Category  |  odb

നമ്മുടെ ദാരിദ്ര്യത്തില്‍നിന്ന്

അവരുടെ പണത്തിന്റെ പകുതി സംഭാവന ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പ്രതിജ്ഞ ചൊല്ലിയപ്പോള്‍ വാറന്‍ ബഫെയും ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ചരിത്രം സൃഷ്ടിച്ചു. 2018 ലെ കണക്കനുസരിച്ച് ഇത് 9,200 കോടി ഡോളറിന്റെ സംഭാവന ആയിരുന്നു. ഈ പ്രതിജ്ഞ, മനഃശാസ്ത്രജ്ഞ വിദഗ്ധനായ പോള്‍ പിഫിന് നല്‍കല്‍ രീതികളെക്കുറിച്ചു പഠിക്കാന്‍ പ്രേരണ നല്‍കി. ഒരു ഗവേഷണപരീക്ഷണത്തിലൂടെ, ദരിദ്രര്‍ സമ്പന്നരായ ആളുകളേക്കാള്‍ 44 ശതമാനം കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. സ്വയമായി ദാരിദ്ര്യം അനുഭവിച്ചവര്‍ പലപ്പോഴും കൂടുതല്‍ ഔദാര്യമുള്ളവരായി മാറുന്നു.

യേശുവിന് ഇത് അറിയാമായിരുന്നു. ദൈവാലയം സന്ദര്‍ശിച്ചപ്പോള്‍, പുരുഷാരം ഭണ്ഡാരത്തില്‍ ഔദാര്യദാനങ്ങള്‍ ഇടുന്നത് അവന്‍ കണ്ടു (മര്‍ക്കൊസ് 12:41). ധനികര്‍ പണക്കിഴികള്‍ ഇട്ടു, പക്ഷേ ഒരു പാവപ്പെട്ട വിധവ, അവളുടെ അവസാനത്തെ രണ്ടു ചെമ്പു നാണയങ്ങള്‍ പുറത്തെടുത്തു- ഒരു പൈസയ്ക്കു സമാനമായത് - ഭണ്ഡാരത്തില്‍ ഇട്ടു. യേശു എഴുന്നേറ്റു നില്‍ക്കുന്നതും സന്തോഷിക്കുന്നതും കൈയടിക്കുന്നതും ഞാന്‍ ഭാവനയില്‍ കാണുന്നു. ഉടനെ, അവന്‍ തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി, ഈ വിസ്മയകരമായ പ്രവൃത്തി അവര്‍ കാണാതെപോകുന്നില്ലെന്ന് ഉറപ്പുവരുത്തി. 'ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു,'' യേശു പ്രസ്താവിച്ചു (വാ. 43). യേശു എന്താണ് സംസാരിക്കുന്നതെന്ന് ആരെങ്കിലും വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ച് ശിഷ്യന്മാര്‍ പരസ്പരം നോക്കി. അതിനാല്‍, അവന്‍ ഇത് വ്യക്തമാക്കിക്കൊടുത്തു: വലിയ സംഭാവനകള്‍ ഇട്ടവര്‍ 'തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു'' (വാ. 44).

നമുക്ക് നല്‍കാന്‍ കുറച്ചു മാത്രമേ ഉണ്ടാകൂ, എങ്കിലും നമ്മുടെ ദാരിദ്ര്യത്തില്‍ നിന്നു നല്‍കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇതു തുച്ഛമാണെന്നു തോന്നുമെങ്കിലും, നമുക്കുള്ളതു നാം നല്‍കുന്നു. നമ്മുടെ ഔദാര്യദാനങ്ങളില്‍ ദൈവം വലിയ സന്തോഷം കണ്ടെത്തുന്നു.

