Month: ഏപ്രിൽ 2019

ഒരു പുതിയ ഹൃദയം ആവശ്യമുണ്ടോ?

വാര്‍ത്ത നിരാശാജനകമായിരുന്നു. എന്റെ പിതാവിന് നെഞ്ചു വേദനയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയ പരിശോധന ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഫലമോ? മൂന്ന് ഹൃദയ ധമനികളില്‍ ബ്ലോക്ക്.

ട്രിപ്പിള്‍ - ബൈപ്പാസ് സര്‍ജറി ഫെബ്രുവരി 14 നു നടത്താന്‍ നിശ്ചയിച്ചു. ഡാഡി, ഉത്കണ്ഠാകുലനായിരുന്നു

വെങ്കിലും ആ തീയതിയെ പ്രതീക്ഷാ ലക്ഷണമായി കണ്ടു: 'വാലെന്റൈന്‍ ദിനത്തില്‍ എനിക്കൊരു പുതിയ ഹൃദയം ലഭിക്കാന്‍ പോകുന്നു!'' അത് സംഭവിച്ചു. സര്‍ജറി വിജയകരമായിരുന്നു. രോഗാതുരമായിരുന്ന ഹൃദയത്തിലൂടെ - ഇപ്പോള്‍ 'പുതുക്കപ്പെട്ട' ഹൃദയത്തിലൂടെ - ജീവദായ രക്തം ഒഴുകിത്തുടങ്ങി.

ദൈവം നമുക്കും ഒരു പുതുജീവിതം വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്റെ പിതാവിന്റെ സര്‍ജറി എന്നെ ഓര്‍മ്മിപ്പിച്ചത്. പാപം നമ്മുടെ ആത്മീയ 'ധമനി' കളെ - ദൈവവുമായി ബന്ധം പുലര്‍ത്താനുള്ള നമ്മുടെ കഴിവിനെ - തടസ്സപ്പെടുത്തിയതിനാല്‍, അവയുടെ തടസ്സം നീക്കുവാന്‍ നമുക്ക് ആത്മീയ 'ശസ്ത്രക്രിയ'' ആവശ്യമാണ്.

അതാണ് യെഹെസ്‌കേല്‍ 36:26 ല്‍ ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തത്. അവന്‍ യിസ്രായേല്യര്‍ക്ക് ഉറപ്പ് കൊടുത്തു: 'ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും' (വാ. 25). വീണ്ടും അവന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു, 'ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും'' (വാ. 27). പ്രത്യാശ നഷ്ടപ്പെട്ട ഒരു ജനത്തിന്, അവരുടെ ജീവിതങ്ങളെ പുതുക്കാന്‍ കഴിവുള്ളവന്‍ എന്ന നിലയില്‍ ദൈവം പുതിയ തുടക്കം വാഗ്ദാനം ചെയ്തു.

ആ വാഗ്ദത്തം യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്യന്തികമായി നിറവേറി. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മുടെ പാപത്തില്‍ നിന്നും പ്രതീക്ഷയറ്റ അവസ്ഥയില്‍ നിന്നും മോചനവും ശുദ്ധീകരണവും പ്രാപിച്ച ഒരു പുതിയ ആത്മീയ ഹൃദയം നാം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ആത്മാവിനാല്‍ നിറയപ്പെട്ട നമ്മുടെ പുതിയ ഹൃദയം, ദൈവത്തിന്റെ ആത്മീയ ജീവരക്തത്താല്‍ 'ജീവന്റെ പുതുക്കത്തില്‍ ജീവിക്കുന്നു'' (റോമര്‍ 6:4).

സൂക്ഷിക്കുക!

ചൂടുള്ള ദക്ഷിണ നഗരങ്ങളില്‍ വളര്‍ന്ന എനിക്ക് വടക്കെ മേഖലയിലേക്ക് താമസം മാറിയപ്പോള്‍, ദൈര്‍ഘ്യമേറിയ മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നത് പഠിക്കാന്‍ വളരെ സമയം വേണ്ടിവന്നു. എന്റെ ആദ്യത്തെ കഠിനമായ ശരത്കാലത്ത്, മൂന്ന് പ്രാവശ്യം ഞാന്‍ മഞ്ഞില്‍ പൂഴ്ന്നുപോയി. എന്നാല്‍ ദീര്‍ഘവര്‍ഷങ്ങളിലെ പരിശീലന ഫലമായി, ഇത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നത് എനിക്ക് പ്രയാസകരമല്ലാതായി. വാസ്തവത്തില്‍, കുറേ കൂടുതല്‍ സുഖകരമായിട്ടെനിക്കതു തോന്നി. തല്‍ഫലമായി ജാഗ്രത പുലര്‍ത്തുന്നത് ഞാന്‍ നിര്‍ത്തി. അപ്പോഴാണ് ഒരു മഞ്ഞുകൂമ്പാരത്തില്‍ കാര്‍ ഇടിച്ചു തെന്നി വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.

