നമ്മുടെ പിതാവ്
മുംബൈയിൽ ഒരു നഴ്സ് ആയി ജോലിക്കു കയറുവാൻ പോവുകയായിരുന്നു യമുന. തൊഴിലവസരങ്ങൾ പരിമിതമായ അവളുടെ ഗ്രാമത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ മെച്ചമായി അവളുടെ കുടുംബത്തെ പരിപാലിക്കുവാൻ അവൾക്കതാവശ്യമായിരുന്നു. പുറപ്പെടുന്നതിന്റെ തലേദിവസം രാത്രി, അവൾ തന്റെ അഞ്ചു വയസ്സുള്ള മകളെ നോക്കുവാനേറ്റ സഹോദരിക്ക് നിർദ്ദേശങ്ങൾ നൽകി. "ഒരു സ്പൂൺ പഞ്ചസാര കൂട്ടി കൊടുത്താൽ അവൾ അവളുടെ മരുന്നുകൾ കഴിക്കും," യമുന വിശദീകരിച്ചു, "ഓർക്കുക, അവൾ ഒരു നാണം കുണുങ്ങിയാണ്. പതിയെ അവൾ അവളുടെ കസിൻസുമായി കളിച്ചുകൊള്ളും. അവൾക്ക് ഇരുട്ടിനെ ഭയമാണ്, . . "
പിറ്റേന്ന് ട്രെയിനിലെ ജനലിലൂടെ പുറത്തേക്ക് നോക്കി യമുന പ്രാർത്ഥിച്ചു: “കർത്താവേ, എന്റെ മകളെ എന്നെപ്പോലെ ആർക്കും അറിയില്ല. എനിക്ക് ഇപ്പോൾ അവളോടൊപ്പം ആയിരിക്കുവാൻ കഴിയുകയില്ല, പക്ഷേ നിനക്കതു കഴിയും.”
നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ നമ്മൾ അറിയുന്നു, അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നു;കാരണം അവർ നമുക്ക് വിലപ്പെട്ടവരാണ്. വിവിധ സാഹചര്യങ്ങളാൽ നമുക്ക് അവരോടൊപ്പമുണ്ടാകുവാൻ കഴിയാത്തപ്പോൾ, നമ്മളെപ്പോലെ വേറെ ആർക്കും അവരെ അറിയാത്തതിനാൽ അവർക്കെന്തങ്കിലും പ്രയാസമുണ്ടാകുമോ എന്ന് നാം പലപ്പോഴും ഉത്കണ്ഠാകുലരാണ്.
മറ്റാരെക്കാളും കൂടുതൽ ദൈവം നമ്മെ അറിയുന്നു എന്നു സങ്കീർത്തനം 139 ൽ ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുപോലെ, അവൻ തന്റെ പ്രിയപ്പെട്ടവരെ അടുത്തറിയുന്നു (വാ. 1-4). അവൻ അവരുടെ സ്രഷ്ടാവാണ് (വാ. 13-15), അതിനാൽ അവൻ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. അവരുടെ ജീവിതത്തിലെ ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന് അവനറിയാം (വാ. 16), അവൻ അവരോടൊപ്പമുണ്ട്, അവരെ ഒരിക്കലും അവൻ ഉപേക്ഷിക്കയില്ല (വാ. 5-10).
നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉത്കണ്ഠാകുലരാകുമ്പോൾ, അവരെ ദൈവത്തിന്റെ കൈയിൽ ഏൽപ്പിക്കുക, കാരണം അവൻ അവരെ നന്നായി അറിയുന്നു, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.
