ക്രിസ്തുമസ് സാന്നിധ്യം
''ഈ പാപലോകത്തില്‍ അവന്റെ വരവിനെക്കുറിച്ച് ഒരു കാതും കേട്ടെന്നു വരില്ല, എന്നിട്ടും പ്രിയ ക്രിസ്തു പ്രവേശിക്കുമ്പോള്‍ സൗമ്യതയുള്ള ആത്മാക്കള്‍ അവനെ സ്വീകരിക്കും.' ക്രിസ്തുമസിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന 'ഓ, ലിറ്റില്‍ ടൗണ്‍ ഓഫ് ബെത്‌ലഹേം' എന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനത്തിലെ വരികളാണിവ. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ വിടുവിക്കാനും അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവവുമായുള്ള പുതിയതും സജീവവുമായ ഒരു ബന്ധം നല്‍കുവാനുമാണ് യേശു നമ്മുടെ തകര്‍ന്ന ലോകത്തിലേക്ക് വന്നത്.
ഈ ഗാനം എഴുതി ദശാബ്ദങ്ങള്‍ക്കു ശേഷം ഒരു സ്‌നേഹിതന് അയച്ച കത്തില്‍ കവി തന്റെ ജീവിതത്തിലെ ഈ ബന്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിശദമായി വിവരിച്ചു: ''ഇത് എന്നില്‍ എത്രത്തോളം വ്യക്തിപരമായി വളരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന്‍ ഇവിടെയുണ്ട്. അവന്‍ എന്നെ അറിയുന്നു, ഞാന്‍ അവനെ അറിയുന്നു. ഇതൊരു അലങ്കാരപ്രയോഗമല്ല. ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ കാര്യമാണ്, മാത്രമല്ല എല്ലാ ദിവസവും ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് എന്തിലേക്കാണു വളരുന്നത് എന്നത് ഒരുവന്‍ ആഹ്ലാദത്തോടെ അത്ഭുതപ്പെടുന്നു.'
തന്റെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ശാന്തമായ ഈ ഉറപ്പ് യെശയ്യാവ് പ്രവചിച്ച യേശുവിന്റെ പേരുകളിലൊന്നിനെ പ്രതിഫലിപ്പിക്കുന്നു: ''കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്നു പേ ര്‍ വിളിക്കും'' (യെശയ്യാവ് 7:14). മത്തായിയുടെ സുവിശേഷം ഇമ്മാനുവേല്‍ എന്ന എബ്രായ നാമത്തിന്റെ അര്‍ത്ഥം നല്‍കുന്നു: ''ദൈവം നമ്മോടുകൂടെ'' (1:23).
ദൈവത്തെ നമുക്ക് വ്യക്തിപരമായി അറിയാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയേണ്ടതിന് യേശുവിലൂടെ ദൈവം നമ്മുടെ അടുത്തേക്കു വന്നു. നമ്മോടൊപ്പമുള്ള അവന്റെ സ്‌നേഹപൂര്‍വ്വമായ സാന്നിധ്യം എല്ലാറ്റിലും വലിയ സമ്മാനമാണ്.

അവിടെ ഉണ്ടായിരിക്കുക
രോഹിത് നിലത്തിരുന്നു പൊട്ടിക്കരയുന്നതു കണ്ടപ്പോള്‍, തീം പാര്‍ക്ക് ജോലിക്കാരിയായ ജെന്‍ സഹായത്തിനായി ഓടിയെത്തി. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന രോഹിതിന്, താന്‍ കയറുന്നതിനായി ദിവസം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന റൈഡ് തകര്‍ന്നുകിടക്കുന്നതു കണ്ടിട്ടു സഹിക്കാനായില്ല. ജെന്‍ ആകട്ടെ അവനെ എഴുന്നേല്‍പ്പിക്കുകയോ കരച്ചില്‍ നിര്‍ത്താന്‍ അവനെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതിനു പകരം രോഹിതിനോടൊപ്പം നിലത്തിരുന്ന് അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും മതിയാവോളം കരയാന്‍ അവനു സമയം അനുവദിക്കുകയും ചെയ്തു.
ദുഃഖിക്കുന്നവരോ കഷ്ടം അനുഭവിക്കുന്നവരോ ആയവരോടൊപ്പം നമുക്ക് എങ്ങനെ ആയിരിക്കാമെന്നതിന്റെ മനോഹരമായ ഉദാഹരണമാണ് ജെന്നിന്റെ പ്രവൃത്തികള്‍. ഇയ്യോബിന് തന്റെ വീട്, ആടുമാടുകള്‍ (വരുമാനം), ആരോഗ്യം എന്നിവ നഷ്ടപ്പെടുകയും പത്തു മക്കള്‍ ഒരേസമയം മരണമടയുകയും ചെയ്തതിനെത്തുടര്‍ന്ന് അവനുണ്ടായ കഠിന ദുഃഖത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ഇയ്യോബിന്റെ സ്‌നേഹിതന്മാര്‍ അവന്റെ വേദന അറിഞ്ഞപ്പോള്‍, ''അവര്‍ ഓരോരുത്തന്‍ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്നു തമ്മില്‍ പറഞ്ഞൊത്തു'' (ഇയ്യോബ് 2:11). ഇയ്യോബ് വിലപിച്ചുകൊണ്ടു നിലത്തിരുന്നു. അവര്‍ എത്തിയപ്പോള്‍, അവന്റെ സ്‌നേഹിതന്മാര്‍ ഒന്നും മിണ്ടാതെ അവനോടൊപ്പം - ഏഴു ദിവസം - നിലത്തിരുന്നു, കാരണം അവന്റെ കഷ്ടതയുടെ ആഴം അവര്‍ കണ്ടു.
അവരുടെ മാനുഷികതയില്‍, പിന്നീട് ഇയ്യോബിന്റെ സ്‌നേഹിതന്മാര്‍ അവന് വിവേകശൂന്യമായ ഉപദേശം നല്‍കി. എങ്കിലും ആദ്യത്തെ ഏഴു ദിവസം അവര്‍ വാക്കുകളില്ലാത്തതും ആര്‍ദ്രവുമായ തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ സമ്മാനം നല്‍കി. നമുക്ക് ഒരാളുടെ ദുഃഖം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അവരോടൊപ്പം ഇരിക്കുന്നതിലൂടെ അവരെ സ്‌നേഹിക്കുന്നതിന് നാം അതു മനസ്സിലാക്കേണ്ട ആവശ്യവുമില്ല.

നമ്മുടെ മികച്ചത് നല്‍കുക
ഭവനരഹിതര്‍ക്കുള്ള ഒരു പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ആളുകള്‍ സംഭാവന ചെയ്ത ഷൂസുകളുടെ കൂമ്പാരത്തിലേക്ക് ഞങ്ങള്‍ നോക്കി. ഉപയോഗിച്ച പാദരക്ഷകളുടെ കൂമ്പാരങ്ങള്‍ വേര്‍തിരിച്ച് അടുക്കുന്നതിനു സഹായിക്കാന്‍ ഡയറക്ടര്‍ ഞങ്ങളുടെ യുവജന സംഘത്തെ ക്ഷണിച്ചിരുന്നു. പരസ്പരം യോജിക്കുന്നവ ഞങ്ങള്‍ കണ്ടെടുത്ത് കോണ്‍ക്രീറ്റ് തറയിലുടനീളം വരിവരിയായി നിരത്തി. ദിവസാവസാനം, പകുതിയിലധികം ഷൂസുകളും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചവയാണെന്നു കണ്ട് ഞങ്ങള്‍ വലിച്ചെറിഞ്ഞു. ഗുണനിലവാരമില്ലാത്തവ നല്‍കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ അഭയകേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിലും മോശം അവസ്ഥയിലുള്ള ഷൂ വിതരണം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.
