Category  |  odb

ഞെരുക്കത്തിന്റെ കാലം

കോവിഡ് - 19 വ്യാപനം തടയാൻ  അമേരിക്കയിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായപ്പോൾ കടയുടമകൾ തങ്ങളുടെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകണം , എങ്ങനെ വാടക അടയ്ക്കണം, പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യും എന്നറിയാതെ പ്രയാസപ്പെട്ടു. അവരുടെ ഈ ഉത്ക്കണ്ഠ തിരിച്ചറിഞ്ഞ്, ഒരു സഭയുടെ പാസ്റ്റർ പ്രയാസമനുഭവിക്കുന്ന ബിസിനസ്സുകാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള  ഒരു സംരഭത്തിന് തുടക്കമിട്ടു.

" പലരും ഇപ്പോൾ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ഞെരുക്ക കാലത്ത് ചെലവഴിക്കാൻ വേണ്ടി നാം സൂക്ഷിച്ച് വെക്കുന്ന പണം ഇപ്പോൾ  വെറുതെ വെക്കുന്നത് ശരിയല്ല " എന്ന്  പറഞ്ഞുകൊണ്ട് ഈ പാസ്റ്റർ മറ്റ് സഭകളെയും ഈ സംരഭത്തിൽ പങ്കുചേരുവാൻ പ്രോത്സാഹിപ്പിച്ചു.

'ഞെരുക്ക കാല ഫണ്ട്' എന്നത് സാധാരണ വരുമാനത്തിൽ ഇടിവുണ്ടാകുകയും എന്നാൽ ക്രമമായി ചെയ്യേണ്ട ചെലവുകൾ ചെയ്യേണ്ടി വരികയും ചെയ്യുന്ന സമയത്തിനായി മാറ്റിവെക്കപ്പെടുന്ന പണമാണ്. നാം സ്വന്തകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാഭാവികമാണെങ്കിലും തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നത് നാം സ്വന്തകാര്യത്തിനപ്പുറം ഔദാര്യ ശീലരായി മററുള്ളവരെയും ശുശ്രൂഷിക്കണം എന്നാണ്. സദൃശ്യവാക്യങ്ങൾ 11:24, 25 ഇപ്രകാരം പറയുന്നു: " ഒരുത്തൻ വാരി വിതറിയിട്ടും വർധിച്ചു വരുന്നു ... ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവനു തണപ്പുകിട്ടും. "

ഇന്ന് നിങ്ങളുടെ ജീവിതം കൂടുതൽ  പ്രകാശമാനമാണോ?  എന്നാൽ  ആരുടെയെങ്കിലും ലോകം പേമാരി നിറഞ്ഞതാണോയെന്ന് ചുററുമൊന്ന് കണ്ണോടിച്ച് നോക്കൂ. ദൈവം നിങ്ങൾക്ക് കൃപയാൽ നല്കിയ നന്മകൾ ഔദാര്യമായി പങ്കുവെക്കുകയാണെങ്കിൽ അവ വർദ്ധിച്ചു വരും. ഉദാരമനസ്കരായിരിക്കുക എന്നത് മറ്റുള്ളവർക്ക് പ്രത്യാശ നൽകുവാൻ കഴിയുന്ന ഒരു നല്ല മാർഗ്ഗമാണ്, ഒപ്പം ഉപദ്രവിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും.

പങ്കുവെയ്ക്കപ്പെടുന്ന സാന്ത്വനം

എന്റെ മകൾ ഹെയ്ലി  എന്നെ കാണാൻ വന്നപ്പോൾ അവളുടെ 3 വയസുള്ള മകൻ ക്യാലം ഒരു അസാധാരണ വസ്ത്രം ധരിച്ചിരുന്നത് ഞാൻ കണ്ടു. നീളൻ കൈയും അറ്റത്ത് കയ്യുറയും പിടിപ്പിച്ച, സ്പർശനം തടയുന്ന ഒരു വസ്ത്രമായിരുന്നു അത്. ശരീരം ചൊറിഞ്ഞ് തടിച്ച് കുരുക്കൾ ഉണ്ടാകുന്ന കരപ്പൻ എന്ന ത്വക് രോഗം ബാധിച്ചിരുന്നു പേരക്കുട്ടി ക്യാലമിന് . "ഈ പ്രത്യേക വസ്ത്രം ശരീരം ചൊറിഞ്ഞ് തൊലി പൊട്ടിക്കാതെ ക്യാലമിനെ സഹായിക്കും , " ഹെയ്ലി വിശദീകരിച്ചു.

