
ആളുകള്‍ മറക്കുന്നു
അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു സ്ത്രീ തന്റെ പാസ്റ്ററോട് പരാതിപ്പെട്ടു. ''താങ്കള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?'' അവള്‍ ചോദിച്ചു. 'ആളുകള്‍ മറക്കുന്നു' പ്രസംഗകന്‍ മറുപടി നല്‍കി.
നമ്മുടെ മറവിക്കു ധാരാളം കാരണങ്ങളുണ്ട് - കാലപ്പഴക്കം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ വളരെയധികം തിരക്ക്. പാസ്വേഡുകളും ആളുകളുടെ പേരുകളും കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പോലും നാം മറക്കുന്നു. എന്റെ ഭര്‍ത്താവ് പറയുന്നു, ''എന്റെ തലച്ചോറില്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇത്രത്തോളമേ ഉള്ളൂ. പുതിയ എന്തെങ്കിലും ഓര്‍മ്മിക്കുന്നതിനുമുമ്പ് ഞാന്‍ എന്തെങ്കിലും മായിച്ചുകളയണം.'
പ്രസംഗകന്‍ പറഞ്ഞത് ശരിയായിരുന്നു. ആളുകള്‍ മറക്കുന്നു. അതിനാല്‍ ദൈവം നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് നമുക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. യിസ്രായേല്യര്‍ക്കും സമാനമായ ഒരു പ്രവണത ഉണ്ടായിരുന്നു. അവര്‍ കണ്ട നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവരോടുള്ള അവിടുത്തെ കരുതലിനെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. ആവര്‍ത്തനം 8-ല്‍, യിസ്രായേല്യരെ അവിടുന്ന് മരുഭൂമിയില്‍ വെച്ച് വിശപ്പ് അനുഭവിക്കാന്‍ അനുവദിച്ചതും, പക്ഷേ എന്നിട്ട് എല്ലാ ദിവസവും അവര്‍ക്ക് അതിശയകരമായ ഒരു സൂപ്പര്‍ഫുഡ് - മന്ന - നല്‍കിയതും ദൈവം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പഴകിപ്പോകാത്ത വസ്ത്രങ്ങള്‍ അവന്‍ അവര്‍ക്കു വിതരണം ചെയ്തു. പാമ്പുകളും തേളുകളും വിഹരിക്കുന്ന മരുഭൂമിയിലൂടെ അവന്‍ അവരെ നയിക്കുകയും ഒരു പാറയില്‍ നിന്ന് അവര്‍ക്കു വെള്ളം നല്‍കുകയും ചെയ്തു. അവര്‍ ദൈവത്തിന്റെ പരിപാലനത്തിലും കരുതലിലും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ താഴ്മ പഠിച്ചു (വാ. 2-4, 15-18).
ദൈവത്തിന്റെ വിശ്വസ്തത ''തലമുറ തലമുറയായി തുടരുന്നു'' (സങ്കീര്‍ത്തനം 100:5). നാം മറന്നുപോകുമ്പോഴെല്ലാം, അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയ രീതികളെക്കുറിച്ച് ചിന്തിക്കാം, അത് അവന്റെ നന്മയെയും വിശ്വസ്ത വാഗ്ദാനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു.

ഫലങ്ങള്‍ ദൈവത്തിന് വിട്ടേക്കുക
വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അന്തേവാസികളോടു പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചു. റൗഡിത്തരത്തിനു പേരുകേട്ടവരായിരുന്നു അവര്‍. അതിനാല്‍ ഒരു പിന്തുണയ്ക്കായി ഞാന്‍ ഒരു സുഹൃത്തിനെ കൂടെ കൊണ്ടുപോയി. ഒരു ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ ആഘോഷത്തിന്റെ മാനസികാവസ്ഥയിലായിരുന്നു. അത്താഴസമയത്ത് ആകെ അലങ്കോലമായിരുന്നു. ഒടുവില്‍, ഹോസ്റ്റലിന്റെ പ്രസിഡന്റ് പ്രഖ്യാപിച്ചു: ''ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ആളുകള്‍ ഇവിടെയുണ്ട്.''
