നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ

എത്തിയൊ? /ഇതുവരെ ഇല്ല. / എത്തിയോ? / ഇതുവരെ ഇല്ല. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ നടത്തിയ ആദ്യത്തെ (തീർച്ചയായും അവസാനത്തേതല്ല) 16 മണിക്കൂർ മടക്കയാത്രയിൽ അങ്ങോട്ടുമിങ്ങോട്ടും കളിച്ച കളിയാണത്. മൂത്ത രണ്ടു കുട്ടികളും കളിയെ സജീവമാക്കി നിർത്തി. അവർ ചോദിക്കുന്ന ഒരോ തവണയും ഒരു രൂപ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒരു കൂന രൂപ ഉണ്ടായേനെ. കുട്ടികൾക്ക് അഭിനിവേശമായിരുന്നു ആ ചോദ്യത്തോട്, പക്ഷേ ഞാനും (ഡ്രൈവർ) ഒരുപോലെ ആശ്ചര്യത്തോടെ എത്തിയോ? എന്ന് ചിന്തിച്ചുകൊണ്ടിരുന്നു, ഉത്തരം ഇതുവരെ ഇല്ല, പക്ഷേ ഉടനേ.

സത്യം പറഞ്ഞാൽ, ഉച്ചത്തിൽ ചോദിച്ചില്ലെങ്കിലും മിക്ക മുതിർന്നവരും ഈ ചോദ്യത്തിന്റെ വകഭേതങ്ങളാണ് ചോദിക്കുന്നത്. പക്ഷേ നാം ഒരേ കാരണത്താലാണ് ചോദിക്കുന്നത്—നാം തളർന്നിരിക്കുന്നു, ദുഃഖംകൊണ്ട് നമ്മുടെ “കണ്ണ് കുഴിഞ്ഞിരിക്കുന്നു” (സങ്കീർത്തനങ്ങൾ 6:7). നാം സന്ധ്യാ വാർത്ത മുതൽ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും ഒരിക്കലും തീരാത്ത ആരോഗ്യപ്രശ്നങ്ങളും ബന്ധങ്ങളിലെ തകർച്ചയും തുടങ്ങി സകല കാര്യങ്ങളേയും കുറിച്ചുള്ള “ഞരക്കംകൊണ്ട് തകർന്നിരിക്കുന്നു” (വാ. 6). നാം നിലവിളിക്കുന്നു: “എത്തിയോ? എത്രത്തോളം? കർത്താവേ, എത്രത്തോളം?

സങ്കീർത്തനക്കാരനു ഈ ക്ഷീണാവസ്ഥയെ നന്നായി അറിയാം, അതുകൊണ്ട് ആ പ്രധാന ചോദ്യം സത്യസന്ധമായി ദൈവത്തോട് ചോദിക്കുന്നു. കരുതുന്ന പിതാവിനേപ്പോലെ അവൻ ദാവീദിന്റെ കരച്ചിൽ കേൾക്കുകയും അവന്റെ വലിയ കരുണയിൽ അവ കൈക്കൊള്ളുകയും ചെയ്തു (വാ. 9). ചോദിക്കാൻ ഒരു നാണക്കേടും ഇല്ലായിരുന്നു. അതുപോലെ എനിക്കും നിങ്ങൾക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് ധൈര്യത്തോടെ “എത്ര നാൾ?” എന്ന സത്യസന്ധമായ നിലവിളിയുമായി സമീപിക്കാം. അവന്റെ ഉത്തരം “ഇതുവരെ ആയില്ല, പക്ഷേ ഉടനേ, ഞാൻ നല്ലവനാണ്, എന്നിൽ ആശ്രയിക്കൂ“ എന്നാകാം.

നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നൽകുക

വിജയിയായ ഒരു ബിസിനസുകാരൻ തന്റെ ജീവിതത്തിന്റെ അവസാന ദശാബ്ദങ്ങൾ തന്റെ സമ്പത്ത് സമ്മാനിക്കുവാനായി വിനിയോഗിച്ചു. കോടീശ്വരനായിരുന്ന അയാൾ വടക്കേ അയർലണ്ടിലെ സമാധാനശ്രമം, വിയറ്റ്നാമിലെ ആരോഗ്യസംവിധാനം അങ്ങനെ പലവിധ കാര്യങ്ങൾക്ക് പണം സംഭാവന ചെയ്തു. മരിക്കുന്നതിനു കുറച്ചു നാൾ മുൻപ് ന്യൂയോർക്കിലെ ഒരു ദ്വീപ് ഒരു ടെക്നോളജി ഹബ് ആക്കി മാറ്റാൻ അയാൾ 35 കോടി ഡോളർ ചിലവഴിച്ചു. ആ മനുഷ്യൻ പറഞ്ഞത് “ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൊടുക്കുന്നത് വൈകിപ്പിക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല... അതുമല്ല മരിച്ചതിനു ശേഷം കൊടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷകരമാണ് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നത്.” ജീവിച്ചിരിക്കുമ്പോൾ കൊടുക്കുക—എത്ര മനോഹരമായ മനോഭാവമാണ്.

ജന്മനാ അന്ധനായ മനുഷ്യനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണത്തിൽ, “ആര് പാപംചെയ്തു“ എന്ന് നിർണ്ണയിക്കാൻ യേശുവിന്റെ ശിഷ്യന്മാർ ശ്രമിക്കുകയായിരുന്നു. അവരുടെ ചോദ്യത്തെ സംബോധന ചെയ്തു യേശു പറഞ്ഞു, “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു“(വാ. 3–4). നമ്മുടെ പ്രവൃത്തി യേശുവിന്റെ അത്ഭുതങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണെങ്കിലും, എങ്ങനെ നമ്മെത്തന്നെ നൽകിയാലും, നമ്മൾ അത് ഒരുക്കത്തോടെയും സ്നേഹത്തിന്റെ ആത്മാവിലും ചെയ്യണം. സമയത്തിലൂടെയോ സമ്പത്തിലൂടെയോ പ്രവൃത്തികളിലൂടെയോ ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടണം എന്നതാകണം നമ്മുടെ ലക്ഷ്യം.

ദൈവം നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. തിരിച്ച് നമുക്കും ജീവിച്ചിരിക്കുമ്പോൾ നൽകാം.

നമ്മുടെ സഭാകൂടിവരവ് നമുക്ക് ആവശ്യമാണ്

സതേൺ ബാപ്റ്റിസ്റ്റ് പ്രാസംഗികന്റെ മൂത്ത മകനായിട്ടാണ് ഞാൻ വളർന്നത്. എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ ഉണ്ടാകണമെന്നത് നിർബന്ധമായ കാര്യമായിരുന്നു. കഠിനമായ പനിയോ മറ്റോ വന്നാൽ ഒഴിവുണ്ടായിരുന്നു.. സത്യത്തിൽ  പള്ളിയിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പനിയുള്ളപ്പോൾ പോലും പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ ലോകം മാറിപ്പോയി. സ്ഥിരമായി പള്ളിയിൽ പോകുന്നവരുടെ എണ്ണം പഴയതുപോലെയില്ല. തീർച്ചയായും, പെട്ടന്നുള്ള ചോദ്യമാണ് എന്തുകൊണ്ട് എന്നത് .  വിഭിന്നമായ ധാരാളം ഉത്തരങ്ങൾ ഉണ്ട്. എഴുത്തുകാരിയായ കേതലിൻ നോറിസ് ഈ ഉത്തരങ്ങളെ എതിർത്തത്,  "എന്തിനാണ് നാം പള്ളിയിൽ പോകുന്നത് "എന്ന അവരുടെ  ചോദ്യത്തിന് അവർക്ക് ഒരു പാസ്റ്ററിൽ നിന്ന് കിട്ടിയ മറുപടി വെച്ചായിരുന്നു : " നാം പള്ളിയിൽ പോകേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കാരണം, അവിടെ  ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടാകാം. "

നാം പള്ളിയിൽ  പോകുന്നതിന്റെ കാരണം ഒരിക്കലും ഇത് മാത്രമല്ല.പക്ഷേ  എബ്രായ ലേഖനം  എഴുതിയ ലേഖകന്റെ ഹൃദയസ്പന്ദനം കൂടി ആ പാസ്റ്ററുടെ  മറുപടിയിൽ പ്രതിധ്വനിക്കുന്നുണ്ട്. വിശ്വാസത്തെ മുറുകെ പിടിക്കുവാനും, അത് സാധ്യമാകുന്നതിനായി "സഭാ യോഗങ്ങളെ  ഉപേക്ഷിക്കാതെ "(എബ്രായർ 10:24) ഇരിക്കാനും ലേഖകൻ വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്ന നിർണായകമായ കാര്യം നമ്മുടെ അസാന്നിധ്യം മൂലം നഷ്ടമാകും. "സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ "(വാ.25) നമുക്കെല്ലാം പരസ്പര പ്രോൽസാഹനം ആവശ്യമാണ്. 

