Category  |  odb

ദൈവത്തിന്റെ ഇഷ്ടം

ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് ചിലപ്പോൾ പ്രയാസകരമാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു.പിറുപിറുക്കാതെ കഷ്ടത സഹിക്കുവാൻ; കുഴപ്പം പിടിച്ചവരെ സ്നേഹിക്കാൻ. നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഉള്ളിലെ ശബ്ദം ശ്രവിക്കാൻ; നാം എടുക്കാൻ സാധ്യതയില്ലാത്ത ചുവടുകൾ എടുക്കാൻ, അവിടുന്ന് നമ്മെ വിളിക്കുന്നു.അതുകൊണ്ട് നാം നമ്മുടെ ഉള്ളങ്ങളോട് നിരന്തരം പറയണം : " ആത്മാവേ, കേൾക്കുക . നിശബ്ദനായിരിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. "

"എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. " ( സങ്കീ.62:1) "എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക " ( സങ്കീ.62:5) ഈ വാക്യങ്ങൾ ഒരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്. ദാവീദ് തന്റെ ഉള്ളത്തെക്കുറിച്ചും ഉള്ളത്തോടും പറയുന്ന കാര്യങ്ങളാണ്. "നോക്കി മൗനമായിരിക്കുന്നു" എന്നത് ഒരു തീരുമാനമാണ്, ശാന്തമായിരിക്കുക എന്ന മനസ്സിന്റെ അവസ്ഥയാണ്. "നോക്കി മൗനമായിരിക്കുക" എന്നത് ആ തീരുമാനത്തെ ഓർക്കുവാനായിട്ട് ദാവീദ് തന്റെ ഉള്ളത്തെ തയാറാക്കുന്നതാണ്.

നിശബ്ദനായിരിക്കാൻ ദാവീദ് തീരുമാനിക്കുന്നു - ദൈവഹിതത്തിന് നിശബ്ദമായ കീഴടങ്ങൽ. നമ്മെയും വിളിച്ചതും നിർമ്മിച്ചിട്ടുള്ളതും ഇതിനായിട്ടാണ്. നാമത് അംഗീകരിച്ചാൽ നമുക്ക് സമാധാനമുണ്ടാകും. "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ" (ലൂക്കൊ.22: 42). ഇതാണ് നാം അവനെ കർത്താവും ജീവിതത്തിന്റെ അടിസ്ഥാന സന്തോഷവുമായി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ മേലുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. "നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു " എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. (40:8)

നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ "പ്രത്യാശ അവനിൽ നിന്ന് വരുന്നു" ( 62:5). നാം അവന്റെ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവത്തിന്  ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയതൊന്നും നമ്മോടും ചെയ്യാൻ പറയുകയില്ല.

പ്രത്യാശ പങ്കുവെക്കൽ

ശാന്തി, ദൈവത്തിന്റെ പ്രിയമകൾ എന്ന അവളുടെ വ്യക്തിത്വം സ്വീകരിക്കുവാൻ ദൈവം അവളെ സഹായിച്ചതിനെ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ധാരാളം തിരുവചനങ്ങൾ ഉദ്ധരിച്ചു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനി വാക്കുകളേക്കാൾ അധികം ദൈവവചനം ഉദ്ധരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവൾ ഒരു സഞ്ചരിക്കുന്ന ബൈബിളാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ പുരികം ചുളിഞ്ഞു. അവൾ ബോധപൂർവം ബൈബിൾ വാക്യങ്ങൾ ഉരുവിടുന്നതായിരുന്നില്ല. ദിവസേനയുള്ള ബൈബിൾ വായനമൂലം അതിലെ വാക്കുകളും ജ്ഞാനവും ശാന്തിയുടെ സംസാരത്തിന്റെ ഭാഗമാകുകയായിരുന്നു. ദൈവസാന്നിധ്യം അവൾ ആസ്വദിക്കുകയും ദൈവിക സത്യങ്ങൾ പങ്കുവെക്കുന്നത് സന്തോഷമായി കാണുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനം വായിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച ആദ്യത്തെ ചെറുപ്പക്കാരി ശാന്തിയായിരുന്നില്ല.

