്ടർ പോയിന്റുകളിൽ നാം നമ്മുടെ ജീവിതത്തെ വിലയിരുത്തുവാനും നമ്മുടെ പരാജയങ്ങളെ പിന്നിലാക്കി പുനരാരംഭിക്കുവാനുമുള്ള സാധ്യത കൂടുതലാണെന്ന് അവർ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ആളുകളാകുവാനായി പുതിയൊരു തുടക്കത്തിനായി നാം വാഞ്‌ഛിക്കുന്നു. 

യേശുവിലുള്ള വിശ്വാസം ഈ വാഞ്ഛയോട് ശക്തമായി സംസാരിക്കുന്നു, പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതോടൊപ്പം (വാ 5-9), നമ്മുടെ മികച്ച സത്ത എന്താകാം എന്ന ഒരു ദർശനം വാഗ്ദാനം ചെയ്യുകയും (കൊലൊസ്സ്യർ 3:12–14) ചെയ്യുന്നു. ഈ മാറ്റം വാഗ്ദാനം ചെയ്യുന്നത്, തീ‍രുമാനങ്ങളും പ്രതിജ്ഞകളും കൊണ്ട് മാത്രമല്ല, പക്ഷേ ദൈവീക ശക്തിയാലാണ്. യേശുവിൽ നാം വിശ്വസിക്കുമ്പോൾ നാം പുതു മനുഷ്യരായിത്തീരുന്നു, നമ്മെ പൂർണ്ണരാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു (വാ.10; തീത്തോസ് 3:5). 

യേശുവിലുള്ള രക്ഷ പ്രാപിക്കുന്നതാണ് ആത്യന്തികമായുള്ള പുതിയ തുടക്കം. അതിനായി ഒരു പ്രത്യേക കലണ്ടർ ദിവസത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പുതിയ ജീവിതം ഇപ്പോൾ തന്നെ തുടങ്ങാം.