Category  |  odb

ദൈവത്തെ അന്വേഷിക്കുക

സ്വപ്‌നങ്ങളെ പിന്തുടരുന്നതിലുള്ള ആളുകളുടെ അഭിനിവേശവും അര്‍പ്പണബോധവും കാണുന്നത് പ്രചോദനകരമാണ്. എനിക്കറിയാവുന്ന ഒരു യുവതി അടുത്തിടെ ഒരു വര്‍ഷത്തിനുള്ളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ സമര്‍പ്പണം അതിനാവശ്യമായിരുന്നു. ഒരു സുഹൃത്തിന് ഒരു പ്രത്യേക കാര്‍ വേണം, അതിനാല്‍ അവന്‍ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ കേക്ക് ഉണ്ടാക്കി വിറ്റു പണം സമ്പാദിച്ചു. വില്‍പ്പന രംഗത്തുള്ള മറ്റൊരു വ്യക്തി ഓരോ ആഴ്ചയിലും നൂറ് പുതിയ ആളുകളെ കാണാന്‍ ശ്രമിക്കുന്നു.
ഭൗമിക മൂല്യമുള്ള എന്തെങ്കിലും ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത് നല്ലതാണെങ്കിലും, അതിലും പ്രധാനപ്പെട്ട ഒരു തരം അന്വേഷണം നാം പരിഗണിക്കേണ്ടതുണ്ട്.
നിരാശയോടെ, മരുഭൂമിയില്‍ കഷ്ടപ്പെട്ടുകൊണ്ട് ദാവീദ് രാജാവ് എഴുതി, ''ദൈവമേ, നീ എന്റെ ദൈവം ആത്മാര്‍ത്ഥമായി (അതികാലത്തേ) ഞാന്‍ നിന്നെ അന്വേഷിക്കുന്നു'' (സങ്കീര്‍ത്തനം 63:1). ദാവീദ് അവനോടു നിലവിളിക്കുമ്പോള്‍ ദൈവം തളര്‍ന്നിരിക്കുന്ന രാജാവിനോട് അടുത്തുവന്നു. ദൈവത്തോടുള്ള ദാവീദിന്റെ ആഴത്തിലുള്ള ആത്മീയ ദാഹം അവിടുത്തെ സന്നിധിയില്‍ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ.
രാജാവ് ''വിശുദ്ധമന്ദിരത്തില്‍'' (വാ. 2) ദൈവത്തെ കണ്ടുമുട്ടിയതും അവന്റെ സകലത്തെയും കീഴടക്കുന്ന സ്‌നേഹം അനുഭവിച്ചതും (വാ. 3) അനുദിനം സ്തുതിക്കുന്നതും ഓര്‍ത്തു - അവനില്‍ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്തുന്നത് പോഷകസമൃദ്ധവും സംതൃപ്തിദായകവുമായ ഒരു ഭക്ഷണം ആസ്വദിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല (വാ. 4-5). രാത്രിയിലും അവന്‍ ദൈവത്തിന്റെ സഹായവും സംരക്ഷണവും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചു (വാ. 6-7).
ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ ഇന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നു. നാം അവനോട് പറ്റിനില്‍ക്കുമ്പോള്‍, ശക്തിയിലും സ്‌നേഹത്തിലും ദൈവം തന്റെ ശക്തമായ വലതു കൈകൊണ്ട് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നു. ആത്മാവിന്റെ നടത്തിപ്പിലൂടെ, എല്ലാ നല്ല വസ്തുക്കളുടെയും സ്രഷ്ടാവിനോട് നമുക്ക് അടുക്കാം.