ഞാന്‍ വിറയ്ക്കുന്ന കാലുകളില്‍ എഴുന്നേറ്റു നിന്ന് ദൈവസ്‌നേഹത്തെക്കുറിച്ച് അവരോട് പറയാന്‍ തുടങ്ങി, മുറി നിശ്ചലമായി. അവര്‍ അതീവ ശ്രദ്ധാലുക്കളായി. തുടര്‍ന്ന് ഊര്‍ജ്ജസ്വലവും സത്യസന്ധവുമായ ഒരു ചോദ്യത്തര വേള ഉണ്ടായി. പിന്നീട്, ഞങ്ങള്‍ അവിടെ ഒരു ബൈബിള്‍ പഠനം ആരംഭിച്ചു, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനേകര്‍ യേശുവിലുള്ള രക്ഷ കരസ്ഥമാക്കി.
''സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു'' (ലൂക്കൊസ് 10:18), എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ വീണതു ഞാനായിരുന്നു - ഞാന്‍ മുഖമടിച്ചു വീണു.
യേശുവിന്റെ ശിഷ്യന്മാര്‍ ഒരു ദൗത്യത്തില്‍ നിന്ന് മടങ്ങി വന്ന് വലിയ വിജയം റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് ലൂക്കൊസ് 10 ല്‍ പറയുന്നു. പലരെയും ദൈവരാജ്യത്തിലേക്കു കൊണ്ടുവന്നു, ഭൂതങ്ങളെ പുറത്താക്കി, ആളുകള്‍ സൗഖ്യം പ്രാപിച്ചു. ശിഷ്യന്മാര്‍ ആവേശത്തിലായിരുന്നു! യേശു പറഞ്ഞു, ''സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു.'' ഒപ്പം അവന്‍ ഒരു മുന്നറിയിപ്പ് നല്‍കി: ''ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിക്കുവിന്‍'' (വാ. 20).
വിജയത്തില്‍ നാം സന്തോഷിക്കുന്നു. പരാജയപ്പെടുമെന്ന് തോന്നുമ്പോള്‍ നാം നിരാശപ്പെടും. ദൈവം നിങ്ങളെ വിളിച്ച കാര്യം ചെയ്യുന്നത് തുടരുക - ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുക. അവന്റെ പുസ്തകത്തില്‍ നിങ്ങളുടെ പേരുണ്ട്!

മാധുര്യമേറിയ വിളവെടുപ്പ്
ഞങ്ങള്‍ ഞങ്ങളുടെ വീട് വാങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ഒരു മുന്തിരിത്തോട്ടവും ലഭിച്ചു. ഉദ്യാനപാലനത്തില്‍ നവാഗതരെന്ന നിലയില്‍, എന്റെ കുടുംബം വള്ളിത്തല മുറിക്കുക, വെള്ളം ഒഴിക്കുക, പരിപാലിക്കുക എന്നിവ പഠിക്കുന്നതിനായി ധാരാളം സമയം ചെലവഴിച്ചു. ഞങ്ങളുടെ ആദ്യത്തെ വിളവെടുപ്പ്ിനു സമയമായപ്പോള്‍, ഞാന്‍ മുന്തിരിവള്ളിയില്‍ നിന്ന് ഒരു മുന്തിരി വായിലേക്കിട്ടു - അതിന്റെ അസുഖകരമായ, പുളിയില്‍ എനിക്കു നിരാശ തോന്നി.
കഠിനാദ്ധ്വാനം ചെയ്ത് ഒരു മുന്തിരിവള്ളിയെ പരിപാലിച്ചശേഷം പുളിയുള്ള മുന്തിരി വിളവെടുത്തപ്പോള്‍ എനിക്ക് തോന്നിയ നിരാശ, യെശയ്യാവ് 5 ന്റെ സ്വരത്തെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു. ഒയിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഒരു ഉപമ നാം അവിടെ കാണുന്നു. ഒരു കൃഷിക്കാരനായി ചിത്രീകരിച്ചിരിക്കുന്ന ദൈവം, ഒരു കുന്നിന്‍ പ്രദേശം വൃത്തിയാക്കി, നല്ല മുന്തിരിവള്ളികള്‍ നടുകയും സംരക്ഷണത്തിനായി ഒരു കാവല്‍ ഗോപുരം പണിയുകയും തന്റെ വിളവിന്റെ ഫലം ആസ്വദിക്കുന്നതിനായി ഒരു ചക്ക് തയ്യാറാക്കുകയും ചെയ്യുന്നതായി കാണാം (യെശയ്യാവ് 5:1-2). എന്നാല്‍ കൃഷിക്കാരനെ നിരാശപ്പെടുത്തിക്കൊണ്ട് യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മുന്തിരിത്തോട്ടം സ്വാര്‍ത്ഥതയുടെയും അനീതിയുടെയും പീഡനത്തിന്റെയും പ്രതീകമായ കൈപ്പുള്ള മുന്തിരിയാണ് കായിച്ചത് (വാ. 7). ഒടുവില്‍, ദൈവം മനസ്സില്ലാമനസ്സോടെ മുന്തിരിത്തോട്ടത്തെ നശിപ്പിക്കുകയും ഒരു ദിവസം നല്ല ഫലം കായിക്കുമെന്ന പ്രതീക്ഷയില്‍ ഒരു ശേഷിപ്പിനെ നിലനിര്‍ത്തുകയും ചെയ്്തു.