സഹോദരീ സഹോദരന്മാരേ, കൂട്ടായ്മകൾ തുടർന്നു കൊണ്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങളെ അവിടെ ആർക്കെങ്കിലും ആവശ്യമുണ്ടായിരിക്കാം. എന്നാൽ അതുപോലെതന്നെ ശരിയായ കാര്യമാണ്, തിരിച്ച്  നിങ്ങൾക്കും അവരെ ഉപകരിക്കും എന്നത്.

സത്യാരാധകർ

ഒടുവിൽ അവൾക്ക് ആ പള്ളി സന്ദർശിക്കാൻ അവസരം ലഭിച്ചു. പള്ളിക്കുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ ഒരു ചെറിയ ഗുഹപോലുള്ള സ്ഥലത്ത് അവളെത്തി. മെഴുകുതിരികളും തൂക്കുവിളക്കുകളും ആ തറയെ പ്രകാശമാനമാക്കുന്നുണ്ട്. അവിടെ ആ ചെറിയ മാർബിൾ തറയിൽ 14 കതിരുകളുള്ള വെള്ളിയിൽ തീർത്ത ഒരു നക്ഷത്രത്തമുണ്ട്. ബത്‌ലെഹേമിലെ നേറ്റിവിറ്റി ഗ്രോട്ടോയിലാണവൾ നിൽക്കുന്നത് - ആ നക്ഷത്രമുള്ളിടത്താണ് ക്രിസ്തു ജനിച്ചത് എന്നാണ് പാരമ്പര്യം പറയുന്നത്. എന്നാൽ, ദൈവം ആ സ്ഥലത്തേക്കാൾ എത്രയോ വലിയവനാണ് എന്ന തിരിച്ചറിവ് മൂലം എഴുത്തുകാരിയായ ആനി ഡില്ലാർഡിനെ ഇക്കാര്യം അധികം സ്വാധീനിച്ചില്ല.

എന്നിരുന്നാലും, ഇത്തരം സ്ഥലങ്ങൾക്ക് നമ്മുടെ വിശ്വാസ കഥകളിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കിണറിനരികെ യേശുവും ശമര്യക്കാരത്തി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിൽ പരാമർശവിധേയമായ, അവളുടെ "പൂർവ്വികർ ആരാധിച്ചിരുന്ന"മല (യോഹ. 4:20). ഇത് ഗെരെസീം മലയാണ് (ആവ.11:29). ഈ സ്ഥലം ശമര്യക്കാർക്ക് പവിത്രമായതായിരുന്നു. യരുശലേമാണ് യഥാർത്ഥ ആരാധനാസ്ഥലം എന്ന യഹൂദന്മാരുടെ വാദത്തെ ശമര്യർ എതിർത്തത് ഈ മലയുപയോഗിച്ചായിരുന്നു (വാ.20). എന്നിരുന്നാലും ആരാധനക്ക് സ്ഥലവുമായല്ല, മറിച്ച് ഒരു വ്യക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന്  യേശു പറഞ്ഞു: "സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു" (വാ.23). ആ സ്ത്രീ മശീഹായിലുള്ള തന്റെ വിശ്വാസം പരസ്യമാക്കി; എന്നാൽ താൻ അവനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞില്ല. അപ്പോൾ"യേശു അവളോട്: 'നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹാ' എന്ന് പറഞ്ഞു"(വാ.26).

ദൈവം ഒരു മലയിലോ ഭൗതിക സ്ഥലത്തോ ഒതുങ്ങുന്നില്ല. അവൻ എവിടെയും നമ്മോടൊപ്പമുണ്ട്. നമ്മുടെ യഥാർത്ഥ പ്രയാണം നാം പ്രാഗത്‌ഭ്യത്തോടെ "ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ച് അവിടുത്ത കൃപാസനത്തോട് സമീപിക്കുന്നതാണ്; അവൻ തീർച്ചയായും അവിടെയുണ്ട്. 

