Category  |  odb

തിമിംഗല മുത്തശ്ശി

ഗവേഷകർ “മുത്തശ്ശി’’ എന്നു പേരിട്ടിരിക്കുന്ന ഒരു ഓർക്കാ തിമിംഗലത്തിന്, അവളുടെ “തിമിംഗല മുത്തശ്ശി’’ ജീവിതത്തിൽ തന്റെ പങ്കിന്റെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്നു. യുവ തിമിംഗലത്തിന്റെ അമ്മ അടുത്തിടെ മരിച്ചു, അനാഥനായ തിമിംഗലത്തിന് സംരക്ഷണവും പിന്തുണയുമില്ലാതെ വളരാൻ തക്ക പ്രായമായിരുന്നില്ല. മുത്തശ്ശി, അവളുടെ എൺപതാം വയസ്സിൽ (അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള) ആണെങ്കിലും, അതിജീവിക്കാൻ അറിയേണ്ട കാര്യങ്ങൾ അവനെ പഠിപ്പിക്കാൻ കൂടെ ചെന്നു. മുത്തശ്ശി തനിക്കു ലഭിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് ഇളയ തിമിംഗലത്തിന് നൽകി. അങ്ങനെ അവനു മതിയായ ഭക്ഷണം നൽകുക മാത്രമല്ല, എന്താണ് ഭക്ഷിക്കേണ്ടതെന്നും അവനു ജീവിക്കാൻ ആവശ്യമായ സാൽമണിനെ എവിടെ കണ്ടെത്താമെന്നും പഠിക്കുകയും ചെയ്തു.

നമുക്കറിയാവുന്ന കാര്യങ്ങൾ കൈമാറുന്നതിന്റെ വ്യതിരിക്തമായ ബഹുമാനവും സന്തോഷവും നമുക്കുണ്ട് - നമുക്ക് ശേഷം വരുന്നവരുമായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെയും സ്വഭാവത്തെയും കുറിച്ച് പങ്കുവെക്കാൻ നമുക്കു കഴിയും. പ്രായമായ സങ്കീർത്തനക്കാരൻ ദൈവത്തോട് “അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും’’ പറയുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു (സങ്കീർത്തനം 71:18). വളർച്ച പ്രാപിക്കുവാൻ നമ്മെ സഹായിക്കുന്ന, ദൈവത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ - അവന്റെ “നീതിയെയും രക്ഷയെയും’’ - മറ്റുള്ളവരുമായി പങ്കിടാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു (വാ. 15).

വാർദ്ധക്യത്തിന്റെ നര നമ്മെ ബാധിച്ചിട്ടില്ലെങ്കിൽ പോലും (വാ. 18), ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും നാം എങ്ങനെ അനുഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അവനോടൊപ്പമുള്ള യാത്രയിൽ ഒരാൾക്ക് പ്രയോജനം ചെയ്യും. ആ ജ്ഞാനം പങ്കുവെക്കാനുള്ള നമ്മുടെ സന്നദ്ധത ആ വ്യക്തിക്ക് കഷ്ടതയിലും ക്രിസ്തുവിൽ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായി വന്നേക്കാം (വാ. 20).

താഴേക്കു കുനിയുക

തന്റെ ചെറിയ ബൈക്ക് അവളുടെ ചെറിയ കാലുകൾക്ക് പോകാൻ കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങിയ മകളുടെ പിന്നാലെ ചെറുപ്പക്കാരിയായ അമ്മ നടന്നു. എന്നാൽ അവൾ ആഗ്രഹിച്ചതിലും കൂടുതൽ വേഗതയിൽ സൈക്കിൾ മുന്നോട്ടു നീങ്ങി മറിഞ്ഞു വീണു. തന്റെ കണങ്കാൽ വേദനിക്കുന്നുവെന്ന് പറഞ്ഞ് കുട്ടി കരഞ്ഞു. അവളുടെ അമ്മ നിശബ്ദമായി മുട്ടുകുത്തി, കുനിഞ്ഞ്, “വേദന മാറാൻ’’ കാലിനെ ചുംബിച്ചു. അത് പ്രവർത്തിച്ചു! കൊച്ചുപെൺകുട്ടി ചാടിയെഴുന്നേറ്റു, ബൈക്കിൽ തിരികെ കയറി, ചവിട്ടി. നമ്മുടെ എല്ലാ വേദനകളും അത്ര എളുപ്പത്തിൽ മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ!