ഈ കാര്യങ്ങള്‍ പരിശീലിക്കുക

എന്റെ മകനെ കണക്കിന്റെ ഗൃഹപാഠം ചെയ്യാന്‍ ഞാന്‍ സഹായിച്ചപ്പോള്‍, ഒരേ ആശയവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രശ്‌നങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ഉത്സാഹം കാണിക്കുന്നില്ലെന്നു വ്യക്തമായി. 'എനിക്കത് മനസ്സിലായി, ഡാഡീ!'' എല്ലാ കണക്കുകളും ചെയ്യാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കുകയില്ലെന്നു പ്രതീക്ഷിച്ച് അവന്‍ നിര്‍ബന്ധിച്ചു. എങ്ങനെ പ്രായോഗികമാക്കാമെന്ന് മനസ്സിലാക്കുന്നതുവരെ ഒരു ആശയം ഒരു ആശയം മാത്രമാണെന്ന് ഞാന്‍ അവനോട് സൗമ്യമായി വിശദീകരിച്ചു.

പ്രായോഗികമാക്കുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് എഴുതി. 'എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍'' (ഫിലിപ്പിയര്‍ 4:9). അവന്‍ അഞ്ചു കാര്യങ്ങള്‍ പരാമര്‍ശിച്ചു: അനുരഞ്ജനം - യുവൊദ്യയെയും സുന്തുകയെയും അതു ചെയ്യാന്‍ നിര്‍ബന്ധിച്ചു (വാ. 2-3.) സന്തോഷം - വളര്‍ത്തിയെടുക്കാന്‍ അവന്‍ തന്റെ വായനക്കാരെ ഓര്‍മ്മിപ്പിച്ചു (വാ. 4); സൗമ്യത - ലോകവുമായുള്ള അവരുടെ ബന്ധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവന്‍ അവരെ പ്രേരിപ്പിച്ചു (വാ. 5); പ്രാര്‍ത്ഥന - തന്റെ ജീവിതത്തിലും എഴുത്തിലും അവന്‍ അവര്‍ക്കായി മാതൃക കാണിച്ചു (വാ. 6-7); ശ്രദ്ധ കേന്ദ്രീകരിക്കല്‍ - ജയിലില്‍ പോലും അവന്‍ കാണിച്ചത് (വാ. 8). അനുരഞ്ജനം, സന്തോഷം, സൗമ്യത, പ്രാര്‍ത്ഥന, ശ്രദ്ധ കേന്ദ്രീകരിക്കല്‍ - യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം ജീവിക്കാന്‍ വിളിക്കപ്പെടുന്ന കാര്യങ്ങള്‍. ഏതൊരു ശീലത്തെയും പോലെ, ഈ സദ്ഗുണങ്ങളും വളര്‍ത്തിയെടുക്കണമെങ്കില്‍ അതു പരിശീലിക്കണം.

എന്നാല്‍ സുവിശേഷത്തെക്കുറിച്ചുള്ള സുവാര്‍ത്ത, പൗലൊസ് നേരത്തെ തന്നെ ഫിലിപ്പിയരോട് പറഞ്ഞതുപോലെ, 'ഇച്ഛിക്കുക എന്നതും പ്രവര്‍ത്തിക്കുക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്'' (2:13). നാം ഒരിക്കലും നമ്മുടെ സ്വന്തം ശക്തിയില്‍ പരിശീലിക്കുന്നില്ല. നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കും (4:19).

ഹിമസംഗീതം

അമേരിക്കയിലെ മധ്യവര്‍ഗ്ഗ ജനം പാര്‍ക്കുന്ന ഒരു പ്രദേശത്തെ ഒരു സംഗീത ബാന്‍ഡ്, ഓരോ വര്‍ഷവും നഗരത്തില്‍ സംഭവിക്കുന്ന ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ഒരു ഗാനം ആലപിക്കുന്നു. 'ഞങ്ങള്‍ക്ക് വര്‍ഷത്തിലെ ആദ്യത്തെ യഥാര്‍ത്ഥ മഞ്ഞുവീഴ്ച ലഭിക്കുമ്പോള്‍, അതു പാവനമായ ഒരു കാര്യം സംഭവിക്കുന്നതുപോലെയാണ്,'' ബാന്‍ഡിന്റെ സഹസ്ഥാപകന്‍ വിശദീകരിക്കുന്നു: 'ഒരു പുതിയ തുടക്കത്തിന്റെ ഒരംശം പോലെ. നഗരം മന്ദഗതിയിലാകുകയും നിശ്ശബ്ദമാകുകയും ചെയ്യുന്നു.''

