പ്രതിബന്ധങ്ങളെ അതിജീവിക്കുക
1968 ഏപ്രിൽ 3 ന് , അതിതീവ്ര ചുഴലിക്കാറ്റ് അമേരിക്കയിലെ ഒരു നഗരത്തിൽ ആഞ്ഞടിച്ചു. ക്ഷീണിതനും അസ്വസ്ഥനുമായിരുന്ന റെവ. ഡോ.മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയർ സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിന്തുണച്ച് അന്ന് സഭാഹാളിൽ തീരുമാനിച്ചിരുന്ന പ്രസംഗം നടത്താൻ ഉദ്ധേശിച്ചിരുന്നില്ല. എന്നാൽ ഒരു വലിയ ജനക്കൂട്ടം കാലാവസ്ഥയെ വകവെക്കാതെ വന്നിരിക്കുന്നു എന്ന ഫോൺ കോൾ അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുകൊണ്ട് അദ്ദേഹം ഹാളിലേക്ക് പോയി നാല്പതു മിനുട്ട് സംസാരിക്കുകയും, ചിലർ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായത് എന്ന് പറയാറുള്ള “ഞാൻ മലമുകളിൽ പോയിരുന്നു” എന്ന പ്രസംഗം ചെയ്യുകയും ചെയ്തു.
അടുത്ത ദിവസം കിങ്ങ് ഒരു കൊലയാളിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും അടിച്ചമർത്തപ്പെട്ട ആളുകളെ “വാഗ്ദത്ത ഭൂമി”ക്കായുള്ള പ്രത്യാശയിൽ പ്രചോദിപ്പിക്കുന്നു. സമാനമായി യേശുവിന്റെ ആദ്യകാല വിശ്വാസികൾ ആവേശജനകമായ ഒരു സന്ദേശത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. യേശുവിലെ വിശ്വാസം മൂലം ഭീഷണി നേരിടുന്ന യഹൂദ വിശ്വാസികളെ പ്രത്യാശ നഷ്ടപ്പെടാതെ ഇരിക്കുവാൻ ഉറച്ച ആത്മീക ഉത്തേജനം നൽകിക്കൊണ്ട് പ്രോത്സാഹിപ്പിക്കുവാനായി എഴുതിയതാണ് എബ്രായ പുസ്തകം. “ആകയാൽ തളർന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ“എന്ന് അത് പ്രചോദിപ്പിക്കുന്നു (12:12). യഹൂദന്മാർ എന്ന നിലയിൽ ഇത് യഥാർത്ഥത്തിൽ യെശയ്യാ പ്രവാചകനിൽ നിന്നാണ് വന്നതെന്ന് അവർ തിരിച്ചറിയും (യെശയ്യാവ് 35:3).
എന്നാൽ, ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുന്ന നമ്മെ ഇന്ന് വിളിച്ചിരിക്കുന്നത് “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.”(എബ്രായർ 12:2, 1). അങ്ങനെ നമ്മൾ ചെയ്യുമ്പോൾ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കും” (വാ. 3).
തീർച്ചയായും അലകളും കൊടുങ്കാറ്റും നമ്മെ ജീവിതത്തിൽ കാത്തിരിക്കുന്നു. എന്നാൽ, യേശുവിനൊപ്പം നിന്ന് ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ നാം മറികടക്കും.

ഇരുളും വെളിച്ചവും
ഞാൻ കോടതിമുറിയിൽ ഇരുന്നപ്പോൾ നമ്മുടെ ലോകത്തിന്റെ തകർച്ചയുടെ അനേക ഉദാഹരണങ്ങൾ കണ്ടു: അമ്മയോട് അകന്നിരിക്കുന്ന മകൾ; ഒരിക്കൽ പങ്കിട്ട സ്നേഹം മറന്ന് കയ്പ്പ് പങ്കിടുന്ന ഭർത്താവും ഭാര്യയും; ഭാര്യയോടു അനുരഞ്ചപ്പെടാനും മക്കളോട് ഒത്തുചേരാനും ആഗ്രഹിക്കുന്ന ഭർത്താവ്. അവർക്ക് അതിജീവിക്കുവാൻ രൂപാന്തരം വന്ന ഹൃദയവും, ഉണങ്ങിയ മുറിവുകളും ദൈവസ്നേഹവും അത്യാവശ്യമായിരുന്നു.
