തടയപ്പെട്ട പ്രാര്‍ത്ഥനകള്‍
പതിനാലു വര്‍ഷമായി, നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പര്‍ച്യൂണിറ്റി, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുമായി വിശ്വസ്തതയോടെ ആശയവിനിമയം നടത്തി. 2004 ല്‍ ചൊവ്വയിലിറങ്ങിയതിനുശേഷം, ചൊവ്വയുടെ ഉപരിതലത്തിലൂടെ ഇരുപത്തിയെട്ടു മൈല്‍ സഞ്ചരിച്ച് ആയിരക്കണക്കിനു ചിത്രങ്ങളെടുക്കുകയും നിരവധി വസ്തുക്കള്‍ വിശകലനം ചെയ്യുകയും ചെയ്തു. എന്നാല്‍ 2018 ല്‍, ഒരു വലിയ പൊടിക്കാറ്റുണ്ടായി, അതിന്റെ സോളാര്‍ പാനലുകളില്‍ പൊടി പൊതിഞ്ഞ് പ്രവര്‍ത്തനരഹിതമായതോടുകൂടി ഓപ്പര്‍ച്യൂണിറ്റിയും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയവിനിമയം നിലച്ചു.
നമ്മുടെ ലോകത്തിനു പുറത്തുള്ള ആരെങ്കിലുമായി നമുക്കുള്ള ആശയവിനിമയം തടയാന്‍ ''പൊടിയെ'' അനുവദിക്കാന്‍ നമുക്കു കഴിയുമോ? പ്രാര്‍ത്ഥനയുടെ കാര്യം - ദൈവവുമായുള്ള ആശയവിനിമയം - വരുമ്പോള്‍ വഴിയില്‍ തടസ്സമായി വരാവുന്ന ചില കാര്യങ്ങളുണ്ട്.
ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയാന്‍ പാപത്തിനു കഴിയുമെന്നു തിരുവെഴുത്തു പറയുന്നു. ''ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു'' (സങ്കീര്‍ത്തനം 66:18). യേശു ഉപദേശിക്കുന്നു, ''നിങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍'' (മര്‍ക്കൊസ് 11:25). ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തെ സംശയവും ബന്ധത്തിലെ പ്രശ്‌നങ്ങളും തടസ്സപ്പെടുത്താം (യാക്കോബ് 1:5-7; 1 പത്രൊസ് 3:7).
ഓപ്പര്‍ച്യൂണിറ്റിയുടെ ആശയവിനിമയ തടസ്സം ശാശ്വതമാണെന്നു തോന്നുന്നു. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അങ്ങനെ തടസ്സപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ, ദൈവവുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ദൈവം നമ്മെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, ദൈവകൃപയാല്‍ പ്രപഞ്ചം അറിഞ്ഞിട്ടുള്ള എക്കാലത്തെയും ഏറ്റവും വലിയ ആശയവിനിമയം - നാമും നമ്മുടെ വിശുദ്ധ ദൈവവും തമ്മിലുള്ള നേരിട്ടുള്ള പ്രാര്‍ത്ഥന - നാം അനുഭവിക്കുന്നു.

നമുക്കാവശ്യമുള്ള ജ്ഞാനം
മേഘ കൊറിയര്‍ തുറന്നപ്പോള്‍, അവളുടെ പ്രിയ സുഹൃത്തിന്റെ മടക്ക വിലാസം രേഖപ്പെടുത്തിയ ഒരു കവര്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ആ സുഹൃത്തിനോട് ബന്ധം സംബന്ധിച്ച ഒരു പോരാട്ടത്തെക്കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ജിജ്ഞാസയോടെ അവള്‍ പൊതി അഴിച്ചു, വര്‍ണ്ണാഭമായ മുത്തുകള്‍ ലളിതമായ ചണച്ചരടില്‍ കോര്‍ത്ത ഒരു മാലയായിരുന്നു അതിനുള്ളില്‍. അതിന്റെ കൂടെ ഒരു കാര്‍ഡും ഉണ്ടായിരുന്നു; അതിലിങ്ങനെ എഴുതിയിരുന്നു, ''ദൈവത്തിന്റെ വഴികള്‍ തേടുക.'' മാല കഴുത്തിലണിഞ്ഞുകൊണ്ടു മേഘ പുഞ്ചിരിച്ചു.
