Category  |  odb

കഥയുടെ തിമിംഗലം

മൈക്കിൾ കൊഞ്ചിനു വേണ്ടി മുങ്ങിത്തപ്പുകയായിരുന്നു. ഒരു വലിയ തിമിംഗലം അയാളെ കടിച്ചു വിഴുങ്ങാൻ ശ്രമിച്ചു. രക്ഷപ്പെടാനായി അയാൾ പരമാവധി കുതറിയെങ്കിലും തിമിംഗലത്തിന്റെ മസിലുകൾ അയാളെ ഞെരുക്കി. കഥ കഴിഞ്ഞെന്ന് അയാൾ കരുതി. എന്നാൽ തിമിംഗലങ്ങൾക്ക് കൊഞ്ച് മനുഷ്യരെ താല്പര്യമില്ലായിരിക്കും; 30 നിമിഷം കഴിഞ്ഞ് അത് മൈക്കിളിനെ പുറത്തേക്ക് തുപ്പി. അതിശയകരം! മൈക്കിളിന്റെ അസ്ഥികൾ ഒന്നും ഒടിഞ്ഞില്ല. എന്നാൽ ധാരാളം മുറിവുകളുണ്ടായി; കൂടാതെ ഒരു കഥയുടെ തിമിംഗലവും.

മൈക്കിൾ ആദ്യത്തെ ആളായിരുന്നില്ല. യോനായെ ഒരു "മഹാ മത്സ്യം " (യോനാ 1:17) വിഴുങ്ങി. അത് അവനെ കരയിൽ ചർദ്ദിക്കുന്നതുവരെ 3 ദിവസം അതിന്റെ വയറ്റിൽ കിടന്നു (1:17; 2:10). മൈക്കിളിനെ അവിചാരിതമായി തിമിംഗലം പിടിച്ചതാണെങ്കിൽ യോനായെ വിഴുങ്ങിയത് അവൻ ഇസ്രായേലിന്റെ ശത്രുക്കളെ വെറുത്തതു കൊണ്ടും അവരുടെ മാനസാന്തരം ഇഷ്ടപ്പെടാത്തതു കൊണ്ടും ആണ്. നിനെവേയിൽ പോയി പ്രസംഗിക്കാൻ ദൈവം പറഞ്ഞപ്പോൾ യോനാ വേറെ സ്ഥലത്തേക്കുള്ള ബോട്ട് കയറി. അതുകൊണ്ട് അവനെ തിരിച്ചറിവിലേക്ക് കൊണ്ടുവരാൻ ദൈവം തിമിംഗലം പോലൊരു മത്സ്യത്തെ നിയമിച്ചു.

യോനാ അസ്സീറിയക്കാരെ വെറുത്തതിനെ കുറ്റപ്പെടുത്താനാകില്ല. അവർ പണ്ട് ഇസ്രായേലിനെ പീഢിപ്പിച്ചവരാണ്; ഏതാണ്ട് 50 വർഷത്തിനിടയിൽ അവർ വടക്കേ ഗോത്രങ്ങളെ , ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം, പ്രവാസത്തിലേക്ക് കൊണ്ടുപോകാനിരിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അസീറിയയോട് ക്ഷമിക്കുക എന്നതിൽ യോനാക്ക് അനിഷ്ടം തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ യോനാ സകല ജനത്തിന്റെയും ദൈവമായവനേക്കാൾ ദൈവത്തിന്റെ ജനമായവരോടാണ് കൂടുതൽ കൂറ് പുലർത്തിയത്. ദൈവം ഇസ്രായേലിന്റെ ശത്രുക്കളായവരെയും സ്നേഹിക്കുകയും രക്ഷിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ്. അവൻ നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുന്നു; രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ആത്മാവിന്റെ ചിറകുകൾ ധരിച്ച്, യേശുവിന്റെ സുവിശേഷവുമായി നമുക്കവരുടെയിടയിലേക്ക് പോകാം.

