
പാടുവാന്‍ ഒരു കാരണം
ഒരു പ്രമാണമനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് അതൊരു വലിയ പരാജയമായിരുന്നു. ഞാനെന്താണു ചെയ്തതെന്നോ? ഞാന്‍ ഉറങ്ങിപ്പോയി. ഞങ്ങളുടെ കുട്ടികള്‍ പുറത്തുപോകുമ്പോള്‍ ഇത്ര മണിക്ക് വീട്ടിലെത്തണം എന്ന നിശാനിയമം ബാധകമായിരുന്നു. അവര്‍ നല്ല കുട്ടികളാണ്, എങ്കിലും അവര്‍ മുന്‍വാതിലിന്റെ നോബ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നതുവരെ കാത്തിരിക്കുക എന്നതായിരുന്നു എന്റെ ശീലം.
അവര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നെനിക്കറിയണമായിരുന്നു. ഞാനിതു ചെയ്യേണ്ടതില്ലായിരുന്നു: ഞാനതു തിരഞ്ഞെടുത്തു. എങ്കിലും ഒരു രാത്രി, മകള്‍ ചിരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതു കേട്ടാണു ഞാനുണര്‍ന്നത്: 'ഡാഡി ഞാന്‍ സുരക്ഷിതയാണ്. ഡാഡി പോയി ഉറങ്ങിക്കൊള്ളു.' നമ്മുടെ നല്ല ഉദ്ദേശ്യങ്ങളുടെ നടുവിലും ചിലപ്പോഴൊക്കെ പിതാക്കന്മാര്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ ഉറങ്ങിപ്പോകാറുണ്ട്. അതു വളരെ ലജ്ജിപ്പിക്കുന്നതും ഒപ്പം തികച്ചും മനുഷികവുമാണ്.
എന്നാല്‍ ദൈവത്തെ സംബന്ധിച്ച് അതൊരിക്കലും സംഭവിക്കുകയില്ല. തന്റെ മക്കളുടെ കാവല്‍ക്കാരനും സംരക്ഷകനും എന്ന നിലയില്‍ ദൈവത്തെക്കുറിച്ചു നമ്മെ ഉറപ്പിക്കുന്ന ഗീതമാണ് 121-ാം സങ്കീര്‍ത്തനം. നമ്മെ പരിപാലിക്കുന്ന ദൈവം 'മയങ്ങുകയില്ല' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (വാ. 3). ഊന്നലിനായി അവന്‍ ആ സത്യം വാക്യം 4 ലും ആവര്‍ത്തിക്കുന്നു, അവന്‍ 'മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.'
നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ദൈവം തന്റെ ജോലിയില്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവന്‍ എപ്പോഴും നമ്മെ - പുത്രന്മാരെയും പുത്രിമാരെയും, ആന്റിമാരെയും അങ്കിള്‍മാരെയും അമ്മാരെയും, എന്തിന് പിതാക്കന്മാരെ പോലും - പരിപാലിച്ചുകൊണ്ടിരിക്കുന്നു. അവന്‍ ഇതു ചെയ്യേണ്ട കാര്യമൊന്നുമില്ല, മറിച്ച് തന്റെ മഹാസ്‌നേഹത്തില്‍ അവന്‍ അതു ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു. ആ വാഗ്ദത്തം നിശ്ചയമായും പാടേണ്ട ഒന്നുതന്നെയാണ്.

മറ്റൊരവസരം
ഞങ്ങളുടെ അടുത്തുള്ള സെക്കന്റ്് ചാന്‍സ് ബൈക്ക് ഷോപ്പില്‍, ഉപേക്ഷിച്ചുകളഞ്ഞ ബൈസൈക്കിളുകള്‍ സന്നദ്ധസേവകര്‍ പുനര്‍നിര്‍മ്മിച്ച് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സംഭാവന ചെയ്യുന്നു. കടയുടമയായ എര്‍നി ക്ലാര്‍ക്കും നിര്‍ദ്ധനരായ പ്രായമുള്ളവര്‍ക്കും സൈക്കിളുകള്‍ സംഭാവന ചെയ്യുന്നു. അവരില്‍ ഭവനരഹിതരും അംഗവൈകല്യമുള്ളവരും സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങിവന്ന സൈനികരും ഉള്‍പ്പെടുന്നു.
സൈക്കിളുകള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ സ്വീകര്‍ത്താക്കള്‍ക്കും ഒരു പുതിയ ആരംഭം അതു നല്‍കുന്നു. ഒരു മുന്‍സൈനികന്‍ ഒരു പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ സംബന്ധിക്കുവാന്‍ ഈ സൈക്കിള്‍ ഉപയോഗിക്കുകയുണ്ടായി.