കേടുവന്ന സാധനങ്ങള്‍ ദൈവത്തിന് നല്‍കുന്ന കാര്യത്തില്‍ യിസ്രായേല്യരും പാടുപെട്ടു. ദൈവം മലാഖി പ്രവാചകന്‍ മുഖാന്തരം സംസാരിച്ചപ്പോള്‍, കണ്ണുകാണാത്തവയും മുടന്തുള്ളതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതില്‍ യിസ്രായേല്യരെ അവന്‍ ശാസിച്ചു (മലാഖി 1:6-8). അവന്‍ തന്റെ അതൃപ്തി പ്രഖ്യാപിക്കുകയും (വാ. 10), തന്റെ യോഗ്യത സ്ഥിരീകരിക്കുകയും തങ്ങള്‍ക്കുവേണ്ടി ഏറ്റവും നല്ലത് സൂക്ഷിച്ചതിന് യിസ്രായേല്യരെ ശാസിക്കുകയും ചെയ്തു (വാ. 14). എന്നാല്‍, സ്‌നേഹവും കൃപയും കൊണ്ട് അവരുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും അവനു പ്രസാദകരമായ വഴിപാടുകള്‍ കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്ന മശിഹായെ അയയ്ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (3: 1-4).
ചില സമയങ്ങളില്‍, നമുക്കു ബാക്കിയാകുന്നവ ദൈവത്തിന് നല്‍കാന്‍ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. നാം അവനെ സ്തുതിക്കുകയും അവിടുന്ന് തനിക്കുള്ളതെല്ലാം നമുക്കു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദൈവം ചെയ്തതെല്ലാം പരിഗണിക്കുമ്പോള്‍, അവന്റെ യോഗ്യത ആഘോഷിക്കുന്നതിലും അവന് നമ്മുടെ ഏറ്റവും മികച്ചത് നല്‍കുന്നതിലും നമുക്ക് സന്തോഷിക്കാം.

വീണ്ടും മധുരമുള്ളതാകുക
റഷ്യന്‍ വിവാഹ ആചാരങ്ങള്‍ ഭംഗിയും പ്രാധാന്യവും കൊണ്ട് നിറഞ്ഞവയാണ്. സ്വീകരണ വേളയില്‍ ടോസ്റ്റ്മാസ്റ്റര്‍ ദമ്പതികളുടെ ബഹുമാനാര്‍ത്ഥം ഒരു ടോസ്റ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഉയര്‍ത്തിയ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് എടുത്ത്, ''ഗോര്‍ക്കോ! ഗോര്‍ക്കോ! എന്നാര്‍പ്പിടുന്നു. അര്‍ത്ഥം ''കൈപ്പുള്ളത്! കൈപ്പുള്ളത്!' അതിഥികള്‍ ആ വാക്ക് ഉച്ചരിക്കുമ്പോള്‍, പാനീയം വീണ്ടും മധുരമാക്കുന്നതിനായി നവദമ്പതികള്‍ എഴുന്നേറ്റ് പരസ്പരം ചുംബിക്കണം.
ഭൂമിയിലെ ശൂന്യതയുടെയും നാശത്തിന്റെയും ശാപത്തിന്റെയുമായ കൈപ്പേറിയ പാനീയം (അ. 24) ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും മധുരപ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു (അ. 25). ദൈവം വിഭവ സമൃദ്ധമായ വിരുന്നുകളും ഏറ്റവും മികച്ചതും മധുരമുള്ളതുമായ പാനീയങ്ങളും ഒരുക്കും. അത് എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അനുഗ്രഹത്തിന്റെയും ഫലപുഷ്ടിയുടെയും വിരുന്ന് ആയിരിക്കും (25:6). ഇനിയും ഏറെയുണ്ട്. നീതിമാനായ രാജാവിന്റെ പരമാധികാര വാഴ്ചയില്‍, മരണം മാറുകയും, കൈപ്പുള്ള കണ്ണുനീര്‍ തുടച്ചുമാറ്റപ്പെടുകയും അപമാനത്തിന്റെ മൂടുപടം നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു (വാ. 7-8). അവന്റെ ജനം സന്തോഷിക്കും, കാരണം അവര്‍ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്തവന്‍ രക്ഷ കൊണ്ടുവരികയും ജീവിതത്തിന്റെ കൈപ്പേറിയ പാനപാത്രം വീണ്ടും മധുരമാക്കുകയും ചെയ്യും (വാ. 9).
ഒരു ദിവസം, കുഞ്ഞാടിന്റെ വിവാഹ അത്താഴത്തില്‍ നാം യേശുവിനോടൊപ്പം ഉണ്ടാകും. അവന്‍ തന്റെ മണവാട്ടിയെ (സഭ) വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, യെശയ്യാവ് 25 ലെ വാഗ്ദത്തം നിറവേറ്റപ്പെടും. ഒരിക്കല്‍ കൈപ്പേറിയ ജീവിതം വീണ്ടും മധുരമാകും.

ശ്വാസവും ക്ഷണികതയും
ഡാഡിയുടെ ശ്വാസം നേര്‍ത്തുനേര്‍ത്തു വന്ന് അതിന്റെ ഇടവേളകള്‍ വര്‍ദ്ധിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് മമ്മിയും എന്റെ സഹോദരിമാരും ഞാനും ഡാഡിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു. ഒടുവില്‍ അതു നിലച്ചു. ജീവിതത്തിനപ്പുറം ദൈവം കാത്തിരുന്ന സ്ഥലത്തേക്ക് നിശബ്ദമായി വഴുതിവീഴുമ്പോള്‍ ഡാഡിക്ക് എണ്‍പത്തിയൊമ്പത് വയസ്സാകാന്‍ ചില ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വേര്‍പാട്, ഒരിക്കല്‍ അദ്ദേഹം വസിച്ചിരുന്നതും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തുന്ന സ്മരണികകളും മാത്രം ഉള്ളതുമായ ഒരു ശൂന്യതയിലേക്കു ഞങ്ങളെ തള്ളിയിട്ടു. എന്നിട്ടും ഒരു ദിവസം ഞങ്ങള്‍ വീണ്ടും ഒന്നിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്.
ഞങ്ങള്‍ക്ക് ആ പ്രത്യാശയുണ്ട്, കാരണം തന്നെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടൊപ്പമാണ് ഡാഡി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡാഡി ആദ്യത്തെ ശ്വാസം എടുത്തപ്പോള്‍ തന്റെ ശ്വാസകോശത്തിലേക്ക് ജീവന്റെ ശ്വാസം ഊതിക്കൊണ്ട് ദൈവം അവിടെയുണ്ടായിരുന്നു (യെശയ്യാവ് 42:5). എന്നിട്ടും, ആദ്യത്തേതിനുമുമ്പും അതിനിടയിലുള്ള ഓരോ ശ്വാസത്തിലും, ഡാഡി നിങ്ങളുടേതും എന്റേതുമായതുപോലെ, ഡാഡിയുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളിലും ദൈവം വളരെ അടുത്ത് ഇടപെട്ടിരുന്നു. ദൈവമാണ് അദ്ദേഹത്തെ ഗര്‍ഭപാത്രത്തില്‍ അത്ഭുതകരമായി രൂപകല്‍പ്പന ചെയ്യുകയും 'കൂട്ടിച്ചേര്‍ക്കുകയും' ചെയ്തത് (സങ്കീര്‍ത്തനം 139:13-14). ഡാഡി അന്ത്യശ്വാസം വലിച്ചപ്പോള്‍, അദ്ദേഹത്തെ സ്‌നേഹത്തില്‍ ചേര്‍ത്തുപിടിച്ച് തന്നോടൊപ്പം ജീവിക്കാന്‍ കൊണ്ടുപോകുന്നതിനായി ദൈവാത്മാവ് അവിടെ ഉണ്ടായിരുന്നു (വാ. 7-10).
ദൈവത്തിന്റെ എല്ലാ മക്കള്‍ക്കും ഇത് ബാധകമാണ്. ഭൂമിയിലെ നമ്മുടെ ഹ്രസ്വ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുന്ന് അറിയുന്നു (വാ. 1-4). നാം അവനു വിലപ്പെട്ടവരാണ്. ഓരോ ദിവസവും അവശേഷിക്കുമ്പോഴും അതിനപ്പുറമുള്ള ജീവിതത്തെ പ്രതീക്ഷിച്ചും, അവനെ സ്തുതിക്കുന്നതിനായി ''ജീവനുള്ള എല്ലാറ്റിനോടും'' നമുക്ക് ഒത്തുചേരാം. ''യഹോവയെ സ്തുതിപ്പിന്‍!' (150: 6).
