
ഒരുമിച്ച് വളരുക
എതിര്‍ ടീമിലെ ഒരംഗം വായുവിലേക്ക് ഒരു പന്ത് അടിച്ചുവിട്ടപ്പോള്‍ എന്റെ ഭര്‍ത്താവ് അലന്‍ ക്രിക്കറ്റ് മൈതാനത്തെ പ്രകാശിപ്പിക്കുന്ന ഉയര്‍ന്ന ലൈറ്റുകള്‍ക്ക് താഴെയായി നില്‍ക്കുകയായിരുന്നു. പന്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട് അലന്‍ ഫീല്‍ഡിന്റെ ഇരുണ്ട കോണിലേക്ക് പൂര്‍ണ്ണ വേഗതയില്‍ ഓടി - വേലിയില്‍ ചെന്നിടിച്ചു.
അന്നു രാത്രി ഞാന്‍ അദ്ദേഹത്തിന് ഒരു ഐസ് പായ്ക്ക് കൈമാറി. ''താങ്കള്‍ക്ക് കുഴപ്പമില്ലല്ലോ?'' ഞാന്‍ ചോദിച്ചു. അദ്ദേഹം തോളില്‍ തടവി. ''ഞാന്‍ വേലിക്ക് സമീപത്തേക്കു നീങ്ങുകയാണെന്ന് എന്റെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ എനിക്ക് സുഖം തോന്നുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. വേലിക്കടുത്തെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും മുന്നറിയിപ്പ് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ അലന്റെ പരിക്ക് ഒഴിവാക്കാമായിരുന്നു.
സഭയിലെ അംഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരു ടീം പോലെ പരസ്പരം ശ്രദ്ധിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് തിരുവെഴുത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നത് ദൈവത്തിനു വിഷയമാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു, കാരണം ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴു വിശ്വാസ സമൂഹത്തെയും സ്വാധീനിക്കും (കൊലൊസ്യര്‍ 3:13-14). ഐക്യത്തിനും സമാധാനത്തിനും വേണ്ടി പൂര്‍ണ്ണമായും അര്‍പ്പണബോധത്തോടെ പരസ്പരം സേവിക്കാനുള്ള അവസരങ്ങള്‍ നാമെല്ലാവരും സ്വീകരിക്കുമ്പോള്‍, സഭ തഴച്ചുവളരുന്നു (വാ. 15).
'സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടി നിങ്ങളില്‍ വസിക്കട്ടെ'' (വാ. 16). സ്‌നേഹപൂര്‍വവും സത്യസന്ധവുമായ ബന്ധങ്ങളിലൂടെ, നന്ദിയുള്ള ഹൃദയങ്ങളോടെ ദൈവത്തെ അനുസരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് പരസ്പരം പ്രചോദനം നല്‍കാനും സംരക്ഷിക്കാനും കഴിയും.

ദൈവം നമ്മെ പിടിച്ചിരിക്കുന്നു
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫ്രെഡി ബ്ലോം എന്ന ഒരു മനുഷ്യന് 2018-ല്‍ 114 വയസ്സു തികഞ്ഞു. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള മനുഷ്യനാണദ്ദേഹം. 1904 ല്‍ ജനിച്ച അദ്ദേഹം, രണ്ടു ലോക മഹായുദ്ധങ്ങള്‍, വര്‍ണ്ണവിവേചനം, മഹാ സാമ്പത്തിക മാന്ദ്യം എന്നിവയെയെല്ലാം അതിജീവിച്ചു. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍വലിഞ്ഞു. നമ്മില്‍ പലരേയും പോലെ, ആരോഗ്യദായക ഭക്ഷണങ്ങളും ജീവിതചര്യകളും അദ്ദേഹം എല്ലായ്‌പ്പോഴും തിരഞ്ഞെടുത്തിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആരോഗ്യത്തിന് ഒരു കാരണം അദ്ദേഹം പറയുന്നു: ''ഒരേയൊരു കാര്യം മാത്രമേയുള്ളൂ, അത് [ദൈവം] ആണ്. അവനാണ് സര്‍വ്വശക്തന്‍. . . അവന്‍ എന്നെ പിടിച്ചിരിക്കുന്നു.'