നമ്മുടെ പിതാവ്
മിക്ക പ്രഭാതങ്ങളിലും ഞാൻ കർത്താവിന്റെ പ്രാർത്ഥന ഉരുവിടാറുണ്ട്. ആ പ്രാർഥനയിൽ ഞാൻ എന്നെത്തന്നെ ഉറപ്പിക്കാതെ ഒരു പുതിയ ദിവസം സാധാരണ തുടങ്ങാറില്ല. ഈയിടെ ഒരിക്കൽ ഞാൻ അതിന്റെ ആദ്യത്തെ വാക്കുകൾ - "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" – എന്നു പറഞ്ഞതേയുള്ളൂ, എന്റെ ഫോൺ റിങ്ങ് ചെയ്തു. അപ്പോൾ രാവിലെ 5:43 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ അത് എന്നെ ഞെട്ടിച്ചു. ഫോൺ ഡിസ്പ്ലേയിൽ "ഡാഡ് (പിതാവ്)" എന്ന് എഴുതിയിരുന്നു. ഞാൻ ഉത്തരം നൽകുന്നതിന് മുമ്പ്, കോൾ പെട്ടെന്ന് അവസാനിച്ചു. എന്റെ പിതാവ് അബദ്ധത്തിൽ വിളിച്ചതാണെന്ന് ഞാൻ ഊഹിച്ചു. തീർച്ചയായും, അങ്ങനെതന്നെ ആയിരുന്നു. എന്നാൽ ഇത് ഒരു യാദൃശ്ചികത ആയിരുന്നോ? ആയിരിക്കാം. പക്ഷേ, ദൈവകരുണയാൽ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ആ ദിവസം, സ്വർഗീയ പിതാവിന്റെ സാന്നിധ്യത്തിന്റെ ഉറപ്പ് ആവശ്യമായിരുന്നു!
ഒരു നിമിഷം അതിനെക്കുറിച്ച് ചിന്തിക്കുക. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ, പ്രാർത്ഥന ആരംഭിക്കുവാൻ ഈ വാക്കുകളാണ് തിരഞ്ഞെടുത്തത് - “.. ഞങ്ങളുടെ പിതാവേ,”(മത്താ. 6: 9). അതു യാദൃശ്ചികമാണോ? അല്ല, യേശുവിന്റെ വാക്കുകൾ ഒരിക്കലും യാദൃശ്ചികമായിരുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ ഭൗമിക പിതാക്കന്മാരുമായി വ്യത്യസ്ത ബന്ധങ്ങളാണുള്ളത് – ചിലത് നല്ലതായിരിക്കും, ചിലത് അത്ര നല്ലതായിരിക്കില്ല. എന്നാൽ, നാം പ്രാർത്ഥിക്കുമ്പോൾ "എന്റെ" പിതാവേ അല്ലെങ്കിൽ "നിങ്ങളുടെ" പിതാവേ എന്നല്ല, മറിച്ച് "ഞങ്ങളുടെ" പിതാവേ എന്നാണ് അഭിസംബോധന ചെയ്യുന്നത് ;നമ്മെ കാണുന്നവനും നമ്മെ കേൾക്കുന്നവനും, നമ്മൾ അവനോട് യാചിക്കുംമുമ്പേ നമുക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നവനും (വാ. 8) ആയ നമ്മുടെ പിതാവ്.
എന്തൊരു അത്ഭുതകരമായ ഉറപ്പ്! പ്രത്യേകിച്ച് നമ്മൾ വിസ്മരിക്കപ്പെട്ടതായോ, ഒറ്റപ്പെട്ടതായോ, ഉപേക്ഷിക്കപ്പെട്ടതായോ, അല്ലെങ്കിൽ അത്ര വിലപ്പെട്ടവരല്ലെന്നോ തോന്നുന്ന അവസരങ്ങളിൽ . ഓർക്കുക, നമ്മൾ എവിടെയാണെങ്കിലും, രാത്രിയോ പകലോ ഏതുസമയത്താണെങ്കിലും, സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും നമ്മുടെ സമീപം ഉണ്ട്.
സേവനത്തിനായി ഒരു ഹൃദയം
ന്യൂ മെക്സിക്കോയിൽ ഒരു പ്രദേശത്ത്, ഓരോ മാസവും പരിസരവാസികൾക്ക് 24,000 പൗണ്ടിലധികം സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അവരുടെ സമൂഹത്തെ പിന്തുണയ്ക്കുന്ന ഒരു ശുശ്രൂഷയുണ്ട്. അതിന്റെ നേതാവ് പറഞ്ഞു, “ആളുകൾക്ക് ഇവിടെ വരാം, ഞങ്ങൾ അവരെ സ്വീകരിക്കുകയും അവർ എവിടെയായിരുന്നാലും അവരെ സമീപിക്കുകയും ചെയ്യും. അവരുടെ പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവരുടെ ആത്മീയ ആവശ്യങ്ങൾ അഭിമുഖികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. . ." ക്രിസ്തു വിശ്വാസികളെന്ന നിലയിൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ, നമ്മുടെ ചുറ്റുമുള്ള സമൂഹത്തെ തന്നിലേക്ക് അടുപ്പിക്കുവാൻ ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് മഹത്വം നൽകുന്ന സേവനങ്ങൾക്കായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കുവാൻ കഴിയും?
