
വിദ്വേഷത്തെക്കാള്‍ ശക്തം
അമ്മ ഷാരോണ്ടയുടെ ദാരുണമായ മരണത്തിന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍, ക്രിസ് ശക്തവും കൃപ നിറഞ്ഞതുമായ ഈ വാക്കുകള്‍ ഉച്ചരിച്ചു: ''സ്‌നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണ്.'' അവന്റെ അമ്മ, മറ്റ് എട്ട് പേരോടൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയില്‍ വെച്ച് ഒരു ബുധനാഴ്ച രാത്രിയിലെ ബൈബിള്‍ പഠനസമയത്താണ് കൊല്ലപ്പെട്ടത്. ഈ കൗമാരക്കാരന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഈ വാക്കുകള്‍ ഒഴുകത്തക്കവിധം അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയതെന്താണ്? ക്രിസ് ക്രിസ്തുയേശുവിലുള്ള ഒരു വിശ്വാസിയാണ്, അവന്റെ അമ്മ ''എല്ലാവരെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിച്ചിരുന്ന'' ഒരുവളുമായിരുന്നു.
ലൂക്കൊസ് 23:26-49 ല്‍ വധശിക്ഷ നടപ്പാക്കുന്ന ഒരു വേദിയുടെ മുന്‍ നിര സീറ്റില്‍ നാം ഇരിക്കുകയാണ്. അവിടെ രണ്ട് കുറ്റവാളികളെയും നിരപരാധിയായ യേശുവിനെയും നിര്‍ത്തിയിരിക്കുന്നു (വാ. 32). മൂന്നുപേരെയും ക്രൂശിച്ചു (വാ. 33). ക്രൂശില്‍ തൂങ്ങിക്കിടക്കുന്നവരുടെ നെടുവീര്‍പ്പുകളുടെയും ഞരക്കങ്ങളുടെയും വിലാപങ്ങളുടെയും നടുവില്‍ യേശുവിന്റെ വാക്കുകള്‍ ഇപ്രകാരം കേട്ടു: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (വാ. 34.). വിദ്വേഷം നിറഞ്ഞ മതനേതാക്കള്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി സ്‌നേഹത്തിന്റെ ആള്‍രൂപമായവന്‍ ക്രൂശിക്കപ്പെട്ടു. വേദനയിലാണെങ്കിലും, യേശുവിന്റെ സ്‌നേഹം വിജയിച്ചുകൊണ്ടിരുന്നു.
നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ എങ്ങനെയാണ് വിദ്വേഷം, ദുഷ്ടലാക്ക്, കൈപ്പ് അല്ലെങ്കില്‍ ദുഷ്ടത എന്നിവയുടെ ഇരയായിത്തീര്‍ന്നിട്ടുള്ളത്? നിങ്ങളുടെ വേദന നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പ്രേരണയാകട്ടെ, വെറുപ്പിനെക്കാള്‍ സ്‌നേഹം തിരഞ്ഞെടുക്കാന്‍ യേശുവിനെയും ക്രിസിനെയും പോലുള്ളവരുടെ മാതൃക ആത്മാവിന്റെ ശക്തിയാല്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.

നക്ഷത്രങ്ങള്‍ക്കപ്പുറം ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൈക്രോവേവ് ഓവനുകള്‍ എന്നിവ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കുക. അക്കാരണത്താലാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലെ ചെറിയ പട്ടണമായ ഗ്രീന്‍ ബാങ്ക് 'അമേരിക്കയിലെ ഏറ്റവും നിശബ്ദമായ പട്ടണം'' എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് നിലകൊള്ളുന്ന ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനം കൂടിയാണിത്. ബഹിരാകാശത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള തുടിപ്പുകളും താരാപഥങ്ങളുടെ ചലനങ്ങളും വഴി സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളെ ''കേള്‍ക്കാന്‍'' ദൂരദര്‍ശിനിക്ക് ''നിശബ്ദത'' ആവശ്യമാണ്. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയ ഉപരിതല വിസ്തീര്‍ണ്ണമുള്ള ഇത് 13,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള നാഷണല്‍ റേഡിയോ ക്വയറ്റ് സോണിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദൂരദര്‍ശിനിയുടെ അത്യന്തം ഉന്നതമായ സംവേദനക്ഷമതയെ തകര്‍ക്കാതിരിക്കുന്നതിനാണ് ഇത്രയും വിശാലമായ നിശബ്ദ മേഖല സൃഷ്ടിച്ചിരിക്കുന്നത്.