ദൈവം നിങ്ങൾക്കായി പാടുന്നു

പതിനേഴ് മാസത്തിന് ശേഷം ഞങ്ങളുടെ ആദ്യത്തെ കുട്ടി- ഒരാൺകുട്ടി  ജനിച്ചു, ഒപ്പം തന്നെ ഒരു പെൺകുട്ടിയും ജനിച്ചു. ഒരു മകളെ ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു, പക്ഷെ എനിക്ക് അല്പം അസ്വസ്ഥത തോന്നി കാരണം ചെറിയ ആൺകുട്ടികളെക്കുറിച്ചു അറിയാമെങ്കിലും, എനിക്ക് ഈ മേഖല അപരിചിതമായിരുന്നു. ഞങ്ങൾ അവൾക്ക് സാറാ എന്ന് പേരിട്ടു, ഒപ്പം എനിക്കു ലഭിച്ച ഒരു പദവി എന്നത് എന്റെ ഭാര്യക്ക് വിശ്രമിക്കാനായി അവളെ ആട്ടി ഉറക്കുക എന്നതായിരുന്നു. എന്തിനാണെന്നറിയില്ലെങ്കിലും ഞാൻ അവളെ പാടിയുറക്കുവാൻ ആരംഭിച്ചു. "യു ആർ മൈ സൺ ഷൈൻ" (നീയാണെന്റെ സൂര്യകിരണം) എന്ന പാട്ടായിരുന്നു ഞാൻ തിരഞ്ഞെടുത്തത്. അവളെ എടുത്തുകൊണ്ട് നിൽക്കുകയാണെങ്കിലും അവളുടെ തൊട്ടിലിനരികിലാണെങ്കിലും ആ പാട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അവൾക്കായി പാടുകയും, അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അവൾ അവളുടെ ഇരുപതുകളിലാണ്, ഇപ്പോഴും ഞാൻ അവളെ സൺഷൈൻ ( സൂര്യകിരണം) എന്നാണ് വിളിക്കുന്നത്.

മാലാഖമാർ പാടുന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ട്. എന്നാൽ ദൈവം പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? അതുതന്നെ- ദൈവം പാടുന്നു. അതിലുമുപരിയായി, ദൈവം നിങ്ങൾക്കായി പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? യെരുശലേമിനോടുള്ള തന്റെ സന്ദേശത്തിൽ സെഫന്യാവ് വളരെ വ്യക്തമായി പറയുന്നു "നിന്റെ ദൈവമായ യഹോവ" നിന്നിൽ അത്യന്തം സന്തോഷിക്കും; "ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും" (3:17). ഇത് യെരുശലേമിനായുള്ള സന്ദേശമാണെങ്കിലും, യേശുവിനെ രക്ഷകനായി സ്വീകരിച്ച നാമോരോരുത്തർക്കുംവേണ്ടി ദൈവം പാടുന്നു. ഏതു പാട്ടാണ് ദൈവം പാടുന്നത്? ദൈവവചനം ആ കാര്യത്തിൽ വ്യക്തത നൽകുന്നില്ല. എന്നാൽ ആ പാട്ട് അവിടുത്തെ സ്നേഹത്തിൽ നിന്നും ഉടലെടുത്തതാണ്, അതിനാൽ അത് സത്യവും ശ്രേഷ്ഠവും നേരും മനോഹരവും ശുദ്ധവും പ്രശംസനീയവുമാണ് എന്ന് നമുക്ക് വിശ്വസിക്കാം.(ഫിലി.4:8) 

അത് ഒക്കെയും

എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും, എന്റെ കുടുംബം കാണുന്ന ദേശീയ വാർത്തകൾ പ്രോത്സാഹജനകമായ ഒരു മികച്ച കഥ ഉയർത്തിക്കാട്ടിയാണ് പ്രക്ഷേപണം അവസാനിപ്പിക്കുന്നത്. ബാക്കി വാർത്തകളിൽ നിന്ന് വ്യത്യസ്തമായി, ഇത് എല്ലായ്‌പ്പോഴും ശുദ്ധവായു ശ്വസിക്കുന്നതുപോലെയാണ്. അടുത്ത കാലത്തെ ''ദുഃഖ''വെള്ളിയാഴ്ചത്തെ കഥ, കോവിഡ് ബാധിച്ചശേഷം പൂർണ്ണമായി സുഖം പ്രാപിച്ചശേഷം വൈറസിനെതിരായ പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ച ഒരു റിപ്പോർട്ടറെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ആ സമയത്ത്, ആന്റിബോഡികൾ എത്രത്തോളം ഫലപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ നമ്മിൽ പലരും നിസ്സഹായരായി നിൽക്കുകയും പ്ലാസ്മ ദാനം ചെയ്യുന്നതിന്റെ (സൂചിയിലൂടെ) അസ്വസ്ഥതയുടെ വെളിച്ചത്തിൽ അതിനു തുനിയാതിരിക്കുകയും ചെയ്യുമ്പോൾ, അവൾക്ക് തോന്നിയത് ''തനിക്കു ലഭിച്ചതിന് പ്രതിഫലം നൽകാനുള്ള ഒരു ചെറിയ ശ്രമം മാത്രമായിരുന്നു.''