അവന്റെ നാമത്തിൽ ആശ്രയിക്കുക

ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ പോകുവാൻ എനിക്ക് ഭയമുണ്ടായിരുന്നു. ചില പെൺകുട്ടികൾ എന്നെ കോമാളിവേഷം കെട്ടിച്ച് അപഹസിക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുസമയത്തെല്ലാം ഞാൻ ലൈബ്രറിയിൽ അഭയം തേടി ക്രിസ്തീയ കഥകളുടെ പുസ്തകങ്ങൾ വായിച്ചു. യേശു എന്ന പേര് ആദ്യമായി വായിച്ചത് ഞാൻ ഓർക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാളുടെ പേരാണിത് എന്ന് എനിക്ക് എങ്ങനെയോ മനസ്സിലായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ, ഉപദ്രവം പേടിച്ച് ഞാൻ സ്കൂളിൽ എത്തുമ്പോഴൊക്കെ "യേശുവേ, എന്നെ സംരക്ഷിക്കണമേ" എന്ന് ഞാൻ പ്രാർത്ഥിച്ചു. അവൻ എന്നെ കാക്കുന്നുണ്ട് എന്ന ചിന്ത എനിക്ക് ധൈര്യവും ശാന്തിയും നല്കി. പതിയെപ്പതിയെ, എന്നെ ഉപദ്രവിക്കുന്നതിൽ മനം മടുത്ത് ആ കുട്ടികളത് നിർത്തി.

വർഷങ്ങൾ നിരവധി കടന്നു പോയി, അവന്റെ നാമത്തിലുള്ള ആശ്രയം ഇന്നും എന്നെ പ്രയാസങ്ങളിൽ സഹായിക്കുന്നു. അവന്റെ നാമത്തിൽ ആശ്രയിക്കുക എന്നത് അവൻ തന്റെ സ്വഭാവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതും അവനിൽ വിശ്രമം കണ്ടെത്തുന്നതുമാണ്.

ദൈവത്തിന്റെ നാമത്തിൽ ആശ്രയിക്കുന്നതിലെ സുരക്ഷിതത്വം ദാവീദിന് അറിയാമായിരുന്നു. സങ്കീർത്തനം 9 എഴുതിയപ്പോൾ നീതിമാനും വിശ്വസ്തനും ആയ ദൈവം സർവ്വാധികാരിയാണെന്ന യാഥാർത്ഥ്യം ദാവീദ് ഗ്രഹിച്ചിരുന്നു(വാ. 7, 8, 10, 16). ശത്രുക്കളോട് യുദ്ധത്തിന് പോയപ്പോഴൊക്കെ ദാവീദ് ഈ ദൈവത്തിന്റെ നാമത്തിലാണ് ആശ്രയിച്ചത്; തന്റെ യുദ്ധ മികവിലും ആയുധങ്ങളിലുമല്ല. "പീഢിതന് അഭയസ്ഥാന" (വാ. 9) മായ ദൈവം അദ്ദേഹത്തിന്റെയും ആത്യന്തിക ശരണമായിരുന്നു.

ഒരു ചെറിയ പെൺകുട്ടിയായിരുന്ന ഞാൻ അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും സംരക്ഷണം അനുഭവിക്കുകയും ചെയ്തു. യേശു എന്ന, നമ്മെ സ്നേഹിക്കുന്നവന്റെ ,നാമത്തിൽ എപ്പോഴും ആശ്രയിക്കാൻ നമുക്ക് കഴിയട്ടെ.

വിദ്വേഷത്തെ വെല്ലുന്ന ദയ

2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നപ്പോൾ ഗ്രെഗ് റോഡ്രിഗസും കൊല്ലപ്പെട്ടു. അയാളുടെ അമ്മ ഫില്ലിസും പിതാവും അതീവദു:ഖിതരായെങ്കിലും ആ ഭീകരാക്രമണത്തോട് അവർ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. 2002 ൽ ഫില്ലിസ്, ഈ ആക്രമണത്തിൽ ഭീകരരെ സഹായിച്ചതായി ആരോപിക്കപ്പെട്ട ഒരാളുടെ അമ്മ ഐക്ക-എൽ-വേഫിനെ കാണുവാൻ ഇടയായി. ഫില്ലിസ് പറഞ്ഞത്: "ഞാൻ വിടർന്ന കരങ്ങളോടെ അവരെ സമീപിച്ചു. പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു... ഐക്കയും ഞാനും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലായി... ഞങ്ങൾ രണ്ടു പേരും പുത്രന്മാർ നിമിത്തം പ്രയാസം അനുഭവിക്കുന്നവരാണ്. "