ചിലപ്പോൾ ചുറ്റുമുള്ള ലോകം ഇരുട്ടും നിരാശയും മാത്രം നിറഞ്ഞിരിക്കുന്നുവെന്ന് തോന്നുമ്പോൾ നിരാശയിലേക്ക് വീണു പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ യേശു ആ തകർച്ചക്കും വേദനക്കുമായി മരിച്ചു എന്ന് ക്രിസ്തുലുള്ള വിശ്വാസികളുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു. അവിടുന്ന് മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നപ്പോൾ അവിടുന്ന് ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവന്നു (1:4–5; 8:12)). നിക്കോദേമൊസുമായുള്ള സംഭാഷണത്തിൽ നാമിതു കാണുന്നു, ഗൂഢമായി ഇരുളിന്റെ മറവിൽ യേശുവിനടുക്കലേക്ക് വന്നയാൾ വെളിച്ചത്തിന്റെ പ്രഭാവവുമായി മടങ്ങി (3:1–2; 19:38–40).
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു യേശു നിക്കോദേമൊസിനെ പഠിപ്പിച്ചു (3:16).
യേശു ഈ ലോകത്തിലേക്ക് വെളിച്ചവും സ്നേഹവും കൊണ്ടുവന്നു എങ്കിലും അനേകർ തങ്ങളുടെ പാപത്തിന്റെ ഇരുളിൽ നഷ്ടമായിരിക്കുന്നു (വാ. 19–20). നാം അവന്റെ അനുയായികളാണെങ്കിൽ നമുക്ക് ഇരുളിനെ നീക്കുന്ന വെളിച്ചമുണ്ട്. ദൈവം നമ്മെ അവിടുത്തെ സ്നേഹത്തിന്റെ വിളക്കുകളാക്കുമെന്ന്, നമുക്ക് നന്ദിയോടെ പ്രാർത്ഥിക്കാം.(മത്തായി 5:14–16).

മരണത്താലുള്ള ജീവൻ
ക്യാൻസറുമായി മല്ലിടുന്ന കാൾനു ഇരട്ട ശ്വാസകോശമാറ്റം ആവശ്യമായിരുന്നു. അവൻ ദൈവത്തോട് പുതിയൊരു ശ്വാസകോശത്തിനായി പ്രാർത്ഥിച്ചുവെങ്കിലും അങ്ങനെ ചെയ്തതിൽ അവന് വിഷമം തോന്നി.ആ പ്രാർത്ഥന അയാൾക്കു വിചിത്രമായി തോന്നി, കാരണം “എനിക്ക് ജീവിക്കുവാൻ മറ്റൊരാൾ മരിക്കണം”.
കാൾന്റെ ധർമ്മസങ്കടം തിരുവെഴുത്തിലെ ഒരു പ്രാഥമിക സത്യം ഉയർത്തിക്കാണിക്കുന്നു: ദൈവം ജീവൻ നൽകുവാൻ മരണത്തെ ഉപയോഗിക്കുന്നു. പുറപ്പാടിന്റെ ചരിത്രത്തിൽ നാമിതു കാണുന്നുണ്ട്. അടിമത്തത്തിൽ ജനിച്ച യിസ്രായേല്യർ അടിച്ചമർത്തലിൽ തളർന്നു. ദൈവം ഇതിനെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്നതുവരെ ഫറവോൻ അയവുവരുത്തിയില്ല. ഊനമില്ലാത്തെ ആട്ടിൻകുട്ടിയെ അറുത്ത് അതിന്റെ രക്തം കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ എല്ലാ ആദ്യജാതനും കൊല്ലപ്പെടുമായിരുന്നു (പുറപ്പാട് 12:6–7).
ഇന്ന് നിങ്ങളും ഞാനും പാപത്തിന്റെ അടിമത്തത്തിലാണ് ജനിച്ചത്. ദൈവം ഇത് വ്യക്തിപരമായി എടുത്ത്, തന്റെ ഊനമില്ലാത്ത പുത്രനെ രക്തം പുരണ്ട കുരിശിന്റെ കൈകളിൽ ബലിയർപ്പിക്കുന്നതുവരെ സാത്താൻ തന്റെ പിടി വിടില്ലായിരുന്നു.