ആ വെള്ളിയാഴ്ച സംപ്രേഷണത്തിനുശേഷം, എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രോത്സാഹനം ലഭിച്ചു—പ്രതീക്ഷയാൽ നിറയപ്പെട്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു. ഫിലിപ്പിയർ 4 ൽ പൗലൊസ് വിവരിച്ച ''അത് ഒക്കെയും'' എന്നതിന്റെ ശക്തിയാണത്: ''സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സത്ഗുണമോ പുകഴ്ചയോ അത് ഒക്കെയും'' (വാ. 8). പ്ലാസ്മ സംഭാവന പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. എന്നാൽ, ആവശ്യമുള്ള ഒരാൾക്കുവേണ്ടി ത്യാഗപരമായി നൽകുന്നതിനെക്കുറിച്ച് അവൻ മനസ്സിൽ കരുതിയിരുന്നോ—മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുതുല്യമായ പെരുമാറ്റം? ഉത്തരം അതേ എന്നതിൽ എനിക്ക് സംശയമില്ല. 

എന്നാൽ ആ പ്രത്യാശയുള്ള വാർത്ത പ്രക്ഷേപണം ചെയ്തിരുന്നില്ലെങ്കിൽ അതിന്റെ പൂർണ്ണ ഫലം ഉണ്ടാകുമായിരുന്നില്ല. നമുക്ക് ചുറ്റുമുള്ള ''അതൊക്കെയും'' ശ്രദ്ധിക്കുകയും കേൾക്കുകയും തുടർന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുമായി ആ സുവാർത്ത പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ നന്മയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ പദവിയാണ്. 

ഒരു നല്ല കാരണം

രണ്ട് സ്ത്രീകൾ ഇടനാഴിയിലെ എതിർ സീറ്റുകളിലിരുന്ന് പരസ്പരം നോക്കി സംസാരിക്കുകയായിരുന്നു. ഫ്‌ളൈറ്റ് രണ്ട് മണിക്കൂറായിരുന്നു, അതിനാൽ എനിക്ക് അവരുടെ ഇടപാടുകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർക്ക് പരസ്പരം അറിയാമെന്നും ഒരുപക്ഷേ ബന്ധുക്കളാകാമെന്നും വ്യക്തമായിരുന്നു. രണ്ടുപേരിൽ ഇളയ സ്ത്രീ (മിക്കവാറും അറുപതു വയസ്സുകാണും) മൂത്തയാൾക്ക് (അവൾ തൊണ്ണൂറുകളിൽ ആണ്) തന്റെ ബാഗിൽനിന്ന് ആപ്പിൾ കഷണങ്ങൾ എടുത്തു കൊടുത്തുകൊണ്ടിരുന്നു. തുടർന്ന് വീട്ടിലുണ്ടാക്കിയ സാൻഡ്‌വിച്ചുകളും ഒടുവിൽ കൈയും മുഖവും വൃത്തിയാക്കാൻ ഒരു ടവലും നൽകി. ഒടുവിൽ ഒട്ടും ചുളിവില്ലാത്ത ഒരു പത്രവും. ഓരോന്നും കൈമാറിയിരുന്നത് വളരെ ആർദ്രതയോടും ആദരവോടും കൂടിയായിരുന്നു. വിമാനത്തിൽ നിന്നു പുറത്തുകടക്കാൻ ഞങ്ങൾ നിൽക്കുമ്പോൾ, ഞാൻ ഇളയ സ്ത്രീയോട് പറഞ്ഞു, ''നിങ്ങൾ അവളെ പരിപാലിക്കുന്ന രീതി ഞാൻ ശ്രദ്ധിച്ചു. അത് മനോഹരം ആയിരുന്നു.'' അവൾ മറുപടി പറഞ്ഞു, ''അവൾ എന്റെ ഉത്തമസുഹൃത്താണ്. അവൾ എന്റെ അമ്മയാണ്.''