വലിയ ദുഃഖത്തോടും വേദനയോടും കൂടിയാണ് ഫില്ലിസ് ഐക്കയെ കണ്ടത്. തന്റെ മകന്റെ മരണം മൂലം തോന്നുന്ന ക്രോധം, ന്യായമാണെങ്കിലും, അതിന് തന്റെ മനോവേദനയെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഫില്ലിസ് വിശ്വസിച്ചു. ഐക്കയുടെ കുടുംബ കഥ കേട്ട ഫില്ലിസിന് അവരെ ശത്രുവായി കാണാൻ കഴിഞ്ഞില്ല; പകരം സഹതാപം തോന്നി. നീതി നടപ്പാകണം എന്ന് ആഗ്രഹിച്ചു; എന്നാൽ നമ്മോട് ദോഷം ചെയ്യുന്നവരോട് പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തിൽ നിന്ന് മുക്തരാകേണ്ടതാണ് എന്നും ബോധ്യമുണ്ടായിരുന്നു.

ഈ തിരിച്ചറിവാണ് പൗലോസ് അപ്പസ്തോലൻ നല്കുന്നത്; "എല്ലാ കയ്പ്പും കോപവും ക്രോധവും ... സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ" (എഫെസ്യർ  4:31) എന്ന് പറയുന്നതിലൂടെ. ഈ നശീകരണ പ്രവണതകളെ നാം വിട്ടൊഴിയുമ്പോൾ ദൈവാത്മാവ് നമ്മെ പുതിയ താല്പര്യങ്ങൾ കൊണ്ട് നിറക്കും. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരാകാൻ" (വാ:32) പൗലോസ് പറയുന്നു. അനീതികൾ പരിഹരിക്കപ്പെടാനായി പ്രവർത്തിക്കാം എങ്കിലും വൈരാഗ്യ പൂർവ്വമുള്ള പ്രതികാരം ഒഴിവാക്കേണ്ടതാണ്. വിദ്വേഷത്തെ വെല്ലുന്ന ദയ കാണിക്കാൻ ദൈവത്മാവ് നമ്മെ സഹായിക്കട്ടെ.

അസാധാരണ വർഷം

ജീവിതത്തിന്റെ അധിക കാലവും ഒരു അന്യമതക്കാരനായി ജീവിച്ചുവെങ്കിലും, ക്രിസ്ത്യാനികൾ  നേരിട്ട വ്യവസ്ഥാനുസൃതമായ പീഢനം നിർത്തലാക്കുവാൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ (AD 272-337 ) നവീകരണങ്ങൾ നടത്തി. ചരിത്രത്തെ BC (ക്രിസ്തുവിനു മുമ്പ്) എന്നും AD (ക്രിസ്തുവർഷം-Anno Domini ) എന്നും വേർതിരിച്ച് കലണ്ടർ നടപ്പിലാക്കിയതും അദ്ദേഹമാണ്.

ഇതിനെ പിന്നീട് മതേതരമാക്കാനുള്ള ശ്രമം ഉണ്ടായി; CE (Common Era) എന്നും BCE (before Common Era) എന്നും വിളിക്കാൻ ശ്രമിച്ചു. ദൈവത്തെ പുറത്ത് നിർത്താനുള്ള ലോകത്തിന്റെ താല്പര്യത്തിന്റെ ഒരു ഉദാഹരണമായി ചിലർ ഇതിനെ കണക്കാക്കുന്നു.

എന്നാൽ ദൈവം എങ്ങോട്ടും പോകുന്നില്ല. പേര് എങ്ങനെ മാറ്റിയാലും ചരിത്രത്തിന്റെ കലണ്ടർ യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതത്തെ കേന്ദ്രീകരിച്ച് തന്നെയാണ് നിലകൊള്ളുന്നത്.

