ഇപ്പോഴത്തെ തലമുറ
1964ൽ ചെറുപ്പക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ ജാക്ക് വെയ്ൻ ബെർഗ് പറഞ്ഞു, “മുപ്പത് വയസ്സിനു മുകളിലുള്ള ആരേയും ഒരിക്കലും വിശ്വസിക്കരുത്. " അദ്ദേഹത്തിന്റെ ഈ പ്രസ്താവന, ഒരു മുഴുവൻ തലമുറയും ഏറ്റു പാടി. “പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ , ഞാൻ കൂടുതൽ ചിന്തിക്കാതെ പറഞ്ഞു പോയതു മുഴുവനോടെ തലതിരിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ടു പോയി” എന്ന് വെയ്ൻ ബെർഗ് പിന്നീട് പശ്ചാത്തപിച്ചു.
മിലേനിയൽസിനെ (1981 നും 1996 നും ഇടയിൽ ജനിച്ചവർ) കുറിച്ച് തരം താഴ്ത്തി പറയുന്ന പരാമർശങ്ങളോ, നേരെ മറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഓരു തലമുറക്ക് മറ്റൊന്നിനെക്കുറിച്ചുള്ള മോശമായ ചിന്തകൾ അവർ തമ്മിലുള്ള ബന്ധം മുറിയുവാൻ ഇടവരും. ഏതിനാണെങ്കിലും തീർച്ചയായും അതിന്റേതായ ഒരു മികച്ച വഴി ഉണ്ട്.
ഹിസ്കീയാവു നല്ലൊരു രാജാവായിരുന്നുവെങ്കിലും അടുത്ത തലമുറയെ കുറിച്ച് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഹിസ്കീയാവിന് ചെറുപ്പത്തിൽ തന്നെ മാരകമായ രോഗം പിടിച്ചു (2 രാജാക്കന്മാർ 20: 1), അവൻ യഹോവയോടു അവന്റെ ജീവനായി പ്രാർത്ഥിച്ചു (വാ. 2 – 3). ദൈവം അവന് പതിനഞ്ച് സംവത്സരങ്ങൾ കൂട്ടിക്കൊടുത്തു (വാ. 6).
എന്നാൽ, തന്റെ പുത്രന്മാരിൽ ചിലരെ ഒരു ദിവസം തടവുകാരാക്കി പിടിച്ചു കൊണ്ടു പോകുമെന്ന ഭയാനക വാർത്ത അറിഞ്ഞിട്ടും ഹിസ്കിയാവ് രാജാവിന് പ്രകടമായ കണ്ണുനീർ ഉണ്ടായിയില്ല (വാ. 16 – 18). അവൻ വിചാരിച്ചു, “എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ”(വാ. 19). ഹിസ്കിയാവിന് സ്വന്തം സുഖ സൗകര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്കണ്ഠയൊന്നും അടുത്ത തലമുറയോട് ഉണ്ടായിരുന്നില്ല.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നമ്മെ വേർതിരിക്കുന്ന വരമ്പുകളെ സ്നേഹംകൊണ്ട് മറികടക്കാനാണ്. പഴയ തലമുറക്ക് യുവതലമുറയുടെ പുതിയ ആദർശങ്ങളും ക്രിയാത്മകതയും ആവശ്യമാണെന്നിരിക്കെ, തിരിച്ച് മുൻ തലമുറയുടെ അറിവും പരിചയസമ്പത്തും യുവതലമുറക്കും ഉപകരിക്കും. കളിയാക്കലുകളുടെയോ മുദ്രാവാക്യങ്ങളുടേയോ സമയമല്ല ഇത് ; ചിന്തനീയമായ ആശയങ്ങളുടെ കൈമാറ്റമാണ് ആവശ്യം. ഇതിൽ നമ്മൾ ഒന്നിച്ചാണ്.