നമുക്കെല്ലാവർക്കും അത്തരത്തിലുള്ള എന്തെങ്കിലും പറയാൻ കഴിയുമെങ്കിൽ അത് മഹത്തരമല്ലേ? ചില മാതാപിതാക്കൾ മികച്ച സുഹൃത്തുക്കളെപ്പോലെയാണ്. ചില മാതാപിതാക്കൾ അങ്ങനെയല്ല. ആ ബന്ധങ്ങൾ എല്ലായ്‌പ്പോഴും സങ്കീർണ്ണമാണ് എന്നതാണ് സത്യം. പൗലൊസ് തിമൊഥെയൊസിന് എഴുതിയ കത്ത് ആ സങ്കീർണ്ണതയെ അവഗണിക്കുന്നില്ലെങ്കിലും, മാതാപിതാക്കളെയും മുത്തശ്ശിമാരെയും - നമ്മുടെ ''ബന്ധുക്കളെയും'' നമ്മുടെ ''സ്വന്തം കുടുംബത്തെയും'' - പരിപാലിക്കുന്നതിലൂടെ നമ്മുടെ ''ഭക്തി സ്വന്ത കുടുംബത്തിൽ കാണിക്കാൻ'' ആഹ്വാനം ചെയ്യുന്നു (1 തിമൊഥെയൊസ് 5:4, 8).

നാമെല്ലാവരും പലപ്പോഴും അത്തരം പരിചരണം നൽകുന്നത് കുടുംബാംഗങ്ങൾ നമ്മോടു നല്ല രീതിയിൽ പെരുമാറിയിരുന്നു അല്ലെങ്കിൽ പെരുമാറുന്നു എങ്കിൽ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ അർഹരാണെങ്കിൽ മാത്രം. എന്നാൽ അങ്ങനെ പെരുമാറുന്നതിന് പൗലൊസ് അതിലും മനോഹരമായ ഒരു കാരണം വാഗ്ദാനം ചെയ്യുന്നു. അവരെ പരിപാലിക്കുക, കാരണം ''അതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു'' (വാ. 4).

തിരക്കിട്ട പ്രാര്‍ത്ഥന വേണ്ട

ഹവായിയന്‍ ജനത, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനു തയ്യാറെടുത്തുകൊണ്ട് തങ്ങളുടെ ക്ഷേത്രങ്ങള്‍ക്കു പുറത്ത് വളരെ സമയം ചിലവഴിക്കുന്നതിനെക്കുറിച്ച് ഒരു കഥ ആലീസ് കഹോളുസുന വിവരിക്കുന്നു. പ്രവേശിച്ചതിനുശേഷവും അവര്‍ പ്രാര്‍ത്ഥിക്കുന്നതിനായി ശ്രീകോവിലിലേക്ക് ഇഴഞ്ഞാണു ചെല്ലുന്നത്. അതിനുശേഷം, അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലേക്കു ''ജീവശ്വാസം  ഊതാന്‍'' വളരെ നേരം കാത്തിരിക്കും. മിഷനറിമാര്‍ ദ്വീപിലെത്തിയപ്പോള്‍, ഹവായിക്കാര്‍ക്ക് ചിലപ്പോഴൊക്കെ അവരുടെ പ്രാര്‍ത്ഥന വിചിത്രമായി തോന്നി. മിഷനറിമാര്‍ എഴുന്നേറ്റു നിന്നു കുറച്ചു വാചകം ഉച്ചരിക്കുകയും അതിനെ ''പ്രാര്‍ത്ഥന'' എന്ന് വിളിക്കുകയും ആമേന്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രാര്‍ത്ഥനകളെ ''ജീവശ്വാസമില്ലാത്തവ'' എന്നാണ് ഹവായിക്കാര്‍ വിശേഷിപ്പിച്ചത്.