ദുഃഖത്തെ മാറ്റിക്കളഞ്ഞു

ഒരു ഇംഗ്ലീഷ് സിനിമ ചെന്നായ്ക്കളുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ചിത്രീകരിക്കുന്നു. സന്തോഷമുള്ളപ്പോള്‍ ചെന്നായ്ക്കള്‍ വാലാട്ടുകയും ചുഴറ്റുകയും ചെയ്യുന്നു. എന്നാല്‍ സംഘത്തിലെ ഒരു അംഗത്തിന്റെ മരണശേഷം അവര്‍ ആഴ്ചകളോളം ദുഃഖിക്കുന്നു. സംഘാംഗം മരിച്ച സ്ഥലം അവര്‍ സന്ദര്‍ശിക്കുന്നു, വാലുകള്‍ താഴ്ത്തിയിട്ടും വിലാപ ശബ്ദം പുറപ്പെടുവിച്ചും കൊണ്ട് ദുഃഖം പ്രകടിപ്പിക്കുന്നു.
നാമെല്ലാവരും അനുഭവിച്ചിട്ടുള്ള ശക്തമായ ഒരു വികാരമാണ് ദുഃഖം, പ്രത്യേകിച്ച് പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ അല്ലെങ്കില്‍ അമൂല്യമായ ഒരു പ്രതീക്ഷയുടെ നഷ്ടത്തില്‍. മഗ്ദലനക്കാരത്തി മറിയ അത് അനുഭവിച്ചു. അവള്‍ ക്രിസ്തുവിന്റെ അനുയായിയായിരുന്നു, അവനോടും അവന്റെ ശിഷ്യന്മാരോടും ഒപ്പം യാത്ര ചെയ്തിരുന്നു (ലൂക്കൊസ് 8:1-3). എന്നാല്‍ ക്രൂശിലെ അവന്റെ ക്രൂരമായ മരണം അവരെ ഇപ്പോള്‍ വേര്‍പെടുത്തി. യേശുവിനുവേണ്ടി മറിയയ്ക്ക് ചെയ്യാമായിരുന്ന ഒരേയൊരു കാര്യം, ശവസംസ്‌കാരത്തിനായി അവന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുക എന്നതു മാത്രമായിരുന്നു - എന്നാല്‍ ആ ദൗത്യത്തെ ശബ്ബത്ത് തടസ്സപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ കല്ലറയ്ക്കലെത്തി നിര്‍ജീവവും തകര്‍ന്നതുമായ ശരീരമല്ല, ജീവനുള്ള ഒരു രക്ഷകനെ തന്നെ കണ്ടപ്പോള്‍ മറിയയ്ക്ക് എന്തുതോന്നിയെന്ന് സങ്കല്‍പ്പിക്കുക! അവളുടെ മുന്‍പില്‍ നില്‍ക്കുന്ന പുരുഷനെ അവള്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും, അവളുടെ പേരു വിളിച്ച ശബ്ദം അവള്‍ തിരിച്ചറിഞ്ഞു - യേശു! തല്‍ക്ഷണം, ദുഃഖം സന്തോഷത്തിനു വഴിമാറി. ''ഞാന്‍ കര്‍ത്താവിനെ കണ്ടു!'' (യോഹന്നാന്‍ 20:18) മറിയയ്ക്കിപ്പോള്‍ പങ്കുവയ്ക്കാന്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്.
സ്വാതന്ത്ര്യവും ജീവനും കൊണ്ടുവരാന്‍ യേശു നമ്മുടെ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിച്ചു. അവിടുത്തെ പുനരുത്ഥാനം, താന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവന്‍ നിറവേറ്റി എന്നതിന്റെ ആഘോഷമാണ്. മറിയയെപ്പോലെ, നമുക്ക് ക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കാനും അവന്‍ ജീവിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത പങ്കിടാനും കഴിയും! ഹല്ലേലൂയ!