അപ്പൊസ്തലനായ പൗലൊസ് തന്റെ നിരന്തരമായ പോരാട്ടങ്ങളിൽ ദൈവത്തിന്റെ ആശ്വാസം അനുഭവിച്ചറിഞ്ഞു, എന്നിട്ട് മുന്നോട്ടു പോയി. ആ പരിശോധനകളിൽ ചിലത് 2 കൊരിന്ത്യർ 11:23- 29 ൽ അദ്ദേഹം പട്ടികപ്പെടുത്തി: ചാട്ടവാറടി, അടി, കല്ലേറ്, ഉറക്കിളപ്പ്, വിശപ്പ്, സകല സഭകൾക്കും വേണ്ടിയുള്ള ചിന്താഭാരം. ദൈവം “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്” (1:3) അല്ലെങ്കിൽ മറ്റൊരു പതിപ്പ് അതിനെ വിവർത്തനം ചെയ്യുന്നതുപോലെ: “അവൻ ആർദ്രമായ സ്‌നേഹം നൽകുന്ന’’ പിതാവാണ് (NIrV). ഒരു അമ്മ തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, നമ്മുടെ വേദനയിൽ നമ്മെ ആർദ്രമായി പരിപാലിക്കാൻ ദൈവം കുനിയുന്നു.

നമ്മെ ആശ്വസിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ സ്‌നേഹനിർഭരമായ വഴികൾ അനേകവും വ്യത്യസ്തവുമാണ്. തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു തിരുവെഴുത്ത് വാക്യം അവൻ നമുക്ക് നൽകിയേക്കാം, അല്ലെങ്കിൽ ആരെങ്കിലും ഒരു പ്രത്യേക കുറിപ്പ് അയയ്ക്കുകയോ അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ഒരു ഫോൺകോൾ നൽകാൻ ഒരു സുഹൃത്തിനെ പ്രേരിപ്പിക്കുകയോ ചെയ്‌തേക്കാം. പോരാട്ടം അവസാനിച്ചേക്കില്ലെങ്കിലും, നമ്മെ സഹായിക്കാൻ ദൈവം കുനിയുന്നതിനാൽ, നമുക്ക് എഴുന്നേറ്റു മുന്നോട്ടു നീങ്ങാൻ കഴിയും.

അമൂല്യമായ പ്രാർത്ഥന

ക്ലാർക്ക്‌സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).

എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).

പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.

ബന്ധിപ്പിക്കുന്ന കുന്തങ്ങൾ

“ഫ്രണ്ട്‌ലി ഫയർ’’ എന്നത്, ഒരു സൈനികൻ, ശത്രുവിൽനിന്നല്ലാതെ, സ്വന്തം സൈന്യത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീഴുമ്പോൾ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ്. സൈന്യത്തിൽ ഇത് അബദ്ധത്തിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ചിലപ്പോൾ നാം ബോധപൂർവമായ “ഫ്രണ്ട്‌ലി ഫയർ’’ അനുഭവിക്കാറുണ്ട്. മറ്റ് ക്രിസ്തീയ സഹോദരീസഹോദരന്മാർ നമ്മെക്കുറിച്ച് ദയയില്ലാത്തതും അസത്യവുമായ കാര്യങ്ങൾ പറയുകയും അവരുടെ അമ്പുകളും കുന്തങ്ങളും നമ്മുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്നതായി നാം അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്.