രണ്ടാം അവസരം ഒരു വ്യക്തിയുടെ ജീവിതത്തെ ചിലപ്പോള്‍ രൂപാന്തരപ്പെടുത്തും, രണ്ടാം അവസരം ദൈവത്തില്‍ നിന്നു വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും. യിസ്രായേല്‍ രാജ്യം കൈക്കൂലിയിലും വഞ്ചനയിലും ദൈവം വെറുക്കുന്ന മറ്റു പാപങ്ങളിലും മുഴുകി അധഃപതിച്ച സമയത്ത് അത്തരത്തിലുള്ള കൃപയെക്കുറിച്ച് പ്രവാചകനായ മീഖാ പ്രസ്താവിച്ചു. മീഖാ വിലപിക്കുന്നു, 'ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല' (മീഖാ 7:2).
ദൈവം തിന്മയെ ശിക്ഷിക്കുമെന്ന് മീഖായ്ക്ക് അറിയാം. എങ്കിലും സ്‌നേഹവാനായ ദൈവം അനുതപിക്കുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കും. മീഖാ ചോദിക്കുന്നു, 'അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ?'' (വാ. 18).
നാം ക്ഷമയ്ക്കായി യാചിക്കുന്നുവെങ്കില്‍ നമ്മുടെ പാപം നിമിത്തം ദൈവം നമ്മെ ഉപേക്ഷിച്ചു കളയുകയില്ല എന്നതില്‍ നമുക്കും സന്തോഷിക്കാം. ദൈവത്തെക്കുറിച്ചു മാഖാ പറഞ്ഞതുപോലെ, 'അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും' (വാ. 19).
അവനെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം രണ്ടാമതൊരവസരം നല്‍കുന്നു.

ജ്ഞാനത്താല്‍ വിസ്മയിച്ചുപോകുക
'എനിക്കു പ്രായമാകുന്തോറും ഡാഡി ജ്ഞാനിയാകുകയാണെന്നു തോന്നുന്നു. ചിലപ്പോള്‍ ഞാന്‍ എന്റെ മകനോടു സംസാരിക്കുമ്പോള്‍ അവന്റെ വായില്‍നിന്നും ഡാഡിയടെ വാക്കുകള്‍ വരുന്നതായി ഞാന്‍ കേള്‍ക്കുന്നു.'
എന്റെ മകളുടെ തുറന്നുപറച്ചില്‍ എന്നില്‍ ചിരിയാണുളവാക്കിയത്്. എന്റെ മാതാപിതാക്കളെക്കുറിച്ചും എനിക്കിതു തന്നെയാണ് തോന്നയിട്ടുള്ളത്, എന്റെ കുട്ടികളെ വളര്‍ത്തിയപ്പോള്‍ അവരുടെ വാക്കുകള്‍ ഞാനും ഉപയോഗിച്ചിരുന്നു. ഞാന്‍ പിതാവായിക്കഴിഞ്ഞപ്പോള്‍, മാതാപിതാക്കളുടെ ജ്ഞാനത്തെ സംബന്ധിച്ചുള്ള എന്റെ കാഴ്ചപ്പാടിനു മാറ്റം സംഭവിച്ചു. വിഡ്ഢിത്തമെന്ന് ഒരിക്കല്‍ ഞാന്‍ 'എഴുതിത്തള്ളിയത്' ഞാന്‍ വിചാരിച്ചതിനെക്കാള്‍ വലിയ ജ്ഞാനമാണെന്നു ഞാന്‍ കണ്ടെത്തി-ആദ്യം അതെനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും ബിദ്ധിപരമായ മനുഷ്യജ്ഞാനത്തെക്കാളും 'ദൈവത്തിന്റെ ഭോഷത്തം ... ജ്ഞാനമേറിയത്' എന്നു ബൈബിള്‍ പഠിപ്പിക്കുന്നു (1 കൊരിന്ത്യര്‍ 1:25). 'ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ' കഷ്ടമനുഭവിച്ച രക്ഷകനെക്കുറിച്ചുള്ള സന്ദേശത്തിന്റെ 'പ്രസംഗത്തിന്റെ ഭോഷത്തത്താല്‍ രക്ഷിക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നി' (വാ. 21).