ശത്രുക്കളുടെ കഠിനമായ അടിച്ചമര്‍ത്തലിനു കീഴില്‍ രാഷ്ട്രം ഞെരുങ്ങിയപ്പോള്‍ ദൈവം യിസ്രായേലിനോട് സംസാരിച്ചതിന് സമാനമായ വാക്കുകളാണ് ഈ മനുഷ്യന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. ''ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിങ്ങളെ താങ്ങും'' (യെശയ്യാവ് 41:10). അവരുടെ അവസ്ഥ എത്ര നിരാശാജനകമാണെങ്കിലും, അവര്‍ക്ക് ആശ്വാസം ലഭിക്കുക അസാധ്യമാണെങ്കിലും, ദൈവം തന്റെ ജനത്തെ തന്റെ ആര്‍ദ്രമായ കരുതലില്‍ സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്,'' അവന്‍ ഉറപ്പുനല്‍കി. ''ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു'' (വാ. 10).
നമുക്ക് എത്ര വര്‍ഷം നല്‍കപ്പെട്ടാലും, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും. തകര്‍ന്ന ദാമ്പത്യം. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഒരു കുട്ടി. ഡോക്ടറില്‍ നിന്നു കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്ത. ചിലപ്പോള്‍ പീഡനം പോലും. എന്നിരുന്നാലും, നമ്മുടെ ദൈവം നമ്മുടെ അടുത്തെത്തുകയും നമ്മെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അവന്‍ നമ്മെ ശേഖരിക്കുകയും തന്റെ ശക്തവും ആര്‍ദ്രവുമായ കൈയില്‍ പിടിക്കുകയും ചെയ്യുന്നു.

പരദേശിയെ സ്‌നേഹിക്കുക
ഞാന്‍ ഒരു പുതിയ രാജ്യത്തേക്ക് മാറിയപ്പോള്‍, എന്റെ ആദ്യ അനുഭവങ്ങളിലൊന്ന് ഞാനവിടെ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്നെനിക്കു തോന്നിയ സന്ദര്‍ഭമായിരുന്നു. അന്ന് എന്റെ ഭര്‍ത്താവ് പ്രസംഗിച്ചുകൊണ്ടിരുന്ന ചെറിയ സഭയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയപ്പോള്‍ ''താഴേക്ക് നീങ്ങുക'' എന്ന് ഒരു വൃദ്ധനായ മാന്യന്‍ എന്നോടു പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അവര്‍ സ്ഥിരമായി ഇരിക്കുന്ന ഇരിപ്പിടത്തിലാണ് ഞാന്‍ ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ ക്ഷമാപണം നടത്തിക്കൊണ്ടു വിശദീകരിച്ചു. സഭകള്‍ പണം സ്വരൂപിക്കുന്നതിനായും ഒരാളുടെ ഇരിപ്പിടം മറ്റാരും കയ്യേറുന്നില്ലെന്നു ഉറപ്പാക്കുന്നതിനുമായി സഭകള്‍ ഇരിപ്പിടം വാടകയ്ക്കു കൊടുക്കുന്നു എന്നു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി. അത്തരം മനോഭാവങ്ങളില്‍ ചിലത് പതിറ്റാണ്ടുകളായി തുടരുന്നു എന്നു വ്യക്തമായിരുന്നു.