തിരശ്ശീല നീക്കി

എന്റെ ഫ്‌ളൈറ്റ് മുകളിലേക്കുയരുന്നതിനുള്ള വേഗതയാര്‍ജ്ജിച്ചപ്പോള്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഫസ്റ്റ് ക്ലാസിനെ മറച്ചിരുന്ന തിരശ്ശീല മാറ്റിയപ്പോള്‍ വിമാനത്തിലെ ഇടങ്ങള്‍ തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് എനിക്ക് അമ്പരപ്പിക്കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ലഭിച്ചു. ചില യാത്രക്കാര്‍ ആദ്യം കയറുന്നു, പ്രീമിയം ഇരിപ്പിടവും കാലുകള്‍ നീട്ടിവയ്ക്കാനുള്ള അധിക സ്ഥലവും വ്യക്തിഗത സേവനവും ആസ്വദിക്കുന്നു. ആ ആനുകൂല്യങ്ങളില്‍ നിന്ന് ഞാന്‍ വേര്‍പെട്ടവനാണ് എന്നതിന്റെ വിനീതമായ ഓര്‍മ്മപ്പെടുത്തലായിരുന്നു തിരശ്ശീല.
ജലസമൂഹങ്ങള്‍ തമ്മില്‍ മാറ്റി നിര്‍ത്തപ്പെട്ട സംഭവങ്ങള്‍ ചരിത്രത്തിലുടനീളം കണ്ടെത്താന്‍ കഴിയും. ഒരുവിധത്തില്‍ യെരുശലേമിലെ ദൈവാലയത്തില്‍ പോലും ഇതു സംഭവിച്ചിരുന്നു. എങ്കിലും ഇത് കൂടുതല്‍ പണം കൊടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. യഹൂദേതരര്‍ക്ക് പുറത്തെ പ്രാകാരത്തില്‍ നിന്നുകൊണ്ട് കോടതിയില്‍ ആരാധന നടത്താന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അടുത്തതായി സ്ത്രീകളുടെ പ്രാകാരം, അതിനും അടുത്തായി പുരുഷന്മാരുടെ പ്രാകാരം. അവസാനമായി, ദൈവം തന്നെത്തന്നെ അദ്വിതീയമായി വെളിപ്പെടുത്തുന്ന സ്ഥലമായ അതിപരിശുദ്ധ സ്ഥലം. ഇത് തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു, മാത്രമല്ല ഒരു വിശുദ്ധ പുരോഹിതന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അതില്‍ പ്രവേശിക്കാന്‍ കഴിയൂ (എബ്രായര്‍ 9:1-10).
പക്ഷേ, അതിശയകരമെന്നു പറയട്ടെ, ഈ വേര്‍പാട് ഇപ്പോള്‍ നിലവിലില്ല. ദൈവത്തിങ്കലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മുമ്പിലുള്ള എല്ലാ തടസ്സങ്ങളും - നമ്മുടെ പാപങ്ങള്‍ പോലും - യേശു പൂര്‍ണ്ണമായും ഇല്ലാതാക്കി (10:17). ക്രിസ്തുവിന്റെ മരണസമയത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയതുപോലെ (മത്തായി 27:50-51), അവന്റെ ക്രൂശിക്കപ്പെട്ട ശരീരം ദൈവസാന്നിധ്യത്തിലേക്കുള്ള എല്ലാ തടസ്സങ്ങളെയും വലിച്ചുകീറി. ജീവനുള്ള ദൈവത്തിന്റെ മഹത്വവും സ്‌നേഹവും അനുഭവിക്കുന്നതില്‍ നിന്ന് ഒരു വിശ്വാസിയെയും വേര്‍തിരിക്കുന്ന ഒരു തടസ്സവുമില്ല.

ഉറച്ചു നില്‍ക്കുക

അഡ്രിയാനും കുടുംബവും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അവര്‍ താമസിക്കുന്ന രാജ്യത്ത്, പീഡനം അനുഭവിക്കുന്നു. എന്നിരുന്നാലും, അതിന്റെ മധ്യത്തിലും അവര്‍ ക്രിസ്തുവിന്റെ സ്‌നേഹം പ്രകടമാക്കുന്നു. തന്റെ പള്ളി മുറ്റം തീവ്രവാദികള്‍ പരിശീലന മൈതാനമായി ഉപയോഗിക്കുമ്പോള്‍ ചിതറിവീഴുന്ന വെടിയുണ്ടകളുടെ നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, ''ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. യേശു നമുക്കുവേണ്ടി ക്രൂശില്‍ കഷ്ടം സഹിച്ചത് നാം സ്മരിക്കുന്നു. കഷ്ടത എന്നത് അവിടെയുള്ള വിശ്വാസികള്‍ മനസ്സിലാക്കുന്ന ഒന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവിടെത്തന്നെ തുടരുന്നതു തിരഞ്ഞെടുത്തു: ''ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്, ഇപ്പോഴും നില്‍ക്കുന്നു.''
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നോക്കിക്കൊണ്ടു നിന്ന സ്ത്രീകളുടെ മാതൃകയാണ് ഈ വിശ്വാസികള്‍ പിന്തുടരുന്നത് (മര്‍ക്കൊസ് 15:40). അവര്‍ - മഗ്ദലനക്കാരത്തി മറിയ, യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയ, ശലോമി എന്നിവരുള്‍പ്പെടെ - അവിടെ നില്‍ക്കാന്‍ ധൈര്യപ്പെട്ടു, കാരണം ഒരു രാജ്യത്തിന്റെ ശത്രുവിന്റെസുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിഹസിക്കപ്പെടുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നിട്ടും സ്ത്രീകള്‍ യേശുവിന്റെ സമീപേ നിന്നുകൊണ്ട് അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഗലീലിയില്‍ ''അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്ന'' അവര്‍ (വാ. 41), അവന്റെ ഏറ്റവും ആഴമേറിയ ആവശ്യസമയത്ത് അവനോടൊപ്പം നിന്നു.
നമ്മുടെ രക്ഷകന്റെ ഏറ്റവും വലിയ ദാനമായ ക്രൂശിലെ മരണത്തെക്കുറിച്ച് ഓര്‍ക്കുന്ന ഈ ദിവസം, പല തരത്തിലുള്ള പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് എങ്ങനെ യേശുവിനുവേണ്ടി നിലകൊള്ളാമെന്ന് ആലോചിക്കുക (യാക്കോബ് 1:2-4 കാണുക). തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള സഹവിശ്വാസികളെക്കുറിച്ചും ചിന്തിക്കുക. അഡ്രിയാന്‍ ചോദിച്ചതുപോലെ, ''നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുമോ?''

