Category  |  odb

നമ്മെച്ചൊല്ലി പാടുന്നു

ഒരു യുവാവ് തന്റെ ആണ്‍കുഞ്ഞിനെ കൈയ്യില്‍ പിടിച്ച്, അവനോടു പാടുകയും ശാന്തമായ താളത്തില്‍ അവനെ താരാട്ടുകയും ചെയ്തു. കുഞ്ഞിനു ശ്രവണവൈകല്യമുണ്ടായിരുന്നതിനാല്‍, ഈണമോ വാക്കുകളോ അതിനു കേള്‍ക്കാനായില്ല. എന്നിട്ടും പിതാവു തന്റെ മകനോടുള്ള മനോഹരവും ആര്‍ദ്രവുമായ സ്‌നേഹത്തോടെ പാടി. അദ്ദേഹത്തിന്റെ പരിശ്രമത്തിനുള്ള പ്രതിഫലം, ആ കുഞ്ഞിന്റെ സന്തോഷകരമായ പുഞ്ചിരിയായിരുന്നു.

പിതൃപുത്ര ആശയവിനിമയത്തിന്റെ ചിത്രം സെഫന്യാവിന്റെ വാക്കുകളുമായി തികച്ചും സാമ്യമുള്ളതാണ്. ദൈവം, തന്റെ പുത്രിയായ യെരൂശലേമിലെ ജനത്തെക്കുറിച്ചു സന്തോഷത്തോടെ പാടും എന്നാണു പഴയനിയമ പ്രവാചകന്‍ പറയുന്നത് (സെഫന്യാവ് 3:17). അവരുടെ ശിക്ഷകള്‍ എടുത്തുകളയുകയും അവരുടെ ശത്രുക്കളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള നല്ല കാര്യങ്ങള്‍ തന്റെ പ്രിയപ്പെട്ട ജനത്തിനുവേണ്ടി ചെയ്യുന്നതു ദൈവം ആസ്വദിക്കുന്നു (വാ. 15). അവര്‍ക്ക് ഇനി ഭയത്തിന് ഒരു കാരണവുമില്ലെന്നും മറിച്ചു സന്തോഷിക്കാന്‍ കാരണമുണ്ടെന്നും സെഫന്യാവു പറയുന്നു.

യേശുക്രിസ്തുവിന്റെ യാഗത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കളായ നാം ചിലപ്പോഴൊക്കെ കേള്‍വിയില്ലാത്തവരാകാറുണ്ട് - കേള്‍ക്കാന്‍ കഴിവില്ലാത്തവരോ, മനസ്സില്ലാത്തവരോ, അല്ലെങ്കില്‍ നമ്മോടു പാടാന്‍ ദൈവത്തെ പ്രേരിപ്പിക്കുന്ന അതിമനോഹരസ്‌നേഹത്തിലേക്കു ചെവി ട്യൂണ്‍ ചെയ്യാന്‍ കഴിയാത്തവരോ ആയി നാം മാറിയേക്കാം. ദൈവത്തിനു നമ്മോടുള്ള ആരാധന, കേള്‍ക്കാന്‍ കഴിവില്ലെങ്കിലും, തന്റെ മകനുവേണ്ടി സ്‌നേഹപൂര്‍വ്വം പാടുന്ന യുവാവായ പിതാവിനെപ്പോലെയാണ്. അവിടുന്നു നമ്മുടെ ശിക്ഷയും എടുത്തുകളഞ്ഞു, സന്തോഷിക്കാന്‍ കൂടുതല്‍ കാരണം നല്‍കുന്നു. അവിടുത്തെ ശബ്ദത്തില്‍ സന്തോഷം മുഴങ്ങുന്നതു കേള്‍ക്കാന്‍ ഒരുപക്ഷേ നാം കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പിതാവേ, അങ്ങയുടെ സ്‌നേഹനിര്‍ഭരമായ സംഗീതം കേള്‍ക്കാനും  അങ്ങയുടെ കൈകളില്‍ ഞങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നത് ആസ്വദിക്കാനും ഞങ്ങളെ സഹായിക്കണമേ!