ഞാന്‍ നേരിട്ടതുപോലുള്ള സാംസ്‌കാരിക രീതികള്‍ക്ക് വിരുദ്ധമായി വിദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചതെങ്ങനെയെന്ന് പിന്നീട് ഞാന്‍ ചിന്തിച്ചു. തന്റെ ജനത്തിനു അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പരദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം അവരെ ഓര്‍മ്മിപ്പിച്ചു, കാരണം അവരും ഒരു കാലത്ത് പരദേശികളായിരുന്നു (ലേവ്യാപുസ്തകം 19:34). അപരിചിതരോട് അവര്‍ ദയയോടെ പെരുമാറുക മാത്രമല്ല (വാ. 33), ''തങ്ങളെപ്പോലെ തന്നെ സ്‌നേഹിക്കുകയും വേണം'' (വാ. 34). ദൈവം അവരെ ഈജിപ്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ''പാലും തേനും ഒഴുകുന്ന'' ദേശത്ത് അവര്‍ക്ക് ഒരു ഭവനം നല്‍കി (പുറപ്പാട് 3:17). ആ ദേശത്തു പാര്‍ക്കുന്ന മറ്റുള്ളവരെ തന്റെ ആളുകള്‍ സ്‌നേഹിക്കണമെന്ന് അവന്‍ പ്രതീക്ഷിച്ചു.
നിങ്ങളുടെ ഇടയില്‍ അപരിചിതരെ കണ്ടുമുട്ടുമ്പോള്‍, ദൈവസ്‌നേഹം അവരുമായി പങ്കിടുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ഏതെങ്കിലും സാംസ്‌കാരിക രീതികള്‍ വെളിപ്പെടുത്താന്‍ ദൈവത്തോട് ആവശ്യപ്പെടുക.

കാണ്മാനില്ല: ജ്ഞാനം
അമേരിക്കയില്‍ രണ്ടു വയസ്സുകാരനായ ഒരു കുട്ടിയെ കാണാതായി. എന്നാല്‍ അവന്റെ അമ്മയുടെ അടിയന്തിര സന്ദേശം ലഭിച്ചു മൂന്നു മിനിറ്റിനുള്ളില്‍ ഒരു നിയമപ്രവര്‍ത്തകന്‍ അവനെ വീട്ടില്‍നിന്നും രണ്ടു ബ്ലോക്കുകള്‍ അകലെയുള്ള ഒരു പാര്‍ക്കില്‍നിന്നും കണ്ടെത്തി. മുത്തച്ഛനോടൊപ്പം അന്ന് വൈകിട്ട് അവനെ അവിടേക്കു വിടാമെന്ന് അമ്മ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവന്‍ തന്റെ കളിപ്പാട്ട ട്രാക്ടര്‍ ഓടിച്ച് തന്റെ പ്രിയപ്പെട്ട റൈഡിനടുത്തു നിര്‍ത്തി. ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍, പിതാവ് വിവേകപൂര്‍വ്വം കളിപ്പാട്ടത്തിന്റെ ബാറ്ററി നീക്കം ചെയ്തു.
ഈ കൊച്ചുകുട്ടി യഥാര്‍ത്ഥത്തില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാന്‍ മിടുക്കനായിരുന്നു, എന്നാല്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രധാന ഗുണം ഇല്ലായിരിക്കും: ജ്ഞാനം. മുതിര്‍ന്നവരായ നമുക്കുപോലും ചിലപ്പോള്‍ ഇത് കുറവായിരിക്കും. തന്റെ പിതാവായ ദാവീദിനു പകരം (1 രാജാക്കന്മാര്‍ 2) രാജാവായി നിയമിതനായ ശലോമോന്‍, തനിക്ക് ഒരു ബാലനെപ്പോലെ തോന്നുന്നതായി സമ്മതിച്ചു. ദൈവം സ്വപ്‌നത്തില്‍ അവനു പ്രത്യക്ഷനായി പറഞ്ഞു, ''നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക'' (3: 5). അവന്‍ മറുപടി പറഞ്ഞു, ''ഞാനോ ഒരു ബാലനത്രേ. കാര്യാദികള്‍ നടത്തുവാന്‍ എനിക്ക് അറിവില്ല ... ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ളൊരു ഹൃദയം എനിക്കു തരണമേ' (വാ. 7-9). 'ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു' (4:29).
