Category  |  odb

ദുഃഖാര്‍ത്തനായ വാത്ത

പാര്‍ക്കിംഗ് സ്ഥലത്ത് എന്തുകൊണ്ടാണ് ഒരു ഫുട്‌ബോള്‍ വെച്ചിരിക്കുന്നത്? ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ അടുത്തെത്തുമ്പോള്‍, ചാരനിറത്തിലുള്ള വസ്തു ഒരു ഫുട്‌ബോള്‍ അല്ലെന്ന് ഞാന്‍ മനസ്സിലാക്കി: അതൊരു വാത്തയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുഃഖാര്‍ത്തനായ വാത്ത.
തണുപ്പുള്ള മാസങ്ങളില്‍ എന്റെ ജോലിസ്ഥലത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ വാത്തകള്‍ ഒത്തുകൂടും. എന്നാല്‍ ഇന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴുത്ത് പിന്നിലേക്ക് വളച്ച്, തല ഒരു ചിറകിനടിയില്‍ പൂഴ്ത്തി അതിരുന്നു. നിന്റെ കൂട്ടുകാര്‍ എവിടെ? ഞാന്‍ ചിന്തിച്ചു. പാവം അത് ഒറ്റയ്ക്കായിരുന്നു. അത് വളരെ ഏകാന്തമായി കാണപ്പെട്ടു, അതിന് ഒരു ആലിംഗനം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു.
എന്റെ ഈ ഏകാന്തമായ തൂവല്‍ ചങ്ങാതിയെപ്പോലെ ഒറ്റയ്ക്ക് ഒരു വാത്തയെ ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. വാത്തകള്‍ സമൂഹജീവികളാണ്. കാറ്റിനെ വ്യതിചലിപ്പിക്കുന്നതിനായി v ആകൃതിയില്‍ കൂട്ടമായി അവ പറക്കുന്നു. ഒരുമിച്ച് ജീവിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടവയാണ്് അവ.
മനുഷ്യരെന്ന നിലയില്‍, നാമും സമൂഹത്തിനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പത്തി 2:18 കാണുക). സഭാപ്രസംഗി 4:10-ല്‍, നാം തനിച്ചായിരിക്കുമ്പോള്‍ നാം എത്രത്തോളം ദുര്‍ബലരാണെന്ന് ശലോമോന്‍ വിവരിക്കുന്നു: ''ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാന്‍ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!'' എണ്ണത്തില്‍ ശക്തിയുണ്ട്, കാരണം, ''ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്ക് അവനോട് എതിര്‍ത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല' (വാ. 12).
ഇത് ശാരീരികമായി എന്നപോലെ ആത്മീയമായും സത്യമാണ്. നാം ഒറ്റയ്ക്ക് ''പറക്കാന്‍'' ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പ്രോത്സാഹനത്തിനും ഉന്മേഷത്തിനും വളര്‍ച്ചയ്ക്കും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ് (1 കൊരിന്ത്യര്‍ 12:21 കൂടി കാണുക).
ജീവിതത്തിന്റെ കൊടുങ്കാറ്റുകള്‍ നമ്മുടെ വഴിയേ വരുമ്പോള്‍ ഒരുമിച്ചാണെങ്കില്‍ നമുക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിയും.