പാതയില്‍ തുടരുക

മധ്യ ചൈനയിലെ പര്‍വതങ്ങളുടെ മുകളിലൂടെ നിര്‍മ്മിച്ച മതിലുകളുടെ മുകളിലൂടെ ഞാന്‍ ലി ബാവോയെ പിന്തുടരുമ്പോള്‍ സന്ധ്യയായി. ഞാന്‍ മുമ്പൊരിക്കലും ഈ വഴി വന്നിരുന്നില്ല, എനിക്ക് ഒരടിയില്‍ കൂടുതല്‍ മുന്നോട്ട് കാണാനോ ഞങ്ങളുടെ ഇടതുവശത്തെ ഗര്‍ത്തം എത്ര ആഴമുള്ളതാണെന്നു കാണാനോ കഴിഞ്ഞില്ല. ഞാന്‍ ലിയോട് ചേര്‍ന്നുനിന്നു. ഞങ്ങള്‍ എവിടെ പോകുന്നുവെന്നോ എത്ര സമയമെടുക്കുമെന്നോ എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ സുഹൃത്തിനെ വിശ്വസിച്ചു.
എല്ലായ്പ്പോഴും ഉറപ്പ് ആവശ്യമാണെന്ന് തോന്നിയ ശിഷ്യനായ തോമസിന്റെ അതേ സ്ഥാനത്തായിരുന്നു ഞാന്‍. താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കാന്‍ താന്‍ പോകയാണെന്നും ''ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു'' എന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (യോഹന്നാന്‍ 14:4). തോമസ് ഒരു യുക്തിസഹമായ അനുധാവന ചോദ്യം ചോദിച്ചു: ''കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?'' (വാ. 5).
താന്‍ അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിച്ചുകൊണ്ട് യേശു അവന്റെ സംശയം മാറ്റിയില്ല. താനാണ് അവിടേക്കുള്ള വഴി എന്ന്് അവന്‍ ശിഷ്യന് ഉറപ്പുനല്‍കി. അത് മതിയായിരുന്നു.
നമുക്കും നമ്മുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്താണ് വരാനിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങള്‍ നമ്മില്‍ ആര്‍ക്കും അറിയില്ല. നാം കാണാത്ത വളവുകളാണ് ജീവിതം മുഴുവനും. അത് കുഴപ്പമില്ല. ''വഴിയും സത്യവും ജീവനും'' ആയ യേശുവിനെ അറിയാന്‍ കഴിഞ്ഞാല്‍ അതു മതിയാകും (വാ. 6).
അടുത്തത് എന്താണെന്ന് യേശുവിനറിയാം. നാം അവനോട് ചേര്‍ന്നു നടക്കാന്‍ മാത്രമേ അവന്‍ ആവശ്യപ്പെടുന്നുള്ളൂ.