ദൈവസ്‌നേഹമാണ് കൂടുതല്‍ ശക്തം
2020 ല്‍, അലിസ്സ മെന്‍ഡോസയ്ക്ക് അര്‍ദ്ധരാത്രിയില്‍ പിതാവില്‍ നിന്ന് അതിശയകരമായ ഒരു ഇമെയില്‍ ലഭിച്ചു. മാതാപിതാക്കളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തില്‍ അമ്മയ്ക്ക് എന്തെല്ലാം ചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സന്ദേശത്തിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇതവളെ ഞെട്ടിച്ചത്? അലിസ്സയുടെ പിതാവ് പത്തുമാസം മുമ്പു മരണമടഞ്ഞിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍, താന്‍ ജീവിച്ചിരിക്കയില്ലെന്നു മനസ്സിലായ അദ്ദേഹം ഇമെയില്‍ എഴുതി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നുവെന്ന് അവള്‍ കണ്ടെത്തി. തന്റെ ഭാര്യയുടെ ഭാവിയില്‍ വരാനിരിക്കുന്ന ജന്മദിനം, വാര്‍ഷികങ്ങള്‍, വാലന്റൈന്‍സ് ദിനം എന്നിവയില്‍ പൂക്കള്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് പണവും അദ്ദേഹം നല്‍കി.
ഉത്തമഗീതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ഉദാഹരണമായി ഈ കഥ നിലകൊള്ളുന്നു. ''പ്രേമം മരണംപോലെ ബലമുള്ളതും പത്‌നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു'' (8:6). ശവക്കുഴികളെയും മരണത്തെയും പ്രണയവുമായി താരതമ്യം ചെയ്യുന്നത് വിചിത്രമായി തോന്നുന്നു. പക്ഷേ അവ ശക്തമാണ്, കാരണം അവ തങ്ങളുടെ ബന്ദികളെ വിട്ടുകൊടുക്കുകയില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ സ്‌നേഹവും സ്‌നേഹഭാജനങ്ങളെ ഉപേക്ഷിക്കുകയില്ല. 6-7 വാക്യങ്ങളില്‍ പുസ്തകം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു; വൈവാഹിക പ്രണയത്തെ ''ഏറിയ വെള്ളങ്ങള്‍ക്കും കെടുത്തുവാന്‍ കഴികയില്ല'' (വാ. 7).
ബൈബിളിലുടനീളം, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹത്തെ ദൈവസ്‌നേഹവുമായി താരതമ്യപ്പെടുത്തുന്നു (യെശയ്യാവ് 54:5; എഫെസ്യര്‍ 5:25; വെളിപ്പാട് 21:2). യേശു മണവാളനും സഭ അവന്റെ മണവാട്ടിയും. നാം നമ്മുടെ പാപങ്ങളില്‍ മരിക്കാതിരിക്കേണ്ടതിന് നമുക്കു പകരം മരണത്തെ അഭിമുഖീകരിക്കുന്നതിനായി ക്രിസ്തുവിനെ അയച്ചതിലൂടെ ദൈവം നമ്മോടുള്ള സ്‌നേഹം കാണിച്ചു. (യോഹന്നാന്‍ 3:16). നമ്മള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, ദൈവസ്‌നേഹം നമുക്കു സങ്കല്പിക്കാവുന്ന എന്തിനെക്കാളും ശക്തമാണെന്നു നമുക്കോര്‍മ്മിക്കാം.

ദൈവം നല്‍കുന്ന സന്തോഷം
ദിവ്യ വെളിയില്‍ പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ നേരെ ചിരിക്കാന്‍ അവള്‍ എപ്പോഴും ശ്രമിക്കുന്നു. സൗഹൃദപരമായ ഒരു മുഖം കാണേണ്ട ആവശ്യമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവളുടെ വഴിയാണിത്. മിക്കപ്പോഴും, അവള്‍ക്ക് ഒരു യഥാര്‍ത്ഥ പുഞ്ചിരി പ്രതിഫലമായി ലഭിക്കുന്നു. എന്നാല്‍ ഫെയ്സ്മാസ്‌ക് ധരിക്കാന്‍ ദിവ്യ നിര്‍ബന്ധിതയായിരുന്ന ഒരു സമയത്ത് ആളുകള്‍ക്ക് അവളുടെ അധരം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ആര്‍ക്കും അവളുടെ പുഞ്ചിരി കാണാന്‍ കഴിയില്ലെന്നും അവള്‍ മനസ്സിലാക്കി. ഇതു സങ്കടകരമാണ്, അവള്‍ ചിന്തിച്ചു, പക്ഷേ ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഞാന്‍ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് എന്റെ കണ്ണുകളില്‍ കാണാമല്ലോ.
