പ്രാര്‍ത്ഥനയിലൂടെയുള്ള മല്‍പ്പിടുത്തം
ആരോ ഒരു പുതിയ നിയമം നല്‍കിയതിനുശേഷം ഡെന്നീസിന്റെ ജീവിതം രൂപാന്തരപ്പെട്ടു. അത് വായിക്കുന്നത് അവനെ ഹഠാദാകര്‍ഷിച്ചു, അത് അവന്റെ നിരന്തരമായ കൂട്ടാളിയായി. ആറുമാസത്തിനുള്ളില്‍, ജീവിതം മാറ്റിമറിക്കുന്ന രണ്ട് സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി. തന്റെ പാപങ്ങളുടെ മോചനത്തിനായി താന്‍ യേശുവില്‍ വിശ്വസിച്ചു. കഠിനമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവന് മസ്തിഷ്‌ക ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. താങ്ങാനാവാത്ത വേദന കാരണം അവന്‍ കിടപ്പിലായതിനാല്‍ ജോലിചെയ്യാന്‍ കഴിഞ്ഞില്ല. വേദനാജനകമായ, ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവന്‍ ദൈവത്തോട് നിലവിളിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ അവന്‍ ഉറങ്ങി.
ശാരീരിക വേദന നമ്മെ ദൈവത്തോട് നിലവിളിക്കാന്‍ ഇടയാക്കും, എന്നാല്‍ കഠിനമായ മറ്റ് ജീവിത സാഹചര്യങ്ങളും അവങ്കലേക്ക് ഓടിച്ചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡെന്നീസിന്റെ പോരാട്ട രാത്രിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, നിരാശനായ യാക്കോബ് ദൈവത്തെ നേരിട്ടു (ഉല്പത്തി 32:24-32). യാക്കോബിനെ സംബന്ധിച്ചിടത്തോളം അത് പൂര്‍ത്തിയാകാത്ത കുടുംബ പ്രശ്‌നമായിരുന്നു. അവന്‍ തന്റെ സഹോദരനായ ഏശാവിനെ ദ്രോഹിച്ചു (അ. 27), പ്രതികാരം ആസന്നമായെന്ന് അവന്‍ ഭയപ്പെട്ടു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായം തേടുന്നതിനിടയില്‍, യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടു (32:30). രൂപാന്തരപ്പെട്ട മനുഷ്യനായിട്ടാണ് അവന്‍ പുറത്തുവന്നത്.
ഡെന്നിസും അങ്ങനെ തന്നെ. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നിലവിളിച്ച ശേഷം, കിടപ്പിലായിരുന്ന ഡെന്നിസിന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്‍ ട്യൂമറിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നമ്മെ അത്ഭുതകരമായി സുഖപ്പെടുത്തുന്നത് ദൈവം എപ്പോഴും തിരഞ്ഞെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും നമ്മുടെ സാഹചര്യത്തിന് ആവശ്യമായത് നല്‍കുമെന്നും നമുക്ക് ഉറപ്പുണ്ട്. നമ്മുടെ പരിതാപകരമായ അവസ്ഥയില്‍ നാം ദൈവത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുകയും ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുകയും ചെയ്യുന്നു!

പ്രഭാത മഞ്ഞ്
ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ''ചുഴലിക്കാറ്റുകള്‍'' മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.
ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ''ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
അന്ന് രാവിലെ, 'ഉവ്വ്' എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്‌നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന്‍ അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ''ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; ... ഞാന്‍ നിന്നെ മറന്നുകളയുകയില്ല' (വാ. 21).
അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.

യഥാര്‍ത്ഥ ദാസന്‍
ബി.സി. 27-ല്‍, റോമന്‍ ഭരണാധികാരി ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സമര്‍പ്പിക്കാന്‍ സെനറ്റിന് മുന്നിലെത്തി. അവന്‍ ഒരു ആഭ്യന്തര യുദ്ധം ജയിക്കുകയും ആ പ്രദേശത്തിന്റെ ഏക ഭരണാധികാരിയാവുകയും ഒരു ചക്രവര്‍ത്തിയെപ്പോലെ ഭരിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും അത്തരം അധികാരത്തെ സംശയാസ്പദമായിട്ടാ
ണ് വീക്ഷിക്കുന്നതെന്ന് അവനറിയാമായിരുന്നു. അതിനാല്‍ ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സെനറ്റിന് മുന്നില്‍ ഉപേക്ഷിക്കുകയും ഒരു നിയുക്ത ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവരുടെ പ്രതികരണം? റോമന്‍ സെനറ്റ് ഭരണാധികാരിയെ ഒരു പൗര കിരീടം അണിയിച്ച് റോമന്‍ ജനതയുടെ ദാസന്‍ എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിന് 'മഹാനായ മനുഷ്യന്‍' എന്ന അര്‍ത്ഥമുള്ള അഗസ്റ്റസ് എന്ന പേരും നല്‍കി.