''മിണ്ടാതിരുന്ന് അറിയുവാന്‍'' (സങ്കീര്‍ത്തനം 46:10) ദൈവജനം എല്ലായ്പ്പോഴും അവസരം എടുക്കാതിരിക്കുന്നതിനെക്കുറിച്ചാണ് ആലീസ് പറഞ്ഞ കഥ സൂചിപ്പിക്കുന്നത്. തെറ്റിദ്ധരിക്കരുത് - നമ്മുടെ പ്രാര്‍ത്ഥനകള്‍ വേഗത്തിലായാലും സാവധാനത്തിലായാലും ദൈവം കേള്‍ക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വേഗത നമ്മുടെ ഹൃദയത്തിന്റെ വേഗതയെ വെളിപ്പെടുത്തുന്നു. കൂടാതെ, നമ്മുടെ ജീവിതത്തോടു മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തോടും സംസാരിക്കാന്‍ ദൈവത്തിനു ധാരാളം സമയം നാം അനുവദിക്കേണ്ടതുണ്ട്. തിരക്കിട്ട്, ആമേന്‍ പറഞ്ഞ്, അവസാനിപ്പിക്കുന്നതുകൊണ്ട് എത്രയോ ജീവദായക നിമിഷങ്ങളാണു നമുക്കു നഷ്ടമായിട്ടുള്ളത്?

മന്ദഗതിയിലുള്ള ആളുകളോടു മുതല്‍ മന്ദഗതിയിലുള്ള ട്രാഫിക്ക് വരെ എല്ലാ കാര്യങ്ങളിലും നാം പലപ്പോഴും അക്ഷമരാണ്. എന്നിരുന്നാലും, ദൈവം തന്റെ ദയയില്‍ പറയുന്നു, ''ശാന്തമായിരിക്കുക. നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക,  പതുക്കെ പോകുക, ഞാന്‍ ദൈവമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ സങ്കേതവും ശക്തിയും കഷ്ടങ്ങളില്‍ എറ്റവും അടുത്ത തുണയും ആണെന്നോര്‍ക്കുക.'' അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം ദൈവമാണെന്ന് അറിയുകയാണു നാം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ദൈവത്തിലാശ്രയിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ജീവിക്കുകയാണ്.

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുക

ഒരു പ്രസ്ബിറ്റേറിയന്‍ ശുശ്രൂഷകനായ പിതാവിനോടൊപ്പം അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ സംസ്ഥാനത്തു വളര്‍ന്നുവന്ന രണ്ട് ആണ്‍കുട്ടികളുടെ കഥപറയുന്ന, നോര്‍മന്‍ മക്ലീന്റെ പ്രശ്‌സതമായ കഥയാണ് അതിലൂടെ ഒരു നദി ഒഴുകുന്നു (എ റിവര്‍ റണ്‍സ് ത്രൂ ഇറ്റ്). ഞായറാഴ്ച പ്രഭാതങ്ങളില്‍, നോര്‍മനും സഹോദരന്‍ പോളും പള്ളിയില്‍ പോയി, അവിടെ പിതാവിന്റെ പ്രസംഗം കേട്ടു. ഞായറാഴ്ച വൈകുന്നേരം മറ്റൊരു ശുശ്രൂഷ ഉണ്ടായിരുന്നു, അവിടെയും അവരുടെ പിതാവു വീണ്ടും പ്രസംഗിക്കും. എന്നാല്‍ ഈ രണ്ടു ശുശ്രൂഷകള്‍ക്കിടയില്‍, ''വിശ്രമിക്കുന്നതിനായി'' അദ്ദേഹം അവരോടൊപ്പം കുന്നുകളിലൂടെയും അരുവികളിലൂടെയും ചുറ്റി നടക്കും. ''തന്റെ ആത്മാവിനെ പുനഃസ്ഥാപിക്കുന്നതിനും സായാഹ്ന പ്രഭാഷണത്തില്‍ കവിഞ്ഞൊഴുകുന്നതിനായി വീണ്ടും നിറയ്ക്കുന്നതിനുമുള്ള'' അവരുടെ പിതാവിന്റെ മനഃപൂര്‍വ്വമായ പിന്‍വലിയലായിരുന്നു അത്.