ജ്ഞാനപൂര്‍ണ്ണമായ വാക്കുകളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങളുടെ പുസ്തകം - പലതും, തന്റെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായി പ്രശംസിക്കപ്പെട്ട ശലോമോന്‍ ആണ് എഴുതിയത് (1 രാജാക്കന്മാര്‍ 10:23). അതിന്റെ മുപ്പത്തിയൊന്ന് അധ്യായങ്ങളും ജ്ഞാനം ശ്രദ്ധിക്കാനും ഭോഷത്തം ഒഴിവാക്കാനും വായനക്കാരെ ആഹ്വാനം ചെയ്യുന്നു. സദൃശവാക്യങ്ങള്‍ 1:7-ലെ പ്രധാന സന്ദേശത്തോടെയാണ് അതാരംഭിക്കുന്നത്: 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' ജ്ഞാനം - എപ്പോള്‍ എന്തുചെയ്യണമെന്ന് അറിയുന്നത് - ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിലൂടെ ദൈവത്തെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലഭിക്കുന്നത്. ആമുഖ വാക്യങ്ങളില്‍ നാം വായിക്കുന്നു, ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും'' ( വാ. 8-9).
മേഘയുടെ സ്‌നേഹിത, അവള്‍ക്കാവശ്യമായ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്കാണ് അവളെ നയിച്ചത്: അതായത് ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുക. അവളുടെ സമ്മാനം മേഘക്കാവശ്യമായ സഹായം എവിടെ കണ്ടെത്താമെന്നതിലേക്കു മേഘയുടെ ശ്രദ്ധയെ നയിച്ചു.
നാം ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ ജ്ഞാനം നമുക്കു ലഭിക്കും. ഓരോ വിഷയത്തിനും.

പിതാവില്ലാത്തവരല്ല
ജോണ്‍ സോവേഴ്സ് തന്റെ ഫാദര്‍ലെസ് ജനറേഷന്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ''25 ദശലക്ഷം കുട്ടികള്‍ ഒറ്റ-രക്ഷാകര്‍ത്തൃ വീടുകളില്‍ വളരുന്ന ഈ തലമുറപോലെ മറ്റൊരു തലമുറയും സ്വമേധയാ പിതാവിന്റെ അഭാവം അനുഭവിച്ചിട്ടില്ല.'' എന്റെ സ്വന്തം അനുഭവത്തില്‍, ഞാന്‍ തെരുവില്‍വെച്ച് എന്റെ പിതാവുമായി കൂട്ടിയിടിച്ചാല്‍ പോലും അദ്ദേഹത്തെ തിരിച്ചറിയുമായിരുന്നില്ല. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടി, എന്റെ പിതാവിന്റെ എല്ലാ ഫോട്ടോകളും കത്തിച്ചുകളഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളായി, എനിക്കു പിതാവില്ലെന്നു തോന്നിയിരുന്നു. പതിമൂന്നാം വയസ്സില്‍ ഞാന്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന കേട്ടു (മത്തായി 6:9-13), എന്നോടുതന്നെ പറഞ്ഞു, നിനക്ക് ഒരു ഭൗമിക പിതാവില്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ നിനക്കു ദൈവം സ്വര്‍ഗ്ഗീയ പിതാവായുണ്ട്.
മത്തായി 6:9-ല്‍, ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ'' എന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. മുമ്പിലുള്ള 7-ാം വാക്യത്തില്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ''ജല്പനം ചെയ്യരുത്'' എന്ന് പറയുന്നു. ഈ വാക്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. ദൈവം ഓര്‍മ്മിക്കുന്നതിനാല്‍ നാം ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് അതിനര്‍ത്ഥം എന്നു ഞാന്‍ മനസ്സിലാക്കി. അവിടുന്നു ശരിക്കും മനസ്സിലാക്കുന്നു, അതിനാല്‍ നാം വിശദീകരിക്കേണ്ടതില്ല. അവിടുത്തേക്ക് അനുകമ്പയുള്ള ഒരു ഹൃദയമുണ്ട്, അതിനാല്‍ അവിടുത്തെ നന്മയെക്കുറിച്ചു നാം അനിശ്ചിതത്വത്തിലാകേണ്ടതില്ല. അവിടുത്തേക്ക് ആരംഭത്തില്‍ തന്നെ അവസാനം അറിയാമെന്നതിനാല്‍, അവിടുത്തെ സമയം തികവുള്ളതാണെന്നു നമുക്കറിയാം.
ദൈവം നമ്മുടെ പിതാവായതിനാല്‍, അവിടുത്തെ ചലിപ്പിക്കാന്‍ നാം ''ധാരാളം വാക്കുകള്‍'' ഉപയോഗിക്കേണ്ടതില്ല (വാ. 7). നമ്മെ സ്‌നേഹിക്കുകയും പരിപാലിക്കുകയും യേശുവിലൂടെ നമ്മെ മക്കളാക്കുകയും ചെയ്ത ഒരു പിതാവിനോടാണ് പ്രാര്‍ത്ഥനയിലൂടെ നാം സംസാരിക്കുന്നത്.

നമ്മുടെ വിശ്വാസം പങ്കിടുന്നതിലെ ''എന്ത്''
പരസ്യമായി സംസാരിക്കാനുള്ള ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉപദേശം തേടുന്നതിനായി മഹേഷ് എന്റെയടുത്തെത്തി. മറ്റു പലരെയും പോലെ, അവന്റെ ഹൃദയം ശക്തിയായി മിടിക്കും, അവന്റെ തൊണ്ട വരളും, അവന്റെ മുഖം കഠനിമായി ചുവക്കും. ആളുകള്‍ക്കുള്ള സാമൂഹിക ഭയങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഗ്ലോസോഫോബിയ - പരസ്യമായി സംസാരിക്കുന്നതിനെ മരണത്തേക്കാള്‍ തങ്ങള്‍ ഭയപ്പെടുന്നുവെന്ന് പലരും തമാശ പറയാറുണ്ട്! നന്നായി ''പ്രകടനം'' കാഴ്ചവയ്ക്കാന്‍ കഴിയാത്ത ഈ ഭയത്തെ അതിജീവിക്കുന്നതിനു മഹേഷിനെ സഹായിക്കാനായി, അവന്‍ എത്ര നന്നായി തന്റെ സന്ദേശം അവതരിപ്പിക്കുന്നു എന്നതിനെക്കാള്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ മഹേഷിനെ ഉപദേശിച്ചു.
ഒരു കാര്യം പങ്കിടുന്നതിനുള്ള കഴിവിനെക്കാള്‍, എന്തു പങ്കിടുന്നു എന്നതിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറ്റുള്ളവര്‍ക്കു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നതില്‍ പൗലൊസ് സ്വീകരിച്ച സമീപനത്തിനു സമാനമാണ്. കൊരിന്തിലെ സഭയ്ക്കു ലേഖനമെഴുതിയപ്പോള്‍, തന്റെ സന്ദേശവും പ്രസംഗവും ''ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല'' (1 കൊരിന്ത്യര്‍ 2:4) എന്നു പൗലൊസ് എഴുതി. പകരം, യേശുക്രിസ്തുവിന്റെ സത്യത്തിലും അവിടുത്തെ ക്രൂശീകരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും (വാ. 2), ഒരു പ്രഭാഷകനെന്ന നിലയില്‍ തന്റെ വാചാലതയിലല്ല, തന്റെ വാക്കുകളെ ശക്തീകരിക്കാന്‍ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുകൊണ്ടുമാണ് പൗലൊസ് ശുശ്രൂഷ നിര്‍വഹിച്ചത്.
നാം ദൈവത്തെ വ്യക്തിപരമായി അറിയുമ്പോള്‍, ദൈവത്തെക്കുറിച്ചു നമുക്കു ചുറ്റുമുള്ളവരുമായി പങ്കിടാന്‍ നാം ആഗ്രഹിക്കും. എന്നിട്ടും, അതു ശരിയായി അവതരിപ്പിക്കാതിരിക്കാന്‍ കഴിയുമോ എന്നു ഭയപ്പെട്ട് - ശരിയായ വാക്കുകള്‍ കിട്ടുമോ എന്നു ഭയന്ന് - നാം ചിലപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പകരം നാം ''എന്തു'' പറയുന്നു എന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ - ദൈവം ആരാണെന്നുള്ള സത്യവും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികളും - പൗലൊസിനെപ്പോലെ നമുക്കും, നമ്മുടെ വാക്കുകളെ ശാക്തീകരിക്കാന്‍ ദൈവത്തിലാശ്രയിക്കാന്‍ കഴിയും. അങ്ങനെ ഭയമോ വിമുഖതയോ കൂടാതെ സുവിശേഷം പങ്കുവെയ്ക്കാന്‍ നമുക്കു കഴിയും.

ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു
ചില ''രക്ഷകള്‍'' തങ്ങള്‍ക്കു നല്ല ഭാഗ്യം കൊണ്ടുവന്നുവെന്ന് ചില ആളുകള്‍ നിങ്ങളോടു പറഞ്ഞേക്കാം. ചിലര്‍ക്ക് ഇത് ചില 'ഏലസ്സുകള്‍' ആണ്, മറ്റു ചിലര്‍ക്ക് ഇത് പ്രത്യേക നാണയങ്ങള്‍, പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ ശുഭദിനങ്ങള്‍ എന്നിവയാണ്. ഇവ അഭിവൃദ്ധി കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പലരും കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു.
സൗഭാഗ്യങ്ങളിലുള്ള ഈ സാര്‍വത്രിക വിശ്വാസം, വിവിധ സംസ്‌കാരങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും. നമ്മുടെ ആത്യന്തിക ക്ഷേമത്തിനായി ദൈവത്തില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തിലെങ്കിലും -പണമോ, മാനുഷിക ബലമോ, അല്ലെങ്കില്‍ മതപരമായ പാരമ്പര്യമോ - ആശ്രയിക്കാനുള്ള നമ്മുടെ മാനുഷിക പ്രവണതയെയാണ് അതു ചൂണ്ടിക്കാണിക്കുന്നത്. അശ്ശൂരില്‍നിന്നുള്ള ആക്രമണ ഭീഷണി വന്നപ്പോള്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നു തിരിഞ്ഞു ദൈവത്തോടു വ്യക്തിപരമായി അടുക്കുന്നതിനു പകരം, യെഹൂദാജനം ഫറവോന്റെ സഹായം തേടിയപ്പോള്‍ ദൈവം ഇതിനെതിരായി മുന്നറിയിപ്പു നല്‍കി: 'മനംതിരിഞ്ഞ് അടങ്ങിയിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്കു മനസ്സാകാതെ അല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും'' (യെശയ്യാവ് 30:15-16).
അവരുടെ ''സഹായം തേടിയുള്ള യാത്ര'' പരാജയപ്പെട്ടു (ദൈവം അരുളിച്ചെയ്തതുപോലെ തന്നെ). അശ്ശൂര്‍ യെഹൂദയെ വളഞ്ഞു. എന്നാല്‍ ദൈവം തന്റെ ജനത്തോടു പറഞ്ഞു, 'കര്‍ത്താവ് നിങ്ങളോട് കൃപ കാണിക്കാന്‍ ആഗ്രഹിക്കുന്നു.'' നാം ചെറിയ കാര്യങ്ങളില്‍ ആശ്രയിക്കുമ്പോഴും, തങ്കലേക്കു മടങ്ങിവരുന്നതിനു നമ്മെ സഹായിക്കാന്‍ ദൈവം തന്റെ കൈ നീട്ടിയിരിക്കുന്നു. 'അവനായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്‍!'' (വാ. 18).