നമുക്ക് ആവശ്യമായ ജ്ഞാനം എവിടെ നിന്ന് ലഭിക്കും? ജ്ഞാനത്തിന്റെ ആരംഭം 'യഹോവാ ഭക്തി' അഥവാ യഹോവാ ഭയം ആണെന്ന് ശലോമോന്‍ പറഞ്ഞു (സദൃശവാക്യങ്ങള്‍ 9:10). അതിനാല്‍ തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും നമ്മുടേതിനപ്പുറം ജ്ഞാനം നല്‍കാനും അവനോട് ആവശ്യപ്പെടുന്നതിലൂടെ നമുക്ക് ആരംഭിക്കാന്‍ കഴിയും.

ജീവിതത്തിലെ വ്യാളികളുമായി പോരാടുക
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വ്യാളിയോടു യുദ്ധം ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, എഴുത്തുകാരന്‍ യൂജിന്‍ പീറ്റേഴ്സണ്‍ നിങ്ങളോട് വിയോജിക്കുന്നു. എ ലോംഗ് ഒബീഡിയന്‍സ് ഇന്‍ ദി സെയിം ഡയറക്ഷന്‍ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, നമ്മുടെ ഭയങ്ങളുടെ രേഖാചിത്രമാണ് വ്യാളികള്‍, നമ്മെ അപകടപ്പെടുത്താന്‍ കഴിയുന്ന എല്ലാറ്റിനെയും ചേര്‍ത്തുള്ള ഭയാനകമായ നിര്‍മ്മിതിയാണത്... അതിഗംഭീരമായ ഒരു വ്യാളിയെ നേരിടുന്ന ഒരു കര്‍ഷകന്‍ പൂര്‍ണ്ണമായും ഒരു ഉയര്‍ന്ന തലത്തിലെത്തുന്നു.' അദ്ദേഹം വ്യക്തമാക്കുന്നത്? ജീവിതം വ്യാളികളാല്‍ നിറഞ്ഞിരിക്കുന്നു: ജീവന്‍ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നം, പെട്ടെന്നുള്ള തൊഴില്‍ നഷ്ടം, പരാജയപ്പെട്ട ദാമ്പത്യം, അന്യപ്പെട്ടുപോകുന്ന മുടിയനായ പുത്രന്‍. ഈ ''വ്യാളികള്‍'' നമുക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത ജീവിതത്തിലെ അപകടങ്ങളും ദുര്‍ബലതകളുമാണ്.
എന്നാല്‍ ആ യുദ്ധങ്ങളില്‍ നമുക്ക്് ഒരു യോദ്ധാവ് ഉണ്ട്. ഒരു യക്ഷിക്കഥയിലെ വീരനല്ല - നമുക്കുവേണ്ടി പോരാടി നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാളികളെ കീഴടക്കിയ ആത്യന്തിക യോദ്ധാവ്. അവ നമ്മുടെ പരാജയങ്ങളുടെ വ്യാളിയായാലും നമ്മുടെ നാശത്തെ ആഗ്രഹിക്കുന്ന ആത്മീയ ശത്രുക്കളായാലും, നമ്മുടെ യോദ്ധാവ് വലിയവനാണ്. യേശുവിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി, ''വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി' (കൊലൊസ്യര്‍ 2:15). തകര്‍ന്ന ഈ ലോകത്തിലെ വിനാശകരമായ ശക്തികള്‍ക്ക് അവനോടു പിടിച്ചുനില്‍ക്കാനാവില്ല!
ജീവിതത്തിലെ വ്യാളികള്‍ നമുക്ക് തോല്‍പ്പിക്കാനാവാത്തത്ര വളരെ വലുതാണെന്ന് നാം മനസ്സിലാക്കുന്ന നിമിഷമാണ് ക്രിസ്തുവിന്റെ രക്ഷയില്‍ വിശ്രമിക്കാന്‍ നാം തുടങ്ങുന്ന നിമിഷം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം' (1 കൊരിന്ത്യര്‍ 15:57).