ഏഴ് മാസങ്ങൾക്ക് ശേഷം, ഹെയ്ലിയുടെ ത്വക്കിനും തടിപ്പ് തുടങ്ങി; അസഹ്യമായ ചൊറിച്ചിലും. "ക്യാലം എത്ര പ്രയാസമാണ് സഹിക്കുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് " ഹെയ്ലി എന്നോട് പറഞ്ഞു. " ഒരു പക്ഷേ എനിക്കും ആ പ്രത്യേക വസ്ത്രം ധരിക്കേണ്ടിവന്നേക്കും ! "

ഹെയ്ലിയുടെ ഈ അനുഭവം 2 കൊരിന്ത്യർ 1:3-5 വരെയുള്ള പൗലോസിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. " മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. "

ചിലപ്പോൾ ദൈവം നമ്മളെ രോഗം, നഷ്ടം, പ്രതിസന്ധികൾ എന്നീ പരീക്ഷണങ്ങളിലൂടെ കടത്തിവിടും. നമ്മുടെ ഈ സഹനത്തിലൂടെ, നമുക്ക് വേണ്ടി ക്രിസ്തു ക്രൂശിൽ അനുഭവിച്ച സഹനം അംഗീകരിക്കുവാൻ, ദൈവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം, സാന്ത്വനത്തിനും ശക്തിക്കുമായി അവനെ ശരണപ്പെടുമ്പോൾ മറ്റുള്ളവരെ അവരുടെ സഹനത്തിൽ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നാം കഴിവുള്ളവരാകുകയും ചെയ്യും.

യേശുവിനായി മറ്റുള്ളവരിലേക്ക് എത്തുക

ഒരു ദശാബ്ദത്തിനു മുമ്പ് അവർക്ക് യേശു എന്ന പേര് അറിയില്ലായിരുന്നു. ഫിലിപ്പൈൻസിലെ മിന്റനാവോ മലനിരകളിൽ താമസിച്ചിരുന്ന ബാൻവയോൺ ജനതക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവശ്യ വസ്തുക്കളുടെ ശേഖരണത്തിന് പുറംലോകത്ത് എത്തണമെങ്കിൽ ചെങ്കുത്തായ മലനിരകളിലൂടെ രണ്ട് ദിവസത്തെ അതിസാഹസിക യാത്ര വേണ്ടിയിരുന്നു. ലോകം അവരെ ശ്രദ്ധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഒരു മിഷൻ പ്രസ്ഥാനം ഇവരെ കണ്ടെത്തി ഹെലിക്കോപ്റ്റർ വഴി ഇവരെ പുറത്ത് പോകാനും വരാനും സഹായിച്ചത്. ഇത് ബാൻവയോൺ ജനതക്ക് അവശ്യ വസ്തുക്കളും വൈദ്യസഹായവും ലഭിക്കുവാനും ഒരു വലിയ ലോകത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും ഇടയാക്കി. കൂടാതെ, അവർ യേശുവിനെ അറിയാനും ഇടയായി. ഇപ്പോൾ, ദുരാത്മാക്കളോട് പാടുന്നതിന് പകരം, അവരുടെ പരമ്പരാഗത ഗോത്രഗാനങ്ങളിൽ പുതിയ വാക്കുകൾ ചേർത്ത്  ഏക സത്യദൈവത്തെ ആരാധിക്കുന്ന പാട്ടുകളായി മാറി. വ്യോമയാനമിഷൻ ആണ് ഇതിന് വഴിയൊരുക്കിയത്.