ദാനത്തിന്റെ ഒരു ലോകം

മത്സ്യത്തൊഴിലാളിയായ ജെയിംസ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ദിവസത്തിന്റെ ആ ആരംഭസമയം അവനെ അലട്ടിയില്ല. ''ഞാന്‍ മത്സ്യബന്ധനം ആരംഭിക്കുന്നതിന് മുമ്പ് ജീവിതം വളരെ കഠിനമായിരുന്നു,'' അദ്ദേഹം പറയുന്നു. ''എനിക്ക് വരുമാന സ്രോതസ്സുകളൊന്നുമുണ്ടായിരുന്നില്ല.'' ഇപ്പോള്‍, ഒരു സമുദ്ര-സംരക്ഷണ പരിപാടിയിലെ അംഗമെന്ന നിലയില്‍, വരുമാനം വര്‍ദ്ധിക്കുന്നതും സ്ഥിരത കൈവരിക്കുന്നതും അദ്ദേഹം കാണുന്നു. ''ഈ പ്രോജക്റ്റ് ആരംഭിച്ചതില്‍ ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദൈവത്തിന്റെ സൃഷ്ടി അവരുടെ പ്രോജക്ടിന് ആവശ്യമുള്ളത് - സമുദ്രജീവികളുടെ സ്വാഭാവിക ദാനം - നല്‍കി എന്നതിനാല്‍ ഇതു വലിയതോതില്‍ കാണപ്പെട്ടു. നമുക്കു വേണ്ടുന്നതെല്ലാം നല്‍കുന്ന ദൈവത്തെ സ്തുതിച്ചുകൊണ്ട് സങ്കീര്‍ത്തനക്കാരന്‍ എഴുതി, ''അവന്‍ മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു'' (സങ്കീര്‍ത്തനം 104:14). അതുപോലെ, ''സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ട്' (വാ. 25).
ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി നമുക്ക് ആവശ്യമായതെല്ലാം എങ്ങനെ നല്‍കുന്നുവെന്നത് ഒരു അത്ഭുതമാണ്. ഉദാഹരണത്തിന്, മത്സ്യം ആരോഗ്യകരമായ ഒരു സമുദ്ര ഭക്ഷണ ശൃംഖല രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മത്സ്യബന്ധനം നടത്തുന്നത് ജെയിംസിനും അയല്‍ക്കാര്‍ക്കും ജീവിക്കാനുള്ള വേതനം നല്‍കുന്നു.
ദൈവത്തിന്റെ സൃഷ്ടിയില്‍ യാദൃശ്ചികമായി ഒന്നുമില്ല. അവിടുന്ന് തന്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി എല്ലാം ഉപയോഗിക്കുന്നു. അതിനാല്‍ ''എന്റെ ആയുഷ്‌കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും'' എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (വാ. 33). അവിടുന്ന് നല്‍കുന്നതെല്ലാം ആലോചിക്കുമ്പോള്‍ നമുക്കും ഇന്ന് അവനെ സ്തുതിക്കാം.

വീണ്ടും സ്‌നേഹിതര്‍

ഒരു അമ്മയും ഇളയ മകളും ഒരു ദിവസം പള്ളിയില്‍ ഇരിക്കുകയായിരുന്നു. ശുശ്രൂഷാ മധ്യത്തില്‍, ആളുകള്‍ക്ക് പരസ്യമായി ദൈവത്തിന്റെ പാപമോചനം പ്രാപിക്കാനുള്ള അവസരം നല്‍കപ്പെട്ടു. ഓരോതവണയും ആരെങ്കിലും അങ്ങനെ ചെയ്യാന്‍ മുന്നോട്ട് പോകുമ്പോള്‍, കൊച്ചു പെണ്‍കുട്ടി കയ്യടിക്കാന്‍ തുടങ്ങും. ''ക്ഷമിക്കണം,'' അമ്മ പിന്നീട് സഭാ നേതാവിനോട് പറഞ്ഞു. ''അനുതാപം നമ്മെ വീണ്ടും ദൈവവുമായി സൗഹൃദത്തിലാക്കുന്നുവെന്ന് ഞാന്‍ എന്റെ മകളോട് വിശദീകരിച്ചു, എല്ലാവര്‍ക്കും വേണ്ടി സന്തോഷിക്കാന്‍ അവള്‍ ആഗ്രഹിച്ചു.''
ഒരു കുട്ടിക്കു മനസ്സിലാക്കുന്നതിനായി ലളിതമാക്കിയ ആ അമ്മയുടെ വാക്കുകള്‍ സുവിശേഷത്തിന്റെ നല്ല വിശദീകരണമായിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവനുമായി അനുരഞ്ജിപ്പിക്കപ്പെട്ടു (റോമര്‍ 5:9-10). ഇപ്പോള്‍ നാം തീര്‍ച്ചയായും ദൈവത്തിന്റെ സ്‌നേഹിതരാണ്. സൗഹൃദം തകര്‍ത്ത് നാം തന്നെയായതിനാല്‍ (വാ. 8), നമ്മുടെ മാനസാന്തരമാണ് പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ നാം വഹിക്കേണ്ട ഭാഗം. കൊച്ചു പെണ്‍കുട്ടിയുടെ പ്രതികരണം തികച്ചും ഉചിതമായ ഒന്നായിരുന്നു. ഒരാള്‍ മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം മുഴുവനും കൈയടിക്കുന്നതിനാല്‍ (ലൂക്കൊസ് 15:10), അവള്‍ അറിയാതെ ആ കരഘോഷം പ്രതിധ്വനിപ്പിക്കുകയായിരുന്നു.
യേശു തന്റെ അനുരഞ്ജന പ്രവര്‍ത്തനത്തെ സമാനമായ രീതിയില്‍ വിവരിച്ചു. ''സ്‌നേഹിതന്‍മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' (യോഹന്നാന്‍ 15:13). നമ്മോടുള്ള ഈ ത്യാഗപരമായ സൗഹൃദത്തിന്റെ ഫലമായി, നമുക്ക് ഇപ്പോള്‍ അവനുമായി സൗഹൃദം കൂടാം. ''ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്ന് ഇനി പറയുന്നില്ല; ... നിങ്ങളെ സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു' (15:15).
ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാം ഇപ്പോള്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണ്. ഇത് അതിശയകരമായ ഒരു ചിന്തയാണ്. കൈയ്യടിക്കാന്‍ കൊള്ളാവുന്ന ഒന്ന്.

