അമൂല്യമായ പ്രാർത്ഥന
ക്ലാർക്ക്സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).
എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).
പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.
ബന്ധിപ്പിക്കുന്ന കുന്തങ്ങൾ
“ഫ്രണ്ട്ലി ഫയർ’’ എന്നത്, ഒരു സൈനികൻ, ശത്രുവിൽനിന്നല്ലാതെ, സ്വന്തം സൈന്യത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീഴുമ്പോൾ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ്. സൈന്യത്തിൽ ഇത് അബദ്ധത്തിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ചിലപ്പോൾ നാം ബോധപൂർവമായ “ഫ്രണ്ട്ലി ഫയർ’’ അനുഭവിക്കാറുണ്ട്. മറ്റ് ക്രിസ്തീയ സഹോദരീസഹോദരന്മാർ നമ്മെക്കുറിച്ച് ദയയില്ലാത്തതും അസത്യവുമായ കാര്യങ്ങൾ പറയുകയും അവരുടെ അമ്പുകളും കുന്തങ്ങളും നമ്മുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്നതായി നാം അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്.
ഈ ചിത്രം ഭാവനയിൽ കാണാൻ ശ്രമിക്കുക. നിങ്ങൾ യേശുവിന്റെ കരങ്ങളിലാണ്, ഒരു പിതാവ് തന്റെ കുഞ്ഞിനെ വഹിക്കുന്നതുപോലെ അവൻ നിങ്ങളെ വഹിക്കുകയും അവന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിലയിലായിരിക്കുമ്പോൾ, ആരെങ്കിലും നിങ്ങളെ അമ്പെയ്യുകയോ അല്ലെങ്കിൽ കുന്തം കൊണ്ട് നിങ്ങളെ കുത്താൻ ശ്രമിക്കുകയോ ചെയ്താൽ (ബൈബിളിലെ ചിത്രങ്ങൾ ഉപയോഗിച്ചാൽ), നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അമ്പുകളും കുന്തങ്ങളും അവനിലൂടെയും കടന്നുപോകുന്നു. അനീതിയും വേദനയും നിങ്ങളെ, ആ അമ്പുകളും കുന്തങ്ങളും പിടിച്ചെടുത്ത് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ നാം അത് ചെയ്യാൻ വിസമ്മതിച്ചാൽ, നമ്മുടെ ഹൃദയത്തിലും യേശുവിന്റെ ഹൃദയത്തിലും തുളച്ചുകയറുന്ന അസ്ത്രമോ കുന്തമോ നമ്മുടെ ഹൃദയത്തെ അവന്റെ ഹൃദയത്തോടു ചേർത്തു ബന്ധിക്കാൻ മാത്രമേ സഹായിക്കൂ. അങ്ങനെ ആ ബന്ധം ആഴത്തിലാകുന്നു.
അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ നിങ്ങളെക്കുറിച്ച് അസത്യമോ ദയാരഹിതമോ ആയ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഹൃദയത്തോട് കൂടുതൽ അടുക്കാനുള്ള അവസരത്തിന് ദൈവത്തിന് നന്ദി പറയുകയും മുറിവേൽപ്പിക്കുന്ന വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
വിശ്വാസത്താൽ ഉറച്ചു നിൽക്കുക
1998ൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോൺ കമ്പനിയായി നോക്കിയ മാറി, 1999 ൽ ലാഭം ഏകദേശം നാനൂറു കോടി ഡോളറായി ഉയർന്നു. എന്നാൽ 2011 ആയപ്പോഴേക്കും വിൽപ്പന കുറഞ്ഞു, വൈകാതെ തന്നെ പരാജയം നേരിട്ട ഫോൺ ബ്രാൻഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. നോക്കിയയുടെ മൊബൈൽ ഡിവിഷൻ പരാജയത്തിന്റെ ഒരു ഘടകം, വിനാശകരമായ തീരുമാനങ്ങളിലേക്ക് നയിച്ച ഭയത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സംസ്കാരമാണ്. നോക്കിയ ഫോണിന്റെ നിലവാരമില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും മറ്റ് ഡിസൈൻ പ്രശ്നങ്ങളെക്കുറിച്ചും ഉള്ള സത്യം തുറന്നു പറയാൻ മാനേജർമാർ മടിച്ചു - സത്യം പറഞ്ഞാൽ തങ്ങളെ പിരിച്ചുവിട്ടാലോ എന്നായിരുന്നു അവരുടെ ഭയം.