ബൈബിളിലെ എസ്ഥേറിന്റെ പുസ്തകത്തിന്, ദൈവം എന്ന വാക്ക് അതിൽ ഇല്ല എന്ന ഒരു അസാധാരണത്വം ഉണ്ട്. എങ്കിലും ദൈവം വിടുവിക്കുന്നതിന്റെ ചരിത്രമാണ് അതിൽ വിവരിക്കുന്നത്. അവരുടെ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദന്മാർ ദൈവത്തെ അറിയാത്ത ഒരു നാട്ടിലാണ്. ശക്തനായ ഒരു അധികാരിക്ക് അവരെയെല്ലാം കൊന്നു മുടിക്കണമെന്ന് താല്പര്യമുണ്ടായി (എസ്ഥേർ 3:8-9; 12-14). എന്നാൽ എസ്ഥേർ രാജ്ഞിയിലൂടെയും സഹോദരനായ മൊർദ്ദേഖായിയിലൂടെയും ദൈവം തന്റെ ജനത്തെ വിടുവിച്ചു. ഈ ചരിത്രമാണ് യഹൂദൻ പൂരിം ഉത്സവത്തിലൂടെ ഓർക്കുന്നത് ( 9:20-32).

ലോകം തന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വിഷയമാക്കാതെ, യേശു സകലതും വ്യത്യാസപ്പെടുത്തുന്നു. യഥാർത്ഥ പ്രത്യാശയുടെയും വാഗ്ദത്തത്തിന്റെയും ഒരു അസാധാരണ കാലഘട്ടത്തിലേക്ക് അവൻ നമ്മെ പ്രവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി; നമുക്കവനെ കാണാനാകും.

സ്വർഗീയ സമാഗമം

എന്റെ മാതാവിന്റെ ചരമക്കുറിപ്പ് തയ്യാറാക്കിയപ്പോൾ, മരിച്ചു എന്ന വാക്ക് ഒരു പ്രത്യാശയില്ലാത്ത പ്രയോഗമായി എനിക്ക് തോന്നി; സ്വർഗ്ഗത്തിലെ ഒരു പുന:സമാഗമം നമ്മുടെ പ്രത്യാശയാണല്ലോ. അതുകൊണ്ട് "യേശുവിന്റെ കരങ്ങളിലേക്ക് എടുക്കപ്പെട്ടു" എന്ന പ്രയോഗമാണ്. എന്നിട്ടും അമ്മ ഉൾപ്പെടാത്ത ഏറ്റവും പുതിയ കുടുംബ ഫോട്ടോകൾ കാണുമ്പോൾ ചില നാളുകൾ എനിക്ക് ദുഃഖമായിരുന്നു. എന്നാൽ നമ്മെവിട്ടു പോയവരുടെ ചിത്രം പഴയ ഫോട്ടോ നോക്കി കുടുംബഫോട്ടോയിൽ വരച്ചു ചേർക്കുന്ന ഞാൻ ഒരു ചിത്രകാരനെ കണ്ടെത്തി. ബ്രഷിന്റെ മനോഹര ചലനത്തിലൂടെ അയാൾ ദൈവം വാഗ്ദത്തം ചെയ്ത സ്വർഗീയ സമാഗമത്തിന്റെ ഒരു ചിത്രീകരണം നടത്തുകയായിരുന്നു. അമ്മയോടൊപ്പം വീണ്ടും ഒരുമിച്ച് ആയിരിക്കാമെന്ന ചിന്തയിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

അപ്പസ്തോലനായ പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവർ "ശേഷം മനുഷ്യരേപ്പോലെ" ദുഃഖിക്കരുത് എന്ന് പറയുന്നു (1തെസലോനിക്യർ4:13). "യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും"(വാ.14). പൗലോസ് യേശുവിന്റെ രണ്ടാം വരവ് അംഗീകരിക്കുകയും സകല വിശ്വാസികളും യേശുവിനൊപ്പം സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (വാ.17 ).

യേശുവിൽ വിശ്വസിച്ച ഒരു പ്രിയപ്പെട്ടയാളുടെ നഷ്ടം ഓർത്ത് നാം ദു:ഖിക്കുമ്പോൾ, സ്വർഗീയ കൂടിച്ചേരലെന്ന ദൈവിക വാഗ്ദാനത്തിന് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിയും. നമ്മുടെ നശ്വരതയെ നാം അഭിമുഖീകരിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ നമ്മുടെ രാജാവിനോടുകൂടെയുള്ള വാഗ്ദത്ത ഭാവി, തന്റെ വരവ് വരെയോ അവിടുന്ന് നമ്മെ വീട്ടിൽ ചേർക്കുന്നതുവരെയോ നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുന്നു.