
ഒരു ട്രക്ക് ഡ്രൈവറുടെ കൈകള്‍
ഞെട്ടലോടെയാണ് വാര്‍ത്ത വന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച എന്റെ പിതാവിന് ഇപ്പോള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. എന്റെ പിതാവാണ് കഠിന രോഗിയായ എന്റെ മാതാവിനെ പൂര്‍ണ്ണ സമയവും പരിചരിച്ചിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ രണ്ടു പേര്‍ക്കും പരിചരണം ആവശ്യമായി വരുന്നതിനാല്‍, മുന്നിലുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഉറപ്പാണ്.
അവരോടൊപ്പം വീട്ടിലേക്ക് എത്തിയ ഞാന്‍, ഒരു ഞായറാഴ്ച എന്റെ മാതാപിതാക്കളുടെ സഭ സന്ദര്‍ശിച്ചു. അവിടെ, ഒരാള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുശേഷം, ആ മനുഷ്യന്‍ ഒരു ലിസ്റ്റുമായി ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. ''കീമോതെറാപ്പി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ഭക്ഷണം ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഒരു പാചകക്കാരനെ ക്രമീകരിക്കും. പുല്ലുവെട്ടുന്നതിനെക്കുറിച്ച് എന്തു പറയുന്നു? എനിക്കത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാലിന്യം ശേഖരിക്കുന്ന ദിവസം ഏതാണ്?' ഈ മനുഷ്യന്‍ വിരമിച്ച ട്രക്ക് ഡ്രൈവറായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ദൈവദൂതനെപ്പോലെയായി. അദ്ദേഹം പലപ്പോഴും മറ്റുള്ളവരെ - അവിവാഹിതരായ അമ്മമാര്‍, ഭവനരഹിതര്‍, പ്രായമായവര്‍ - സഹായിച്ചതായി ഞങ്ങള്‍ കണ്ടെത്തി.
യേശുവിലുള്ള വിശ്വാസികളെ എല്ലാവരെയും മറ്റുള്ളവരെ സഹായിക്കാനായി വിളിച്ചിരിക്കുമ്പോള്‍ തന്നേ (ലൂക്കൊസ് 10:25-37), ചിലര്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതിനെ കരുണയുടെ വരം എന്നാണ് വിളിക്കുന്നത് (റോമര്‍ 12:8). ഈ വരമുള്ള ആളുകള്‍ക്ക് ആവശ്യത്തെ കണ്ടെത്താന്‍ കഴിയും പ്രത്യേകിച്ചും പ്രായോഗിക സഹായം. മാത്രമല്ല അസ്വസ്ഥരാകാതെ തന്നെ മറ്റുള്ളവരെ സേവിക്കാനും കഴിയും. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അവര്‍ നമ്മുടെ മുറിവുകളെ സ്പര്‍ശിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ കൈകളാണ് (വാ. 4-5).
ഡാഡിയുടെ ആദ്യ കീമോതെറാപ്പി അടുത്തയിടെ നടന്നു, ഞങ്ങളുടെ സഹായിയായ ദൈവദൂതന്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി എന്റെ മാതാപിതാക്കളുടെ ഫ്രിഡ്ജില്‍ ഭക്ഷണം നിറഞ്ഞിരുന്നു.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകളിലൂടെ വന്ന ദൈവത്തിന്റെ കരുണ!

ഇത് ആര്‍ക്കാണ്?
ചിത്രം എന്നെ ഉറക്കെ ചിരിപ്പിച്ചു. തെരുവില്‍ തിങ്ങിനിറഞ്ഞ ജനം പതാകകള്‍ വീശിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കൊണ്ട് അവരുടെ രാഷ്ട്രീയ നേതാവിനെ കാത്തിരുന്നു. ആരവം പൂര്‍ണമായും തനിക്കുവേണ്ടിയാണെന്ന ചിന്തയില്‍ തെരുവിന്റെ നടുവിലൂടെ വഴിതെറ്റിയ ഒരു നായ്ക്കുട്ടി ചുറ്റിനടന്നു. അതെ! ഏതു നായയ്ക്കും അതിന്റെ ഒരു ദിവസം വരും, ഇത് അങ്ങനെയൊന്നായിരിക്കണം.
