കൃത്യസ്ഥാനത്തു വെച്ചത്
നമ്മുടെ ഭൂമി സൂര്യന്റെ ചൂട് ലഭിക്കത്തക്കവണ്ണം കൃത്യമായ അകലത്തിലാണ് നിലകൊള്ളുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. ഒരല്പം അടുത്തുപോയാല്‍ ശുക്രനിലെപ്പോലെ ജലം മുഴുവന്‍ ബാഷ്പീകരിക്കും. ഒരല്പം അകന്നാലോ ചൊവ്വയിലെന്നപോലെ സകലവും മരവിക്കും. ശരിയായ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതിന് ഭൂമി ശരിയായ വലിപ്പത്തിലുമാണ്. ഒരല്പം കുറഞ്ഞാല്‍ ചന്ദ്രനിലെപ്പോലെ ജീവിമുക്തമാകും, കൂടിയാലോ വ്യാഴത്തെപ്പോലെ ജീവനെ ശ്വാസം മുട്ടിക്കുന്ന വിഷവാതകങ്ങള്‍ കെട്ടിക്കിടക്കും.
നമ്മുടെ ലോകം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ ഭൗതിക, രാസ, ജീവശാസ്ത്ര പരസ്പര പ്രവര്‍ത്തനം വിരല്‍ ചൂണ്ടുന്നത് ജ്ഞാനിയായ ഒരു രൂപകല്പകനിലേക്കാണ്. നമ്മുടെ അറിവിനപ്പുറമായ കാര്യങ്ങളെക്കുറിച്ച് ഇയ്യോബിനോടു സംസാരിക്കുമ്പോള്‍ ഈ സങ്കീര്‍ണ്ണമായ ശില്പവൈദഗ്ദ്ധ്യത്തിന്റെ ഒരു മിന്നലൊളി നാം കാണുന്നു: 'ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു?'' ദൈവം ചോദിക്കുന്നു. 'അതിന്റെ അളവു നിയമിച്ചവന്‍ ആര്? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂല്‍ പിടിച്ചവനാര്? ... അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്?'' (ഇയ്യോബ് 38:4-6).
'ഗര്‍ഭത്തില്‍നിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടച്ചവനും'' 'ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്' (വാ. 8-11) എന്നു സമുദ്രത്തോടു കല്പിച്ചവന്റെ മുമ്പില്‍ ഭൂമിയിലെ മഹാസമുദ്രം വണങ്ങി നില്‍ക്കുനതു കാണുമ്പോള്‍ സൃഷ്ടിയുടെ വ്യാപ്തിയുടെ ഒരു നേര്‍കാഴ്ച നമുക്കു ലഭിക്കുന്നു. അതിശയത്തോടെ പ്രഭാത നക്ഷത്രങ്ങളോടു ചേര്‍ന്നു നാം പാടുകയും ദൂതന്മാരോടു ചേര്‍ന്ന് ഉല്ലസിച്ചു ഘോഷിക്കുകയും ചെയ്യും (വാ. 7). കാരണം നാം ദൈവത്തെ അറിയുകയും ആശ്രയിക്കുകയും ചെയ്യേണ്ടതിന് ഈ വിശാലമായ ലോകം നമുക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ദൈവം കാത്തിരുന്നു
ഡെനീസ് ലെവര്‍ട്ടോവ് അറിയപ്പെടുന്ന കവയിത്രിയാകുന്നതിനു മുമ്പ് അവള്‍ക്കു കേവലം പന്ത്രണ്ടു വയസ്സുമാത്രമുള്ളപ്പോള്‍ മഹാനായ കവി റ്റി. എസ്. എലിയട്ടിന് തന്റെ കവിതകളുടെ ഒരു സമാഹാരം അയയ്ക്കാനുള്ള കാര്യപ്രാപ്തി അവള്‍ കാണിച്ചു. അവളെ അതിശയിപ്പിച്ചുകൊണ്ട് എലിയട്ട് രണ്ടു പേജു നിറയെ കൈകൊണ്ടെഴുതിയ ഒരു പ്രോത്സാഹനക്കുറിപ്പ് അവള്‍ക്കയച്ചു. 'ദി സ്ട്രീം ആന്‍ഡ് ദി സഫയര്‍' എന്ന തന്റെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ തന്റെ കവിതകള്‍ എങ്ങനെയാണ് ''അഗ്നേയവാദത്തില്‍ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്കു നീങ്ങിയത്'' എന്ന് അവള്‍ വിശദീകരിച്ചു. പില്‍ക്കാല കവിതകളില്‍ യേശുവിന്റെ അമ്മ മറിയ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചതിന്റെ വിവരണം കാണുന്നത് എത്ര ശക്തമായിട്ടാണ്. മറിയയെ അസ്വസ്ഥപ്പെടുത്താന്‍ പരിശുദ്ധാത്മാവു തയ്യാറാകാത്തതും ക്രിസ്തു ശിശുവിനെ സ്വീകരിക്കാന്‍ മറിയ സ്വമനസ്സാ തയ്യാറാകാനുള്ള അവന്റെ ആഗ്രഹവും ശ്രദ്ധിച്ചുകൊണ്ട് ഈ രണ്ടു വാക്കുകള്‍ കവിതയുടെ കേന്ദ്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു: 'ദൈവം കാത്തിരുന്നു.'