യഥാർത്ഥ വ്യക്തിത്വം
എന്റെ കൂട്ടുകാരി ഞാൻ എടുത്തിട്ടുള്ള അവളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ, അവളുടെ സ്വാഭാവിക ശരീര പ്രകൃതികളെ സ്വന്തം ന്യൂനതകളായി സ്വയം ചൂണ്ടിക്കാട്ടി. ഞാൻ അവളോട് കൂടുതൽ അടുത്ത് നോക്കുവാൻ പറഞ്ഞു. “ഞാൻ കാണുന്നത് സർവ്വശക്തനായ രാജാധിരാജന്റെ സ്നേഹനിധിയായ ഭംഗിയുള്ള മകളെയാണ്” ഞാൻ പറഞ്ഞു. “ഞാൻ കാണുന്നത് ദൈവത്തേയും മറ്റുള്ളവരേയും ആർദ്രമായി സ്നേഹിക്കുന്ന, യഥാർത്ഥ അനുകമ്പയോടും, മഹാമനസ്ക്തയോടും, വിശ്വാസ്യതയോടും കൂടി, ഒത്തിരി ജീവിതങ്ങളെ സ്വാധീനിച്ച ഒരാളെയാണ്.” അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. "നിനക്ക് ഒരു കിരീടം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്" എന്ന് ഞാൻ പറഞ്ഞു. അന്ന് വൈകുന്നേരം അവൾക്ക് നല്ല ഒരു കിരീടം ഞങ്ങൾ തെരഞ്ഞെടുത്തു; അവളുടെ യഥാർത്ഥ സ്വത്വം അവൾ ഒരിക്കലും മറക്കാതിരിക്കാൻ.
നാം യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ, അവൻ നമ്മെ മക്കൾ എന്ന് വിളിച്ച് സ്നേഹത്തിന്റെ ഒരു കിരീടം നമ്മെ ധരിപ്പിക്കുന്നു( 1 യോഹന്നാൻ 3: 1 ). വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിൽക്കുവാനുള്ള ശക്തിയും അവൻ നമുക്കു നൽകിയതു കൊണ്ട് “അവൻ പ്രത്യക്ഷനാകുമ്പോൾ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്ക് ധൈര്യം " ഉണ്ടാകും ( 2: 28 ). അവൻ നമ്മെ നാമായിരിക്കുന്നതുപോലെ തന്നെ സ്വീകരിച്ചുവെങ്കിലും, അവന്റെ സ്നേഹം നമ്മെ നിർമ്മലീകരിച്ച് അവനോടു സദൃശന്മാർ ആക്കി മാറ്റുന്നു ( 3 : 2-3 ). ദൈവത്തിന്റെ ആവശ്യകത മനസ്സിലാക്കി മാനസാന്തരപ്പെടാൻ അവൻ നമ്മെ സഹായിക്കുന്നു; അതുവഴി പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള കഴിവിൽ സന്തോഷിക്കുവാനും( വാ. 7-9). നമ്മുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അവന്റെ സത്യത്താലും, നമ്മുടെ ജീവനിൽ കുടികൊള്ളുന്ന അവന്റെ ആത്മാവിനാലും, സത്യസന്ധമായ അനുസരണത്തിലും സ്നേഹത്തിലും(വാ.10) നമുക്ക് ജീവിക്കാം.
എന്റെ കൂട്ടുകാരിക്ക് ശരിക്കും ഒരു കിരീടത്തിന്റെയോ, എന്തെങ്കിലും ആഭരണങ്ങളുടേയോ, ആവശ്യം അന്നേ ദിവസം ഉണ്ടായിരുന്നില്ല. ദൈവമക്കൾ ആയതിന്റെ മൂല്യം ഓർമ്മിപ്പിക്കുകയായിരുന്നു രണ്ടുപേരുടെയും ആവശ്യവും.

വൈവിധ്യത്തിന്റെ ആഘോഷം
2019 ൽ ഒരു യൂണിവേഴ്സിറ്റിയിൽ ബിരുദ ദാന ചടങ്ങിൽ 608 വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകൾ വാങ്ങുവാനായി തയ്യാറാക്കിയിരുന്നു. പ്രിൻസിപ്പൽ വിദ്യാർത്ഥികളോട്, അവർ ജനിച്ച രാജ്യത്തിന്റെ പേര് വിളിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് ആരംഭിച്ചു: അഫ്ഗാനിസ്ഥാൻ, ബൊളീവിയ,ബോസ്നിയ ………പ്രിൻസിപ്പൽ 60 രാജ്യങ്ങളുടെ പേരുകൾ വരെ പറഞ്ഞുകൊണ്ടിരുന്നു. ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റ് നിന്ന് ആർപ്പിട്ട് ആഹ്ലാദിച്ചു. അറുപത് രാജ്യങ്ങൾ;ഒരു യൂണിവേഴ്സിറ്റി !
നാനാത്വത്തിലെ ഏകത്വത്തിന്റെ ഈ മനോഹരദൃശ്യം,ജനങ്ങൾ ഒന്നിച്ച് ഒരുമയോടെ വസിക്കുന്നത് ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ ഹൃദയത്തിന് ചേരുന്ന ഒരു ചിത്രമാണ്.