നമ്മെ അതിശയിപ്പിക്കുന്ന വഴികള്‍ എല്ലായ്‌പ്പോഴും ദൈവത്തിനുണ്ട്. ലോകം പ്രതീക്ഷിച്ച ജയാളിയായ രാജാവിനു പകരം ദൈവപുത്രന്‍ കഷ്ടപ്പെടുന്ന രക്ഷകനായി ലോകത്തിലേക്കു വന്ന് നിന്ദ്യമായ ക്രൂശീകരണ മരണം വരിച്ചു-അതുല്യമായ തേജസ്സോടെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
ദൈവത്തിന്റെ ജ്ഞാനത്തില്‍, താഴ്മ ഗര്‍വ്വിനെക്കാളും വിലമതിക്കപ്പെടുകയും അനര്‍ഹര്‍ക്കു നല്‍കുന്ന കരുണയിലൂടെയും അനുകമ്പയിലൂടെയും സ്‌നേഹം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ക്രൂശിലൂടെ, ആര്‍ക്കും തോല്പിക്കാനാവാത്ത നമ്മുടെ മശിഹാ ആത്യന്തിക ഇരയായി തീര്‍ന്നു-അവനില്‍ വിശ്വസിക്കുന്നവരെ 'പൂര്‍ണ്ണമായി രക്ഷിക്കുന്നതിനു' വേണ്ടി (എബ്രായര്‍ 7:25).

നിങ്ങള്‍ സ്വസ്ഥമാകുക!
'നിങ്ങള്‍ സ്വസ്ഥമാകുക,'' ഡിസ്‌നിയുടെ റസ്‌ക്യൂവേഴ്‌സ് ഡൗണ്‍ അണ്ടറില്‍ മുറിവേറ്റ ആല്‍ബട്രോസ് വില്‍വര്‍ എന്ന വിമുഖനായ രോഗിയെ ചികിത്സിച്ചുകൊണ്ട് ഡോക്ടര്‍ കടുപ്പിച്ചു പറഞ്ഞു. 'സ്വസ്ഥമാകാനോ? ഞാന്‍ സ്വസ്ഥമായിരിക്കുകയാണ്' അസ്വസ്ഥനാണെന്ന് തികച്ചും വ്യക്തമായിട്ടും, വേദനോടെയുള്ള ഞരക്കത്തിനിടയില്‍പരിഹാസരൂപേണ വില്‍ബര്‍ പ്രതികരിച്ചു. 'ഇനി കൂടുതല്‍ സ്വസ്ഥനായാല്‍ ഞാന്‍ മരിച്ചുപോകും.'
നിങ്ങളോടു ബന്ധമുള്ളതായി തോന്നുന്നുണ്ടോ? ഡോക്ടറുടെ സംശയാസ്പദമായ ചികിത്സാരീതിയുടെ (രോഗാതുരമായ ഒരു കോശം മുറിച്ചു മാറ്റാന്‍ ചെയിന്‍ സോ ഉപയോഗിക്കുന്നതുപോലെയുള്ള) വെളിച്ചത്തില്‍ വില്‍ബറിന്റെ അസ്വസ്ഥത ന്യായമായിരുന്നു. എങ്കിലും ഭയപ്പെടുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കുന്നു - നാം നേരിടുന്നത് ജീവനു ഹാനി വരുത്തുന്ന വിഷയമാണെങ്കിലും അല്ലെങ്കിലും - എന്ന് ഈ രംഗം വെളിപ്പെടുത്തുന്നതുകൊണ്ട് ഇതു രസകരമായി തോന്നും.
നാം ഭയപ്പെടുമ്പോള്‍, സ്വസ്ഥമാകാനുള്ള പ്രോത്സാഹനം ഭോഷത്തമായി തോന്നും. ജീവിതത്തിലെ ഭീതികളെല്ലാം എനിക്കു ചുറ്റും കുമിഞ്ഞുകൂടുന്നു എന്നെനിക്കു തോന്നുമ്പോള്‍, 'മരണപാശങ്ങള്‍' എന്നെ ചുറ്റിവരിഞ്ഞ് (സങ്കീ. 116:3) ഉള്ളില്‍ ഒരു കാളല്‍ സംഭവിക്കുമ്പോള്‍ എന്റെ ഉടനെയുള്ള പ്രതികരണം സ്വസ്ഥമാകാനല്ല, തിരിച്ചു പോരാടാനാണ്.
