Month: ജൂലൈ 2022

തനതാക്കി മാറ്റുക

അമേരിക്കൻ ഐഡൽ എന്ന സംഗീത മത്സരം അരങ്ങേറിയത് 2002 ജൂൺ 11 നാണ്. ഓരോ ആഴ്ചയും മത്സരാർത്ഥികൾ പ്രസിദ്ധമായ ഗാനങ്ങൾ അവരുടേതായ രീതിയിൽ അവതരിപ്പിക്കുകയും പ്രേക്ഷകർ നല്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

ഇതിന്റെ പാനൽ ജഡ്ജിമാരിലൊരാളായിരുന്ന റാൻഡി ജാക്സന്റെ സരസമായ ഒരു കമന്റ് ഇതായിരുന്നു: "ആ പാട്ട് നീയങ്ങ് സ്വന്തമാക്കിയല്ലോ, കൂട്ടുകാരാ!" ആ പാട്ടുകാരൻ ഒരു പ്രസിദ്ധമായ ട്യൂൺ ആഴത്തിൽ പഠിച്ച്, തന്റേതായ ഒരു വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രശംസ ചൊരിഞ്ഞത്. "തനതാക്കി മാറ്റുക" എന്നത് ഒരു കാര്യത്തെ മുഴുവനായി സ്വാംശീകരിച്ചിട്ട് സ്വന്തമായി അവതരിപ്പിക്കുന്നതാണ്.

നമ്മുടെ വിശ്വാസത്തിന്റെയും അതിന്റെ അവതരണത്തിന്റെയും കാര്യത്തിൽ ഇങ്ങനെയായിരിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. ഫിലിപ്പിയർ 3 ൽ, ദൈവമുമ്പിൽ നേട്ടങ്ങളുടെ കണക്കുകളുമായി നില്ക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു (വാ. 7, 8). പകരം, "ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിയെ" (വാ.9) പുല്കാൻ പഠിപ്പിക്കുന്നു. ദാനമായി ലഭിക്കുന്ന പാപക്ഷമയും വീണ്ടെടുപ്പും നമ്മുടെ ലക്ഷ്യത്തെയും താല്പര്യങ്ങളെയും വ്യത്യാസപ്പെടുത്തുന്നു. “ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അതു പിടിക്കാമോ എന്നു വെച്ച് പിന്തുടരുന്നതേയുള്ളു.” (വാ. 12)

യേശു നമ്മുടെ വിജയം ഉറപ്പാക്കിയിരിക്കുന്നു. ഇനി നമ്മുടെ ദൗത്യമോ? ഈ സത്യത്തെ. മുറുകെപ്പിടിച്ച്, ദൈവത്തിന്റെ ദാനമായ സുവിശേഷത്തെ സ്വാംശീകരിച്ച് തകർന്ന ലോകത്തിൽ ജീവിച്ച് കാണിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ വിശ്വാസത്തെ നമ്മുടെ സ്വന്തമാക്കി മാറ്റുക; അതിനായി "നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ച് നടക്കുക" (വാ.16).

സൂര്യപ്രകാശത്തിന്റെ തടാകം

ഒരു ചൂടുള്ള വേനൽക്കാല ദിവസം പേരക്കുട്ടി റിറ്റുവിന്റെ കൂടെ പന്ത് കളിച്ചശേഷം ഞങ്ങൾ വിശ്രമിക്കുകയായിരുന്നു. പോർച്ചിൽ ഇരുന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ റിറ്റു പുറത്തേക്ക് നോക്കിപ്പറഞ്ഞു: "സൂര്യപ്രകാശത്തിന്റെ തടാകം നോക്കിക്കേ." ഇടതൂർന്ന ചെടികൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം ഇരുണ്ട നിഴലുകളുടെയിടയിൽ ഒരു പ്രത്യേക ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.

സൂര്യപ്രകാശത്തിന്റെ തടാകം! ഇരുളടഞ്ഞ ദിനങ്ങളിൽ പ്രത്യാശ കണ്ടെത്തുന്നതിന്റെ ഒരു മനോഹര ചിത്രമല്ലേ ഇത്? വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, നല്ല വാർത്തകൾ അപൂർവ്വമായിരിക്കുമ്പോൾ, ഇരുണ്ട നിഴലുകളെ കാണുന്നതിനു പകരം നമുക്ക് പ്രകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ഈ പ്രകാശത്തിന് ഒരു പേരുണ്ട് - യേശു. ലോകത്തിലേക്ക് വന്ന വെളിച്ചം എന്ന് യെശയ്യാവ് പറഞ്ഞത് ഉദ്ധരിച്ചാണ് മത്തായി യേശുവിന്റെ ആഗമനത്തെ വിവരിച്ചത്. "ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു" (മത്തായി 4:14, 15; യെശയ്യാവ് 9: 2). നാം "മരണത്തിന്റെ നിഴലിൽ" ഇരിക്കുന്നിടത്തോളം പാപത്തിന്റെ സ്വാധീനം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഈ നിഴലിനിടയിൽ പ്രകാശിക്കുന്നത് യേശു ആണ്; പ്രോജ്വലിക്കുന്ന ലോകത്തിന്റെ വെളിച്ചം (യോഹന്നാൻ 1:4,5)

യേശുവിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും സൂര്യപ്രകാശം ഇരുളിനെ കടന്നുവരുന്നു - നമ്മുടെ നാളുകളെ പ്രകാശിപ്പിക്കുകയും ഹൃദയങ്ങളെ പ്രത്യാശയാൽ തിളങ്ങുന്നതാക്കുകയും ചെയ്യുന്ന "പ്രകാശത്തിന്റെ തടാകം" സൃഷ്ടിച്ചു കൊണ്ട്.