സങ്കീർത്തനം 133 ൽ - ജനം യെരുശലേമിൽ വാർഷിക ഉത്സവത്തിന് ഒരുമിച്ച് ചേരുമ്പോൾ പാടിയിരുന്ന ഒരു ആരോഹണ ഗീതം - ദൈവമക്കൾ ഒന്നിച്ച് ജീവിക്കുവാനുള്ള ഒരു പ്രേരണ നൽകുന്നത് നമ്മൾ വായിക്കുന്നു.ആ സങ്കീർത്തനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പ്രയോജനങ്ങളാണ് (വാ. 1); വിഭിന്നതകൾ വിഭാഗീയത ഉണ്ടാക്കാമെന്നിരിക്കിലും. സുന്ദരമായ ഭാവനയിൽ ഒത്തൊരുമയെ വർണ്ണിച്ചിരിക്കുന്നത് ഉന്മേഷം പകരുന്ന മഞ്ഞു പോലെ എന്നാണ് (വാ. 3). പിന്നെ തൈലം – പുരോഹിതന്മാരെ അഭിഷേകം ചെയ്യുവാൻ ഉപയോഗിക്കുന്നത് (പുറപ്പാടു 29:7)-“ താഴേക്ക് ഒഴുകുന്നത്” തലയിൽ നിന്ന് താടിയിലേക്കും പിന്നെ പുരോഹിതന്റെ വസ്ത്രത്തിലേക്കും (വാ.2 ). സത്യത്തിൽ ഇതെല്ലാം വിരൽ ചൂണ്ടുന്ന യാത്ഥാർത്ഥ്യം, ഐക്യം ഉണ്ടെങ്കിൽ തടഞ്ഞുനിർത്താൻ കഴിയാത്ത വിധം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ഒഴുകുമെന്നാണ്.
യേശുവിൽ വിശ്വസിക്കുന്നവർക്ക് വംശീയമായോ, ദേശീയമായോ, പ്രായത്തിലോ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ആത്മാവിൽ ആഴമായ ഒരു ഐക്യം ഉണ്ടാകും (എഫെസ്യർ 4:3 ). നമ്മൾ യോജിച്ചു നിന്നാൽ, യേശു നമ്മെ നയിക്കുന്ന ആത്മാവിന്റെ ഐക്യത്തേയും, ദൈവം നമുക്ക് നല്കിയിട്ടുള്ള വ്യത്യസ്തതകളേയും ആശ്ലേഷിച്ച്, ശരിയായ ഐക്യത്തിന്റെ ഉറവിടമായ യേശുവിൽ സന്തോഷിക്കാം.

നമ്മുടെ സഭാകൂടിവരവ് നമുക്ക് ആവശ്യമാണ്
സതേൺ ബാപ്റ്റിസ്റ്റ് പ്രാസംഗികന്റെ മൂത്ത മകനായിട്ടാണ് ഞാൻ വളർന്നത്. എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ ഉണ്ടാകണമെന്നത് നിർബന്ധമായ കാര്യമായിരുന്നു. കഠിനമായ പനിയോ മറ്റോ വന്നാൽ ഒഴിവുണ്ടായിരുന്നു.. സത്യത്തിൽ പള്ളിയിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പനിയുള്ളപ്പോൾ പോലും പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ ലോകം മാറിപ്പോയി. സ്ഥിരമായി പള്ളിയിൽ പോകുന്നവരുടെ എണ്ണം പഴയതുപോലെയില്ല. തീർച്ചയായും, പെട്ടന്നുള്ള ചോദ്യമാണ് എന്തുകൊണ്ട് എന്നത് . വിഭിന്നമായ ധാരാളം ഉത്തരങ്ങൾ ഉണ്ട്. എഴുത്തുകാരിയായ കേതലിൻ നോറിസ് ഈ ഉത്തരങ്ങളെ എതിർത്തത്, "എന്തിനാണ് നാം പള്ളിയിൽ പോകുന്നത് "എന്ന അവരുടെ ചോദ്യത്തിന് അവർക്ക് ഒരു പാസ്റ്ററിൽ നിന്ന് കിട്ടിയ മറുപടി വെച്ചായിരുന്നു : " നാം പള്ളിയിൽ പോകേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കാരണം, അവിടെ ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടാകാം. "
നാം പള്ളിയിൽ പോകുന്നതിന്റെ കാരണം ഒരിക്കലും ഇത് മാത്രമല്ല.പക്ഷേ എബ്രായ ലേഖനം എഴുതിയ ലേഖകന്റെ ഹൃദയസ്പന്ദനം കൂടി ആ പാസ്റ്ററുടെ മറുപടിയിൽ പ്രതിധ്വനിക്കുന്നുണ്ട്. വിശ്വാസത്തെ മുറുകെ പിടിക്കുവാനും, അത് സാധ്യമാകുന്നതിനായി "സഭാ യോഗങ്ങളെ ഉപേക്ഷിക്കാതെ "(എബ്രായർ 10:24) ഇരിക്കാനും ലേഖകൻ വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്ന നിർണായകമായ കാര്യം നമ്മുടെ അസാന്നിധ്യം മൂലം നഷ്ടമാകും. "സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ "(വാ.25) നമുക്കെല്ലാം പരസ്പര പ്രോൽസാഹനം ആവശ്യമാണ്.