മനഃപൂര്‍വമായ ഈ നിശബ്ദത ശാസ്ത്രജ്ഞരെ ''ഗോളങ്ങളുടെ സംഗീതം'' കേള്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ ശ്രദ്ധിക്കാന്‍ വേണ്ടത്ര നിശബ്ദമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്‍ മുഖാന്തരം വഴിപിഴച്ചതും അശ്രദ്ധമായതുമായ ഒരു ജനതയോട് ദൈവം ആശയവിനിമയം നടത്തി, ''നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍' (യെശയ്യാവ് 55:3). തന്നെ അന്വേഷിക്കുകയും പാപമോചനത്തിനായി തങ്കലേക്ക് തിരിയുകയും ചെയ്യുന്ന എല്ലാവരോടും ദൈവം തന്റെ വിശ്വസ്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്നു.
തിരുവെഴുത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ കണ്ടുമുട്ടുന്നതിനായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ നാം മനഃപൂര്‍വ്വം ദൈവത്തെ ശ്രദ്ധിക്കുന്നു. ദൈവം അകലെയല്ല. നാം അവനുവേണ്ടി സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്നീട് നിത്യതയിലും അവന്‍ നമ്മുടെ മുന്‍ഗണനയായിത്തീരും.

ഒരു ഗായികയുടെ ഹൃദയം
സ്തുതിഗീതം താഴത്തെ നിലയിലേക്ക് ഒഴുകിയിറങ്ങി. . . ഒരു ശനിയാഴ്ച രാവിലെ 6:33 ന്. മറ്റാരും ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷേ എന്റെ ഇളയ മകളുടെ ശബ്ദം എന്റെ അനുമാനം തെറ്റാണെന്ന് തെളിയിച്ചു. അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല, പക്ഷേ അവളുടെ ചുണ്ടുകളില്‍ ഇതിനകം ഒരു പാട്ട് ഉണ്ടായിരുന്നു.
എന്റെ ഇളയവള്‍ ഒരു ഗായികയാണ്. വാസ്തവത്തില്‍, അവള്‍ക്ക് പാടാതിരിക്കാന്‍ കഴിയില്ല. അവള്‍ ഉണരുമ്പോള്‍ പാടുന്നു. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍, അവള്‍ ഉറങ്ങാന്‍ പോകുമ്പോള്‍, എല്ലാം പാടുന്നു. ഹൃദയത്തില്‍ ഒരു പാട്ടോടെയാണ് അവള്‍ ജനിച്ചത് - മിക്കപ്പോഴും, അവളുടെ ഗാനങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നു. അവള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ദൈവത്തെ സ്തുതിക്കും.
എന്റെ മകളുടെ ശബ്ദത്തിന്റെ ലാളിത്യവും ഭക്തിയും ആത്മാര്‍ത്ഥതയും ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുടെ സ്വതസിദ്ധവും സന്തോഷകരവുമായ ഗാനങ്ങള്‍ തിരുവെഴുത്തിലുടനീളം കണ്ടെത്തിയ, ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. 95-ാം സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു, ''വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചു ഘോഷിക്കുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക' (വാ. 1). കൂടുതല്‍ വായിച്ചാല്‍ അവന്‍ ആരാണ് എന്നതില്‍ നിന്നും ('യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതേ മഹാരാജാവു തന്നേ,' വാ. 3) നാം ആരാണ് എന്നതില്‍ നിന്നും ('നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ,''വാ. 7) ആണ് ഈ ആരാധന പുറപ്പെടുന്നത് എന്നു മനസ്സിലാകും.