കനത്ത മഞ്ഞുവീഴ്ച നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു പാട്ടിന് എങ്ങനെ പ്രചോദനമാകുമെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. മഞ്ഞ് മാലിന്യത്തെയും പഴക്കത്തെയും മറയ്ക്കുമ്പോള്‍, ഒരു മാസ്മരികമായ ശാന്തത ലോകത്തെ അലങ്കരിക്കുന്നു. കുറച്ച് നിമിഷത്തേക്ക്, ശൈത്യത്തിന്റെ വിരസത തിളക്കമുള്ളതാകുകയും ചിന്തിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

ദൈവത്തെക്കുറിച്ച് സഹായകരമായ ഒരു വീക്ഷണം ഉണ്ടായിരുന്ന ഇയ്യോബിന്റെ സ്‌നേഹിതനായ എലീഹൂ, സൃഷ്ടി നമ്മുടെ ശ്രദ്ധയെ എങ്ങനെ ക്ഷണിക്കുന്നുവെന്ന് രേഖപ്പെടുത്തി. 'ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു'' (ഇയ്യോബ് 37:5). 'അവന്‍ ഹിമത്തോട്: ഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.'' അത്തരം മഹിമയ്ക്ക് നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്താനും ഭക്തിയോടെ നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കാനും കഴിയും. 'താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിയത്തക്കവിധം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു'' (വാ. 7) എലീഹൂ നിരീക്ഷിച്ചു.

നമുക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രകൃതി ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നു. നമുക്ക് എന്തു സംഭവിക്കുന്നുവെന്നോ നമുക്കു ചുറ്റും നാം നിരീക്ഷിക്കുന്നതെന്താണെന്നോ പരിഗണിക്കാതെ - ഗംഭീരമോ, ഭയാനകമോ, മുഷിപ്പനോ ആയ - ഓരോ നിമിഷവും നമ്മുടെ ആരാധനയെ പ്രചോദിപ്പിക്കും. നമ്മുടെ ഉള്ളിലെ കവിയുടെ ഹൃദയം വിശുദ്ധ നിശബ്ദതയെ മോഹിക്കുന്നു.

എഴുതാനുള്ള കാരണം

'കര്‍ത്താവ് എന്റെ ഉന്നത ഗോപുരം . . . . എന്നു പാടിക്കൊണ്ട് ഞങ്ങള്‍ ക്യാമ്പ് വിട്ടു.'' 1943 സെപ്റ്റംബര്‍ 7 ന് എറ്റി ഹില്ലെസം ഒരു പോസ്റ്റ്കാര്‍ഡില്‍ ആ വാക്കുകള്‍ എഴുതി ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു. അവളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസാനത്തെ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു അവ. 1943 നവംബര്‍ 30 ന് ഓഷ്വിറ്റ്‌സില്‍ വെച്ച് അവള്‍ കൊല്ലപ്പെട്ടു. പിന്നീട്, ഹില്ലെസമിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ (രണ്ടാം ലോകമഹായുദ്ധ സമയത്തെ) അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു. നാസി അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ചും ദൈവിക ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഉള്ള അവളുടെ കാഴ്ചപ്പാടുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അവളുടെ ഡയറിക്കുറിപ്പുകള്‍ അറുപത്തിയേഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് - നല്ലതും ചീത്തയുമായതു വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സമ്മാനമായി.

യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പരുഷമായ യാഥാര്‍ത്ഥ്യങ്ങളെ അപ്പൊസ്തലനായ യോഹന്നാന്‍ മറികടന്നുപോയില്ല; യേശു ചെയ്ത നന്മയെയും അവിടുന്നു നേരിട്ട വെല്ലുവിളികളെയും കുറിച്ചു യോഹന്നാന്‍ എഴുതി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്കുകള്‍, തന്റെ പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. 'ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു'' (20:30). എന്നാല്‍ 'നിങ്ങള്‍ വിശ്വസിക്കേണ്ടതിനും ... ഇത് എഴുതിയിരിക്കുന്നു'' (വാ. 31). യോഹന്നാന്റെ 'ഡയറി'' വിജയക്കുറിപ്പില്‍ അവസാനിക്കുന്നു: ''യേശു ദൈവപുത്രനായ ക്രിസ്തു.'' ആ സുവിശേഷവാക്കുകളുടെ സമ്മാനം വിശ്വസിക്കാനും 'അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിനും'' നമുക്ക് അവസരമൊരുക്കുന്നു.

നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് സുവിശേഷങ്ങള്‍. അവ വായിക്കാനും വിശ്വസിക്കാനും പങ്കിടാനുമുള്ള വാക്കുകളാണ്, കാരണം അവ നമ്മെ ജീവനിലേക്ക് നയിക്കുന്നു. അവ നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്നു.

ദൈവത്തോട് യാചിക്കുക

ഒരു കുടുംബത്തിന്റെ ഒരു പ്രഭാതത്തിലെ പ്രാര്‍ത്ഥന സമയം അത്ഭുതകരമായ ഒരു പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. 'ആമേന്‍'' എന്ന് ഡാഡി പറഞ്ഞയുടനെ, അഞ്ചുവയസ്സുകാരന്‍ കാവി പ്രഖ്യാപിച്ചു, 'ഞാന്‍ ജോണിനുവേണ്ടി പ്രാര്‍ത്ഥിച്ചു, കാരണം പ്രാര്‍ത്ഥനയ്ക്കിടെ അവന്‍ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു.''

മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍, നിങ്ങളുടെ പത്തുവയസ്സുള്ള സഹോദരന്റെ പ്രാര്‍ത്ഥനാരീതിയെക്കുറിച്ചു പ്രാര്‍ത്ഥിക്കുന്നതല്ല തിരുവെഴുത്തു ലക്ഷ്യം വയ്ക്കുന്നത് എന്നെനിക്ക് ഉറപ്പുണ്ട്. എങ്കിലും കുറഞ്ഞപക്ഷം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നെങ്കിലും കാവി മനസ്സിലാക്കി.

മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം വേദാധ്യാപകനായ ഓസ്വാള്‍ഡ് ചേംബേഴ്‌സ് ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'മദ്ധ്യസ്ഥത നിങ്ങളെ ദൈവത്തിന്റെ സ്ഥാനത്തു നിര്‍ത്തുന്നു; അതില്‍ ദൈവത്തിന്റെ മനസ്സും കാഴ്ചപ്പാടും ഉണ്ട്.'' ദൈവത്തെക്കുറിച്ചും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെക്കുറിച്ചും നമുക്കുള്ള അറിവിന്റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണത്.

മധ്യസ്ഥപ്രാര്‍ത്ഥനയുടെ ഒരു മികച്ച ഉദാഹരണം ദാനീയേല്‍ 9 ല്‍ കാണാം. യെഹൂദന്മാര്‍ ബാബിലോണില്‍ എഴുപതു വര്‍ഷം പ്രവാസജീവിതം നയിക്കുമെന്ന ദൈവത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന വാഗ്ദത്തം പ്രവാചകന്‍ മനസ്സിലാക്കി (യിരെമ്യാവ് 25:11-12). ആ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതായി മനസ്സിലാക്കിയ ദാനീയേല്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറായി. ദാനീയേല്‍ ദൈവകല്പനകളെ പരാമര്‍ശിച്ചു (ദാനീയേല്‍ 9:4-6), തന്നെത്താന്‍ താഴ്ത്തി (വാ. 8), ദൈവത്തിന്റെ സ്വഭാവത്തെ ആദരിച്ചു (വാ. 9), പാപം ഏറ്റുപറഞ്ഞു (വാ. 15), തന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവകരുണയെ ആശ്രയിച്ചു (വാ. 18). ദാനീയേലിനു ദൈവത്തില്‍ നിന്ന് ഉടനടി ഉത്തരം ലഭിച്ചു (വാ.21).

എല്ലാ പ്രാര്‍ത്ഥനകളും അത്തരമൊരു നാടകീയമായ പ്രതികരണത്തോടെ അവസാനിക്കുന്നില്ല, മറിച്ച് മറ്റുള്ളവരെ പ്രതിനിധീകരിച്ച് ദൈവത്തെ വിശ്വസിച്ചും അവനില്‍ ആശ്രയിച്ചുംകൊണ്ട് ദൈവത്തിങ്കലേക്കു ചെല്ലുവാന്‍ നമുക്ക് ധൈര്യപ്പെടാം.