എങ്കിലും ഭൂരിഭാഗം സമയങ്ങളിലും എതിരിടാനുള്ള എന്റെ ശ്രമങ്ങള്‍ എന്റെ ഉത്ക്കണ്ഠയെ വര്‍ദ്ധിപ്പിക്കുകയും എന്നെ കൂടുതല്‍ ഭയത്തിലേക്കു തള്ളിയിടുകയും ചെയ്തിട്ടേയുള്ളു. എന്നാല്‍ വിമുഖതയോടെയാണെങ്കിലും ഞാന്‍ എന്റെ വേദന അനുഭവിക്കാന്‍ തയ്യാറാകുകയും എതിനെ ദൈവസന്നിധിയില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ (വാ. 4) അതിശയകരമായ ഒന്നു സംഭവിക്കുന്നു. എന്റെ ഉള്ളിലെ പിരിമുറുക്കം അയയുന്നു (വാ. 7), എനിക്കു മനസ്സിലാകാത്ത ഒരു സമാധാനം എന്നിലേക്ക് ഇരച്ചുകയറുന്നു.
ആത്മാവിന്റെ ആശ്വസിപ്പിക്കുന്ന സാന്നിധ്യം എന്നെ ചുറ്റുമ്പോള്‍ സുവിശേഷത്തിന്റെ ഹൃദയത്തിലെ സത്യം ഞാന്‍ അല്‍പ്പം കൂടെ ഗ്രഹിക്കുന്നു - ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ നാം താണിരിക്കുമ്പോഴാണ് നാം നന്നായി പോരാടുന്നത് (1 പത്രൊസ് 5:6-7).

ദാസന്റെ ഹൃദയം
പാചകക്കാരന്‍. ഇവന്റ്് പ്ലാനര്‍. പോഷകാഹാര വിദഗ്ധന്‍. നേഴ്‌സ്. ഒരു ആധുനിക വീട്ടമ്മ ദിനംതോറും കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വങ്ങളില്‍ ചിലതാണിത്. 2016 ല്‍ നടന്ന പഠനം വ്യക്തമാക്കുന്നത്, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി അമ്മമാര്‍ ആഴ്ചയില്‍ 59 മുതല്‍ 96 വരെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്.
അമ്മമാര്‍ ക്ഷീണിച്ചുപോകുന്നതില്‍ അത്ഭുതമില്ല! ഒരു അമ്മയായിരിക്കുക എന്നാല്‍ ലോകത്തില്‍ ജീവിക്കുവാന്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി കൂടുതല്‍ സമയവും ഊര്‍ജ്ജവും ചിലവഴിക്കുക എന്നാണ്.
എന്റെ ദിവസങ്ങള്‍ ദൈര്‍ഘ്യമേറിയതെന്നു തോന്നുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി കരുതുന്നത് പ്രയോജനകരമായ ദൗത്യമാണെന്ന് ഓര്‍മ്മിക്കുവാന്‍ ആവശ്യമുള്ളപ്പോഴും, ശുശ്രൂഷ ചെയ്യുന്നവരെ യേശു പ്രോത്സാഹിപ്പിക്കുന്നു എന്നറിയുന്നതില്‍ ഞാന്‍ വലിയ പ്രത്യാശ കണ്ടെത്താറുണ്ട്.
മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, തങ്ങളുടെ ഇടയില്‍ വലിയവന്‍ ആരെന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം ഉണ്ടായി. യേശു ശാന്തമായി ഇരുന്നിട്ട് അവരോടു പറഞ്ഞത് ''ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകണം'' (മര്‍ക്കൊസ് 9:35). മറ്റുള്ളവരെ സേവിക്കുന്നതിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുന്നതിനായി അവന്‍ ഒരു ശിശുവിനെ - അവരുടെ ഇടയിലെ ഏറ്റവും ബലഹീന വ്യക്തി - കരത്തിലെടുത്തു (വാ. 36-37).
അവന്റെ രാജ്യത്തില്‍ വലിപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡം യേശുവിന്റെ പ്രതികരണത്തില്‍ കാണാം. മറ്റുള്ളവരെ കരുതാന്‍ മനസ്സുള്ള ഹൃദയമാണ് അവന്റെ മാനദണ്ഡം. ശുശ്രൂഷിക്കാന്‍ മനസ്സുള്ളവരോടുകൂടെ ദൈവത്തിന്റെ ശക്തീകരിക്കുന്ന സാന്നിധ്യം വസിക്കും എന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 37).
നിങ്ങളുടെ കുടുംബത്തിലോ സമൂഹത്തിലോ ശുശ്രൂഷിക്കുന്നതിനുള്ള നിങ്ങള്‍ക്കു ലഭിക്കുമ്പോള്‍. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനായി നിങ്ങള്‍ ചിലവഴിക്കുന്ന സമയവും അധ്വാനവും യേശു വലുതായി വിലമതിക്കുന്നു എന്നതു നിങ്ങളെ ധൈര്യപ്പെടുത്തട്ടെ.