പ്രകൃതിയെ ശ്രദ്ധിക്കുക

അടുത്തിടെ ഞാനും ഒരു സ്‌നേഹിതനും കൂടി, നടക്കാന്‍ ഞാന്‍ അത്യധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സദാ കാറ്റു വീശിയടിക്കുന്ന ഒരു കുന്നു കയറി, കാട്ടുപൂക്കളുടെ ഒരു പ്രദേശം കടന്ന്, കൂറ്റന്‍ പൈന്‍മരക്കാടുകളിലെത്തി, തുടര്‍ന്ന് ഒരു താഴ്‌വരയിലേക്ക് ഇറങ്ങി, അവിടെ ഞങ്ങള്‍ ഒരു നിമിഷം നിന്നു. മേഘങ്ങള്‍ ഞങ്ങള്‍ക്കു മുകളില്‍ ശാന്തമായി നീങ്ങി. സമീപത്ത് ഒരു അരുവി ഒലിച്ചിറങ്ങുന്നു. പക്ഷികളുടെ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളു. എല്ലാം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടു ഞാനും സ്‌നേഹിതനും പതിനഞ്ചു മിനിറ്റു നിശബ്ദമായി അവിടെ നിന്നു.

അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ സൗഖ്യം പ്രദാനം ചെയ്യുന്നതായിരുന്നു. ഒരു യുഎസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷണമനുസരിച്ച്, പ്രകൃതിയെ ധ്യാനിക്കുന്നതിനായി സമയം കണ്ടെത്തുന്ന ആളുകള്‍ക്ക് ഉയര്‍ന്ന അളവിലുള്ള സന്തോഷവും താഴ്ന്ന അളവിലുള്ള ഉത്കണ്ഠയും ഭൂമിയെ പരിപാലിക്കാനുള്ള വലിയ ആഗ്രഹവും ഉണ്ടാകുന്നു. എങ്കിലും കാട്ടിലൂടെ നടക്കുന്നതുകൊണ്ടു മാത്രം മതിയാകില്ല. നിങ്ങള്‍ മേഘങ്ങളെ നിരീക്ഷിക്കുകയും, പക്ഷികളുടെ ശബ്ദം കേള്‍ക്കുകയും വേണം. പ്രകൃതിയില്‍ ആയിരിക്കുക എന്നതല്ല പ്രധാനം, അതിനെ ശ്രദ്ധിക്കുക എന്നതാണ്.

പ്രകൃതിയുടെ ഗുണങ്ങള്‍ക്ക് ഒരു ആത്മീയകാരണം ഉണ്ടോ? സൃഷ്ടി ദൈവത്തിന്റെ ശക്തിയും സ്വഭാവവും വെളിപ്പെടുത്തുന്നുവെന്നു പൗലൊസ് പറഞ്ഞു (റോമര്‍ 1:20). ദൈവസാന്നിധ്യത്തിന്റെ തെളിവായി കടലിനെയും ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കാന്‍ ദൈവം ഇയ്യോബിനോടു പറഞ്ഞു (ഇയ്യോബ് 38-39). 'ആകാശത്തിലെ പറവകളെയും വയലിലെ പുഷ്പങ്ങളെയും' ധ്യാനിക്കുന്നതു ദൈവത്തിന്റെ കരുതലിനെ വെളിപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് യേശു പറഞ്ഞു (മത്തായി 6:25-30). തിരുവെഴുത്തില്‍, പ്രകൃതിയെ ശ്രദ്ധിക്കുന്നത് ഒരു ആത്മീയപരിശീലനമാണ്.

പ്രകൃതി നമ്മെ ഇത്രയധികം സാധകാത്മകമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്നു ശാസ്ത്രജ്ഞര്‍ ആശ്ചര്യപ്പെടുന്നു. ഒരുപക്ഷേ ഒരു കാരണം, പ്രകൃതിയെ ശ്രദ്ധിക്കുന്നതിലൂടെ, അതിനെ സൃഷ്ടിച്ചവനും നമ്മെ ശ്രദ്ധിക്കുന്നവനുമായ ദൈവത്തെക്കുറിച്ച് ഒരു ദര്‍ശനം നമുക്കു ലഭിക്കും എന്നതായിരിക്കും.

നിയമപരമായി അവന്റെത്

തങ്ങളുടെ മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും ലഭിച്ചപ്പോള്‍, ഷേബയും ഭര്‍ത്താവും സന്തോഷത്തോടെ കരഞ്ഞു. അവരുടെ മകളുടെ ദത്തെടുക്കലിനെ നിയമാനുസൃതമാക്കുന്നതായിരുന്നു ആ രേഖകള്‍. ഇനി മീന എപ്പോഴും അവരുടെ മകളും എന്നേക്കും അവരുടെ കുടുംബത്തിന്റെ ഭാഗവുമായിരിക്കും. നിയമ നടപടികളെക്കുറിച്ചു ശേബ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍, നമ്മള്‍ യേശുവിന്റെ കുടുംബം ആയിത്തീരുമ്പോള്‍ സംഭവിക്കുന്ന 'യഥാര്‍ത്ഥ കൈമാറ്റത്തെ''ക്കുറിച്ചും അവള്‍ ചിന്തിച്ചു: “ഇനിമേല്‍ നാം പാപത്തിന്റെയും തകര്‍ച്ചയുടെയും ജന്മാവകാശത്താല്‍ തളര്‍ന്നുപോകേണ്ട കാര്യമില്ല.'' മറിച്ച്, ദൈവത്തിന്റെ മക്കളായി നമ്മെ ദത്തെടുക്കുമ്പോള്‍ നാം നിയമപരമായി ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലേക്കു പ്രവേശിക്കുന്നു.