ഈ ചിത്രം ഭാവനയിൽ കാണാൻ ശ്രമിക്കുക. നിങ്ങൾ യേശുവിന്റെ കരങ്ങളിലാണ്, ഒരു പിതാവ് തന്റെ കുഞ്ഞിനെ വഹിക്കുന്നതുപോലെ അവൻ നിങ്ങളെ വഹിക്കുകയും അവന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിലയിലായിരിക്കുമ്പോൾ, ആരെങ്കിലും നിങ്ങളെ അമ്പെയ്യുകയോ അല്ലെങ്കിൽ കുന്തം കൊണ്ട് നിങ്ങളെ കുത്താൻ ശ്രമിക്കുകയോ ചെയ്താൽ (ബൈബിളിലെ ചിത്രങ്ങൾ ഉപയോഗിച്ചാൽ), നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അമ്പുകളും കുന്തങ്ങളും അവനിലൂടെയും കടന്നുപോകുന്നു. അനീതിയും വേദനയും നിങ്ങളെ, ആ അമ്പുകളും കുന്തങ്ങളും പിടിച്ചെടുത്ത് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ നാം അത് ചെയ്യാൻ വിസമ്മതിച്ചാൽ, നമ്മുടെ ഹൃദയത്തിലും യേശുവിന്റെ ഹൃദയത്തിലും തുളച്ചുകയറുന്ന അസ്ത്രമോ കുന്തമോ നമ്മുടെ ഹൃദയത്തെ അവന്റെ ഹൃദയത്തോടു ചേർത്തു ബന്ധിക്കാൻ മാത്രമേ സഹായിക്കൂ. അങ്ങനെ ആ ബന്ധം ആഴത്തിലാകുന്നു.

അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ നിങ്ങളെക്കുറിച്ച് അസത്യമോ ദയാരഹിതമോ ആയ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഹൃദയത്തോട് കൂടുതൽ അടുക്കാനുള്ള അവസരത്തിന് ദൈവത്തിന് നന്ദി പറയുകയും മുറിവേൽപ്പിക്കുന്ന വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.

വിശ്വാസത്താൽ ഉറച്ചു നിൽക്കുക

1998ൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോൺ കമ്പനിയായി നോക്കിയ മാറി, 1999 ൽ ലാഭം ഏകദേശം നാനൂറു കോടി ഡോളറായി ഉയർന്നു. എന്നാൽ 2011 ആയപ്പോഴേക്കും വിൽപ്പന കുറഞ്ഞു, വൈകാതെ തന്നെ പരാജയം നേരിട്ട ഫോൺ ബ്രാൻഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. നോക്കിയയുടെ മൊബൈൽ ഡിവിഷൻ പരാജയത്തിന്റെ ഒരു ഘടകം, വിനാശകരമായ തീരുമാനങ്ങളിലേക്ക് നയിച്ച ഭയത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സംസ്‌കാരമാണ്. നോക്കിയ ഫോണിന്റെ നിലവാരമില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും മറ്റ് ഡിസൈൻ പ്രശ്‌നങ്ങളെക്കുറിച്ചും ഉള്ള സത്യം തുറന്നു പറയാൻ മാനേജർമാർ മടിച്ചു - സത്യം പറഞ്ഞാൽ തങ്ങളെ പിരിച്ചുവിട്ടാലോ എന്നായിരുന്നു അവരുടെ ഭയം.

യെഹൂദയിലെ രാജാവായ ആഹാസും അവന്റെ ജനവും ഭയപ്പെട്ടു - അവരുടെ ഹൃദയം “കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശയ്യാവ് 7:2). യിസ്രായേലിലെയും അരാമിലെയും (സിറിയ) രാജാക്കന്മാർ സഖ്യത്തിലേർപ്പെട്ടെന്നും അവരുടെ സംയുക്ത സൈന്യം തങ്ങൾക്കെതിരെ യെഹൂദയിലേക്ക് നീങ്ങുകയാണെന്നും അവർക്ക് അറിയാമായിരുന്നു (വാ. 5-6). ശത്രുക്കളുടെ ശത്രുതാപരമായ പദ്ധതികൾ 'നടക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് ആഹാസിനെ പ്രോത്സാഹിപ്പിക്കാൻ ദൈവം യെശയ്യാവിനെ ഉപയോഗിച്ചെങ്കിലും (വാ. 7), വിഡ്ഢിയായ നേതാവ് ഭയത്തോടെ അശ്ശൂരുമായി സഖ്യമുണ്ടാക്കാനും മഹാശക്തനായ രാജാവിന് കീഴടങ്ങാനും തീരുമാനിച്ചു (2 രാജാക്കന്മാർ 16:7-8). “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല’’ (യെശയ്യാവ് 7:9) എന്നു പ്രഖ്യാപിച്ച ദൈവത്തിൽ അവൻ വിശ്വസിച്ചില്ല,

ഇന്ന് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ സഹായിക്കുന്നു: “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ’’ (10:23). യേശുവിൽ ആശ്രയിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നതുപോലെ നമുക്ക് “പിന്മാറാതെ” (വാ. 39) മുമ്പോട്ടു തന്നേ പോകാം.