യേശു തന്റെ പിതാവിന്റെ അടുക്കലേക്ക് പോയപ്പോൾ ശിഷ്യന്മാർക്ക് ഈ ആഹ്വാനം നല്കി. "ആകയാൽ നിങ്ങൾ പുറപ്പെട്ട് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ" (മത്താ. 28:19 ) . ഈ കല്പന ഇന്നും നിലനില്ക്കുന്നു.

കണ്ടെത്തപ്പെടാത്ത ജനവിഭാഗം നമുക്ക് പരിചിതമല്ലാത്ത വിദേശ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങുന്നില്ല. ചിലപ്പോൾ നമ്മുടെയിടയിൽ വസിക്കുന്നവരുമാകാം. ബാൻവയോൺ ജനതയിൽ എത്തിച്ചേരുവാൻ സർഗാത്മകതയും വിഭവശേഷിയും അനിവാര്യമായിരുന്നു, അത് നമ്മുടെ സമൂഹങ്ങളുടെയിടയിൽ നിലനില്ക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് പ്രചോദനമാകുന്നു. അത് പക്ഷെ, നിങ്ങളുടെ സമീപത്ത് തന്നെ വസിക്കുന്നതും നിങ്ങൾ നാളിതുവരെ പരിഗണിക്കാത്തതുമായ "അടുക്കാൻ പ്രയാസമുള്ള" ഒരു കൂട്ടം ആളുകൾ ഉണ്ടാകും. മറ്റുള്ളവരെ യേശുവിനായി നേടുവാനായി ദൈവം നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

മണി മുഴക്കുക

സംഭ്രമജനകമായ മുപ്പത് കോഴ്സ് റേഡിയേഷന്റെയൊടുവിൽ റീമ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കപ്പെട്ടു. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ചികിത്സ പൂർത്തിയാക്കിയ ക്യാൻസർ രോഗികൾ അവിടെയുള്ള " ക്യാൻസർ മുക്ത മണി" മുഴക്കണമെന്നത് ആ ആശുപത്രിയിലെ ഒരു രീതിയായിരുന്നു. ഈ ആഘോഷത്തിന്റെ മണി മുഴക്കാനുള്ള ഉദ്വേഗവും അത്യുത്സാഹവും മൂലം റീമ കുറച്ച് ശക്തിയായിട്ടാണ് ചരടിൽ പിടിച്ച് വലിച്ചത്. ചരട് പൊട്ടി താഴെ വീണു ! കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

റീമയുടെ ഈ കഥ എന്റെ മുഖത്തു ഒരു പുഞ്ചിരി കൊണ്ടുവന്നതോടൊപ്പം തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത പ്രവൃത്തികളെ ആഘോഷിക്കുവാൻ യിസ്രായേലിനെ ആഹ്വാനം ചെയ്തപ്പോൾ സങ്കീർത്തനക്കാരൻ വിഭാവന ചെയ്തത് എന്താണെന്നത് ചിന്തിപ്പിക്കുകയും ചെയ്തു. “കൈകൊട്ടുവാനും”, “ദൈവത്തെ അത്യുച്ചത്തിൽ സ്തുതിക്കുവാനും”, “സ്തുതിപാടുവാനും”  എഴുത്തുകാരൻ അവരെ ഉദ്ബോധിപ്പിക്കുന്നു; കാരണം, ദൈവം അവരുടെ ശത്രുക്കളെ തകർക്കുകയും യിസ്രായേലിനെ തന്റെ പ്രിയജനമായി തെഞ്ഞെടുക്കുകയും ചെയ്തു. (സങ്കീ. 47: 1,6)