അവിടെ തന്നോടൊപ്പം ചേരാൻ യേശു നമ്മെ വിളിക്കുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാത്യർ 2:20) എന്ന് പൗലോസ് വിശദീകരിച്ചു. നാം നമ്മുടെ വിശ്വാസം ദൈവത്തിന്റെ ഊനമില്ലാത്ത കുഞ്ഞാടിൽ വെക്കുമ്പോൾ, നാം ദിവസവും അവനോടു കൂടെ മരിക്കുവാൻ അർപ്പിക്കുകയാണ്—അവനോടൊപ്പം പുതു ജീവനിലേക്ക് ഉയിർക്കുവാനായി നാം പാപത്തിനു മരിക്കുന്നു. (റോമർ 6:4-5). പാപത്തിന്റെ ചങ്ങലകളോട് ഇല്ല എന്നും ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തോട് ഉവ്വ് എന്നും പറയുമ്പോഴെല്ലാം നാം ഈ വിശ്വാസത്തെ പ്രദർശിപ്പിക്കുന്നു. യേശുവിനൊപ്പം മരിക്കുന്നതിനേക്കാൾ അധികമായി നാം ഒരിക്കലും ജീവിക്കുന്നില്ല.

പ്രസംഗിക്കുന്നത് പ്രവർത്തിപ്പിൻ
എന്റെ ഇളയവൻ സേവ്യർ അംഗണവാടിയിൽ ചേർന്നപ്പോഴാണ് ഞാൻ എന്റെ മക്കളെ വേദപുസ്തകം വായിച്ചു കേൽപ്പിക്കാൻ തുടങ്ങിയത്. പഠിപ്പിക്കാനുതകുന്ന നിമിഷങ്ങൾക്കായി ഞാൻ നോക്കുകയും നമ്മുടെ സാഹചര്യങ്ങൾക്ക് ഉതകുന്ന വാക്യങ്ങൾ പങ്കിട്ട് എന്നോട് കൂടെ പ്രാർത്ഥിക്കാൻ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യും. സേവ്യർ പരിശ്രമിക്കാതെ തന്നെ തിരുവെഴുത്തുകൾ മനഃപാഠമാക്കി. ഞങ്ങൾ ജ്ഞാനം ആവശ്യമുള്ള ഏതെങ്കിലും വിഷമസന്ധിയിൽ ആണെങ്കിൽ അവൻ ദൈവീക സത്യത്തിന്റെ വെളിച്ചം വീശുന്ന വാക്യങ്ങൾ ആലോചന കൂടാതെ വിളിച്ചു പറയും.
ഒരു ദിവസം എനിക്ക് ദേഷ്യം വന്നു അവന്റെ കേൾക്കെ പരുഷമായി സംസാരിച്ചു. അവൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു “പ്രസംഗിക്കുന്നത് പ്രവർത്തിക്കൂ അമ്മേ.”
സേവ്യറിന്റെ ഓർമ്മപ്പെടുത്തൽ യാക്കോബ് അപ്പോസ്തലൻ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന യേശുവിന്റെ വിശ്വാസികൾക്ക് നൽകിയ ജ്ഞാനത്തിന്റെ പ്രബോധനത്തെ പ്രതിധ്വനിപ്പിക്കുന്നു (യാക്കോബ് 1:1). പാപം എതെല്ലാം വിധത്തിൽ യേശുവിനോടുള്ള നമ്മുടെ സാക്ഷ്യത്തെ തടസ്സപ്പെടുത്തുമെന്ന് കാണിച്ചതിനു ശേഷം അവരെ യാക്കോബ് “ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ“(വാ. 21) എന്ന് ഉത്സാഹിപ്പിക്കുന്നു. നമ്മൾ വചനം കേട്ടിട്ട് അനുസരിക്കാതെ ഇരിക്കുന്നത് കണ്ണാടിയിൽ നോക്കുകയും രൂപം മറക്കുകയും ചെയ്യുന്ന ആളുകളെപ്പോലെയാണ് (വാ. 23-24). യേശുവിന്റെ രക്തത്താൽ ദൈവത്തോടു നിരപ്പു വന്ന അവിടുത്തെ പ്രതിമ-ധരിക്കുന്നവരെന്ന ലഭിച്ചിരിക്കുന്ന പദവിയുടെ ദർശനം നമുക്ക് നഷ്ടപ്പെട്ടേക്കാം.