എന്റെ മകളെ സംബന്ധിച്ചിടത്തോളം, ആ സത്യങ്ങളാണ് പ്രഭാതത്തിലെ അവളുടെ ആദ്യ ചിന്ത. ദൈവകൃപയാല്‍, ഈ കൊച്ചു ആരാധക, അവനു പാടുന്നതിന്റെ സന്തോഷത്തിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ ഞങ്ങള്‍ക്കു നല്‍കുന്നു.

വേഗം കുറഞ്ഞത്, പക്ഷെ ഉറപ്പായത്
എന്റെ ഒരു പഴയ സുഹൃത്ത് താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞ് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. അത് സത്യമാണെന്ന് വിശ്വസിക്കാനാവാത്തവിധം നല്ലതായിരുന്നു എന്നു ഞാന്‍ അവനോടു പറഞ്ഞു. എന്നിരുന്നാലും, ആ സംഭാഷണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍, അവന്റെ ബാന്‍ഡ് എല്ലായിടത്തും പ്രസിദ്ധമായി - റേഡിയോയിലെ മികച്ച സിംഗിള്‍സിന്റെ പട്ടികയില്‍ മുതല്‍ ടിവി പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ വരെ. പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച അതിവേഗമായിരുന്നു.
പ്രാധാന്യവും വിജയവും - വലുതും നാടകീയമായതും, പെട്ടെന്നുള്ളതും കൊള്ളിമീന്‍ സമാനമായതും - നമ്മെ പെട്ടെന്നു ആകര്‍ഷിക്കും. എന്നാല്‍ കടുകിന്റെയും പുളിച്ച മാവിന്റെയും ഉപമകള്‍ രാജ്യത്തിന്റെ മാര്‍ഗ്ഗത്തെ (ഭൂമിയിലെ ദൈവഭരണം) ചെറുതും മറഞ്ഞിരിക്കുന്നതും നിസ്സാരമെന്നു തോന്നുന്നതുമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തുന്നു.
രാജ്യം അതിന്റെ രാജാവിനെപ്പോലെയാണ്. ക്രിസ്തുവിന്റെ ദൗത്യം അവന്റെ ജീവിതത്തില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി - ഒരു വിത്തു പോലെ, നിലത്തു കുഴിച്ചിട്ടു; മാവില്‍ മറഞ്ഞിരിക്കുന്ന പുളിപ്പുപോലെ. എന്നിട്ടും അവന്‍ എഴുന്നേറ്റു - മണ്ണു പിളര്‍ന്നു മുളച്ചുവരുന്ന ഒരു വൃക്ഷം പോലെ, ചൂട് വര്‍ദ്ധിക്കുമ്പോള്‍ പൊങ്ങിവരുന്ന അപ്പം പോലെ. യേശു ഉയിര്‍ത്തെഴുന്നേറ്റു.
അവിടുത്തെ മാര്‍ഗ്ഗത്തിന് അനുസൃതമായി ജീവിക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്നു. അത് നിലനില്‍ക്കുന്നതും വ്യാപിക്കുന്നതുമാണ്. കാര്യങ്ങള്‍ നമ്മുടെ കൈകളിലേക്ക് എടുക്കുന്നതിനും അധികാരം കൈയാളുവാനും ലോകത്തിലെ നമ്മുടെ ഇടപാടുകളെ അത് ഉളവാക്കിയേക്കാവുന്ന ഫലങ്ങളാല്‍ ന്യായീകരിക്കുവാനും ഉള്ള പ്രലോഭനത്തെ ചെറുക്കുക. ഫലം - ''ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിക്കുവാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു' (വാ. 32), ഒരു വലിയ വിരുന്നു നല്‍കുന്ന അപ്പം - ക്രിസ്തുവിന്റെ പ്രവൃത്തിയാണ്, നമ്മുടെയല്ല.

പ്രസംഗിക്കുകയോ ഉഴുകയോ?