അപ്പൊസ്‌തലനായ പൗലോസ്, തിമൊഥെയോസിനെ നേതൃത്വത്തിലേക്ക് ഇറങ്ങുവാൻ പ്രോത്‌സാഹിക്കുമ്പോൾ, അദ്ദേഹം ആ യുവാവിൽ നല്ല വിശ്വാസമർപ്പിച്ചിരുന്നു (1 തിമൊ.4:11-16). തിമൊഥെയോസ് ശിശുവായിരുന്നപ്പോൾ മുതൽ തിരുവെഴുത്തിൽ വേരൂന്നിയ ആളായിരുന്നുവെന്ന് പൗലോസ് സമ്മതിക്കുന്നു (2 തിമൊ.3:15). പൗലോസിനെപ്പോലെ തിമൊഥെയോസിനും സംശയക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ രണ്ടു പേരും എല്ലാ തിരുവെഴുത്തും " ദൈവശ്വാസീയ "മാണെന്ന് വിശ്വസിച്ചാണ് ജീവിച്ചത്. തിരുവെഴുത്ത് "ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു" ( 2 തിമൊ.3:16,17 ) എന്ന് അവർ മനസ്സിലാക്കി.

നാം ദൈവികജ്ഞാനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചാൽ, ദൈവിക സത്യങ്ങൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലൂടെ പുറത്ത് വരും.സഞ്ചരിക്കുന്ന ഒരു ബൈബിൾ പോലെ, നാം പോകുന്നിടത്തെല്ലാം ദൈവീകമായ നിത്യ പ്രത്യാശയെ പങ്കുവെക്കാൻ നമുക്ക് കഴിയും.

സത്യാരാധകർ

ഒടുവിൽ അവൾക്ക് ആ പള്ളി സന്ദർശിക്കാൻ അവസരം ലഭിച്ചു. പള്ളിക്കുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ ഒരു ചെറിയ ഗുഹപോലുള്ള സ്ഥലത്ത് അവളെത്തി. മെഴുകുതിരികളും തൂക്കുവിളക്കുകളും ആ തറയെ പ്രകാശമാനമാക്കുന്നുണ്ട്. അവിടെ ആ ചെറിയ മാർബിൾ തറയിൽ 14 കതിരുകളുള്ള വെള്ളിയിൽ തീർത്ത ഒരു നക്ഷത്രത്തമുണ്ട്. ബത്‌ലെഹേമിലെ നേറ്റിവിറ്റി ഗ്രോട്ടോയിലാണവൾ നിൽക്കുന്നത് - ആ നക്ഷത്രമുള്ളിടത്താണ് ക്രിസ്തു ജനിച്ചത് എന്നാണ് പാരമ്പര്യം പറയുന്നത്. എന്നാൽ, ദൈവം ആ സ്ഥലത്തേക്കാൾ എത്രയോ വലിയവനാണ് എന്ന തിരിച്ചറിവ് മൂലം എഴുത്തുകാരിയായ ആനി ഡില്ലാർഡിനെ ഇക്കാര്യം അധികം സ്വാധീനിച്ചില്ല.

എന്നിരുന്നാലും, ഇത്തരം സ്ഥലങ്ങൾക്ക് നമ്മുടെ വിശ്വാസ കഥകളിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കിണറിനരികെ യേശുവും ശമര്യക്കാരത്തി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിൽ പരാമർശവിധേയമായ, അവളുടെ "പൂർവ്വികർ ആരാധിച്ചിരുന്ന"മല (യോഹ. 4:20). ഇത് ഗെരെസീം മലയാണ് (ആവ.11:29). ഈ സ്ഥലം ശമര്യക്കാർക്ക് പവിത്രമായതായിരുന്നു. യരുശലേമാണ് യഥാർത്ഥ ആരാധനാസ്ഥലം എന്ന യഹൂദന്മാരുടെ വാദത്തെ ശമര്യർ എതിർത്തത് ഈ മലയുപയോഗിച്ചായിരുന്നു (വാ.20). എന്നിരുന്നാലും ആരാധനക്ക് സ്ഥലവുമായല്ല, മറിച്ച് ഒരു വ്യക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന്  യേശു പറഞ്ഞു: "സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു" (വാ.23). ആ സ്ത്രീ മശീഹായിലുള്ള തന്റെ വിശ്വാസം പരസ്യമാക്കി; എന്നാൽ താൻ അവനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞില്ല. അപ്പോൾ"യേശു അവളോട്: 'നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹാ' എന്ന് പറഞ്ഞു"(വാ.26).