യേശുവിലുള്ള വിശ്വാസികൾ സുവിശേഷം അറിയിക്കുവാൻ കല്പന ലഭിച്ചവരാണ്. പരിശുദ്ധാത്മാവ് നമ്മെ മികച്ച പ്രതിനിധികളും അതിലൂടെ സുവിശേഷത്തിന്റെ ദൂതന്മാരുമാക്കാനായി ശക്തീകരിക്കുന്നതോടൊപ്പം നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. അവൻ നമ്മെ അയക്കുന്നിടത്തെല്ലാം ദൈവീക സത്യത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കാൻ നമ്മുടെ സ്നേഹത്തിലുള്ള അനുസരണം സഹായിക്കും. അങ്ങനെ നമുക്ക് പ്രസംഗിക്കുന്നത് പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരെ യേശുവിലേക്ക് നയിക്കാം.

ഒരു വിവേകരഹിതമായ നിക്ഷേപം
വിജയ് കേഡിയ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നാണ് വന്നത്; എങ്കിലും അയാൾക്ക് സ്റ്റോക്ക് മാർക്കെറ്റിൽ അതീവ താല്പര്യം ഉണ്ടായിരുന്നു. 2004-2005 ൽ ആളുകൾ അന്ന് വിലയില്ലാത്തതായി കരുതിയ മൂന്നു കമ്പനികളിൽ അയാൾ നിക്ഷേപിച്ചു. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ അയാൾ സ്റ്റോക്കുകൾ വാങ്ങി. വിജയ്യുടെ ‘വിഡ്‌ഢിത്തം’ ഫലം കണ്ടു; കമ്പനിയുടെ മൂല്യം നൂറിലധികം മടങ്ങ് വർദ്ധിച്ച് പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന കരുത്തുള്ള നിക്ഷേപമായി മാറി.
തികച്ചും അസംബന്ധം എന്ന് തോന്നിച്ച നിക്ഷേപം നടത്തുവാൻ ദൈവം യിരെമ്യാവിനൊട് ആവശ്യപ്പെട്ടു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള നിലം വാങ്ങുക” (യിരെമ്യാവ് 32:8). ഇത് ഭൂമി വാങ്ങുവാനുള്ള സമയം അല്ലായിരുന്നു. രാജ്യം മുഴുവൻ കൊള്ളയടിക്കപ്പെടുന്നതിന്റെ വക്കിലായിരുന്നു. “അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു“(വാ. 2). യിരമ്യാവ് വാങ്ങിയതെല്ലാം ഉടനെ ബാബിലോണ്യരുടെ കയ്യിലാകുമായിരുന്നു. എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഏതു വിഡ്ഢിയാണ് നിക്ഷേപം നടത്തുക?
ദൈവത്തെ കേൾക്കുന്ന വ്യക്തി —മറ്റാർക്കും വിഭാവനം ചെയ്യാൻ സാധിക്കാത്ത ഭാവിയെ ആസൂത്രണം ചെയ്യുന്നവനാണ്. “ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (വാ. 15). ദൈവം നാശത്തിനപ്പുറം കണ്ടു. ദൈവം വിടുതലും, രോഗശാന്തിയും, യഥാസ്ഥാപനവും വരുത്തുമെന്ന് വാഗ്ദത്തം ചെയ്തു. ദൈവത്തോടുള്ള ബന്ധത്തിലോ ശുശ്രൂഷയിലോ നടത്തുന്ന അസംബന്ധ നിക്ഷേപങ്ങൾ മൂഢമായതല്ല— ദൈവം നമ്മെ നയിക്കുമ്പോൾ അത് ഏറ്റവും ബുദ്ധിപരമായ നീക്കമായിരിക്കും. (ദൈവമാണ് നിർദ്ദേശത്തിനു പിന്നിലെന്ന് പ്രാർത്ഥനയോടെ നാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്). മറ്റുള്ളവരുടെ “മൂഢ” നിക്ഷേപം ദൈവം നയിക്കുമ്പോൾ ഏറ്റവും അർത്ഥവത്താകുന്നു.