മറിയയുടെ കഥയില്‍, ലെവര്‍ട്ടോവ് സ്വന്തം കഥ ദര്‍ശിച്ചു. അവളെ സ്‌നേഹിക്കാന്‍ ആഗ്രഹത്തോടെ ദൈവം കാത്തിരുന്നു. അവന്‍ അവളുടെമേല്‍ ഒന്നും അടിച്ചേല്പിച്ചില്ല. അവന്‍ കാത്തിരുന്നു. യിസ്രായേലിന്റെ മേല്‍ ആര്‍ദ്ര സ്‌നേഹം പകരുവാന്‍ തയ്യാറായി ദൈവം എത്ര ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു എന്ന ഇതേ യാഥാര്‍ത്ഥ്യം യെശയ്യാവ് വിവരിക്കുന്നു. ''യഹോവ നിങ്ങളോടു കൃപകാണിക്കുവാന്‍ താമസിക്കുന്നു (കാത്തിരിക്കുന്നു); ... നിങ്ങളോട് കരുണ കാണിക്കാന്‍ കാത്തിരിക്കുന്നു' (30:18). തന്റെ ജനത്തിന്മേല്‍ കരുണ പ്രവഹിപ്പിക്കുവാന്‍ അവന്‍ ഒരുക്കമാണ്, എങ്കിലും അവന്‍ വാഗ്ദാനം ചെയ്യുന്നതിനെ അവര്‍ മനസ്സോടെ സ്വീകരിക്കുന്നതിനായി ദൈവം കാത്തിരിക്കുന്നു (വാ. 19).
നമ്മുടെ സ്രഷ്ടാവ്, ലോകത്തിന്റെ രക്ഷകന്‍, നാം അവനെ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് തിരഞ്ഞെടുത്തത് അതിശയകരമാണ്. നമ്മെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ദൈവം താഴ്മയോടെ ക്ഷമ പാലിക്കുന്നു. പരിശുദ്ധനായവന്‍ നമുക്കായി കാത്തിരിക്കുന്നു.

നിങ്ങള്‍ക്കു നല്ലത്
ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്‌ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).

പ്രാര്‍ത്ഥിക്കാനുള്ള പ്രേരണ
'വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെക്കൂടെ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുമായിരുന്നു, എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.'
എന്റെ പഴയ സ്‌നേഹിതയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം അവള്‍ ബൈബിളില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പിന്റെ ഫോട്ടോയും ഉണ്ടായിരുന്നു: 'ജെയിംസിനുവേണ്ടി പ്രാര്‍ത്ഥിക്കുക. മനസ്സിനെയും ചിന്തകളെയും വാക്കുകളെയും മൂടുക.' എന്റെ പേരിനൊപ്പം അവള്‍ മൂന്നു വ്യത്യസ്ത വര്‍ഷങ്ങളും രേഖപ്പെടുത്തിയിരുന്നു.
ആ വര്‍ഷങ്ങള്‍ നോക്കിയപ്പോള്‍ എന്റെ ശ്വാസം നിലച്ചു. ഏതു മാസത്തിലാണ് അവള്‍ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. 'ജൂലൈയോടടുത്താണ്' അവളുടെ മറുപടി ലഭിച്ചു.