ഒരു നായ്ക്കുട്ടി ''ഷോ മോഷ്ടിക്കുമ്പോള്‍'' അത് മനോഹരമാണ്, എന്നാല്‍ മറ്റൊരാളുടെ പ്രശംസ തട്ടിയെടുക്കുന്നത് നമ്മെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്്. ദാവീദിന് ഇത് അറിയാമായിരുന്നു. തന്റെ വീരന്മാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കൊണ്ടുവന്ന വെള്ളം കുടിക്കാന്‍ അവന്‍ വിസമ്മതിച്ചു. ആരെങ്കിലും ബെത്ലഹേമിലെ കിണറ്റില്‍ നിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് അവന്‍ ആഗ്രഹത്തോടെ പറഞ്ഞിരുന്നു. അവന്റെ മൂന്ന് സൈനികര്‍ അത് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. അവര്‍ ശത്രു പാളയത്തില്‍ കൂടി കടന്ന് വെള്ളം കോരിക്കൊണ്ടുവന്നു. അവരുടെ യജമാനഭക്തിയില്‍ ദാവീദ് അമ്പരന്നു, അവന് അത് കൈമാറേണ്ടിയിരുന്നു. അവന്‍ വെള്ളം കുടിക്കാന്‍ വിസമ്മതിച്ചു, പക്ഷേ അത് ഒരു പാനീയയാഗമായി 'യഹോവയുടെ സന്നിധിയില്‍ പകര്‍ന്നു' (2 ശമൂവേല്‍ 23:16).
സ്തുതിയോടും ബഹുമാനത്തോടും കൂടെ നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മെക്കുറിച്ച് വളരെക്കാര്യങ്ങള്‍ പറയുന്നു. സ്തുതി മറ്റുള്ളവരുടെ നേരെ വരുമ്പോള്‍ പ്രത്യേകിച്ച് ദൈവത്തിന്റെ നേര്‍ക്ക് വരുമ്പോള്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുക. പരേഡ് നമുക്കു വേണ്ടിയല്ല. ബഹുമാനം നമ്മിലേക്കു വരുമ്പോള്‍, ആ വ്യക്തിക്ക് നന്ദി പറയുക, തുടര്‍ന്ന് എല്ലാ മഹത്വവും യേശുവിന് നല്‍കിക്കൊണ്ട് ആ സ്തുതി വര്‍ദ്ധിപ്പിക്കുക. ''വെള്ളം'' നമുക്കുള്ളതല്ല. നന്ദി പറയുക, എന്നിട്ട് അത് ദൈവമുമ്പാകെ പകരുക.

പ്രത്യാശ തിരഞ്ഞെടുക്കുക
കാലാവസ്ഥാ സ്വാധീനം മൂലമുണ്ടാകുന്ന മാനസികാസ്വാസ്ഥ്യം (സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍-SAD) അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് ഞാന്‍, ദൈര്‍ഘ്യം കുറഞ്ഞ ശൈത്യകാലദിനങ്ങള്‍ മൂലം സൂര്യപ്രകാശം പരിമിതമായ സ്ഥലങ്ങളില്‍ സാധാരണ കണ്ടുവരുന്ന വിഷാദരോഗമാണിത്. ശൈത്യകാലത്തെ മരവിപ്പിന്റെ ശാപം ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ ഭയപ്പെടാന്‍ തുടങ്ങുമ്പോള്‍, ദൈര്‍ഘ്യമുള്ള ദിവസങ്ങളും കൂടിയ താപനിലയും വരുന്നു എന്നതിന്റെ തെളിവുകള്‍ക്കായി ഞാന്‍ ഉത്സാഹത്തോടെ അന്വേഷിക്കും.