അപ്പൊസ്തലനായ പൗലൊസിന്റെ കാലഘട്ടത്തില്‍, ഒരു റോമന്‍ കുടുംബം ഒരു മകനെ ദത്തെടുത്താല്‍, അവന്റെ നിയമപരമായ പദവി പൂര്‍ണ്ണമായും മാറുന്നു. അവന്റെ പഴയ ജീവിതത്തില്‍നിന്നുള്ള കടങ്ങള്‍ റദ്ദാക്കുകയും പുതിയ കുടുംബത്തിന്റെ എല്ലാ അവകാശങ്ങളും പദവികളും അവനു ലഭിക്കുകയും ചെയ്യുന്നു. ഈ പുതിയ പദവി തങ്ങള്‍ക്കും ബാധകമാണെന്ന് യേശുവിലുള്ള റോമന്‍ വിശ്വാസികള്‍ മനസ്സിലാക്കണമെന്നു പൗലൊസ് ആഗ്രഹിച്ചു. മേലാല്‍ അവര്‍ പാപത്തിനും ശിക്ഷാവിധിക്കും വിധേയരായിരിക്കുന്നില്ല, മറിച്ച് അവര്‍ “ആത്മാവിനെ അനുസരിച്ചു'' ജീവിക്കുന്നവരാണ് (റോമര്‍ 8:4). ആത്മാവു നടത്തുന്നവരെല്ലാം ദൈവമക്കളായി ദത്തെടുത്തവരാണ് (വാ. 14-15). അവര്‍ സ്വര്‍ഗ്ഗത്തിലെ പൗരന്മാരായപ്പോള്‍, അവരുടെ നിയമപരമായ നില മാറി. 

രക്ഷയുടെ ദാനം നമുക്കു ലഭിച്ചിട്ടുണ്ടെങ്കില്‍, നാമും ദൈവമക്കളാണ്, ക്രിസ്തുവിന്റെ രാജ്യത്തിന്റെ അവകാശികളും ക്രിസ്തുവിനോട് ഐക്യപ്പെട്ടവരുമാണ്. യേശുവിന്റെ യാഗത്തിന്റെ ദാനത്താല്‍ നമ്മുടെ കടങ്ങള്‍ റദ്ദുചെയ്തു. നാം ഇനി ഭയത്തിലോ ശിക്ഷാവിധിയിലോ ജീവിക്കേണ്ടതില്ല.

ശരിയായ വാക്കുകള്‍

കഴിഞ്ഞ വര്‍ഷമോ മറ്റോ, നിരവധി എഴുത്തുകാര്‍ നമ്മുടെ വിശ്വാസത്തിന്റെ 'പദാവലി' പുനഃപരിശോധിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഉദാഹരണമായി, അമിതപരിചയത്തിലൂടെയും അമിത ഉപയോഗത്തിലൂടെയും സുവിശേഷത്തിന്റെ ആഴങ്ങളുമായും ദൈവത്തിനായുള്ള നമ്മുടെ ആവശ്യവുമായും ബന്ധം നഷ്ടപ്പെടുമ്പോള്‍, ദൈവശാസ്ത്രപരമായി സമ്പന്നമായ വിശ്വാസവാക്കുകള്‍ക്കു പോലും അവയുടെ സ്വാധീനത നഷ്ടപ്പെടുമെന്ന് ഒരു എഴുത്തുകാരന്‍ ഊന്നിപ്പറഞ്ഞു. അതു സംഭവിക്കുമ്പോള്‍, നമ്മുടെ ധാരണകളെ ഉപേക്ഷിച്ച്  സുവിശേഷത്തെ ആദ്യമായി കാണുന്നതിനായി, വിശ്വാസത്തിന്റെ ഭാഷ “ആദ്യം മുതല്‍'' തന്നെ നാം വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