ആലാപന വിപ്ലവം

ഒരു വിപ്ലവം ജ്വലിപ്പിക്കാന്‍ എന്താണ് വേണ്ടത്? തോക്കുകള്‍? ബോംബുകള്‍? ഗറില്ലാ യുദ്ധമുറ? 1980-കളുടെ അവസാനത്തിലെ എസ്റ്റോണിയ, പാട്ടുകള്‍ ആണുപയോഗിച്ചത്. ജനങ്ങള്‍ പതിറ്റാണ്ടുകളായി സോവിയറ്റ് അധിനിവേശത്തിന്റെ ഭാരം വഹിച്ചതിനുശേഷം, ദേശസ്‌നേഹഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു പ്രസ്ഥാനം ആരംഭിച്ചു. ഈ ഗാനങ്ങള്‍ ''ആലാപന വിപ്ലവത്തിനു'' ജന്മം നല്‍കി, അതാണ് 1991 ല്‍ എസ്റ്റോണിയന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
''ഇത് ഒരു അക്രമരഹിത വിപ്ലവമായിരുന്നു, അത് വളരെ അക്രമാസക്തമായ ഒരു അധിനിവേശത്തെ അട്ടിമറിച്ചു,'' പ്രസ്ഥാനത്തെ വിവരിക്കുന്ന ഒരു വെബ്സൈറ്റ് പറയുന്നു. 'എങ്കിലും എസ്റ്റോണിയക്കാര്‍ക്ക് അമ്പതുവര്‍ഷത്തെ സോവിയറ്റ് ഭരണം നിലനില്‍ക്കുമ്പോള്‍ തന്നേ ആലാപനം എല്ലായ്‌പ്പോഴും അവരെ ഒരുമിപ്പിക്കുന്ന ഒരു പ്രധാന ശക്തിയായിരുന്നു.'
നമ്മുടെ സ്വന്തം പ്രയാസകരമായ സമയങ്ങളെ അതിജീവിക്കുന്നതിനു സഹായിക്കുന്നതിലും സംഗീതത്തിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. അതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങളോട് നാം പെട്ടെന്ന് താദാത്മ്യപ്പെടുന്നത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ആത്മാവിന്റെ ഇരുണ്ട രാത്രിയിലാണ് സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പാടിയത്, ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; അവന്‍ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു. എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും'' (സങ്കീര്‍ത്തനം 42:5). അഗാധമായ നിരാശയുടെ ഒരു കാലഘട്ടത്തിലാണ് ആരാധനാ നേതാവായ ആസാഫ് സ്വയം ഇങ്ങനെ ഓര്‍മ്മിപ്പിച്ചത്, ''ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം'' (73: 1).
വെല്ലുവിളികള്‍ നിറഞ്ഞ നമ്മുടെ സമയങ്ങളില്‍, സങ്കീര്‍ത്തനക്കാരോടൊപ്പം നമ്മുടെ ഹൃദയത്തില്‍ ഒരു ആലാപന വിപ്ലവത്തില്‍ നമുക്കും പങ്കുചേരാം. അത്തരമൊരു വിപ്ലവം, ദൈവത്തിന്റെ വലിയ സ്‌നേഹത്തിലും വിശ്വസ്തതയിലും ഉള്ള വിശ്വാസത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ആത്മവിശ്വാസത്താല്‍ നമ്മിലുള്ള നിരാശയുടെയും ആശയക്കുഴപ്പത്തിന്റെയും ആധിപത്യത്തെ കീഴടക്കും.