യെഹൂദയിലെ രാജാവായ ആഹാസും അവന്റെ ജനവും ഭയപ്പെട്ടു - അവരുടെ ഹൃദയം “കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശയ്യാവ് 7:2). യിസ്രായേലിലെയും അരാമിലെയും (സിറിയ) രാജാക്കന്മാർ സഖ്യത്തിലേർപ്പെട്ടെന്നും അവരുടെ സംയുക്ത സൈന്യം തങ്ങൾക്കെതിരെ യെഹൂദയിലേക്ക് നീങ്ങുകയാണെന്നും അവർക്ക് അറിയാമായിരുന്നു (വാ. 5-6). ശത്രുക്കളുടെ ശത്രുതാപരമായ പദ്ധതികൾ 'നടക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് ആഹാസിനെ പ്രോത്സാഹിപ്പിക്കാൻ ദൈവം യെശയ്യാവിനെ ഉപയോഗിച്ചെങ്കിലും (വാ. 7), വിഡ്ഢിയായ നേതാവ് ഭയത്തോടെ അശ്ശൂരുമായി സഖ്യമുണ്ടാക്കാനും മഹാശക്തനായ രാജാവിന് കീഴടങ്ങാനും തീരുമാനിച്ചു (2 രാജാക്കന്മാർ 16:7-8). “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല’’ (യെശയ്യാവ് 7:9) എന്നു പ്രഖ്യാപിച്ച ദൈവത്തിൽ അവൻ വിശ്വസിച്ചില്ല,
ഇന്ന് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ സഹായിക്കുന്നു: “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ’’ (10:23). യേശുവിൽ ആശ്രയിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നതുപോലെ നമുക്ക് “പിന്മാറാതെ” (വാ. 39) മുമ്പോട്ടു തന്നേ പോകാം.
ക്രിസ്തുമസിന്റെ അത്ഭുതം
ഒരു ആദായവില്പനയിൽ, ഒരു കാർഡ്ബോർഡ് ബോക്സിൽ ഒരു തിരുപ്പിറവി സെറ്റ് ഞാൻ കണ്ടെത്തി. കുഞ്ഞ് യേശുവിനെ എടുത്തപ്പോൾ, കുഞ്ഞിന്റെ ശരീരത്തിന്റെ സൂക്ഷ്മമായ ശിൽപ വൈദഗ്ധ്യം ഞാൻ ശ്രദ്ധിച്ചു. ഈ നവജാതശിശു ഒരു പുതപ്പിനുള്ളിൽ കണ്ണടച്ചു കിടക്കുകയായിരുന്നില്ല - അവൻ ഉണർന്നിരുന്നു, കൈകൾ നീട്ടി, കൈകൾ വിരിച്ച് “ഞാൻ ഇവിടെയുണ്ട്!’’ എന്നു പറയുന്നതായി തോന്നി.
ക്രിസ്തുമസിന്റെ അത്ഭുതം - ദൈവം തന്റെ പുത്രനെ മനുഷ്യശരീരത്തിൽ ഭൂമിയിലേക്ക് അയച്ചുവെന്നത് - ആ ശില്പം ചിത്രീകരിച്ചു. യേശുവിന്റെ ശൈശവ ശരീരം പക്വത പ്രാപിച്ചപ്പോൾ, അവന്റെ ചെറിയ കൈകൾ കളിപ്പാട്ടങ്ങളുമായി കളിച്ചു, പിന്നീട് തോറയെ കൈയിലെടുത്തു, തുടർന്ന് അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് ഫർണിച്ചറുകൾ രൂപപ്പെടുത്തി. ജനനസമയത്ത് തുടുത്തതും പൂർണതയുള്ളതുമായ അവന്റെ പാദങ്ങൾ, പഠിപ്പിക്കാനും സൗഖ്യമാക്കുവാനും അവനെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തക്കവിധം വളർന്നു. അവന്റെ ജീവിതാവസാനം, ഈ മാനുഷിക കൈകളും കാലുകളും ക്രൂശിനോടു ചേർത്ത്് ആണിയടിക്കപ്പെട്ടു.