യേശു തന്നെത്താന്‍ ഒഴിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചതിനെക്കുറിച്ച് പൗലൊസ് എഴുതി. അഗസ്റ്റസും അതുതന്നെ ചെയ്തതായി നമുക്കു തോന്നും. അതോ അങ്ങനെയായിരുന്നോ? അഗസ്റ്റസ് തന്റെ അധികാരം സമര്‍പ്പിക്കുന്നതുപോലെ പ്രവര്‍ത്തിച്ചു, പക്ഷേ അത് സ്വന്തം നേട്ടത്തിനായി ചെയ്യുകയായിരുന്നു. യേശു ''മരണത്തോളം ക്രൂശിലെ മരണത്തോളം'' താഴ്ത്തി (ഫിലിപ്പിയര്‍ 2:8). റോമന്‍ ക്രൂശിലെ മരണം അപമാനത്തിന്റെയും ലജ്ജയുടെയും ഏറ്റവും മോശം രൂപമായിരുന്നു.
ഇന്ന്, ആളുകള്‍ ''ദാസനേതൃത്വത്തെ'' ഒരു ശ്രേഷ്ഠഗുണമായി പ്രശംസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം യേശുവാണ്. താഴ്മ ഒരു ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ഗുണമായിരുന്നില്ല. യേശു നമുക്കുവേണ്ടി ക്രൂശില്‍ മരിച്ചതിനാല്‍, അവന്‍ യഥാര്‍ത്ഥ ദാസനാണ്. അവനാണ് യഥാര്‍ത്ഥ രക്ഷകന്‍.
നമ്മെ രക്ഷിക്കാനായി ക്രിസ്തു ഒരു ദാസനായി. രക്ഷയുടെയും നിത്യജീവന്റെയും ദാനമായ വലിയൊരു കാര്യം നമുക്ക് ലഭിക്കത്തക്കവിധം അവന്‍ ''തന്നെത്താന്‍ ഒഴിച്ചു'' (വാ. 7).

ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം
ഒരു ദമ്പതികളുടെ ബാങ്ക് അബദ്ധത്തില്‍ 90 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചപ്പോള്‍, അവര്‍ ഒരു വിശാലമായ ഷോപ്പിംഗിനായി പോയി. അവര്‍ തങ്ങളുടെ കടം വീട്ടുകയും ഒരു ആഢംബര കാറും ഒരു പുതിയ വീടും മറ്റ് രണ്ട് നാല് ചക്ര വാഹനങ്ങളും വാങ്ങുകയും ചെയ്തു. പിന്നീട് പിശക് കണ്ടെത്തിയ ബാങ്ക് പണം തിരികെ നല്‍കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഇതിനകം തന്നെ അത് ചെലവഴിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റവും മോഷണവും ചുമത്തി. ദമ്പതികള്‍ പ്രാദേശിക കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു, ''ഞങ്ങള്‍ ചില മോശം നിയമോപദേശം സ്വീകരിച്ചു.'' മോശം ഉപദേശം പിന്തുടരുന്നത് (കൂടാതെ അവരുടേതല്ലാത്തത് ചെലവഴിക്കുന്നത്) അവരുടെ ജീവിതത്തെ കുഴപ്പത്തിലാക്കുമെന്ന് ഇരുവരും മനസ്സിലാക്കി.
നേരെമറിച്ച്, ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ജ്ഞാനമുള്ള ഉപദേശമാണ് സങ്കീര്‍ത്തനക്കാരന്‍ പങ്കിടുന്നത്. യഥാര്‍ത്ഥ സാക്ഷാത്ക്കാരം കണ്ടെത്തുന്നവര്‍ - അഥവാ ''ഭാഗ്യവാന്മാര്‍'' - ദൈവത്തെ സേവിക്കാത്തവരുടെ ഉപദേശത്താല്‍ സ്വാധീനിക്കപ്പെടാത്തവരാണെന്ന് അവന്‍ എഴുതി (സങ്കീര്‍ത്തനം 1:1). വിവേകശൂന്യവും ഭക്തികെട്ടതുമായ ആലോചന അദൃശ്യമായ അപകടങ്ങളിലേക്കും വിലകൊടുക്കേണ്ട പ്രത്യാഘാതങ്ങളിലേക്കും നയിക്കുമെന്ന് അവര്‍ക്കറിയാം. കൂടാതെ, അവര്‍ പ്രചോദിപ്പിക്കപ്പെടുന്നതും (''സന്തോഷം'' കണ്ടെത്തുന്നത്) അവരുടെ മനസ്സ് വ്യാപരിക്കുന്നതും (''ധ്യാനിക്കുക'') തിരുവചനത്തിന്റെ കാലാതീതവും അചഞ്ചലവുമായ സത്യങ്ങളിലാണ് (വാ. 2). ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വഴങ്ങുന്നത് സ്ഥിരതയിലേക്കും ഫലപ്രാപ്തിയിലേക്കും നയിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി (വാ. 3).
നമ്മുടെ തൊഴില്‍, പണം, ബന്ധങ്ങള്‍ എന്നിവയെയും അതിലേറെയും കാര്യങ്ങളെക്കുറിച്ച് വലുതോ ചെറുതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബൈബിളില്‍ കാണുന്ന ദൈവികജ്ഞാനവും ദൈവിക ഉപദേശങ്ങളും പരിശുദ്ധാത്മാവിന്റെ വഴികാട്ടലും നമുക്ക് അന്വേഷിക്കാം. കുഴമറിച്ചിലുകള്‍ ഉണ്ടാക്കാതെ സാക്ഷാത്ക്കാര പൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യവും വിശ്വസനീയവുമാണ്.

ഒരേ സംഘത്തില്‍
കഠിനമായ ഒരു പരിക്കു ഭേദമായ ശേഷം ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ ഫീല്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ ആ സ്ഥാനത്ത് കളിച്ചിരുന്ന കളിക്കാരന്‍ കൃപയോടെ ബെഞ്ചിലേക്കു മടങ്ങി. ഈ കളിക്കാരന്‍ ആ സ്ഥാനത്തിനു വേണ്ടി മത്സരിച്ചിരുന്ന ആളായിരുന്നുവെങ്കിലും, രണ്ടുപേരും പരസ്പരം പിന്തുണ നല്‍കുകയും അവരവരുടെ സ്ഥാനത്ത് ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്തു. രണ്ടു കായികതാരങ്ങള്‍ക്കും 'ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ വേരൂന്നിയ അതുല്യമായ ഒരു ബന്ധമുണ്ടെന്ന്' ഒരു റിപ്പോര്‍ട്ടര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, തങ്ങള്‍ ഒരേ ടീമിലുള്ളവരാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ദൈവത്തിനു മഹത്വം വരുത്തി - കായികതാരങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, യേശുവിനെ പ്രതിനിധീകരിക്കുന്ന അവന്റെ വിശ്വാസികള്‍ എന്ന നിലയിലും.
യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ''വെളിച്ചത്തിന്റെ മക്കളായി'' ജീവിക്കാന്‍ അപ്പൊസ്തലനായ പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു (1 തെസ്സലൊനീക്യര്‍ 5:5-6). ക്രിസ്തു നല്‍കിയ രക്ഷയില്‍ നമ്മുടെ പ്രത്യാശ സുരക്ഷിതമാക്കിക്കൊണ്ട്, അസൂയ, അരക്ഷിതാവസ്ഥ, ഭയം, അസൂയ എന്നിവയില്‍ നിന്നുളവാകുന്ന മത്സരിക്കാനുള്ള എല്ലാ പ്രലോഭനങ്ങളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയും. പകരം, നമുക്ക് ''അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും'' പോരുവാന്‍ കഴിയും (വാ. 11). ദൈവത്തെ ബഹുമാനിക്കുന്ന ആത്മിക നേതാക്കളെ ബഹുമാനിച്ചും, സുവിശേഷത്തെക്കുറിച്ച് ആളുകളോട് പറയുകയും യേശുവിനുവേണ്ടി ജീവിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന നമ്മുടെ പൊതുവായ ലക്ഷ്യം നിറവേറ്റുന്നതിനായി ഒരുമിച്ച് ശുശ്രൂഷ ചെയ്തുകൊണ്ട് 'സമാധാനത്തോടെ ജീവിക്കുകയും'' ചെയ്യാം (വാ. 12-15).
നാം ഒരേ സംഘത്തില്‍ സേവനം ചെയ്യുമ്പോള്‍, പൗലൊസിന്റെ കല്‍പ്പന ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും: ''എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്‌വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം'' (വാ. 16-18).
