ദൈവത്തോടൊപ്പം ട്രാക്കിൽ തുടരുക
വർഷങ്ങൾക്ക് മുമ്പ്, വടക്കുപടിഞ്ഞാറൻ സ്പെയിനിൽ 218 പേരുമായി യാത്രചെ്ത ഒരു ട്രെയിൻ പാളം തെറ്റി, 79 പേർ കൊല്ലപ്പെടുകയും 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. അപകടകരമായ ഒരു വളവിലൂടെ ട്രെയിൻ അതിവേഗം സഞ്ചരിക്കുകയായിരുന്നു. ഇത്തരം വളവുകളിൽ അനുവദനീയമായ വേഗപരിധി ട്രെയിൻ ലംഘിച്ചു. സ്പെയിനിലെ ദേശീയ റെയിൽ കമ്പനിയിൽ മുപ്പതു വർഷമായി ട്രോയിൻ ഓടിച്ചു പരിചയമുണ്ടായിട്ടും ഏതോ കാരണത്താൽ ഡ്രൈവർ വേഗപരിധി അവഗണിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ആവർത്തനപുസ്തകം 5-ൽ മോശ തന്റെ ജനത്തിനായുള്ള ദൈവത്തിന്റെ യഥാർത്ഥ ഉടമ്പടിയുടെ അതിരുകൾ അവലോകനം ചെയ്തു. ദൈവത്തിന്റെ പ്രബോധനം അവനുമായുള്ള സ്വന്തം ഉടമ്പടിയായി കണക്കാക്കാൻ മോശെ ഒരു പുതിയ തലമുറയെ പ്രോത്സാഹിപ്പിച്ചു (വാ. 3), തുടർന്ന് അവൻ പത്തു കൽപ്പനകൾ (വാ. 7-21) ആവർത്തിച്ചു. മുൻ തലമുറയുടെ അനുസരണക്കേടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഭക്തിയുള്ളവരും വിനയാന്വിതരും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഓർമ്മയുള്ളവരുമായിരിക്കാൻ മോശെ യിസ്രായേല്യരെ ആഹ്വാനം ചെയ്തു. യിസ്രായേൽ അവരുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ നശിപ്പിക്കാതിരിക്കാൻ ദൈവം തന്റെ ജനത്തിന് ഒരു വഴി ഉണ്ടാക്കി. അവർ അവന്റെ ജ്ഞാനം അവഗണിച്ചാൽ, അത് അവരുടെ സ്വന്തം നാശത്തിനിടയാക്കും.
ഇന്ന്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് എല്ലാ തിരുവെഴുത്തുകളും നമ്മുടെ ആനന്ദവും ഉപദേഷ്ടാവും നമ്മുടെ ജീവിതത്തിന് സംരക്ഷണവും ആക്കാം. ആത്മാവ് നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനപൂർവമായ സംരക്ഷണത്തിന്റെ പാത സൂക്ഷിക്കാനും നമ്മുടെ ജീവിതം അവനുവേണ്ടി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാനും കഴിയും.
താഴത്തെ ഡെക്കിലെ ആളുകൾ
എന്റെ ഒരു സുഹൃത്ത്, വികസ്വര രാജ്യങ്ങളിലേക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ആഫ്രിക്ക മേഴ്സി എന്ന ആശുപത്രിക്കപ്പലിലാണ് ജോലി ചെയ്യുന്നത്. മറ്റു നിലകളിൽ ചികിത്സ കിട്ടാതെ പോകുന്ന നൂറുകണക്കിന് രോഗികളെയാണ് ജീവനക്കാർ ദിവസവും ശുശ്രൂഷിക്കുന്നത്.
ഇടയ്ക്കിടെ കപ്പലിൽ കയറുന്ന ടിവി പ്രവർത്തകർ, അതിലെ അത്ഭുതകരമായ മെഡിക്കൽ സ്റ്റാഫിലേക്ക് ക്യാമറകൾ തിരിക്കുന്നു. ചിലപ്പോൾ അവർ മറ്റ് ക്രൂ അംഗങ്ങളുമായി അഭിമുഖം നടത്താൻ ഡെക്കിന് താഴെക്കു പോകുന്നു, എങ്കിലും മൈക്ക് ചെയ്യുന്ന ജോലി സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒരു എൻജിനീയറായ മൈക്ക്, കപ്പലിലെ മലിനജല പ്ലാന്റിലാണ് തന്നെ ജോലിക്ക് നിയോഗിച്ചത് എന്നതിൽ സ്വയം അത്ഭുതപ്പെടാറുണ്ട്. ഓരോ ദിവസവും നാൽപതിനായിരം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ വിഷ പദാർത്ഥം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണ്. മൈക്ക് അതിന്റെ പൈപ്പുകളും പമ്പുകളും പരിപാലിക്കുന്നില്ലെങ്കിൽ, ആഫ്രിക്ക മേഴ്സിയുടെ ജീവദായക പ്രവർത്തനങ്ങൾ നിലയ്ക്കും.