ആ ആശയത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു ശാസ്ത്രമുണ്ട്. വായയുടെ കോണുകളിലെ പേശികളും കണ്ണുകള്‍ ചിമ്മുവാന്‍ സഹായിക്കുന്നവയും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഡുഷെന്‍ പുഞ്ചിരി എന്നു വിളിക്കുന്നു, അതിനെ ''കണ്ണുകള്‍കൊണ്ടു പുഞ്ചിരിക്കുക'' എന്നു പറയുന്നു.
''കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു'' എന്നും ''സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു'' എന്നും സദൃശവാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (15:30; 17:22). പലപ്പോഴും, ദൈവമക്കളുടെ പുഞ്ചിരി ഉണ്ടാകുന്നത് നമുക്കുള്ള അമാനുഷിക സന്തോഷത്തില്‍ നിന്നാണ്. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു ദാനവും, ഭാരം ചുമക്കുന്ന ആളുകളെ നാം ധൈര്യപ്പെടുത്തുകയോ അല്ലെങ്കില്‍ ജീവിത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവരുമായി അവ പങ്കിടുകയോ ചെയ്യുമ്പോള്‍ പതിവായി നമ്മുടെ ജീവിതത്തിലേക്കു വ്യാപിക്കുന്നതുമാകുന്നു. നാം തന്നെ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും നമ്മുടെ സന്തോഷം തിളങ്ങിക്കൊണ്ടിരിക്കും.
ജീവിതം അന്ധകാരപൂര്‍ണ്ണമായി തോന്നുമ്പോള്‍, സന്തോഷം തിരഞ്ഞെടുക്കുക. നിങ്ങളുടെ പുഞ്ചിരി, നിങ്ങളുടെ ജീവിതത്തിലെ ദൈവസ്‌നേഹത്തെയും ദൈവിക സാന്നിധ്യത്തിന്റെ പ്രകാശത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യാശയുടെ ഒരു ജാലകമായിരിക്കട്ടെ.

യേശുവിനായി പുഷ്പിക്കുക
ടൂലിപ് പുഷ്പത്തെക്കുറിച്ചു ഞാന്‍ സത്യസന്ധയായിരുന്നില്ല. ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച ശേഷം യുഎസിലേക്കു മടങ്ങിയ എന്റെ ഇളയ മകളില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അവയുടെ കിഴങ്ങുകള്‍. അതിനാല്‍, അവളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ആവേശത്തില്‍, കിഴങ്ങുകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുന്നതായി ഞാന്‍ നടിച്ചു. എന്നാല്‍ ടൂലിപ്‌സ് എന്റെ ഇഷ്ട പുഷ്പമായിരുന്നില്ല. അവ വളരെ നേരത്തെ പൂക്കുകയും വേഗത്തില്‍ വാടുകയും ചെയ്യുന്നു. മാത്രമല്ല, കടുത്ത ചൂടുള്ള ജൂലൈയിലെ കാലാവസ്ഥ, അവയെ നടാന്‍ പറ്റിയതായിരുന്നില്ല.