വസന്തത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ - നീണ്ടുനില്‍ക്കുന്ന മഞ്ഞുവീഴ്ചയെ വിജയകരമായി അതിജീവിച്ച പൂക്കള്‍ - ദൈവത്തിന്റെ പ്രത്യാശ നമ്മുടെ ഏറ്റവും ഇരുണ്ട ഋതുക്കളെപ്പോലും തകര്‍ക്കുന്നതെങ്ങനെയെന്ന് എന്നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്ന് അകന്നുപോയപ്പോള്‍ സംഭവിച്ച ഹൃദയത്തെ തകര്‍ക്കുന്ന ''ശീതകാലം'' സഹിക്കുന്ന സമയത്ത് മീഖാ പ്രവാചകന്‍ ഇത് ഏറ്റുപറഞ്ഞു. ശോചനീയമായ അവസ്ഥയെ മീഖാ വിലയിരുത്തിയപ്പോള്‍, ''നേരുള്ള ഒരാള്‍ പോലും'' അവശേഷിക്കുന്നില്ലെന്ന് അവന്‍ വിലപിച്ചു (മീഖാ 7:2).
എന്നിരുന്നാലും, സാഹചര്യം മോശമായി കാണപ്പെട്ടെങ്കിലും പ്രത്യാശ കൈവിടാന്‍ പ്രവാചകന്‍ വിസമ്മതിച്ചു. നാശത്തിനിടയിലും, പ്രത്യാശയ്ക്കുള്ള തെളിവുകള്‍ ഇനിയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ദൈവം പ്രവര്‍ത്തന നിരതനാണെന്ന് അവന്‍ വിശ്വസിച്ചു (വാ. 7).
നമ്മുടെ ഇരുണ്ടതും ചിലപ്പോള്‍ അവസാനിക്കാത്തതെന്നു തോന്നുന്നതുമായ ''ശീതകാല''ത്തില്‍, വസന്തത്തിന്റെ കടന്നുവരവിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാതെവരുമ്പോള്‍, മീഖായുടെ അതേ പോരാട്ടത്തെ നാമും അഭിമുഖീകരിക്കുന്നു. നാം നിരാശയില്‍ മുങ്ങുമോ? അതോ നാം ''ദൈവത്തിനായി കാത്തിരിക്കുമോ?' (വാ. 7).
ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയ്ക്ക് ഒരിക്കലും ഭംഗംവരുന്നില്ല (റോമര്‍ 5:5). അവന്‍ ''ശീതകാലം'' ഇല്ലാത്ത ഒരു സമയം കൊണ്ടുവരുന്നു - വിലാപമോ വേദനയോ ഇല്ലാത്ത സമയം (വെളിപ്പാട് 21:4). അതുവരെ, ''എന്റെ പ്രത്യാശ നിങ്കല്‍ വച്ചിരിക്കുന്നു'' (സങ്കീര്‍ത്തനം 39:7) എന്ന് ഏറ്റുപറഞ്ഞ് നമുക്ക് അവനില്‍ വിശ്രമിക്കാം.

കടല്‍ത്തീരത്തെ പ്രാര്‍ത്ഥനകള്‍
ഞങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു യാത്രയ്ക്കിടെ, ഞാനും ഭര്‍ത്താവും കടല്‍ത്തീരത്തിരുന്നു ഞങ്ങളുടെ ബൈബിള്‍ വായിച്ചു. കച്ചവടക്കാര്‍ കടന്നുവന്ന്് അവരുടെ സാധനങ്ങളുടെ വില വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞെങ്കിലും ഒന്നും വാങ്ങിയില്ല. ഒരു കച്ചവടക്കാരനായ ഫെര്‍ണാണ്ടോ, ഞാന്‍ സാധനങ്ങള്‍ നിരസിച്ചപ്പോള്‍ വിശാലമായി പുഞ്ചിരിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചപ്പോള്‍ ഫെര്‍ണാണ്ടോ സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ചിരിച്ചുകൊണ്ടു തന്നേ നടക്കാന്‍ തുടങ്ങി. ''ദൈവം നിങ്ങളുടെ ദിവസത്തെ അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,'' ഞാന്‍ പറഞ്ഞു.