സഹോദരീ സഹോദരന്മാരേ, കൂട്ടായ്മകൾ തുടർന്നു കൊണ്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങളെ അവിടെ ആർക്കെങ്കിലും ആവശ്യമുണ്ടായിരിക്കാം. എന്നാൽ അതുപോലെതന്നെ ശരിയായ കാര്യമാണ്, തിരിച്ച് നിങ്ങൾക്കും അവരെ ഉപകരിക്കും എന്നത്.

ഒരു വലിയ വെളിച്ചം
2018 ൽ , തായ്ലാന്റിലെ 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കൂടി , ഒരു സായാഹ്നം ആസ്വദിക്കാനായി, വളഞ്ഞുതിരിഞ്ഞ വഴികളുള്ള ഒരു ഗുഹക്കകത്ത് പ്രവേശിച്ചു. അപ്രതീക്ഷിതമായി മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയപ്പോൾ അവർ കൂടുതൽ കൂടുതൽ ഗുഹക്ക് അകത്തേക്ക് കയറിപ്പോയി. രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അവരെ രക്ഷിച്ച് പുറത്തു കൊണ്ടുവരാനായത്. മുങ്ങൽ വിദഗ്ധ ടീം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്താനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ 6 ഫ്ലാഷ് ലൈറ്റുകളുമായി ഒരു ചെറിയ പാറയിടുക്കിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. എങ്ങനെയെങ്കിലും വെളിച്ചവും സഹായവും വരുമെന്ന് പ്രതീക്ഷിച്ച്, അനേക മണിക്കൂറുകൾ അവർ ഇരുട്ടിൽ ചെലവഴിച്ചു.
പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നത് ഇരുളു നിറഞ്ഞതും, അക്രമവും അത്യാഗ്രഹവും അതിക്രമിച്ചതും, മത്സരത്താലും മന:പീഢയാലും തകർന്നതുമായ ഒരു ലോകത്തെയാണ് (യെശ. 8:22). എവിടെയും അവശിഷ്ടങ്ങൾ മാത്രം. പ്രത്യാശയുടെ കിരണങ്ങൾ മിന്നി മറയുന്നു; അന്ധകാര ശൂന്യതയിലേക്ക് നിപതിക്കുന്നതിനു മുമ്പുള്ള സ്ഫുലിംഗങ്ങൾ മാത്രം. എങ്കിലും ഈ ഇരുണ്ട നാളുകൾ അവസാനമല്ലെന്ന് യെശയ്യാവ് ഉറപ്പിച്ച് പറയുന്നു. ദൈവത്തിന്റെ കരുണയാൽ "കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല" (9:1) എന്ന് പറയുന്നു. ദൈവം തന്റെ ജനത്തെ ഇരുളടഞ്ഞ അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കയില്ല. പാപം മൂലം ഉണ്ടായ അന്ധകാരത്തെ നീക്കുവാൻ യേശു വരുന്നതിനെക്കുറിച്ച് പ്രവാചകൻ ജനത്തിന് പ്രത്യാശ നൽകുന്നു.
യേശു വന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് പുതിയ അർത്ഥത്തിൽ നാം കേൾക്കുന്നു: "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു" (വാ .2).
രാത്രി എത്ര കുരിരുൾ നിറഞ്ഞതുമാകട്ടെ ; സാഹചര്യങ്ങൾ എത്ര നിരാശപ്പെടുത്തുന്നവയുമാകട്ടെ ; നാം ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുകയില്ല. യേശു ഇവിടെയുണ്ട്. ഒരു വലിയ വെളിച്ചം പ്രകാശിക്കുന്നു.