യോഹന്നാന്റെ സുവിശേഷത്തില്‍, യേശു മുന്തിരിത്തോട്ടത്തിന്റെ ദൃഷ്ടാന്തം ആവര്‍ത്തിച്ചുകൊണ്ടു പറയുന്നു, ''ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും
വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും' (യോഹന്നാന്‍ 15:5). ഈ സമാന്തര സാദൃശ്യത്തില്‍, പ്രധാന മുന്തിരിവള്ളിയായ താനുമായി ബന്ധപ്പെട്ടിരിക്കുന്ന ശാഖകളായി യേശു തന്നിലുള്ള വിശ്വാസികളെ ചിത്രീകരിക്കുന്നു. ഇപ്പോള്‍, അവന്റെ ആത്മാവില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആശ്രയിച്ചുകൊണ്ട് യേശുവിനോ
ടു നാം ബന്ധപ്പെട്ടിരിക്കുമ്പോള്‍, ആത്മീയ പോഷണത്തിലേക്ക് നമുക്ക് നേരിട്ട് പ്രവേശനമുണ്ട്, അത് എല്ലാറ്റിലും മാധുര്യമേറിയ ഫലം - സ്‌നേഹം - ഉളവാക്കും.

ഈ ഭവനം നശിപ്പിക്കുക
അമേരിക്കയില്‍, കെട്ടിടങ്ങള്‍ പൊളിക്കുന്ന ഒരു കമ്പനി ഒരു തെറ്റായ കെട്ടിടം പൊളിച്ചു. പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ പൊളിക്കുന്നത് ഒഴിവാക്കുന്നതിനായി സ്വന്തം വീടിന്റെ നമ്പറുകള്‍ അയല്‍വാസിയുടെ വീടിന്റെ ഭിത്തിയില്‍ പതിപ്പിക്കുകയാണുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
യേശു നേരെ മറിച്ചാണ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ''ഭവനം'' തകര്‍ക്കാനുള്ള ഒരു ദൗത്യത്തിലായിരുന്നു അവന്‍. ആ രംഗം സങ്കല്‍പ്പിക്കുക, യേശുവിന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായിക്കാണണം. 'ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിനകം അതിനെ പണിയും' (യോഹന്നാന്‍ 2:19) എന്ന് അവന്‍ മതനേതാക്കളെ വെല്ലുവിളിച്ചപ്പോള്‍ അവര്‍ പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കുന്നതു സങ്കല്‍പ്പിക്കുക. ഈ മന്ദിരം നാല്പത്തിയാറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ'' എന്ന് മതനേതാക്കള്‍ രോഷാകുലരായി മറുപടി പറഞ്ഞു (വാ. 20). എന്നാല്‍ താന്‍ തന്റെ ശരീരമെന്ന ആലയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യേശു അറിഞ്ഞിരുന്നു (വാ. 21). അവര്‍ അതു മനസ്സിലാക്കിയില്ല.
നാം നമുക്കു തന്നെ ചെയ്യുന്നതും പരസ്പരം ചെയ്യുന്നതുമായ ദോഷം ആത്യന്തികമായി അവനില്‍ പതിക്കുമെന്ന് കാണിക്കാനാണ് അവിടുന്ന് വന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടുന്ന്ാണ് അതിനു പ്രായശ്ചിത്തം ചെയ്യുന്നത്.