ഫെര്‍ണാണ്ടോ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ''അവന്‍ അങ്ങനെ ചെയ്തിരിക്കുന്നു! യേശു എന്റെ ജീവിതം മാറ്റിമറിച്ചു.' ഫെര്‍ണാണ്ടോ ഞങ്ങളുടെ കസേരകള്‍ക്കിടയില്‍ മുട്ടുകുത്തി. ''എനിക്ക് ഇവിടെ അവന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.'' പതിന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം തന്നെ മയക്കുമരുന്ന്, മദ്യപാനം എന്നിവയില്‍ നിന്ന് വിടുവിച്ചതെങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു.
അദ്ദേഹം സങ്കീര്‍ത്തനപുസ്തകത്തിലെ കവിതകള്‍ മുഴുവന്‍ ചൊല്ലുകയും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുകയും അവന്റെ സന്നിധിയില്‍ സന്തോഷിക്കുകയും ചെയ്തു.
148-ാം സങ്കീര്‍ത്തനം സ്തുതിയുടെ പ്രാര്‍ത്ഥനയാണ്. യഹോവയെ സ്തുതിക്കുവാന്‍ സങ്കീര്‍ത്തനക്കാരന്‍ സകല സൃഷ്ടിയെയും ഉത്സാഹിപ്പിക്കുന്നു, 'അവന്‍ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ' (വാ. 5), 'അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു'' (വാ. 13).
നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തെ മുന്‍പില്‍ കൊണ്ടുവരാനും അവിടുന്ന് നമ്മെ കേള്‍ക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുവാനും ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കിലും, നാം എവിടെയായിരുന്നാലും - കടല്‍ത്തീരത്ത് പോലും - നന്ദിയുള്ള സ്തുതിയുടെ പ്രാര്‍ത്ഥനയിലും അവന്‍ സന്തോഷിക്കുന്നു.

ഉറപ്പും ധൈര്യവും ഉള്ളവന്‍
ഓരോ രാത്രിയും, ബാലനായ കാലേബ് കണ്ണുകള്‍ അടക്കുമ്പോള്‍, ഇരുട്ട് തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. കോസ്റ്റാറിക്കയിലെ മരവീടിന്റെ ഞരക്കം അവന്റെ മുറിയുടെ നിശബ്ദതയെ പതിവായി ഭഞ്ജിച്ചു. മേല്‍ക്കൂരയിലെ വവ്വാലുകള്‍ കൂടുതല്‍ സജീവമായി. അവന്റെ അമ്മ അവന്റെ മുറിയില്‍ ഒരു ലൈറ്റ് രാത്രി മുഴുവനും ഓണാക്കി വെച്ചിരുന്നു, എന്നിട്ടും ആ ബാലന്‍ ഇരുട്ടിനെ ഭയപ്പെട്ടു. ഒരു രാത്രി കാലേബിന്റെ പിതാവ് അവന്റെ കിടക്കയുടെ ചവിട്ടുപടിയില്‍ ഒരു ബൈബിള്‍ വാക്യം ഒട്ടിച്ചുവെച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ''ദൈവമായ യഹോവ ... നിന്നോടുകൂടെ ഉള്ളതുകൊണ്ട്് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്' (യോശുവ 1:9). ഓരോ രാത്രിയും കാലേബ് ആ വാക്കുകള്‍ വായിക്കാന്‍ തുടങ്ങി - അവന്‍ ആ മുറിവിട്ട് കോളേജില്‍ പോകും വരെ അതു തുടര്‍ന്നു.
മോശെ മരിച്ചതിനുശേഷം നേതൃത്വം യോശുവയിലേക്കു കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് യോശുവ 1-ല്‍ നാം വായിക്കുന്നു. ''ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക'' എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി യോശുവയോടും യിസ്രായേലിനോടും ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണുന്നു (വാ. 6-7, 9). അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഭയം അനുഭവപ്പെട്ടു, എന്നാല്‍ ദൈവം അവനെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല' (വാ. 5).
ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് നമ്മുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാണ്. പുരാതന കാലത്തെ തന്റെ ദാസന്മാരെ ദൈവം പ്രോത്സാഹിപ്പിച്ചതുപോലെ, എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നവന്‍ നിമിത്തം നമുക്കും ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാം.