Category  |  odb

ദൈവിക സംരക്ഷണം

സൂചികള്‍, പാല്‍, കൂണ്‍, എലിവേറ്ററുകള്‍, ജനനങ്ങള്‍, തേനീച്ചകള്‍, ബ്ലെന്‍ഡറുകളിലെ ഈച്ചകള്‍ - മങ്ക് എന്ന റ്റിവി ഷോയിലെ കുറ്റാന്വേഷകനും പ്രധാന കഥാപാത്രവുമായ മിസ്റ്റര്‍ അഡ്രിയാന്‍ മങ്കിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അയാളും ദീര്‍ഘകാല എതിരാളിയായ ഹാരോള്‍ഡ് ക്രെന്‍ഷോയും ഒരുമിച്ച് ഒരു കാറിന്റെ ഡിക്കിയില്‍ പൂട്ടപ്പെട്ടപ്പോള്‍, തന്റെ ഭയത്തിന്റെ പട്ടികയില്‍ നിന്ന് ഒന്നിനെയെങ്കിലും - ക്ലോസ്‌ട്രോഫോബിയ - മറികടക്കാന്‍ മങ്കിന് അവസരം ലഭിച്ചു.

മങ്കും ഹാരോള്‍ഡും ഒരുപോലെ പരിഭ്രാന്തരായിക്കൊണ്ടിരിക്കുമ്പോഴാണ് മങ്കിന് വെളിപ്പാടുണ്ടായത്. 'ഒരുപക്ഷേ നാമിതിനെ തെറ്റായ രീതിയിലാണു നോക്കുന്നതെന്നു ഞാന്‍ കരുതുന്നു,' അയാള്‍ ഹരോള്‍ഡിനോടു പറഞ്ഞു. 'ഈ ഡിക്കി, ഈ ഭിത്തികള്‍. . . അവ നമ്മെ അടച്ചുവയ്ക്കുകയല്ല. . . അവ നമ്മെ സംരക്ഷിക്കുകയാണ്, ശരിക്കും. അണുക്കള്‍, പാമ്പുകള്‍, ഹാര്‍മോണിയങ്ങള്‍ എന്നിവയില്‍നിന്നു അവ നമ്മെ സംരക്ഷിക്കുകയാണ്.' വിടര്‍ന്ന കണ്ണുകളോടെ, അയാള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കി ഹാരോള്‍ഡ്  അത്ഭുതത്തോടെ മന്ത്രിച്ചു, 'ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.'

63-ാം സങ്കീര്‍ത്തനത്തില്‍, ദാവീദിന് സമാനമായ വെളിപ്പാട് ഉണ്ടായതുപോലെ തോന്നുന്നു. ''ഉണങ്ങിവരണ്ട ഒരു ദേശത്ത്'' ആയിരുന്നിട്ടും, ദൈവത്തിന്റെ ശക്തി, മഹത്വം, ദയ എന്നിവ ദാവീദ് ഓര്‍മ്മിക്കുമ്പോള്‍ (വാ. 1-3), മരുഭൂമി ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരിടമായി മാറുന്നതുപോലെ തോന്നി. ഒരു പക്ഷിക്കുഞ്ഞ് അമ്മയുടെ ചിറകിന്റെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുന്നതുപോലെ, ദാവീദ് ദൈവത്തോടു പറ്റിനില്‍ക്കുമ്പോള്‍, ആ ശൂന്യമായ സ്ഥലത്തുപോലും, ''ഏറ്റവും സമ്പന്നമായ ഭക്ഷണംകൊണ്ടെന്നപോലെ'' വിരുന്നു കഴിക്കാന്‍ കഴിയുമെന്ന് ദാവീദു കണ്ടെത്തുന്നു (വാ. 5), അതില്‍ ''ജീവനെക്കാള്‍ നല്ലതായ'' (വാ. 3) പോഷണവും ശക്തിയും അവന്‍ കണ്ടെത്തുന്നു.