ദൈവത്തിന്റെ നന്മ പിന്തുടരുന്നു

എന്റെ കോളേജ് പഠനകാലത്ത് ഞാനൊരു ലേഡീസ് വസ്ത്രാലയത്തിൽ പാർട്ട് ടൈം ജോലി ചെയ്തു. അവിടുത്തെ ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, സാധനം വാങ്ങാൻ വന്നയാൾ എന്ന വ്യാജേന, എന്തെങ്കിലും മോഷ്ടിച്ചെടുക്കും എന്ന് സംശയമുള്ളയാളുകളെ നിരീക്ഷിച്ച് പിന്തുടർന്നിരുന്നു. ചിലയാളുകളുടെ മുഖഭാവം കണ്ടാൽത്തന്നെ ഉടമസ്ഥൻ സംശയം തോന്നി നിരീക്ഷിക്കും. എന്നാൽ കുഴപ്പക്കാരല്ല എന്ന് തോന്നുന്നവരെ ശ്രദ്ധിക്കാറേയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞതിന് ശേഷം ഞാനും ചില കടകളിൽ ബോധപൂർവം കള്ളത്തരമുള്ള ഭാവം കാണിക്കുകയും അവർ എന്നെ നിരീക്ഷിച്ച് പിന്തുടരുന്നത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് വിരുദ്ധമായി, ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും തന്നെ പിന്തുടരുന്നു എന്നാണ്. ഈ രണ്ട് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നില്ക്കുന്നു; സംശയദൃഷ്ടിയോടെയല്ല യഥാർത്ഥ സ്നേഹത്തോടെ തന്നെ പിന്തുടരുകയും ചെയ്യുന്നു. സുവിശേഷകനായ ചാൾസ് സ്പർജൻ വിശേഷിപ്പിച്ച ഈ "ഇരട്ട കാവൽമാലാഖമാർ" വിശ്വാസികളുടെ ജീവിതത്തിലെ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളിലും ചേർന്ന് സഞ്ചരിക്കുന്നു. "ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളിലും വസന്തത്തിന്റെ ശോഭന നാളുകളിലും; നന്മ നമ്മുടെ ആവശ്യങ്ങളെ നടത്തിത്തരികയും കരുണ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുകയും ചെയ്യുന്നു."

ഒരിക്കൽ ഒരു ആട്ടിടയൻ ആയിരുന്നതിനാൽ, ബോധപൂർവ്വമാണ് ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്ത് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം വിശ്വാസികളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു.

ദാവീദ് ആനന്ദത്തോടെ പാടുന്നു: " നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും " (23:6). നമ്മെ വീട്ടിലെത്തുവോളം അനുഗമിക്കുന്ന അത്ഭുതകരമായ സമ്മാനം!

സകല പ്രപഞ്ചവും പാടുമ്പോൾ

1970 ലെ ഒരു പരസ്യഗാനം ഒരു തലമുറയെ ആവശം കൊള്ളിച്ചു. കൊക്കോ കോളയുടെ "ദ റിയൽ തിംഗ്" എന്ന പരസ്യത്തിന്റെ ഭാഗമായി ഒരു ബ്രിട്ടീഷ് സംഗീത ട്രൂപ്പ് തയ്യാറാക്കിയ ഈ മുഴുനീള സംഗീതം ഗാനലോകത്തിന്റെ നിറുകയിലെത്തി. എന്നാൽ റോമിലെ ഒരു മലമുകളിൽ വെച്ച് കുറച്ച് ചെറുപ്പക്കാർ പാടിയ ഇതിന്റെ ആദ്യത്തെ ടെലവിഷൻ പതിപ്പ് പലരും മറന്നിട്ടുണ്ടാവില്ല. വിചിത്രമായ വിധം, തേനീച്ചകളുടെയും ഫലവൃക്ഷങ്ങളുടെയും പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഇത് സ്നേഹത്തിന്റെ ഹൃദയവും ഈണവും ചേർത്ത് പാടാൻ ലോകത്തെ പഠിപ്പിക്കാനുള്ള കവിയുടെ അഭിലാഷം പ്രകടമാക്കുന്നു.