കാലാവസ്ഥാ നിരീക്ഷകന്‍ വരുത്തിയ തെറ്റ്

1938 സെപ്റ്റംബര്‍ 21 ന് ഉച്ചതിരിഞ്ഞ്, ഒരു യുവ കാലാവസ്ഥാ നിരീക്ഷകന്‍, ഒരു ചുഴലിക്കാറ്റ് വടക്കോട്ട് ന്യൂ ഇംഗ്ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന മുന്നറിയിപ്പ് യുഎസ് വെതര്‍ ബ്യൂറോയ്ക്ക് നല്‍കി. എന്നാല്‍ ബ്യൂറോയുടെ തലവന്‍, ചാള്‍സ് പിയേഴ്‌സിന്റെ പ്രവചനത്തെ പരിഹസിച്ചു. തീര്‍ച്ചയായും ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇത്രയും വടക്കോട്ട് നീങ്ങിയ ചരിത്രമില്ല.
രണ്ട് മണിക്കൂറിനുശേഷം, 1938 ലെ ന്യൂ ഇംഗ്ലണ്ട് ചുഴലിക്കാറ്റ് ലോംഗ് ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കി. വൈകുന്നേരം 4 മണിയോടെ അത് ന്യൂ ഇംഗ്ലണ്ടിലെത്തുകയും കപ്പലുകളെ കരയിലേക്ക് വലിച്ചെറിയുകയും വീടുകളെ കടലില്‍ തള്ളിയിടുകയും ചെയ്തു. അറുനൂറിലധികം ആളുകള്‍ മരിച്ചു. കൃത്യമായ വിവരങ്ങളുടേയും വിശദമായ മാപ്പുകളുടെയും അടിസ്ഥാനത്തില്‍ ഉള്ള പിയേഴ്‌സിന്റെ മുന്നറിയിപ്പ് ആളുകള്‍ക്കു ലഭിച്ചിരുന്നെങ്കില്‍, അവര്‍ ജീവനോടിരിക്കുമായിരുന്നു.
ആരുടെ വാക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയുക എന്ന ആശയത്തിന് വേദപുസ്തകം മുന്‍ഗണന നല്‍കുന്നു.
യിരെമ്യാവിന്റെ കാലത്ത്, വ്യാജ പ്രവാചകന്മാര്‍ക്കെതിരെ ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കി. ''നിങ്ങളോട് പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ
വായില്‍നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്'' (യിരെമ്യാവ് 23:16). ദൈവം അവരെക്കുറിച്ച് പറഞ്ഞു, ''അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു'' (വാ. 22).
'കള്ളപ്രവാചകന്മാര്‍'' ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവത്തെ മൊത്തത്തില്‍ അവഗണിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി അവന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്ന ''വിദഗ്ദ്ധര്‍'' ഉപദേശം നല്‍കുന്നു. എന്നാല്‍, തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും, സത്യത്തില്‍ നിന്ന് വ്യാജം തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങള്‍ ദൈവം നമുക്ക് നല്‍കി. അവിടുത്തെ വചനത്തിന്റെ സത്യത്താല്‍ നാം എല്ലാം അളക്കുമ്പോള്‍, നമ്മുടെ സ്വന്തം വാക്കുകളും ജീവിതവും ആ സത്യം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കും.