ദൈവം നൽകിയ അനുഗ്രഹങ്ങൾ, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുതരുവാൻ ദൈവത്തോട് ആവശ്യപ്പെടുന്നതിലൂടെ (1 പത്രോ. 4:10), സേവനത്തിന്റെ ഒരു ഹൃദയം വികസിപ്പിക്കുവാൻ നമുക്ക് കഴിയും. അങ്ങനെ, നമുക്കു ലഭിച്ച അനുഗ്രഹ സമൃദ്ധി, "ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണം ആകും" (2 കൊരി. 9:12).
മറ്റുള്ളവരെ സേവിക്കുന്നത് യേശുവിന്റെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമായിരുന്നു. അവൻ രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്തപ്പോൾ, അനേകർ ദൈവത്തിന്റെ നന്മയും സ്നേഹവും അറിയുകയായിരുന്നു. നമ്മുടെ സമൂഹങ്ങളെ പരിപാലിക്കുന്നതിലൂടെ, നമ്മൾ അവന്റെ ശിഷ്യത്വ മാതൃക പിന്തുടരുന്നു. നമ്മുടെ പ്രവൃത്തികളിലൂടെ നാം ദൈവസ്നേഹം പ്രകടിപ്പിക്കുമ്പോൾ, "അവർ ദൈവത്തെ മഹത്വപ്പെടുത്തും" (വാ. 13) എന്ന്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ഓർമ്മിപ്പിക്കുന്നു. സേവനം ആത്മസംതൃപ്തിക്കല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ വ്യാപ്തിയും, അവൻ പ്രവർത്തിക്കുന്ന അത്ഭുതകരമായ വഴികളും, അവന്റെ നാമം വിളിക്കപ്പെട്ടവരിൽക്കൂടി ലോകത്തെ കാണിക്കുവാനാണ്.
ഒരു ഭവനത്തിനായി കൊതിക്കുക
“ആനി ഓഫ് ഗ്രീൻ ഗേബിൾസ്”എന്ന കഥകളിലെ പ്രധാന കഥാപാത്രമായ ആനി ഒരു വീടിനായി കൊതിച്ചു. അനാഥയായ അവൾക്ക് എപ്പോഴെങ്കിലും ‘വീട്’ എന്നു വിളിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മാത്യു എന്ന പ്രായമായ ഒരാളും തന്റെ സഹോദരി മാരില്ലയും അവളെ വീട്ടിലേക്കു കൊണ്ടു പോയി.. അവരുടെ വീട്ടിലേക്കുള്ള യാത്രയിൽ, ആനി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നതിൽ ആനി ക്ഷമ ചോദിച്ചു. ശാന്തപ്രകൃതക്കാരനായ മാത്യു പറഞ്ഞു, “നീ ഇഷ്ടം പോലെ എത്ര വേണമെങ്കിലും സംസാരിച്ചോളൂ, ഒരു പ്രശ്നവുമില്ല.” ആനിന്റെ കാതുകൾക്കത് സംഗീതമായി തോന്നി. ആർക്കും അവളെ വേണ്ടാ എന്നാണ് അവൾ എപ്പോഴും കരുതിയിരുന്നത്, പ്രത്യേകിച്ച് അവളുടെ സംസാരം കേൾക്കാൻ ആരും കൂട്ടാക്കിയിയിരുന്നില്ല. പക്ഷേ, വീട്ടിൽ എത്തിയപ്പോൾ, വയലിൽ സഹായിക്കുവാൻ ഒരു ആൺകുട്ടിയെ ആയിരുന്നു അവരുടെ സഹോദരങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് അവൾ മനസിലാക്കി. അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു; തിരികെ പോകേണ്ടി വരുമെന്ന് അവൾ ഭയപ്പെട്ടു, പക്ഷേ അവർ അവളെ അവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയപ്പോൾ സ്നേഹമുള്ള ഒരു ഭവനത്തിനായുള്ള ആനിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടു.