ആ ശരീരത്തിൽ, “ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു യാഗമായി അർപ്പിച്ചുകൊണ്ട് നമ്മുടെ മേലുള്ള പാപത്തിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു,’’ റോമർ 8:3, (NLT) പറയുന്നു. നമ്മുടെ എല്ലാ തെറ്റുകൾക്കുമുള്ള ശിക്ഷയായി യേശുവിന്റെ ബലി സ്വീകരിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്താൽ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കും. ഒരു യഥാർത്ഥ, ചലിക്കുന്ന, കൈകാലിട്ടടിക്കുന്ന ഒരു ശിശുവായി ദൈവപുത്രൻ നമുക്കായി ജനിച്ചിനാൽ ദൈവവുമായി സമാധാനവും അവനുമായി ഒരു നിത്യതയുടെ ഉറപ്പും ഉണ്ടായിരിക്കാൻ ഒരു മാർഗം നമുക്കു തുറന്നു കിട്ടി.
ആവശ്യമുള്ളതു മാത്രം
ഫിഡ്ലർ ഓൺ ദി റൂഫ് എന്ന സിനിമയിൽ, തന്റെ മൂന്ന് പെൺമക്കളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട കർഷകനായ ടെവി, അവന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ദൈവത്തോട് സത്യസന്ധമായി സംസാരിക്കുന്നു: “അങ്ങു നിരവധി ദരിദ്രരെ സൃഷ്ടിച്ചു. ദരിദ്രനായിരിക്കുന്നതിൽ ലജ്ജയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അതു വലിയ ബഹുമതിയുമല്ല! ഇപ്പോൾ, എനിക്ക് ഒരു ചെറിയ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ അതു ഭീകരമാകുമായിരുന്നോ! . . . ഞാൻ ഒരു ധനികനായിരുന്നെങ്കിൽ, വിശാലവും ശാശ്വതവുമായ എന്തെങ്കിലും പദ്ധതിയെ അത് നശിപ്പിക്കുമായിരുന്നോ?’’
എഴുത്തുകാരനായ ഷോലെം അലൈഷെം ഈ സത്യസന്ധമായ വാക്കുകൾ ടെവിയുടെ നാവിൽ വയ്ക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ അഗൂർ ദൈവത്തോട് സമാനമായ നിലയിൽ സത്യസന്ധമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ ഒരു പ്രാർത്ഥന നടത്തി. തനിക്ക് ദാരിദ്ര്യമോ സമ്പത്തോ നൽകരുതെന്ന് അഗൂർ ദൈവത്തോട് ആവശ്യപ്പെട്ടു - പകരം “നിത്യവൃത്തി’’ നൽകണം (30:8). “വളരെയധികം’’ ഉള്ളത് അവനെ അഹങ്കാരിയാക്കുകയും ദൈവത്തിന്റെ സ്വഭാവത്തെ നിഷേധിക്കുന്ന ഒരു പ്രായോഗിക നിരീശ്വരവാദിയാക്കി മാറ്റുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. മാത്രമല്ല, താൻ “ദരിദ്രനാകാൻ’’ അനുവദിക്കരുതെന്നും അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, കാരണം അത് മറ്റുള്ളവരിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തെ അപമാനിക്കാൻ ഇടയാക്കിയേക്കാം (വാ. 9). ആഗൂർ ദൈവത്തെ തന്റെ ഏക ദാതാവായി തിരിച്ചറിഞ്ഞു, തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് “ആവശ്യമുള്ളതു മാത്രം’’ ദൈവത്തോട് ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന, ദൈവത്തെയും അവനിൽ മാത്രം കണ്ടെത്തുന്ന സംതൃപ്തിയെയും പിന്തുടരുന്ന മനോഭാവത്തെ വെളിപ്പെടുത്തി.
നമുക്കുള്ള എല്ലാറ്റിന്റെയും ദാതാവായി ദൈവത്തെ അംഗീകരിക്കുന്ന ആഗൂരിന്റെ മനോഭാവം നമുക്കുണ്ടാകട്ടെ. അവന്റെ നാമത്തെ ബഹുമാനിക്കുന്ന സാമ്പത്തിക കാര്യനിർവഹണം പിന്തുടരുമ്പോൾ, നമുക്ക് അവന്റെ മുമ്പാകെ –“ആവശ്യമുള്ളതു മാത്രം’’ അല്ല, ആവശ്യത്തിലധികവും പ്രദാനം ചെയ്യുന്നവന്റെ മുമ്പാകെ - സംതൃപ്തിയിൽ ജീവിക്കാൻ കഴിയും.