എന്നിരുന്നാലും, ഒടുവില്‍, സെപ്റ്റംബര്‍ അവസാനത്തില്‍, ഞാന്‍ ''എന്റെ മകള്‍ നല്‍കിയ'' കിഴങ്ങുകള്‍ നട്ടു - അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സ്‌നേഹത്തോടെ അവ നടുകയും ചെയ്തു. കല്ലുനിറഞ്ഞ നിലം ഓരോ പ്രാവശ്യം കിളയ്ക്കുമ്പോഴും കിഴങ്ങുകളെക്കുറിച്ചുള്ള എന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. അവ നടാനുള്ള തടം ഒന്നുകൂടെ വൃത്തിയാക്കി, വസന്തകാലത്തു ടൂലിപ് പൂക്കള്‍ കാണാമെന്ന പ്രതീക്ഷയില്‍ ''നന്നായി ഉറങ്ങുക'' എന്നു ഞാന്‍ കിഴങ്ങുകളെ അനുഗ്രഹിച്ചു.
നമ്മള്‍ പരസ്പരം മറ്റുള്ളവരുടെ ''ഇഷ്ടഭാജനങ്ങള്‍'' അല്ലെങ്കിലും പരസ്പരം സ്‌നേഹിക്കണമെന്ന ദൈവത്തിന്റെ ആഹ്വാനത്തിന്റെ ഒരു എളിയ ഓര്‍മ്മപ്പെടുത്തലായി എന്റെ ചെറിയ പ്രോജക്ട് മാറി. പരസ്പരം മറ്റുള്ളവരുടെ തെറ്റുകളുടെ ''കളകളെ'' അവഗണിക്കുമ്പോള്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പരസ്പരം സ്‌നേഹം പകരാന്‍ ദൈവം നമ്മെ പ്രാപ്തരാക്കുന്നു. തുടര്‍ന്ന്, കാലക്രമേണ, നമ്മുടെ കഴിവിനപ്പുറമായി പരസ്പര സ്‌നേഹം വിരിയുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (വാ. 35). അടുത്ത വസന്തകാലത്ത് എന്റെ ടൂലിപ് പൂത്തതുപോലെ, യേശുവിനാല്‍ ചെത്തി വെടിപ്പാക്കപ്പെട്ട്, നാമും പൂവണിയും. ആ വാരാന്ത്യത്തില്‍ എന്റെ മകള്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തി. ''എന്താണ് പൂത്തതെന്ന് നോക്കൂ!'' ഞാന്‍ പറഞ്ഞു. ഒടുവില്‍, ഞാന്‍.

പ്രാര്‍ത്ഥന, പൊടി, നക്ഷത്രങ്ങള്‍
അദിതിയും ആകാശും ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും, അവര്‍ക്കു കുട്ടികളുണ്ടാകുകയില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു. ''ഞാന്‍ ദൈവവുമായി വളരെ സത്യസന്ധമായ ഒരു സംഭാഷണത്തിനു സമയം കണ്ടെത്തി'' അദിതി തന്റെ സ്‌നേഹിതയോടു മനസ്സു തുറന്നു. എന്നാല്‍ അത്തരമൊരു ''സംഭാഷണ''ത്തിനു ശേഷമാണ് അവളും ആകാശും അവരുടെ പാസ്റ്ററുമായി സംസാരിച്ചത്. അവരുടെ സഭയിലെ ഒരു ദത്തെടുക്കല്‍ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം ദത്തെടുക്കപ്പെട്ട ഒരു ആണ്‍കുഞ്ഞിനെ നല്‍കി ദൈവം അവരെ അനുഗ്രഹിച്ചു.
ഉല്പത്തി 15-ല്‍, മറ്റൊരു സത്യസന്ധമായ സംഭാഷണത്തെക്കുറിച്ചു ബൈബിള്‍ പറയുന്നു - ഇത് അബ്രാമും ദൈവവും തമ്മിലുള്ള സംഭാഷണമായിരുന്നു. ദൈവം അവനോടു പറഞ്ഞു, ''അബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ . . . നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു'' (വാ. 1). തന്റെ ഭാവിയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ അബ്രാം ഉത്തരം പറഞ്ഞു: ''യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?'' (വാ. 2).
''ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും'' (ഉല്പത്തി 13:16) എന്നു ദൈവം നേരത്തെ വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോള്‍ അബ്രാം - തികച്ചും മാനുഷികമായ ഒരു നിമിഷത്തില്‍ - അതു ദൈവത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക'' എന്ന് അബ്രാമിനോടു പറഞ്ഞുകൊണ്ട്, അവന്റെ സന്തതി എണ്ണുവാന്‍ കഴിയാത്തവിധമായിരിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി (ഉല്പത്തി 15:5).
അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അനുവദിക്കുക മാത്രമല്ല, അബ്രാമിനെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം എത്ര നല്ലവനാണ്! പിന്നീട്, ദൈവം അബ്രാമിന്റെ പേര് അബ്രാഹാം (''ബഹുജാതികളുടെ പിതാവ്'') എന്ന് മാറ്റുന്നു. അബ്രാമിനെപ്പോലെ, നിങ്ങള്‍ക്കും എനിക്കും ദൈവവുമായി നമ്മുടെ ഹൃദയം പരസ്യമായി പങ്കിടാനും നമുക്കും മറ്റുള്ളവര്‍ക്കും ഏറ്റവും മികച്ചതു ദൈവം ചെയ്യുമെന്ന് ദൈവത്തില്‍ വിശ്വസിക്കാനും കഴിയും.

ദൈവം നമ്മെ വഹിക്കുന്നു
2015 ല്‍, ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും അനേകരെ അതു ബാധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. തന്റെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി അയാള്‍ വീട്ടില്‍ കഴിഞ്ഞെങ്കിലും വെള്ളം ഉയര്‍ന്നതോടെ അവിടം വിടേണ്ടതാവശ്യമായി വന്നു. അയാള്‍ അന്ധനായിരുന്നുവെങ്കിലും എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കേണ്ടതാവശ്യമായിരുന്നു. ഒടുവില്‍ അയാള്‍ കുഞ്ഞിനെ തോളില്‍ കിടത്തി കഴുത്തോളം ആഴമുള്ള വെള്ളത്തിലേക്കു കാലെടുത്തുവച്ചു, അവനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഭൗമിക പിതാവ്, തന്റെ മകനെ സഹായിക്കാന്‍ ഉത്ക്കണ്ഠയുള്ളവനായെങ്കില്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മക്കളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുവാണെന്നു ചിന്തിക്കുക. പഴയ നിയമത്തില്‍, വിശ്വാസത്തെ തകര്‍ക്കുംവിധമുള്ള അനുഭവങ്ങള്‍ ഉണ്ടായപ്പോഴും ദൈവം തന്റെ ജനത്തെ വഹിച്ചതെങ്ങനെയെന്ന് മോശെ ഓര്‍മ്മിപ്പിച്ചു. ദൈവം എങ്ങനെ അവരെ വിടുവിച്ചുവെന്നും, മരുഭൂമിയില്‍ ഭക്ഷണവും വെള്ളവും നല്‍കിയെന്നും അവരുടെ ശത്രുക്കളോടു യുദ്ധം ചെയ്തുവെന്നും, മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും എങ്ങനെ യിസ്രായേല്യരെ വഴിനടത്തിയെന്നും മോശെ അവരെ ഓര്‍മ്മിപ്പിച്ചു. ദൈവം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പല വഴികളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു മോശെ പറഞ്ഞു, ''ഒരു മനുഷ്യന്‍ തന്റെ മകനെ വഹിക്കുന്നതുപോലെ ... നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ'' (ആവര്‍ത്തനം 1:31).
മരുഭൂമിയിലൂടെയുള്ള യിസ്രായേല്യരുടെ യാത്ര എളുപ്പമായിരുന്നില്ല, ചില സമയങ്ങളില്‍ അവരുടെ വിശ്വാസം ക്ഷയിച്ചുപോയി. എങ്കിലും അതില്‍ ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും തെളിവുകള്‍ നിറഞ്ഞിരുന്നു. ദൈവം യിസ്രായേലിനെ എങ്ങനെ പരിപാലിച്ചു എന്നതിന്റെ അത്ഭുതകരമായ ചിത്രമാണ് ഒരു പിതാവു മകനെ വഹിക്കുന്നത് - ആര്‍ദ്രതയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ. നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, അവയുടെ നടുവിലും ദൈവം നമ്മെ വഹിക്കുന്നുണ്ടെന്ന് നമുക്കോര്‍മ്മിക്കാം.