ആരുമില്ലെന്നും ഒറ്റയ്‌ക്കാണെന്നും തോന്നിയ സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിലുള്ള രക്ഷയിലൂടെ നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുമ്പോൾ, അവൻ നമുക്കൊരുറപ്പുള്ള ഭവനമായി മാറുന്നു (സങ്കീ. 62: 2). അവൻ നമ്മിൽ പ്രസാദിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും അവനൊടു സംസാരിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു: നമ്മുടെ ആശങ്കകൾ, പ്രലോഭനങ്ങൾ, സങ്കടങ്ങൾ, പ്രതീക്ഷകൾ എല്ലാം. സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു "നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു." (വാ. 8).
മടിക്കരുത്. ഇഷ്ടം പോലെ ദൈവത്തോട് സംസാരിക്കുക. അവനതൊന്നും പ്രശ്നമല്ല. അവൻ നമ്മിൽ സന്തോഷിക്കുന്നു. അവൻ നമുടെ സങ്കേതമാകുന്നു.
നുണകളുടെ പിതാവ്
വിക്ടർ പതിയെ അശ്ലീലകാഴ്ചകൾക്ക് അടിമയായി. അവന്റെ സുഹൃത്തുക്കളിൽ പലരും അശ്ലീല ചിത്രങ്ങൾ നോക്കിയിരുന്നു. വിരസമായ നേരങ്ങളിൽ അയാളും അതിൽ വീണു. എന്നാൽ അത് എത്ര വലിയ തെറ്റാണെന്ന് പിന്നീട് മനസ്സിലായി - അത് ദൈവത്തിനെതിരെയുള്ള പാപമാണെന്നും അതു തന്റെ ഭാര്യയെ മാനസികമായി തകർത്തു എന്നും. ഇനി ഒരിക്കലും അതിൽ വീഴാതിരിക്കുവാൻ തന്റെ ജീവിതത്തിൽ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. എങ്കിലും അത് വളരെ വൈകിയെന്ന് അയാൾ ഭയപ്പെട്ടു. അവന്റെ വിവാഹബന്ധം രക്ഷിച്ചെടുക്കാനാകുമോ? താൻ എപ്പോഴെങ്കിലും അതിൽനിന്നു സ്വതന്ത്രൻ ആവുകയും പൂർണ്ണമായി ക്ഷമ പ്രാപിക്കുകയും ചെയ്യുമോ?
നമ്മുടെ ശത്രുവായ പിശാച്, അത് വലിയ കാര്യമല്ലെന്ന മട്ടിൽ പ്രലോഭനം അവതരിപ്പിക്കുന്നു. അവൻ പറയുന്നു, എല്ലാവരും അത് ചെയ്യുന്നു. എന്താണ് ദോഷം? പക്ഷേ, നമ്മൾ അവന്റെ കെണിയിൽ വീഴുന്ന നിമിഷം, അവൻ ഗിയർ മാറ്റുന്നു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും, വളരെ വൈകിയിരിക്കുന്നു! നിങ്ങൾ വളരെ ദൂരം പോയിരിക്കുന്നു! ഇനി രക്ഷയില്ല!
നമ്മൾ ആത്മീയ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മെ നശിപ്പിക്കുവാൻ എന്ത് വേണമെങ്കിലും ശത്രു പറയും. യേശു പറഞ്ഞു, "അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു." (യോഹ. 8:44).
പിശാച് ഒരു നുണയനാണെങ്കിൽ, നമ്മൾ ഒരിക്കലും അവനെ ശ്രദ്ധിക്കരുത് : നമ്മുടെ പാപം ഒരു വലിയ കാര്യമല്ലെന്ന് അവൻ പറയുമ്പോഴും, നിങ്ങൾക്ക് ഇപ്പോൾ ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അവൻ പറയുമ്പോഴും ശ്രദ്ധിക്കരുത്. ദുഷ്ടന്റെ വാക്കുകൾ തള്ളിക്കളയാനും പകരം ദൈവത്തെ ശ്രദ്ധിക്കാനും യേശു നമ്മെ സഹായിക്കട്ടെ. "എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും."(യോഹ. 8:32) എന്ന യേശുവിന്റെ വാഗ്ദത്തത്തിൽ നമുക്ക് ശരണപ്പെടാം.