നിങ്ങളുടെ പ്രയത്നം ദൈവത്തിന് കൊടുക്കുക
ഞാൻ എഴുതിക്കൊണ്ടിരുന്ന മാസിക പ്രാധാന്യമുള്ളതായി തോന്നിയതിനാൽ ഉയർന്ന റാങ്കിലുള്ള എഡിറ്റർക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ലേഖനം അവതരിപ്പിക്കാൻ ഞാൻ പാടുപെട്ടു. അതിന്റെ നിലവാരത്തിലെത്താൻ സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ, ഞാൻ എന്റെ ആശയങ്ങളും ചിന്തകളും വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരുന്നു. എന്നാൽ, എന്തായിരുന്നു എന്റെ പ്രശ്നം? അതെന്റെ വെല്ലുവിളി നിറഞ്ഞ വിഷയമായിരുന്നോ? അതോ എന്റെ യഥാർത്ഥ ആകുലത തികച്ചും വ്യക്തിപരമായിരുന്നോ: എഡിറ്റർ എന്റെ വാക്കുകളെ മാത്രമല്ല എന്നെയും അംഗീകരിക്കുമോ?
നമ്മുടെ ജോലിസംബന്ധമായ ആകുലതകളിൽ, പൗലോസ് നമുക്ക് വിശ്വാസയോഗ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. കൊലോസ്യ സഭക്കെഴുതിയ ലേഖനത്തിൽ, പൗലോസ് വിശ്വാസികളോട് ആളുകളുടെ അംഗീകാരത്തിനുവേണ്ടിയല്ല ദൈവത്തിനുവേണ്ടി ജോലിചെയ്യുവാൻ ഉത്സാഹിപ്പിക്കുന്നു. അപ്പോസ്തലൻ പറഞ്ഞതുപോലെ "നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ" ( കൊലോസ്യർ 3:23-24).
പൗലോസ് നൽകിയ ജ്ഞാനത്തിന്റെ പ്രതിഫലനമെന്നോണം, നമ്മുടെ ഭൗതീകരായ യജമാനന്മാരുടെ മുൻപാകെ നല്ലവരാകുവാനുള്ള യത്നം നമുക്കവസാനിപ്പിക്കാം. തീർച്ചയായും, നാം അവരെ ബഹുമാനിക്കുകയും നമ്മുടെ മികച്ചത് അവർക്ക് നൽകുകയും വേണം. എന്നാൽ നാം നമ്മുടെ പ്രവർത്തി "കർത്താവിന്നു എന്നപോലെ" – തനിക്കായി നമ്മുടെ പ്രവർത്തിയെ നയിക്കുവാനും അഭിഷേകം ചെയ്യുവാനും ആവശ്യപ്പെടുമ്പോൾ - അവിടുന്ന് നമ്മുടെ അദ്ധ്വാനത്തിന്മേൽ വെളിച്ചം പകരും. നമ്മുടെ പ്രതിഫലം? നമ്മുടെ ജോലിയുടെ സമ്മർദ്ദം കുറയുകയും നമ്മുടെ കർത്തവ്യം പൂർത്തിയാവുകയും ചെയ്യും. അത് മാത്രമല്ല, നാം ഒരു നാൾ അവിടുന്ന് പറയുന്നത് കേൾക്കും, "നീ നന്നായി ചെയ്തു!".
പാപത്തിൽ നിന്നും ഓടുക
ഈ വേനൽക്കാലത്ത് രണ്ടു തവണ ഞാൻ പാർത്തനീയം ചെടിയാൽ (കോൺഗ്രസ്സ് പച്ച) വിഷമിച്ചു. രണ്ടു തവണയും ഞാൻ മുറ്റത്തെ ചെടികൾ ചെത്തിവെടിപ്പാക്കുകയായിരുന്നു. രണ്ടു തവണയും വെളുത്ത പൂക്കളുള്ള ഈ ശത്രുവിനെ ഞാൻ അടുത്ത് കണ്ടു. അത് എന്നെ ബാധിക്കാതെ തന്നെ അതിന്റെ അടുത്ത് പോകുവാൻ കഴിയുമെന്ന് ഞാൻ കരുതി. എനിക്ക് തെറ്റു പറ്റിയെന്ന് ഒട്ടും വൈകാതെ തന്നെ ഞാൻ മനസ്സിലാക്കി. ആ പച്ച വിഷച്ചെടിയുടെ അടുത്ത് ചെല്ലുന്നതിന് പകരം ഞാൻ മാറണമായിരുന്നു.