ദൈവം ഒരു മലയിലോ ഭൗതിക സ്ഥലത്തോ ഒതുങ്ങുന്നില്ല. അവൻ എവിടെയും നമ്മോടൊപ്പമുണ്ട്. നമ്മുടെ യഥാർത്ഥ പ്രയാണം നാം പ്രാഗത്‌ഭ്യത്തോടെ "ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ച് അവിടുത്ത കൃപാസനത്തോട് സമീപിക്കുന്നതാണ്; അവൻ തീർച്ചയായും അവിടെയുണ്ട്. 

ലാബ്രഡോർ മാലാഖ

2019 ൽ , ക്യാപ് ഡാഷ് വുഡും അവന്റെ അരുമയായ കറുത്ത ലാബ്രഡോർ നായ കെയിലയും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു : 365 ദിവസം അടുപ്പിച്ച് ഓരോ ദിവസവും ഒരു പർവ്വതത്തിന്റെ മുകളിൽ കയറി.

അവന് പിടിച്ചുലയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു. 16-ാം വയസിൽ "വീട്ടിലെ സാഹചര്യം മോശമാണ്" എന്ന് പഴിച്ചു കൊണ്ട് അയാൾ വീടുവിട്ടു. എന്നാൽ ഈ മുറിവുണക്കാനായി അയാൾ മറ്റെന്തെങ്കിലും വഴി തേടണമായിരുന്നു. അയാൾ വിശദീകരിച്ചു: "ചിലപ്പോൾ ആളുകൾ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾ മറ്റെന്തിലേക്കെങ്കിലും തിരിയും. അല്ലേ ?" ഈ പര്യവേഷകന് പർവതാരോഹണവും തന്റെ കറുത്ത ലാബ്രഡോർ സുഹൃത്തിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും ആയിരുന്നു ആ " മറ്റെന്തെങ്കിലും".

നമ്മിൽ പലരും, എന്നെപ്പോലെ വളർത്തുമൃഗങ്ങളെ അധികമായി സ്നേഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന് കാരണം അവ നല്കുന്ന, മനുഷ്യരിൽ ഇന്ന് അപൂർവമായിരിക്കുന്ന മനോഹരവും നിസ്വാർത്ഥവുമായ സ്നേഹം ആണ്. അവ ലാഘവത്തോടെ നല്കുന്ന സ്നേഹം മനുഷ്യരുടെ പരാജയം എന്നതിനേക്കാൾ ആഴമായ മറ്റൊരു കാര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് - ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന, ഇളകാത്തതും പരിധികളില്ലാത്തതുമായ ദൈവ സ്നേഹം.

തന്റെ മറ്റ് പല പ്രാർത്ഥനകളിലുമെന്നപോലെ , തന്റെ ഏകാന്തതയുടെ വേളകളിൽ ദൈവത്തിന്റെ മാറ്റമില്ലാത്തതും "സുനിശ്ചിതവുമായ സ്നേഹത്തിൽ " പ്രത്യാശ വെക്കുവാനുള്ള ദാവീദിന്റെ അനന്യമായ വിശ്വാസമാണ് 143-ാം സങ്കീർത്തനത്തിലും കാണുന്നത്. ഒരു ജീവിതം മുഴുവൻ ദൈവത്തോടു കൂടി നടന്നതിനാൽ "രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കണമേ" (വാ.8) എന്ന് വിശ്വസിക്കുവാനുള്ള ശക്തി ദാവീദിനുണ്ടായി.