ആരോഗ്യപരമോ സാമ്പത്തികമോ ബന്ധങ്ങളിലുള്ള പ്രശ്നമോ മുതലായ നമ്മുടെ ജീവിത സംഘർഷങ്ങളിൽ -ദൈവം എപ്പോഴും വിജയം നൽകണമെന്നില്ല. എന്നാൽ ഈ പ്രശ്നങ്ങളിലും നമുക്ക് ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും കഴിയണം; കാരണം, എപ്പോഴും "വിശുദ്ധ സിംഹാസനത്തിൽ ഇരിക്കുന്ന " (സങ്കീ.47:8) ദൈവം തന്നെയാണ് നമ്മുടെ ശരണം. എപ്പോഴൊക്കെ നാം ആഗ്രഹിക്കുന്നതുപോലെ ഒരു വിടുതൽ ദൈവം നമുക്ക് നൽകുന്നുവോ അപ്പോഴൊക്കെ നാം അത് ആഘോഷിക്കേണ്ടതുമാണ്. മുഴക്കാനായി ഒരു മണി കെട്ടിയിട്ടില്ലെങ്കിലും, റീമയെപ്പോലെ ആവേശഭരിതരായി, ദൈവത്തിന്റെ നമ്മോടുള്ള നന്മയെ സന്തോഷത്തോടെ നാം ആഘോഷിക്കണം.

കാലത്തെ വീണ്ടെടുക്കുക

കാലത്തെ വീണ്ടെടുക്കുവാൻ ലെയ്‌സ ഒരു വഴി തേടുകയായിരുന്നു. അവൾ കണ്ട അലങ്കാരങ്ങളിൽ പലതും മരണം ആഘോഷിക്കുന്നതായിരുന്നു, ചിലപ്പോൾ അവ ഭയാനകവും ഭീകരവുമായ രീതിയിൽ. അന്ധകാരത്തെ ചെറിയ രീതിയിൽ എതിരിടുവാൻ തീരുമാനിച്ചു ലെയ്‌സ ഒരു വലിയ മത്തങ്ങയിൽ നിറംമങ്ങാത്ത മഷിയിൽ തനിക്ക് നന്ദിയുള്ള കാര്യങ്ങൾ എഴുതുവാ തുടങ്ങി. "സൂര്യപ്രകാശ" മായിരുന്നു ആദ്യത്തെ കാര്യം. വേഗം തന്നെ സന്ദർശകരും അവളുടെ പട്ടികയോട് കൂട്ടിച്ചേർത്തു. ചിലതൊക്കെ വിചിത്രമായിരുന്നു, ഉദാഹരണത്തിന് "ഡൂഡ്‌ലിംഗ് "(കുത്തിവര). മറ്റു ചിലത് പ്രയോഗികമായിരുന്നു "ഒരു ഊഷ്മളമായ വീട്"., "ഉപയോഗ യോഗ്യമായ കാർ". എങ്കിലും മറ്റു ചിലത് ഹൃദയഭേദകമായിരുന്നു, വിടവാങ്ങിയ പ്രീയപ്പെട്ടവരുടെ പേരുകൾ. കൃതജ്ഞതയുടെ ശൃംഖല തന്നെ മത്തങ്ങക്കു ചുറ്റും അലയടിച്ചു. 

സങ്കീർത്തനം 104 ൽ നാം വേഗത്തിൽ മറക്കാനിടയുള്ള കാര്യങ്ങൾക്കായി ദൈവത്തെ സ്തുതിക്കുന്നു. ദൈവം "ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു" (വാ.10) എന്നു സങ്കീർത്തനകാരൻ പറയുന്നു. "അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു. (വാ.14) രാത്രിപോലും അനുയോജ്യമായി കാണപ്പെടുന്നു.  "നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു (വാ.20). എന്നാൽ അതിനു ശേഷം "സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.  മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ"( വാ.22-23). ഇവയെ എല്ലാം സങ്കീർത്തനകാരൻ ഉപസംഹരിച്ചിരിക്കുന്നത് "ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും" (വാ.33).

മരണത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ഒരു ലോകത്ത്‌, നമ്മുടെ സൃഷ്ടാവിന് അർപ്പിക്കുന്ന ഏറ്റവും ചെറിയ നന്ദി പോലും പ്രത്യാശയുടെ തിളങ്ങുന്ന കാര്യങ്ങളായി മാറുന്നു .