പഴയ നിയമത്തിൽ ജോസഫിന്റെ കഥയിൽ, വിഷത്തേക്കാളും മോശമായ പാപത്തിൽ നിന്ന് ഓടി ഓടിമാറുന്നതിന്റെ മാതൃകാ പ്രമാണം നാം കാണുന്നു. താൻ ഈജിപ്തുകാരനായ അധിപതിയുടെ വീട്ടിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ തന്നെ വശീകരിക്കുവാൻ നോക്കിയപ്പോൾ, ജോസഫ് അടുത്തേക്ക് പോയില്ല- അവൻ ഓടിമാറി.
അവൾ അവനെതിരെ വ്യാജപരാതി നൽകി കാരാഗൃഹത്തിലേക്ക് വലിച്ചിഴച്ചെങ്കിലും, ജോസഫ് ആ കാലയളവിലെല്ലാം ശുദ്ധിയുള്ളവനായിരുന്നു. അങ്ങനെ ഉല്പത്തി 39:21-ൽ നാം കാണുന്നതുപോലെ "യഹോവ യോസേഫിനോടുകൂടെ ഇരുന്നു".
പാപം നമ്മുടെ അടുത്തുള്ളപ്പോളും അതിൽ നിന്നും അകന്നു മാറുവാനും, ദൈവത്തിൽ നിന്ന് അകറ്റുന്ന സാഹചര്യങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും ഓടുവാനും ദൈവം നമ്മെ സഹായിക്കും. 2 തിമൊഥെയൊസ് 2:22 ൽ പൗലോസ് എഴുതുന്നു, "യൌവനമോഹങ്ങളെ വിട്ടോടുക". അതുപോലെ, 1 കൊരിന്ത്യർ 6:18 ൽ "ദുർന്നടപ്പു വിട്ടു ഓടുവിൻ" എന്ന് അദ്ദേഹം പറയുന്നു.
ദൈവത്തിന്റെ ശക്തിയാൽ നമ്മെ അപായപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് നമുക്ക് ഓടിമാറാം.
ദൈവത്തിന്റെ സുഹൃത്തുക്കളുടെ സുഹൃത്ത്
രണ്ടു പേർ തമ്മിലുള്ള ആദ്യ സംഭാഷണത്തിൽ അവർക്ക് ഒരു പൊതു സുഹൃത്ത് ഉണ്ടെന്നറിയുന്നത് എത്ര ഹൃദ്യമാണ്. അതിന്റെ ഏറ്റവും അവിസ്മരണീയമായ രൂപത്തിൽ, ഒരു വിശാല ഹൃദയനായ ആതിഥേയൻ ഒരു അതിഥിയെ സ്വീകരിക്കുന്നത് ഏകദേശം ഇങ്ങനെയായിരിക്കും: "നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്, വിജയുടെ, അല്ലെങ്കിൽ ഹീനയുടെ ഏതൊരു സുഹൃത്തും എന്റെ സുഹൃത്താണ്."
യേശുവും ഇതിനോട് സമമായ കാര്യമാണ് പറഞ്ഞത്. അവിടുന്ന് അനേകരെ സൗഖ്യമാക്കുന്നതിലൂടെ ആളുകളെ ആകർഷിച്ചു. എന്നാൽ, മതനേതാക്കന്മാർ ദൈവാലയത്തെ വാണിഭമാക്കിയതിനെയും അവരുടെ സ്വാധീനം ദുർവിനിയോഗം ചെയ്യുന്നതിനെയും എതിർത്തുകൊണ്ട് താൻ അനേകം ശത്രുക്കളെയും സമ്പാദിച്ചു. വർദ്ധിച്ചു കൊണ്ടിരിക്കുന്ന എതിർപ്പുകൾക്ക് നടുവിലും അവിടുന്ന് തന്റെ സാന്നിദ്ധ്യത്തിന്റെ സന്തോഷവും, വിലയും, അത്ഭുതവും തന്റെ ശിഷ്യന്മാർക്ക് കൂടുതൽ നല്കുവാൻ ഒരു കാര്യം ചെയ്തു.