ഞാന്‍ വീടു വിട്ട് വിദേശത്തു പഠിക്കാന്‍ പോയ മാസമായിരുന്നു അത്. അപരിചിതമായ ഒരു സംസ്‌കാരവും ഭാഷയും ഞാന്‍ നേരിടുകയും മുമ്പൊരിക്കലും സംഭവിക്കാത്തവിധം എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസരമായിരുന്നു അത്. ആ കുറിപ്പിലേക്കു ഞാന്‍ നോക്കിയപ്പോള്‍, ഔദാര്യമായ പ്രാര്‍ത്ഥനയുടെ വിലപ്പെട്ട സമ്മാനം എനിക്കു ലഭിച്ചിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
എന്റെ സ്‌നേഹിതയുടെ ദയ, പ്രാര്‍ത്ഥിക്കാന്‍ 'പ്രേരിപ്പിക്കപ്പെട്ട'' മറ്റൊരാളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു: തന്റെ യുവ മിഷനറി സുഹൃത്തായ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ നിര്‍ദ്ദേശം: 'എന്നാല്‍ സകല മനുഷ്യര്‍ക്കും ... വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യണം എന്നു ഞാന്‍ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു'' (1 തിമൊഥെയൊസ് 2:1). 'സകലത്തിനും മുമ്പെ'' എന്ന പ്രയോഗം ഉയര്‍ന്ന മുന്‍ഗണനയെ ആണു സൂചിപ്പിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥന സുപ്രധാനമാണ് എന്നു പൗലൊസ് വിശദീകരിക്കുന്നു, കാരണം, 'സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും (യേശുവിനെക്കുറിച്ചുള്ള) സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും'' ദൈവം ആഗ്രഹിക്കുന്നു (വാ. 4).
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുവാനും ദൈവം നിരവധി മാര്‍ഗ്ഗങ്ങളില്‍ വിശ്വസ്തമായ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. ഒരാളെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ അയാളുടെ സാഹചര്യം നമുക്കറിയില്ലായിരിക്കാം, എന്നാല്‍ ദൈവത്തിനറിയാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ആ വ്യക്തിയെ സഹായിക്കുന്നു.

മനോഹരമായ ഫലം
'കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എവിടേക്കും (ഉദ്യാനത്തില്‍) ഒരു വിത്ത് എറിയാനും എന്താണ് മുളച്ചുവരുന്നതെന്നു കാണാനും കഴിയണം' സിറ്റി ബ്ലോസംസിന്റെ സ്ഥാപകയായ റെബേക്കാ ലെമോസ്-ഒറ്റെറോ നിര്‍ദ്ദേശിച്ചു. ശ്രദ്ധാപൂര്‍വ്വമായ ഉദ്യാന പരിപാലനത്തിന്റെ മാതൃക അല്ല ഇതെങ്കിലും, ഓരോ വിത്തിനും ജീവന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2004 മുതല്‍ സിറ്റി ബ്ലോസംസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടി ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉദ്യാന നിര്‍മ്മിതിയിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യം നേടുന്നതിനെക്കുറിച്ച് പഠിക്കുന്നു. 'ഒരു നഗര പ്രദേശത്ത് ജീവസ്സുറ്റ പച്ചപ്പ് ഉണ്ടായിരിക്കുന്നത് ... കുട്ടികള്‍ക്ക് പ്രത്യുല്പാദനപരവും സുന്ദരവുമായ എന്തെങ്കിലും ചെയ്തുകൊണ്ട് തുറസ്സായ സ്ഥലത്തായിരിക്കാന്‍ ഒരു വഴി തുറക്കുന്നു' എന്ന് റെബേക്കാ പറയുന്നു.
നൂറു മേനി ഫലം കൊടുക്കാന്‍ പ്രാപ്തിയുള്ള (ലൂക്കൊസ് 8:8) വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. ആ വിത്ത് നല്ല നിലത്തു വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സുവിശേഷമാണ്. നല്ല നിലത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞത് 'വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ'' എന്നാണ് (വാ. 15).
നമുക്കു ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം അവനോട് ബന്ധപ്പെട്ടിരിക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 15:4). ക്രിസ്തുവിനാല്‍ നാം ഉപദേശിക്കപ്പെടുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് നമ്മില്‍ 'സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ' എന്നിങ്ങനെയുള്ള അവന്റെ ഫലങ്ങള്‍ ഉളവാക്കും (ഗലാത്യര്‍ 5:22-23). മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നമ്മില്‍ അവന്‍ ഉല്പാദിപ്പിക്കുന്ന ഫലങ്ങളെ അവന്‍ ഉപയോഗിക്കുന്നു; തന്മൂലം അവര്‍ രൂപാന്തരപ്പെടുകയും അവരുടെ തന്നെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഇത് മനഹരമായ ഒരു ജീവിതത്തെ സൃഷ്ടിക്കുന്നു.