ആര്‍ക്കും പരുക്കുണ്ടായില്ല എന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എങ്കിലും സുപ്രധാനമായ ഒരു കാര്യം ഞാന്‍ അന്ന് പഠിച്ചു. സുഖകരമെന്നു തോന്നുന്നത് എത്ര അപകടകരമാകാം എന്നു ഞാന്‍ ഗ്രഹിച്ചു, സൂക്ഷിക്കുന്നതിന് പകരം, ഞാന്‍ 'ഓട്ടോ പൈലറ്റില്‍'' യാത്ര ചെയ്തു.

നമ്മുടെ ആത്മീയ ജീവിതത്തിലും ഇതേ വിധത്തിലുള്ള ജാഗ്രത നാം പാലിക്കേണ്ടതാണ്. ജീവിതത്തില്‍ ആലോചനയില്ലാതെ കാറ്റിനനുകൂലമായി ഒഴുകാതെ 'ഉണര്‍ന്നിരിപ്പിന്‍'' എന്ന് പത്രൊസ് വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു (1 പത്രൊസ് 5:8). പിശാച് നമ്മെ നശിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ നാമും ജാഗരൂകരായിരിക്കുകയും പരീക്ഷകളില്‍ എതിര്‍ത്തുനിന്നുകൊണ്ട് വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുകയും വേണം (വാ. 9). അത് നമ്മുടെ സ്വന്ത ശക്തിയില്‍ നാം ചെയ്യേണ്ടുന്ന ഒന്നല്ല. നമ്മുടെ കഷ്ടതകളില്‍ നമ്മോടു കൂടിയിരിക്കാമെന്ന്, ആത്യന്തികമായി, നമ്മെ 'യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ചു, ശക്തീകരിക്കാമെന്ന്'' ദൈവം വാഗ്ദത്തം ചെയ്യുന്നു (വാ. 10). അവന്റെ ശക്തിയാല്‍, പിശാചിനോടെതിര്‍ക്കുന്നതിലും കര്‍ത്താവിനെ പിന്തുടരുന്നതിലും ജാഗ്രതയുള്ളവരും സൂക്ഷ്മതയുള്ളവരുമായി നില്‍ക്കാന്‍ നാം പഠിക്കുന്നു.

സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം

എന്റെ കുടുബം, ഞങ്ങള്‍ അഞ്ചുപേരും ക്രിസ്മസ് അവധി ദിനങ്ങളില്‍ റോം സന്ദര്‍ശിച്ചു. ഇത്രയധികം ആളുകള്‍ ഒരു സ്ഥലത്ത് തിങ്ങിക്കൂടുന്നത് ഇതിനുമുമ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. വത്തിക്കാനും കൊളോസിയവും മറ്റും കാണുന്നതിനായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് നടക്കുമ്പോള്‍, 'സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യത്തെക്കുറിച്ച്'' - നിങ്ങള്‍ എവിടെയാണ്, ആരാണ് നിങ്ങളുടെ ചുറ്റുമുള്ളത്, എന്താണ് നടക്കുന്നത് എന്നീ കാര്യങ്ങളെ ശ്രദ്ധിക്കുക - ഞാന്‍ എന്റെ മക്കളെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നാട്ടിലും വിദേശത്തും, നമ്മുടെ ലോകം സുരക്ഷിതമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. മൊബൈല്‍ ഫോണിന്റെയും ഇയര്‍ബഡിന്റെയും ഉപയോഗം നിമിത്തം കുട്ടികള്‍ (മുതിര്‍ന്നവരും) ചുറ്റുപാടുകളെക്കുറിച്ചു ബോധമുള്ളവരായി എപ്പോഴും പെരുമാറുന്നില്ല.

സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം. ഫിലിപ്പിയര്‍ 1:9-11 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, ഫിലിപ്പിയയിലുള്ള വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൗലൊസിന്റെ പ്രാര്‍ത്ഥനയുടെ ഒരു വിഷയമാണിത്. അവരെക്കുറിച്ചുള്ള പൗലൊസിന്റെ ആഗ്രഹം അവരുടെ സാഹചര്യത്തെക്കുറിച്ച് ആര്, എന്ത്, എവിടെ എന്നതിനെക്കുറിച്ച് വര്‍ദ്ധിച്ച രീതിയിലുള്ള ഒരു തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കണമെന്നതാണ്. ദൈവത്തിന്റെ വിശുദ്ധജനം അവര്‍ പ്രാപിച്ച ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നല്ല ഗൃഹവിചാരകന്മാരായിരിക്കണമെന്നും 'മികച്ചത് എന്ത്'' എന്നു വിവേചിക്കുന്നവരും 'വിശുദ്ധരും നിഷ്‌കളങ്കരും'' ആയി ജീവിക്കുന്നവരും യേശുവിന് മാത്രം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന നല്ല ഗുണങ്ങളാല്‍ നിറഞ്ഞവരായിരിക്കണമെന്നും ഉള്ള ഉന്നതമായ ഉദ്ദേശ്യത്തോടെയാണ് പൗലൊസ് പ്രാര്‍ത്ഥിക്കുന്നത്. ദൈവമാണ് നമ്മില്‍ ജീവിക്കുന്നതെന്നും അവനിലുള്ള നമ്മുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആശ്രയമാണ് അവനു സന്തോഷം നല്‍കുന്നതെന്നും ഉള്ള ബോധ്യത്തില്‍ നിന്നും ഉളവാകുന്നതാണ് ഇത്തരത്തിലുള്ള ജീവിതം. അവന്റെ മഹാസ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്കില്‍ നിന്നും ഏത് സാഹചര്യത്തിലും എല്ലാ സാഹചര്യത്തിലും നമുക്ക് പങ്കുവയ്ക്കാന്‍ കഴിയും.

വിശദീകരിക്കാനാവാത്ത സ്‌നേഹം

എന്റെ മകന്റെ ആറാം പിറന്നാളിന് അവനെ അത്ഭുതപ്പെടുത്താന്‍ ഞങ്ങളുടെ ചെറിയ സഭ തീരുമാനിച്ചു. സഭാംഗങ്ങള്‍ അവന്റെ സണ്‍ഡേസ്‌കൂള്‍ ക്ലാസ് മുറി ബലൂണുകള്‍ കൊണ്ടലങ്കരിക്കുകയും ഒരു ചെറിയ മേശമേല്‍ ഒരു കേക്ക് വെയ്ക്കുകയും ചെയ്തു. എന്റെ മകന്‍ മുറി തുറന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് 'ഹാപ്പി ബര്‍ത്ത്‌ഡേ'' പറഞ്ഞു.

പിന്നീട്, ഞാന്‍ കേക്ക് മുറിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ മകന്‍ അടുത്ത് വന്ന് എന്റെ ചെവിയില്‍ ചോദിച്ചു, 'മമ്മീ, എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും എന്നെ സ്‌നേഹിക്കുന്നത്?'' എനിക്കും അതേ ചോദ്യമാണുണ്ടായിരുന്നത്! ഈയാളുകള്‍ക്ക് ഞങ്ങളെ ആറുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ദീര്‍ഘകാല സ്‌നേഹിതരെപ്പോലെയാണ് അവര്‍ ഞങ്ങളോടിടപെട്ടിരുന്നത്.

എന്റെ മകനോടുള്ള അവരുടെ സ്‌നേഹം, ഞങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവന്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, എങ്കിലും അവന്‍ സ്‌നേഹിക്കുന്നു - അവന്റെ സ്‌നേഹം സൗജന്യമാണ്. മാത്രമല്ല അവന്റെ സ്‌നേഹം ആര്‍ജ്ജിക്കുവാന്‍ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും അവന്‍ ഞങ്ങളുടെമേല്‍ സ്‌നേഹം കോരിച്ചൊരിയുന്നു. തിരുവചനം നമ്മോട് പറയുന്നു: 'ദൈവം സ്‌നേഹം ആകുന്നു'' (1 യോഹന്നാന്‍ 4:8). അവന്‍ ആരാണോ അതിന്റെ ഭാഗമാണത്.