സൗഖ്യമാക്കുവാനുള്ള ശക്തി അവൻ അവർക്ക് നൽകി അവരെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നറിയിക്കുവാൻ പറഞ്ഞയച്ചു. "നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു" (10:40) ഒപ്പം, തന്നെ അയച്ച പിതാവിനെയും കൈക്കൊള്ളുന്നു, എന്ന് താൻ അവർക്ക് ഉറപ്പു നൽകി.
ജീവിതം മാറ്റിമറിക്കുന്ന സൗഹൃദത്തിന്റെ വാഗ്ദാനത്തെക്കാൾ മികച്ച ഒരു വാഗ്ദാനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. മറ്റുള്ളവർക്കായി തന്റെ ഭവനം തുറന്നു നൽകുകയും, തന്റെ ശിഷ്യന്മാർക്ക് ഒരു പാത്രം തണുത്ത വെള്ളം കൊടുക്കുകയും ചെയ്യുന്നവന്, പിതാവിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം യേശു വാഗ്ദാനം ചെയ്തു. ഈ ഒരു കാര്യം വളരെ വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചതെങ്കിലും, അവന്റെ വാക്കുകൾ ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു, ചെറുതും വലുതുമായ കാരുണ്യ പ്രവർത്തിയിലൂടെയും ആതിഥ്യമര്യാദയിലൂടെയും ദൈവത്തിന്റെ സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയിൽ സ്വാഗതം ചെയ്യുന്നതിനും സ്വാഗതം ചെയ്യപ്പെടാനും ഇപ്പോഴും മാർഗ്ഗങ്ങളുണ്ട്.
ദൈവത്തിന്റെ കരുതൽ
മൂന്നു വയസ്സുകാരനായ ബഡ്ഡിയും അവന്റെ അമ്മയും എല്ലാ ആഴ്ച്ചയും സഭയിലെ ഭക്ഷണ വിതരണ ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ പോകുമായിരുന്നു. ഭക്ഷണ വിതരണ ട്രക്കിന് കേടു പറ്റി എന്ന് 'അമ്മ മുത്തശ്ശിയോട് പറയുന്നത് ബഡ്ഡി കേട്ടപ്പോൾ അവൻ പറഞ്ഞു, "ഓ, ഇനി എങ്ങനെയാണ് അവർ ഭക്ഷണ വിതരണ ശുശ്രൂഷ ചെയ്യുക?" അവന്റെ അമ്മ പറഞ്ഞു, "സഭ ഇനി പണം സമാഹരിച്ചു ഒരു പുതിയ ട്രക്ക് വാങ്ങണം." ബഡ്ഡി പുഞ്ചിരിച്ചു, "എന്റെ കയ്യിൽ പണമുണ്ട്" എന്ന് പറഞ്ഞുകൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് പോയി. വിവിധ നിറങ്ങളിലുള്ള, സ്റ്റിക്കറുകളാൽ അലങ്കരിച്ച ഒരു പ്ലാസ്റ്റിക് പാത്രം നിറയെ നാണയങ്ങളുമായി അവൻ മടങ്ങി വന്നു. അതിൽ ഏതാണ്ട് 38 ഡോളറിൽ (ഏകദേശം 2500 രൂപ) അധികമുണ്ടായിരുന്നു. ബഡ്ഡിയുടെ കൈയ്യിൽ ഒരുപാടൊന്നുമില്ലായിരുന്നു. എങ്കിലും, അവന്റെ ത്യാഗപരമായ നേർച്ചയുടെ കൂടെ മറ്റുള്ളവരുടെ ദാനങ്ങളും ചേർന്നപ്പോൾ പുതിയ ഒരു ട്രക്ക് വാങ്ങുവാനും സഭയ്ക്ക് അവരുടെ സമൂഹത്തെ ശുശ്രൂഷിക്കുന്നതു തുടരുവാനും കഴിഞ്ഞു.
