യേശുക്രിസ്തു ഇന്ന് ഉയർത്തെഴുന്നേറ്റു !
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് മുമ്പ് ചാൾസ് ശിമയോൻ കുതിരകൾക്കും വസ്ത്രത്തിനും ആഢംഭരത്തിനുമായി ധാരാളം സമ്പത്ത് ചെലവഴിച്ചു. കോളേജിൽ പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നതിനാൽ തന്റെ വിശ്വാസകാര്യങ്ങൾ അയാൾ ചിന്തിച്ചു തുടങ്ങി. യേശുവിന്റെ വിശ്വാസികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചതിന്റെ ഫലമായി ഒരു ഈസ്റ്റർ ഞായറാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നാടകീയമായ മാനസാന്തരം സംഭവിച്ചു. 1779 ഏപ്രിൽ 4 ന് അതിരാവിലെ എഴുന്നേറ്റ വഴി അയാൾ നിലവിളിച്ച് പറഞ്ഞു, "യേശുക്രിസ്തു ഇന്ന് ഉയിർത്തെഴുന്നേറ്റു! ഹാലേലുയ്യാ! ഹാലേലൂയ്യ!" വിശ്വാസത്തിൽ വളർന്ന അദ്ദേഹം ബൈബിൾ പഠിക്കാനും പ്രാർത്ഥിക്കാനും പള്ളിയിൽ ക്രമമായി പോകാനും തുടങ്ങി.
ആദ്യ ഈസ്റ്റർ ദിനത്തിൽ യേശുവിന്റെ കല്ലറ സന്ദർശിച്ച 2 സ്ത്രീകളുടെ ജീവിതം വ്യത്യാസപ്പെട്ടു. വലിയ ഭൂകമ്പമുണ്ടായി, ഒരു ദൂതൻ കല്ലറയുടെ കല്ല് ഉരുട്ടി മാറ്റി. അവൻ അവരോട് പറഞ്ഞു: "ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഇവിടെ ഇല്ല, താൻ പറഞ്ഞതു പോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ" (മത്തായി 28: 5,6) . സന്തോഷാതിരേകത്താൽ യേശു എന്ന് മന്ത്രിച്ചു കൊണ്ട് സ്ത്രീകൾ തങ്ങളുടെ സ്നേഹിതരെ ഈ സദ്വാർത്ത അറിയിക്കാൻ ഓടി.
ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടുക എന്നത് പുരാതന കാലത്തെ ഒരു അനുഭവം മാത്രമല്ല - ഇന്നും നമുക്ക് അവനെ കണ്ടുമുട്ടാനാകും. ചിലപ്പോൾ ആ സ്ത്രീകൾക്കും ചാൾസ് ശിമയോനും ഉണ്ടായ നാടകീയ അനുഭവം നമുക്കും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഏതു വിധത്തിൽ യേശു തന്നെത്താൻ നമുക്ക് വെളിപ്പെടുത്തിത്തന്നാലും അവൻ നമ്മെ സ്നേഹിക്കുന്നു എന്നത് നമുക്ക് ഉറപ്പായും അംഗീകരിക്കാം.
ക്രിസ്തുവിന്റെ പീഢാനുഭവം
ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: "എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം" എന്നാണ്.
ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, "ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും." ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.
ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഓശാന ഞായറാഴ്ചത്തെ രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.
യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: "അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു" (വാ.5). "നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു" (വാ.6). എന്നാൽ യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു.
യേശു, നമ്മുടെ പകരക്കാരൻ
സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു.
ഇക്കാര്യം ആക്ഷേപകരവും അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; "നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു" (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിതമായ യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ.10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ കുരിശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ കുരിശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.
ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്.
സ്നേഹിക്കുക എന്ന പുതിയ കല്പന
ബ്രിട്ടൻ രാജകുടുംബം ദു:ഖവെള്ളിയുടെ തലേ ദിവസമായ പെസഹാ വ്യാഴം (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു" (യോഹന്നാൻ 13:34).
നേതാവായിരുന്ന യേശു തന്റെ സ്നേഹിതരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ.5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: "ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു"(വാ.15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ കുരിശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.
യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ച് വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാൻ, ചേർത്തുപിടിക്കാൻ, ദയ കാണിക്കാൻ നമുക്കും കഴിയുന്നു.
ഫലം പുറപ്പെടുവിക്കുന്ന ക്രിസ്തു വിശ്വാസികൾ
ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.
ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, "ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ"(വാ.14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ.20).
യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?
നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.