''ആദ്യം മുതല്‍ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍'' പഠിക്കുന്നതിനുള്ള ക്ഷണം എന്നെ ഓര്‍മ്മിപ്പിക്കുന്നതു പൗലൊസിനെക്കുറിച്ചാണ്. 'സുവിശേഷം നിമിത്തം ... എല്ലാവര്‍ക്കും എല്ലാമായി''ത്തീരുന്നതിനു പൗലൊസ് തന്റെ ജീവിതം സമര്‍പ്പിച്ചു (1 കൊരിന്ത്യര്‍ 9:22-23). യേശു ചെയ്ത കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നതിനു തനിക്കു നന്നായി അറിയാമെന്ന് പൗലൊസ് ഒരിക്കലും കരുതിയില്ല. പകരം, നിരന്തരമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ആശ്രയിക്കുകയും - സുവിശേഷം പങ്കിടുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിനു തന്നെ സഹായിക്കുന്നതിനായി - സഹവിശ്വാസികളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുകയും ചെയ്തു(എഫെസ്യര്‍ 6:19).

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തില്‍ വേരൂന്നുന്നതിനായി ഓരോ ദിവസവും താഴ്മയുള്ളവരും ക്രിസ്തുവില്‍നിന്നു സ്വീകരിക്കുന്നതിനുള്ള മനോഭാവമുള്ളവരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അപ്പൊസ്തലന് അറിയാമായിരുന്നു (3:16-17). നമ്മുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക്് ആഴത്തിലിറങ്ങുമ്പോഴാണ് ഓരോ ദിവസവും അവിടുത്തെ കൃപയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു നാം കൂടുതല്‍ ബോധവാന്മാരാകുന്നതും അവിടുന്നു നമുക്കുവേണ്ടി ചെയ്തതിന്റെ അതിശയകരമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ നമുക്കു കഴിയുന്നതും.

ഭാരമേറിയതാണെങ്കിലും പ്രത്യാശയുള്ളതാണ്

ഒരു പീനട്ട്‌സ് കോമിക്ക് സ്ട്രിപ്പില്‍, ലൂസി എന്ന കഥാപാത്രം “അഞ്ചു രൂപയ്ക്കു

മനോരോഗചികിത്സ'' എന്നു പരസ്യം ചെയ്തു. ലിനസ് എന്ന വ്യക്തി അവളുടെ ഓഫീസിലെത്തി, തനിക്ക് ആഴമായ വിഷാദരോഗം ഉണ്ടെന്നു പറഞ്ഞു. തന്റെ അവസ്ഥയെ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അവളോടു ചോദിച്ചപ്പോള്‍, ലൂസിയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു, “അത് കാര്യമാക്കേണ്ട! എന്റെ അഞ്ചു രൂപ എടുക്ക്.’’

ഇത്തരം ലഘുവായ വിനോദം ഒരു നിമിഷനേരത്തെ പുഞ്ചിരി സമ്മാനിക്കുമെങ്കിലും, യഥാര്‍ത്ഥജീവിതത്തിലെ ദുഃഖവും ഇരുട്ടും എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. നിരാശതയും വിഷാദവും യാഥാര്‍ത്ഥ്യങ്ങളാണ്. ചിലപ്പോള്‍ അതിനു വിദഗ്ധസഹായവും വേണ്ടിവരും.

യഥാര്‍ത്ഥ മനഃപീഡ പരിഹരിക്കുന്നതിനു ലൂസിയുടെ ഉപദേശം സഹായകരമല്ല. എന്നിരുന്നാലും, 88-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, പ്രബോധനപരവും പ്രത്യാശ നല്‍കുന്നതുമായ ഒരു കാര്യം വാഗ്ദത്തം ചെയ്യുന്നു. പ്രശ്‌നത്തിന്റെ ഒരു വലിയ ചുമട്, അവന്റെ വീട്ടുവാതില്‍ക്കല്‍ എത്തിയിരുന്നു. പച്ചയായ സത്യസന്ധതയോടെ അവന്‍ തന്റെ ഹൃദയം ദൈവത്തിങ്കല്‍ പകര്‍ന്നു. 

“എന്റെ പ്രാണന്‍ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു'' (വാ. 3). 'നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു'' (വാ. 6). “എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ'' (വാ. 18). സങ്കീര്‍ത്തനക്കാരന്റെ വേദന നാം കള്‍ക്കുന്നു, അനുഭവിക്കുന്നു, തിരിച്ചറിയുന്നു. എങ്കിലും അതുകൊണ്ടു തീരുന്നില്ല. അവന്റെ വിലാപം പ്രത്യാശ നിറഞ്ഞതാണ്. “എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ'' (വാ. 1-2; വാ. 9,13 കാണുക). 

ഭാരമേറിയ കാര്യങ്ങള്‍ വരും, കൗണ്‍സിലിങ്ങും വൈദ്യസഹായവും പോലുള്ള പ്രായോഗിക നടപടികള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരിക്കലും ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.