ക്രിസ്തീയ ശുശ്രൂഷയുടെ “മുകളിലത്തെ ഡെക്കിൽ” ഇരിക്കുന്നവരെ അഭിനന്ദിക്കുന്നതും അതേസമയം താഴെയുള്ള ഇടുങ്ങിയ ഇടനാഴികളിൽ ഉള്ളവരെ കാണാതിരിക്കുന്നതും എളുപ്പമാണ്. കൊരിന്ത്യ സഭ അസാധാരണമായ വരങ്ങളുള്ളവരെ മറ്റുള്ളവരെക്കാൾ ഉയർത്തിയപ്പോൾ, ക്രിസ്തുവിന്റെ വേലയിൽ ഓരോ വിശ്വാസിക്കും പങ്കുണ്ട് (1 കൊരിന്ത്യർ 12:7-20) എന്നു പൗലൊസ് വ്യക്തമാക്കുന്നു, അത്ഭുതകരമായ സൗഖ്യമാക്കലായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും ഓരോ വരവും പ്രധാനമാണ് (വാ. 27-31). വാസ്തവത്തിൽ, ഒരു ജോലിക്ക് പ്രാധാന്യം കുറയുമ്പോറും അത് കൂടുതൽ മാനം അർഹിക്കുന്നു (വാ. 22-24).
നിങ്ങൾ ഒരു “ലോവർ ഡെക്ക്” വ്യക്തിയാണോ? എങ്കിൽ നിങ്ങളുടെ തല ഉയർത്തുക. നിങ്ങളുടെ പ്രവൃത്തി ദൈവത്താൽ ബഹുമാനിക്കപ്പെടുന്നതും നമുക്കെല്ലാം ഒഴിച്ചുകൂടാനാവാത്തതുമാണ്.
ദയവായി നിശബ്ദമായിരിക്കുക
വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്.
ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്!
ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?
നീണ്ട കളി
ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.
വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).
അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു - എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ - ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ - പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.
അധിക കൃപ ആവശ്യമാണ്
ഒരു പ്രത്യേക പരിപാടിക്കായി ഞങ്ങൾ പള്ളി അലങ്കരിച്ചപ്പോൾ, ചുമതലയുള്ള സ്ത്രീ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞു. അവൾ പോയതിനു ശേഷം മറ്റൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ''അവളെ ഓർത്ത് വിഷമിക്കണ്ട. അവളെ ഞങ്ങൾ EGR (Extra Grace Required - അധിക കൃപ ആവശ്യമുള്ളവൾ) എന്നാണ് വിളിക്കുന്നത്.”
ഞാൻ ചിരിച്ചു. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടാകുമ്പോഴെല്ലാം ഞാൻ ആ ലേബൽ ഉപയോഗിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം, ആ EGR ന്റെ ചരമപ്രസംഗം കേട്ടുകൊണ്ട് ഞാൻ അതേ പള്ളിയിൽ ഇരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ അവൾ ദൈവത്തെ സേവിച്ചതും മറ്റുള്ളവർക്ക് ഉദാരമായി നൽകിയതുമായ കാര്യങ്ങൾ പാസ്റ്റർ പങ്കുവെച്ചു. അവളെയും ഞാൻ മുമ്പ് EGR എന്ന് ലേബൽ ചെയ്തിരുന്ന മറ്റാരെയും കുറിച്ച് വിധിക്കുകയും പരദൂഷണം പറയുകയും ചെയ്തതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എല്ലാത്തിനുമുപരി, യേശുവിലുള്ള മറ്റേതൊരു വിശ്വാസിയെയും പോലെ എനിക്കും അധിക കൃപ ആവശ്യമായിരുന്നു.
എഫെസ്യർ 2-ൽ, എല്ലാ വിശ്വാസികളും “പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു’’ (വാ. 3) എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. എന്നാൽ ദൈവം നമുക്ക് രക്ഷയുടെ ദാനം നൽകി, അർഹതയില്ലാത്തവർക്കുള്ള ഒരു ദാനം. “ആരും പ്രശംസിക്കാതിരിക്കാൻ’’ നമുക്ക് ഒരിക്കലും നേടാനാകാത്ത ഒരു ദാനമായിരുന്നു അത് (വാ. 9).
ഈ ആജീവനാന്ത യാത്രയിൽ നിമിഷം തോറും നാം ദൈവത്തിന് സമർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ സ്വഭാവം മാറ്റാൻ പ്രവർത്തിക്കും, അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനാകും. ഓരോ വിശ്വാസിക്കും അധിക കൃപ ആവശ്യമാണ്. എന്നാൽ ദൈവകൃപ മതിയായതാണ് എന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം (2 കൊരിന്ത്യർ 12:9).