സുവിശേഷങ്ങളിലുടനീളം, മലഞ്ചരിവുകളിലും പട്ടണങ്ങളിലുംവെച്ച് യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുകയും, തന്റെയടുത്തേക്കു കൊണ്ടുവന്ന രോഗികളെയും വ്യാധികള്‍ ബാധിച്ചവരെയും സൗഖ്യമാക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ ഇടപെടലുകളെല്ലാം തന്നെ  ''കാണാതെപോയതിനെ തിരഞ്ഞു രക്ഷിക്കുക'' (ലൂക്കൊസ് 19:10)എന്ന മനുഷ്യപുത്രന്റെ ദൗത്യവുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു. എങ്കിലും അവിടുന്നു പലപ്പോഴും 'നിര്‍ജ്ജനദേശത്തേക്കു വാങ്ങിപ്പോയി'' (5:16). അവിടെ യേശു പിതാവിനോട് ആശയവിനിമയം നടത്തി, പുതുക്കം പ്രാപിക്കുകയും വര്‍ദ്ധിത ഉത്സാഹത്തോടെ തന്റെ ദൗത്യത്തിലേക്കു വീണ്ടും ചുവടുവയ്ക്കുകയും ചെയ്തു.

ശുശ്രൂഷിക്കാനുള്ള നമ്മുടെ വിശ്വസ്തമായ ശ്രമങ്ങളില്‍, യേശു ''പലപ്പോഴും'' പിന്‍വാങ്ങിപ്പോയി എന്ന കാര്യം ഓര്‍മ്മിക്കുന്നതു നല്ലതാണ്. ഈ പരിശീലനം യേശുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നുവെങ്കില്‍, നമുക്ക് എത്രയധികം ആവശ്യമായിരിക്കുന്നു? നമ്മെ വീണ്ടും കവിഞ്ഞൊഴുകുന്ന അവസ്ഥയില്‍ നിറയ്ക്കാന്‍ കഴിയുന്ന നമ്മുടെ പിതാവിനോടൊപ്പം പതിവായി നമുക്കു സമയം ചെലവഴിക്കാം.

ദൈവരാജ്യം

എന്റെ അമ്മ ജീവിതത്തിലുടനീളം പല കാര്യങ്ങളിലും സമര്‍പ്പിതയാണ്, എങ്കിലും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്ന്, ചെറിയ കുട്ടികള്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനുള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മ തന്റെ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനു ഞാന്‍ സാക്ഷ്യം വഹിച്ച ചുരുക്കം ചില സംഭവങ്ങളിലൊന്ന്്, കൂടുതല്‍ 'ഗൗരവതരമെന്ന്' അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്കായി കുട്ടികളുടെ ശുശ്രൂഷയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുമ്പോഴാണ്. 'ഞാന്‍ നിന്റെ ജ്യേഷ്ഠനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ മാത്രമാണ് ഒരു വേനല്‍ക്കാലത്തു ഞാനവധിയെടുത്തത്,'' അമ്മ എന്നോടു പറഞ്ഞു. ഞാന്‍ ഒരു ചെറിയ കണക്കുകൂട്ടല്‍ നടത്തി, എന്റെ അമ്മ അമ്പത്തിയഞ്ചു വര്‍ഷമായി സഭയില്‍ കുട്ടികളുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

'കൊച്ചുകുട്ടികളും യേശുവും' എന്ന തലക്കെട്ടിലുള്ള, സുവിശേഷങ്ങളിലെ മനോഹരമായ ഒരു കഥ, മര്‍ക്കൊസ് 10 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ആളുകള്‍ തങ്ങളുടെ കുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ ഇതിനെ തടയാന്‍ ശ്രമിച്ചു. യേശു 'മുഷിഞ്ഞു' എന്നു മര്‍ക്കൊസ് രേഖപ്പെടുത്തുന്നു - എന്നിട്ടു സ്വന്തം ശിഷ്യന്മാരെ ശാസിക്കുന്നു: 'ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ' (വാ. 14).

ചാള്‍സ് ഡിക്കന്‍സ് എഴുതി, ''ഞാന്‍ ഈ ചെറിയ ആളുകളെ സ്‌നേഹിക്കുന്നു; ദൈവത്തില്‍ നിന്നു പുതുമയോടെ വന്ന ഈ ആളുകള്‍ നമ്മെ സ്‌നേഹിക്കുന്നത് ഒരു ചെറിയ കാര്യമല്ല.'' എപ്പോഴും നവ്യമായിരിക്കുന്ന യേശുവിന്റെ സ്‌നേഹത്തില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഒരിക്കലും തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, പ്രായമായ നാം നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതും ചെറിയ കാര്യമല്ല.