വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം രാവിലെ ഞാൻ എന്റെ കസേരയിൽ ഇരിക്കുമ്പോൾ എന്റെ ഇളയ മകൾ താഴേക്ക് വന്നു. നേരെ അടുത്തുവന്നു അവൾ എന്റെ മടിയിലേക്കു ചാടിക്കയറി ഇരുന്നു. ഞാൻ അവളുടെ തലയിൽ ഒരു പിതൃതുല്യമായ ആശ്ലേഷവും മൃദുവായ ഒരു ചുംബനവും നൽകി, അവൾ ആവേശത്തോടെ ഞരങ്ങി. എന്നാൽ പിന്നീട് അവൾ നെറ്റി ചുളിച്ചു, മൂക്ക് ചുരുട്ടി, എന്റെ കാപ്പി കോപ്പയിലേക്ക് കുറ്റപ്പെടുത്തുന്ന നോട്ടം എറിഞ്ഞു. “ഡാഡി,” അവൾ ഗൗരവത്തോടെ പ്രഖ്യാപിച്ചു. “ഞാൻ ഡാഡിയെ സ്നേഹിക്കുന്നു, എനിക്ക് ഡാഡിയെ ഇഷ്ടമാണ്, പക്ഷേ ഡാഡിയുടെ മണം എനിക്ക് ഇഷ്ടമല്ല.”

എന്റെ മകൾ ഒരുപക്ഷെ അറിവില്ലാതെ ആയിരിക്കാം അത്രയും പറഞ്ഞത്, പക്ഷേ അവൾ കൃപയോടും സത്യത്തോടും സംസാരിച്ചു: അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ല, പക്ഷേ എന്നോട് എന്തെങ്കിലും പറയാൻ അവൾ നിർബന്ധിതയായി. നമ്മൾ ചിലപ്പോഴൊക്കെ ഇത് നമ്മുടെ ബന്ധങ്ങളിലും പ്രയോഗിക്കേണ്ടതായിട്ടുണ്ട്.

എഫെസ്യർ 4-ൽ, നാം പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് പൗലോസ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു – പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സത്യങ്ങൾ പറയുമ്പോൾ. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ” (വാക്യം 2). വിനയം, സൗമ്യത, ക്ഷമ എന്നിവയാണ് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം. ദൈവം നമ്മെ നയിക്കുന്നതുപോലെ ആ സ്വഭാവഗുണങ്ങൾ നട്ടുവളർത്തുന്നത് നമ്മെ “സ്നേഹത്തിൽ സത്യം സംസാരിക്കാൻ” സഹായിക്കും (വാ. 15) കൂടാതെ “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി” (വാ. 29) ആശയവിനിമയം നടത്താൻ ശ്രമിക്കുക.

ബലഹീനതകളെകുറിച്ചോ സ്വയാവബോധത്തെകുറിച്ചോ ചോദ്യം ചെയ്യപ്പെടുന്നത് ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മെക്കുറിച്ച് എന്തെങ്കിലും “മണം” ലഭിക്കുമ്പോൾ, കൃപയോടും സത്യത്തോടും വിനയത്തോടും സൗമ്യതയോടും കൂടി സംസാരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക്  വിശ്വസ്തരായ സുഹൃത്തുക്കളെ ഉപയോഗിക്കാൻ ദൈവത്തിന്  കഴിയും.