ദൈവം തന്റെ സ്‌നേഹം നമ്മുടെമേല്‍ പകര്‍ന്നത് അതേ സ്‌നേഹം നാം മറ്റുള്ളവരുടെമേല്‍ പകരുന്നതിനു വേണ്ടിയാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നു തന്നേ. നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34-35).

ഞങ്ങളുടെ ചെറിയ സഭാസമൂഹത്തിലെ ആളുകള്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് ദൈവസ്‌നേഹം അവരിലുള്ളതുകൊണ്ടാണ്. അത് അവരില്‍ തിളങ്ങുകയും അവര്‍ യേശുവിന്റെ ശിഷ്യന്മാരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവസ്‌നേഹത്തെ പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്ക് കഴികയില്ല. എങ്കിലും അത് മറ്റുള്ളവരിലേക്ക് പകരാനും - അവന്റെ വിശദീകരിക്കാനാവാത്ത സ്‌നേഹത്തിന്റെ മാതൃകകളായിരിക്കാനും - നമുക്ക് കഴിയും.

കടം വാങ്ങിയ അനുഗ്രഹങ്ങള്‍

ഉച്ച ഭക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തലവണക്കിയപ്പോള്‍, എന്റെ സ്‌നേഹിതന്‍ ജെഫ് പ്രാര്‍ത്ഥിച്ചു, 'പിതാവേ, നിന്റെ വായു ശ്വസിക്കുന്നതിനും നിന്റെ ആഹാരം ഭക്ഷിക്കുന്നതിനും ഞങ്ങളെ അനുവദിക്കുന്നതിന് നന്ദി.'' ജെഫ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ദൈവത്തിലുള്ള അവന്റെ ഹൃദയംഗമായ ആശ്രയവും സകലവും അവന്റേതാണെന്ന തിരിച്ചറിവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ദൈനംദിന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റേതാണെന്നും അവ ഉപയോഗിക്കാന്‍ അവന്‍ നമ്മെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ? ഞാന്‍ ചിന്തിച്ചു.

ദാവീദ് രാജാവ്, യെരുശലേം ദൈവാലയ നിര്‍മ്മിതിക്കുവേണ്ടി യിസ്രായേല്‍ ജനത്തില്‍ നിന്ന് വഴിപാടുകള്‍ സ്വീകരിച്ചപ്പോള്‍, ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കല്‍ നിന്നല്ലോ വരുന്നത്; നിന്റെ കൈയില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ. തുടര്‍ന്ന് അവന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, 'സകലവും നിനക്കുള്ളതാകുന്നു' (2 ദിനവൃത്താന്തങ്ങള്‍ 29:14,16).

'സമ്പത്തുണ്ടാക്കുന്നതിനുള്ള പ്രാപ്തിയും' ഉപജീവനത്തിനുള്ള വക സമ്പാദിക്കുന്നതും അവനില്‍ നിന്നാണ് വരുന്നത് എന്ന് തിരുവചനം പറയുന്നു (ആവര്‍ത്തനം 8:18). നമുക്കുള്ളതെല്ലാം കടം വാങ്ങിയതാണ് എന്ന തിരിച്ചറിവ്, ഈ ലോകത്തിലെ വസ്തുക്കളിലുള്ള പിടി അയച്ച് തുറന്ന കരങ്ങളോടും ഹൃദയത്തോടും കൂടെ - ദിനംതോറും നാം സ്വീകരിക്കുന്ന ദയാവായ്പ്പുകള്‍ക്ക് നാം ആഴമായി നന്ദിയുള്ളവരാകയാല്‍ ധാരാളമായി പങ്കിട്ടുകൊണ്ട് - ജീവിക്കാന്‍ നമ്മെ സഹായിക്കും.
ദൈവം ഔദാര്യമായി നല്‍കുന്നവനാണ് - 'നമുക്കെല്ലാവര്‍ക്കും വേണ്ടി'' തന്റെ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം സ്‌നേഹമുള്ളവന്‍ (റോമര്‍ 8:32). ഇത്രയധികം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതിനാല്‍, ചെറുതും വലുതുമായ അനുഗ്രഹങ്ങള്‍ക്ക് നമ്മുടെ ഹൃദയംഗമായ നന്ദി നമുക്ക് അവനു നല്‍കാം.