 ദൈവത്തിൽ ആശ്രയിക്കുവാനും നമുക്ക് നിശ്ചയമില്ലാത്ത വഴികളിൽ (വാ. 8) നമ്മെ നടത്തുവാൻ ദൈവത്തെ അനുവദിക്കാനും മതിയായ പ്രത്യാശ നമുക്കുണ്ടാകട്ടെ.

അവൻ ശൂന്യങ്ങളെ നിറക്കുന്നു

15 വയസ്സുള്ള ആ പെൺകുട്ടി , ടീഷർട്ടിന്റെ നീളൻ കൈ സ്വയം പീഡിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവർ ചെയ്യുന്നതു പോലെ ചുരുട്ടി വച്ചിരിക്കുന്നത് മന:ശാസ്ത്രജ്ഞ ശ്രദ്ധിച്ചു.അവൾ തന്റെ ഉടുപ്പിന്റെ കൈ പുറകോട്ട് മാറ്റിയപ്പോൾ കയ്യിൽ "എംപ്റ്റി " ( ശൂന്യ) എന്ന്‌ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞിരിക്കുന്നത് കണ്ടു. ലെവിനയ്‌ക്ക് വലിയ ദുഃഖം തോന്നി; എങ്കിലും പെൺകുട്ടി അവളുടെ പ്രശ്നപരിഹാരത്തിനുള്ള സഹായം സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നതിൽ സന്തോഷവും തോന്നി.

ഒരർത്ഥത്തിൽ, ഹൃദയത്തിൽ "എംപ്റ്റി " എന്ന് കൊത്തി വെച്ചിരിക്കുന്ന പലരുടെയും പ്രതീകമാണ് ആ പെൺകുട്ടി. യേശു വന്നത് ഈ ശൂന്യതയെ നികത്തി " സമൃദ്ധി " (യോഹന്നാൻ 10:10) വരുത്തുന്നതിനാണെന്നാണ് യോഹന്നാൻ എഴുതിയത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പൂർണ്ണ ജീവിതത്തിനുള്ള അഭിവാഞ്ഛ ദൈവം വെച്ചിട്ടുണ്ട്; എല്ലാവരും തന്നോടുള്ള സ്നേഹബന്ധമനുഭവിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. എന്നാൽ "കള്ളൻ " വന്ന് , മനുഷ്യരെയും വസ്തുക്കളെയും സാഹചര്യങ്ങളെയും ഒക്കെ ഉപയോഗിച്ച് , അവരുടെ ജീവിതങ്ങളെ താറുമാറാക്കാൻ ശ്രമിക്കുമെന്നും കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ( വാ . 1,10 ) ജീവിതം നല്കാം എന്ന് പറഞ്ഞു വരുന്ന പലരും കാപട്യവും അനുകരണവുമാകാം. എന്നാൽ യേശു വാഗ്ദാനം ചെയ്യുന്ന "നിത്യജീവൻ " യഥാർത്ഥമായതാണ് ; "ആരും [നമ്മെ] അവന്റെ കൈയിൽ നിന്നു തട്ടിയെടുക്കുകയില്ല" ( വാ . 28 ).

നമ്മുടെ ഹൃദയങ്ങളിലെ ശൂന്യതയിൽ ജീവൻ പകരാൻ യേശുവിന് മാത്രമേ കഴിയൂ. നിങ്ങൾ ശൂന്യത അനുഭവിക്കുന്നെങ്കിൽ ഇന്ന് തന്നെ അവനെ വിളിച്ചപേക്ഷിക്കുക. നിങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ദൈവീക ആലോചനകളെ പ്രാപിക്കുക. ക്രിസ്തുവിന് മാത്രമാണ് സമ്പൂർണ്ണവും സമൃദ്ധവുമായ ജീവിതം പ്രദാനം ചെയ്യാനാകുകയുള്ളൂ; അവനിൽ മാത്രമാണ് ജീവിതത്തിന് ശരിയായ അർത്ഥവും കണ്ടെത്താൻ കഴിയൂ.