ദൈവം നമ്മെക്കാള്‍ നന്നായി നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. അതിനാല്‍, അവന്റെ അത്ഭുതങ്ങള്‍ കണ്ട് അവനില്‍ വിശ്വസിച്ചവരെപോലും അവിടുന്ന് തന്റെ പദ്ധതികളുടെ പൂര്‍ണ്ണത ഭരമേല്‍പ്പിച്ചില്ല (വാ. 23-25). അവന്‍ നമ്മോടു പറഞ്ഞാല്‍ പോലും നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത യേശുവിന്റെ വാക്കുകളിലെ സ്‌നേഹവും നന്മയും അവന്‍ ഇപ്പോള്‍ പതുക്കെ നമുക്കു വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഉദ്ദേശ്യത്തോടെ വിശ്രമിക്കുക
യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ രമേശിന് ഇഷ്ടമാണ്. സഹപ്രവര്‍ത്തകരോട് അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുകയും ഓരോ മാസത്തിലും ഒരു വാരാന്ത്യം വീടുതോറും സുവിശേഷം പറയുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉത്സാഹം പകരുന്നതായിരുന്നു- പ്രത്യേകിച്ചും വിശ്രമിക്കാനും സ്വസ്ഥമാകാനും സമയമെടുക്കേണ്ടതിന്റെ മൂല്യം അദ്ദേഹം മനസ്സിലാക്കിയതുമുതല്‍.
രമേശ് എല്ലാ വാരാന്ത്യങ്ങളും മിക്ക സായാഹ്നങ്ങളും സുവിശേഷം പ്രസംഗിക്കാനാണ് ചെലവഴിച്ചിരുന്നത്. അദ്ദേഹം പുറത്തുപോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ അസാന്നിധ്യം അനുഭവപ്പെട്ടിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോഴാകട്ടെ ക്ഷീണിതനായി കാണപ്പെട്ടു. തന്റെ ഓരോ മിനിറ്റും സംഭാഷണവും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഗെയിമുകളോ കൊച്ചുകൊച്ചു സംസാരമോ അദ്ദേഹത്തിന് ആസ്വദിക്കാനായില്ല. ശരിക്കും വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു രമേശ്.
ഭാര്യയുടെ സത്യസന്ധമായ വാക്കുകളും സുഹൃത്തുക്കളുടെ ഉപദേശവും വേദപുസ്തകത്തിലെ അവ്യക്തമെന്നു തോന്നുന്ന ചില ഭാഗങ്ങളും അദ്ദേഹത്തെ തന്റെ അസന്തുലിതാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തി. സദൃശവാക്യങ്ങള്‍ 30 ല്‍ ഉറുമ്പ്, കോഴി, വെട്ടുക്കിളി എന്നിവയെ പോലുള്ള നിസ്സാര ജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ''പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു'' (വാ. 28).
ഇത്രയും ലൗകികമായ ഒരു കാര്യം ബൈബിളില്‍ എങ്ങനെയാണ് വന്നതെന്ന് രമേശ് ആശ്ചര്യപ്പെട്ടു. പല്ലികളെ നിരീക്ഷിക്കുന്നതിന് കാര്യമായ സമയം ആവശ്യമാണ്. കൊട്ടാരത്തിന് ചുറ്റും ഒരു പല്ലി സഞ്ചരിക്കുന്നത് ആരോ കണ്ടു, അത് രസകരമാണെന്ന് കരുതി, കുറച്ച് കൂടി കാണാന്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തി. ജോലിയും വിശ്രമവും സന്തുലിതമാക്കുന്നതിനു നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനായി ദൈവം ഒരുപക്ഷേ അത് തന്റെ വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കാം. പല്ലികളെക്കുറിച്ച് പകല്‍ സ്വപ്‌നം കാണാനും നമ്മുടെ കുട്ടികളുമായി ഒരെണ്ണത്തിനെ പിടിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്തു വിശ്രമിക്കാനും നമുക്ക് മണിക്കൂറുകള്‍ ആവശ്യമാണ്. എപ്പോള്‍ ജോലിചെയ്യണം, ശുശ്രൂഷിക്കണം, വിശ്രമിക്കണം എന്ന് അറിയാന്‍ ദൈവം നമുക്ക് ജ്ഞാനം നല്‍കട്ടെ!