ഉദാരമായി നൽകുന്ന ചെറിയ തുക ദൈവകരങ്ങളിൽ നൽകുമ്പോൾ ആവശ്യത്തിലും അധികമാണ്. 2 രാജാക്കന്മാർ 4-ൽ ഒരു പാവം വിധവ പ്രവാചകനായ ഏലിശയോട് ഒരു സാമ്പത്തീക സഹായം ആവശ്യപ്പെട്ടു. തന്റെ കൈവശമുള്ള സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ പ്രവാചകൻ പറഞ്ഞു. ഒപ്പം അയൽക്കാരിൽ നിന്നും സഹായം തേടുവാനും തന്റെ നിർദേശങ്ങൾ പാലിക്കാനും അവൻ പറഞ്ഞു (വാ.1-4). കരുതലിന്റെ അത്ഭുതകരമായ പ്രദർശനത്തിലൂടെ ദൈവം വിധവയുടെ ചെറിയ അളവിലുള്ള എണ്ണ അവൾ അയൽക്കാരിൽ നിന്നും ശേഖരിച്ച മുഴുവൻ പാത്രങ്ങളിലും നിറയ്ക്കുവാൻ ഇടയായി (വാ.5-6). ഏലീശാ അവളോട്, "നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു"( വാ.7).
നമുക്ക് ഇല്ലാത്തതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കുള്ളതു കൊണ്ട് ദൈവം ചെയ്യുവാൻ പോകുന്ന വൻ കാര്യങ്ങളെ നാം നഷ്ടപ്പെടുത്തുന്നു.
മറ്റുള്ളവരോടുകൂടെ നടക്കുക
2020-ൽ ബില്ലി എന്ന വിശ്വസ്തനും വാത്സല്യവുമുള്ള നായ ഇന്റെർനെറ്റിലെ താരമായി. അവന്റെ ഉടമയായ റസ്സൽ, തന്റെ കണങ്കാലിൽ പൊട്ടലുണ്ടായതു മൂലം ഒരു ക്രച്ചസ്സിന്റെ സഹായത്തോടു കൂടിയാണ് നടന്നിരുന്നത്. പെട്ടെന്ന് തന്നെ നായക്കുട്ടിയും മുടന്തി നടക്കുവാൻ തുടങ്ങി. റസ്സൽ ബില്ലിയെ ഒരു മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയി, അവന് കുഴപ്പമൊന്നുമില്ല എന്ന് അദ്ദേഹം റസ്സലിനോട് പറഞ്ഞു. അവൻ തനിയെയുള്ളപ്പോൾ സാധാരണ പോലെ ഓടിനടക്കും. എന്നാൽ തന്റെ ഉടമയുടെ കൂടെ നടക്കുമ്പോൾ നായ മുടന്ത് അഭിനയിക്കും. ഇതിനെയാണ് താദാത്മ്യം പ്രാപിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതാണ് അപ്പോസ്തലനായ പൗലോസ് റോമിലുള്ള സഭയ്ക്ക് കൊടുത്ത നിർദ്ദേശ്ശങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. അദ്ദേഹം അവസാനത്തെ അഞ്ചു കല്പനകളെ ഇങ്ങനെ ക്രോഡീകരിച്ചു. "കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക" (റോമർ 13:9). മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതിന്റെ പ്രാധാന്യം വാക്യം 8 ൽ നമുക്ക് കാണാം : "അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു".
ലേഖിക ജെന്നി ആൽബേർസ് ശുപാർശ ചെയ്യുന്നു, "ആരെങ്കിലും തകർന്നിരിക്കുമ്പോൾ, അവരെ ശരിയാക്കുവാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). ആരെങ്കിലും വേദനിക്കുമ്പോൾ, അവരുടെ വേദന എടുത്തുമാറ്റാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). പകരം അവർക്ക് വേദനിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നടന്ന് അവരെ സ്നേഹിക്കുക (നിങ്ങൾക്കത് കഴിയും). കാരണം, ചിലപ്പോൾ ആളുകൾക്ക് അവർ ഏകരല്ല എന്ന് അറിഞ്ഞാൽ മാത്രം മതി".
നമുക്ക് മുറിവേൽക്കുമ്പോഴും, വേദന അനുഭവിക്കുമ്പോഴും, നമ്മുടെ രക്ഷകനായ യേശു നമ്മോടൊപ്പം നടക്കുന്നതിന്നാൽ, മറ്റുള്ളവരോടു കൂടെ നടക്കുക എന്നാൽ എന്താണെന്ന് നമുക്കറിയാം.