അപ്പൊസ്തലനായ യോഹന്നാനും ഇതു പോലെയോ, ഇതിനേക്കാൾ വലിയതായതോ ആയ സ്വപ്ന ചിത്രമാണ് വരച്ച് വെച്ചിട്ടുള്ളത്. "സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും" (വെളിപ്പാട് 5: 13) പാടുന്ന പാട്ടാണ് ദർശനത്തിൽ കണ്ടത്. ഇതിൽ വിചിത്രമായ യാതൊന്നുമില്ല. ഈ പാട്ട് ആരെക്കുറിച്ച് പാടിയോ അവൻ നല്കിയ വിലയെ പ്രകീർത്തിക്കുന്നതിനെക്കാൾ യാഥാർത്ഥ്യ ബോധമുള്ള യാതൊന്നുമുണ്ടാകില്ല. അവന്റെ സ്നേഹബലി വഴി പരിഹരിക്കപ്പെട്ട പ്രശ്നം ഈ ലോകത്തിലെ യുദ്ധങ്ങൾ, ദുരന്തങ്ങൾ, അവയുടെ പരിണിത ഫലങ്ങൾ എന്നിവയെക്കാൾ എല്ലാം ഗൗരവമായതായിരുന്നു.

ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ പാപം വഹിച്ചുകൊണ്ട്, മരണത്തെ പരാജയപ്പെടുത്തി, മരണഭയം നീക്കിയതിനാൽ സ്വർഗ്ഗവും ഭൂമിയും ഒരുമിച്ച് ചേർന്ന് ഈ ഗാനം പാടുവാൻ ഇടയായി.

താക്കോൽ

തോമസ് കീറ്റിങ്ങ് തന്റെ വിശിഷ്ട കൃതിയായ ദ ഹ്യൂമൻ കണ്ടീഷനിൽ ഒരു ശ്രദ്ധേയമായ കഥ പറയുന്നുണ്ട്. ഒരു അദ്ധ്യാപകന് തന്റെ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടു. ചുറ്റുപാടുമുള്ള പുല്ലിനിടയിൽ അദ്ദേഹം കയ്യും കാലും ഒക്കെ ഉപയോഗിച്ച് താക്കോൽ പരതുകയായിരുന്നു. ഇതു കണ്ട അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും തിരയാൻ കൂടി; പക്ഷെ കണ്ടു കിട്ടിയില്ല. അവസാനം കൂട്ടത്തിൽ ബുദ്ധിമാനായ ഒരു കുട്ടി ചോദിച്ചു: "സാറേ, എവിടെയാണ് താക്കോൽ നഷ്ടപ്പെട്ടിരിക്കുവാൻ സാധ്യത?" അദ്ധ്യാപകൻ മറുപടി പറഞ്ഞു: "അതിന് സംശയമില്ല, വീട്ടിനകത്താണ് താക്കോൽ വീണു പോയത്.” "എങ്കിൽപ്പിന്നെ പുറത്ത് പുല്ലിൽ തിരയുന്നത് എന്തിനാണ്?" അതിശയത്തോടെ കുട്ടികൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: "അതിനെന്താ ഇത്ര അതിശയം? പുറത്തല്ലേ തിരയാൻ കൂടുതൽ വെളിച്ചം ഉള്ളത്."

നാം "ദൈവവുമായുള്ള അടുപ്പത്തിന്റെ, ദൈവത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ അനുഭവത്തിന്റെ" താക്കോൽ നഷ്ടപ്പെടുത്തിയിരിക്കുന്നു. "ആ താക്കോൽ കൂടാതെ ഒന്നും ചെയ്യാനാകില്ല; അതുണ്ടെങ്കിൽ എല്ലാം ചെയ്യാനുമാകും" - കീറ്റിങ്ങ് ഉപസംഹരിച്ചു.

ജീവിതത്തിന്റെ സകല ഉയർച്ചതാഴ്ചകൾക്കുമിടയിൽ, നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ആഴമായ ആവശ്യം ദൈവമെന്ന താക്കോൽ ആണെന്നത് മറന്നു പോകാൻ ഇടയുണ്ട്. ഈ താക്കോൽ തെറ്റായ ഇടങ്ങളിൽ നാം തിരയുന്നത് നിർത്തുന്നപക്ഷം, ദൈവത്തെ കണ്ടെത്താൻ കഴിയും; യഥാർത്ഥ സമാധാനത്തെയും. മത്തായി 11 ൽ, ദൈവത്തിന്റെ വഴികളെ "ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതു കൊണ്ട് " (വാ.25) യേശു പിതാവിനെ മഹത്വപ്പെടുത്തുന്നുണ്ട്. അപ്പോൾത്തന്നെ "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരെയും" (വാ.28) യേശു തന്റെ ആശ്വാസം പ്രാപിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. 

 "സൗമ്യതയും താഴ്മയും ഉള്ളവനായ" (വാ. 29) നമ്മുടെ ഗുരുവിന്റെ വഴികൾ ശിശുക്കളെപ്പോലെ തിരയുന്നതു വഴി നമുക്ക് യഥാർത്ഥ ആശ്വാസം കണ്ടെത്താനാകും. നമ്മെ തന്റെ വീട്ടിലേക്ക് സ്വീകരിക്കുവാൻ ആകാംഷയുള്ള ഒരു ദൈവം നമുക്കുണ്ട്.