കുടുംബ ഐതിഹ്യമനുസരിച്ച്, ബില്ലി, മെല്‍വിന്‍ എന്നീ രണ്ട് സഹോദരന്മാര്‍ ഒരു ദിവസം കുടുംബത്തിന്റെ ഡയറി ഫാമില്‍ നില്‍ക്കുമ്പോള്‍ ഒരു വിമാനം ആകാശത്തില്‍ എഴുതുന്നത് കണ്ടു. വിമാനം ''GP'' എന്നീ അക്ഷരങ്ങള്‍ എഴുതുന്നത് ആണ്‍കുട്ടികള്‍ നിരീക്ഷിച്ചു.
തങ്ങള്‍ കണ്ടത് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്താണെന്ന് രണ്ട് സഹോദരന്മാരും തീരുമാനിച്ചു. ''Go Preach - പോയി പ്രസംഗിക്കുക'' എന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ഒരാള്‍ കരുതി. മറ്റൊരാള്‍ ഇത് ''Go plow - പോയി ഉഴുക'' എന്ന് വായിച്ചു. പില്‍ക്കാലത്ത് ആണ്‍കുട്ടികളിലൊരാളായ ബില്ലി ഗ്രഹാം സുവിശേഷം പ്രസംഗിക്കാന്‍ സ്വയം സമര്‍പ്പിക്കുകയും സുവിശേഷീകരണത്തിന്റെ പ്രതിരൂപമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന്‍ മെല്‍വിന്‍ വര്‍ഷങ്ങളോളം വിശ്വസ്തതയോടെ കുടുംബ ഡയറി ഫാം നടത്തി.
സ്‌കൈ റൈറ്റിംഗ് അടയാളങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദൈവം ബില്ലിയെ പ്രസംഗിക്കാന്‍ വിളിക്കുകയും മെല്‍വിനെ ഉഴാന്‍ വിളിക്കുകയും ചെയ്തതിനാല്‍, അവര്‍ രണ്ടുപേരും തങ്ങളുടെ തൊഴിലുകളിലൂടെ ദൈവത്തെ ബഹുമാനിച്ചു. ബില്ലിക്ക് ഒരു നീണ്ട പ്രസംഗജീവിതം ഉള്ളപ്പോള്‍ തന്നേ, അദ്ദേഹത്തിന്റെ വിജയത്തിന്റെ അര്‍ത്ഥം, ഉഴാനുള്ള ആഹ്വാനത്തോടുള്ള സഹോദരന്റെ അനുസരണത്തിന് പ്രാധാന്യം കുറവാണ് എന്നല്ല.
മുഴുസമയ ശുശ്രൂഷ എന്ന് നാം വിളിക്കുന്ന കാര്യങ്ങളില്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെങ്കിലും (എഫെസ്യര്‍ 4:11-12), അതിനര്‍ത്ഥം മറ്റ് ജോലികളിലും ഉത്തരവാദിത്വങ്ങളിലുമുള്ളവര്‍ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നില്ല എന്നല്ല. രണ്ടായാലും, പൗലൊസ് പറഞ്ഞതുപോലെ, ''ഓരോ ഭാഗവും അതിന്റെ വേല ചെയ്യണം'' (വാ. 16). അതിനര്‍ത്ഥം യേശു നമുക്കു നല്‍കിയ വരങ്ങളെ വിശ്വസ്തതയോടെ ഉപയോഗിച്ചുകൊണ്ട് അവനെ ബഹുമാനിക്കുക എന്നാണ്. അങ്ങനെയാകുമ്പോള്‍, നാം ''പ്രസംഗിക്കുകയോ'' അല്ലെങ്കില്‍ ''ഉഴുകയോ'' ചെയ്താലും നാം ശുശ്രൂഷിക്കുന്നിടത്ത് അല്ലെങ്കില്‍ ജോലി ചെയ്യുന്നിടത്ത് യേശുവിനായി ഒരു മാറ്റമുണ്ടാക്കാന്‍ നമുക്കു കഴിയും.