ദയയുടെ പൈതൃകം

മുപ്പതു വര്‍ഷത്തിലേറെക്കാലം മാര്‍ത്ത ഒരു പ്രാഥമിക വിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു. എല്ലാ വര്‍ഷവും, ഞെരുക്കമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ അവള്‍ പണം ലാഭിച്ചു. രക്താര്‍ബുദം ബാധിച്ച് അവള്‍ മരിച്ചതിനുശേഷം, ഞങ്ങള്‍ അവളുടെ ആജീവനാന്ത സേവനത്തിന്റെ സ്മരണയ്ക്കായി ഒരു ആഘോഷം നടത്തി. പൂക്കള്‍ക്കു പകരമായി, പതിറ്റാണ്ടുകളായി അവള്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നൂറുകണക്കിനു പുതിയ വസ്ത്രങ്ങള്‍ ആളുകള്‍ സംഭാവന ചെയ്തു. ദയാപൂര്‍വ്വമായ വാക്കുകളും ചിന്തനീയമായ പ്രവൃത്തികളും ഉപയോഗിച്ച് മാര്‍ത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച എണ്ണമറ്റ വഴികളെക്കുറിച്ചുള്ള കഥകള്‍ പലരും പങ്കിട്ടു. നിത്യതയുടെ ഈ വശത്ത് അവളുടെ ജീവിതം അവസാനിച്ചതിനുശേഷം മൂന്നു വര്‍ഷത്തേക്ക് അവളുടെ സഹഅധ്യാപകര്‍ ആവശ്യമുള്ള കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ നല്‍കി അവളുടെ ഓര്‍മ്മയെ ആദരിച്ചു. അവളുടെ ദയയുടെ പൈതൃകം, ആവശ്യമുള്ളവരെ ഉദാരമായി സേവിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.

അപ്പൊസ്തല പ്രവൃത്തികള്‍ 9 ല്‍, 'വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്ന' ഡോര്‍ക്കസ് എന്ന സ്ത്രീയെക്കുറിച്ചുള്ള ഒരു കഥ അപ്പൊസ്തലനായ ലൂക്കൊസ് പങ്കുവെക്കുന്നു (വാ. 36). അവള്‍ രോഗബാധിതയായി മരിച്ചതിനുശേഷം, ദുഃഖിതരായ സമൂഹം തങ്ങളെ സന്ദര്‍ശിക്കാന്‍ പത്രൊസിനെ നിര്‍ബന്ധിച്ചു. ഡോര്‍ക്കസ് മറ്റുള്ളവരെ സേവിച്ചുകൊണ്ടു ജീവിച്ചതിന്റെ തെളിവുകള്‍ എല്ലാ വിധവമാരും പത്രൊസിനു കാണിച്ചുകൊടുത്തു (വാ. 39). മനസ്സലിവിന്റെ അത്ഭുതകരമായ ഒരു പ്രവൃത്തിയിലൂടെ പത്രൊസ് ഡോര്‍ക്കസിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡോര്‍ക്കാസിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു, 'പലരും കര്‍ത്താവില്‍ വിശ്വസിച്ചു' (വാ. 42). എന്നാല്‍ പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സേവിക്കാനുള്ള ഡോര്‍ക്കസിന്റെ പ്രതിബദ്ധതയാണ് അവളുടെ സമൂഹത്തിലെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സ്‌നേഹപൂര്‍വമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്തത്.

അവന്‍ നമ്മെ കേള്‍ക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി. റൂസ്‌വെല്‍റ്റ് പലപ്പോഴും വൈറ്റ്ഹൗസില്‍ തന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയെ സഹിച്ചിരുന്നു. കഥയില്‍ വിവരിക്കുന്നതനുസരിച്ച്, താന്‍ പറയുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. അതിനാല്‍, ഒരു സ്വീകരണവേളയില്‍ ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. നിരനിരയായി മുമ്പോട്ടു വന്നു തന്റെ കൈ പിടിച്ചു കുലുക്കിയ എല്ലാവരോടും അദ്ദേഹം പറഞ്ഞു, 'ഇന്നു രാവിലെ ഞാന്‍ എന്റെ മുത്തശ്ശിയെ കൊന്നു.' അതിഥികള്‍ പറഞ്ഞ മറുപടി ഏതാണ്ടിങ്ങനെയായിരുന്നു, 'അത്ഭുതം! ഈ നല്ല പ്രവര്‍ത്തനം തുടരുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സര്‍.' വരിയുടെ അവസാനം എത്തിയ ബൊളീവിയയില്‍ നിന്നുള്ള അംബാസഡര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ കേട്ടത്. ഭാവഭേദം കൂടാതെ അംബാസഡര്‍ മന്ത്രിച്ചു, 'അവള്‍ അതിനര്‍ഹയായിരുന്നു എന്നെനിക്കുറപ്പുണ്ട്.'

ആളുകള്‍ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിലും മോശമായി, ദൈവം ശ്രദ്ധിക്കുന്നില്ലെന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? ആളുകളുടെ പ്രതികരണത്തിന്റെയോ നോട്ടത്തിന്റെയോ അടിസ്ഥാനത്തില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്കു പറയാന്‍ കഴിയും. എന്നാല്‍, ദൈവം ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ അറിയാം? നാം തോന്നലുകളെ ആശ്രയിക്കണോ? അതോ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ എന്നു നോക്കണമോ?

എഴുപതുവര്‍ഷത്തെ ബാബിലോന്യ പ്രവാസത്തിനുശേഷം, തന്റെ ജനത്തെ യെരൂശലേമിലേക്കു തിരികെ കൊണ്ടുവന്ന് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു (യിരെമ്യാവ് 29:10-11). അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരെ കേട്ടു (വാ. 12). ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടുവെന്ന് അവര്‍ക്കറിയാമായിരുന്നു, കാരണം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് ദൈവം അവരോടു വാഗ്ദത്തം ചെയ്തിരുന്നു. ഇതു നമുക്കും ഇത് ബാധകമാണ് (1 യോഹന്നാന്‍ 5:14). ദൈവം നമ്മെ കേള്‍ക്കുന്നുവെന്ന് അറിയാന്‍ നാം തോന്നലുകളെ ആശ്രയിക്കേണ്ടതില്ല അല്ലെങ്കില്‍ ഒരു അടയാളത്തിനായി കാത്തിരിക്കേണ്ടതില്ല. അവിടുന്നു കേള്‍ക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അവിടുന്ന് എപ്പോഴും തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു (2 കൊരിന്ത്യര്‍ 1:20).

ദൈവമക്കള്‍

കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി, ഞാനൊരിക്കല്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചു. പങ്കെടുത്തവരില്‍, തങ്ങളുടെ വന്ധ്യതയില്‍ ഹൃദയം തകര്‍ന്നിരുന്ന പലരും, തങ്ങളുടെ ഭാവിയെക്കുറിച്ച് നിരാശിതരായിരുന്നു. മക്കളില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചിരുന്ന ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. 'മാതാപിതാക്കളാകാതെ തന്നെ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു വ്യക്തിത്വം നേടാന്‍ കഴിയും,' ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്ന പുതിയ ഉദ്ദേശ്യമുണ്ട്.''

പിന്നീട് ഒരു സ്ത്രീ കണ്ണീരോടെ എന്നെ സമീപിച്ചു. 'നന്ദി,' അവള്‍ പറഞ്ഞു. 'കുട്ടികളില്ലാത്തതില്‍ വിലകെട്ടവളായി എനിക്കു തോന്നിയിരുന്നു, ഞാന്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന സന്ദേശം എനിക്കുള്ളതായിരുന്നു.' യേശുവില്‍ വിശ്വസിക്കുന്നവളാണോ എന്നു ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു. 'വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി,' അവള്‍ പറഞ്ഞു. 'പക്ഷെ എനിക്ക് ദൈവവുമായി വീണ്ടും ഒരു ബന്ധം ആവശ്യമാണ്.'

ഇതുപോലുള്ള സമയങ്ങള്‍, സുവിശേഷം എത്ര അടിസ്ഥാനമുള്ളതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. 'പിതാവ്,' 'മാതാവ്' എന്നിങ്ങനെയുള്ള ചില വ്യക്തിത്വങ്ങള്‍ ചിലര്‍ക്കു നേടുവാന്‍ പ്രയാസമാണ്. ഒരു ജോലിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതര്‍ക്കു നഷ്ടപ്പെടാം. എന്നാല്‍ യേശുവിലൂടെ നാം ദൈവത്തിന്റെ 'പ്രിയമക്കളായി' മാറുന്നു - ആര്‍ക്കും ഒരിക്കലും മോഷ്ടിക്കാനാവാത്ത വ്യക്തിത്വമാണത് (എഫെസ്യര്‍ 5:1). അതിനുശേഷം നമുക്കു 'സ്‌നേഹത്തിന്റെ പാതയില്‍ നടക്കുവാന്‍' കഴിയും - ഏതൊരു റോളിനെയും തൊഴില്‍ പദവിയെയും കവിയുന്ന ഒരു ജീവിതോദ്ദേശ്യമാണത് (വാ. 2).

എല്ലാ മനുഷ്യരും 'ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണ്' (സങ്കീര്‍ത്തനം 139:14). യേശുവിനെ അനുഗമിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (യോഹന്നാന്‍ 1:12-13). നിരാശിതയായിരുന്ന ആ സ്ത്രീ, പ്രത്യാശയുള്ളവളായി - ഈ ലോകത്തിനു നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ ഉന്നതമായ ഒരു വ്യക്തിത്വവും ലക്ഷ്യവും കണ്ടെത്തുന്നവളായി - മടങ്ങിപ്പോയി.

നിങ്ങളുടെ വിശ്വാസം പങ്കിടുക

എഴുത്തുകാരിയും സുവിശേഷകയുമായ ബെക്കി പിപ്പെര്‍ട്ട് അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന സമയത്ത്, ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഹീതറുമായി യേശുവിന്റെ സുവിശേഷം പങ്കിടാന്‍ അവള്‍ രണ്ടു വര്‍ഷം ആഗ്രഹിച്ചു. എന്നാല്‍ ഹെതറിന് അതിന് അല്പംപോലും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒരു സംഭാഷണം ആരംഭിക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയ ബെക്കി തന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പു പ്രാര്‍ത്ഥിച്ചു.

ഒരു ദിവസം പാര്‍ലറില്‍, ബെക്കി ഒരു പഴയ മാസിക മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു മോഡലിന്റെ ചിത്രം കണ്ടപ്പോള്‍ അവളതു ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് അവളെ ഇത്രയധികം ശ്രദ്ധിക്കുന്നതെന്നു ഹെതര്‍ ചോദിച്ചപ്പോള്‍, അതു തന്റെ ഒരു ഉറ്റ സുഹൃത്തിന്റെ ചിത്രമാണെന്നും പണ്ട് അവള്‍ വോഗിന്റെ കവര്‍ മോഡലായിരുന്നുവെന്നും ബെക്കി അവളോട് പറഞ്ഞു. ദൈവവിശ്വാസത്തിലേക്കു വന്ന തന്റെ ചില സ്‌നേഹിതകളുടെ കഥ ബെക്കി പങ്കുവെച്ചു; ഹെതര്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടു.

ബെക്കി ഒരു യാത്രയ്ക്കായി പുറപ്പെട്ടു, പിന്നീട് അവള്‍ അയര്‍ലണ്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, ഹെതര്‍ ഒരു പുതിയ സ്ഥലത്തേക്ക് മാറിയതായി അവള്‍ മനസ്സിലാക്കി. ബെക്കി പ്രതിഫലിപ്പിച്ചു, 'സുവിശേഷം പങ്കിടാന്‍ ഒരവസരം നല്‍കണമെന്നു ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു, അവിടുന്ന് അതു ചെയ്തു!''

അപ്പൊസ്തലനായ പൗലൊസില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ ബലഹീനതയ്ക്കുള്ള സഹായത്തിനായി ബെക്കി ദൈവത്തെ നോക്കി. പൗലൊസ് ബലഹീനനാകുകയും, അവന്റെ ജഡത്തിലെ ശൂലം നീക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തപ്പോള്‍ കര്‍ത്താവ് പറഞ്ഞു, 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യര്‍ 12:9). വലുതും ചെറുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തിലാശ്രയിക്കാന്‍ പൗലൊസ് പഠിച്ചിരുന്നു.

നമുക്കു ചുറ്റുമുള്ളവരെ സ്‌നേഹിക്കാന്‍ സഹായിക്കുന്നതിനു നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ആധികാരികമായി പങ്കിടാനുള്ള അവസരങ്ങള്‍ നാമും കണ്ടെത്തും.