Month: ജൂൺ 2019

അസൂയ അവസാനിപ്പിക്കല്‍

പ്രസിദ്ധ ഫ്രഞ്ചു കലാകാരനായ എഡ്ഗര്‍ ഡേഗാസ്, തന്റെ ബാലേ നര്‍ത്തകിമാരുടെ പെന്റിംഗുകളുടെ പേരിലാണ് ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു പ്രശസ്ത ചിത്രകാരനും ഡേഗാസിന്റെ സ്‌നേഹിതനും കലാരംഗത്തെ എതിരാളിയും ആയിരുന്ന എഡ്വാര്‍ഡ് മാനേയോടുള്ള അദ്ദേഹത്തിന്റെ അസൂയയെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാ. മാനേയെക്കുറിച്ചു ഡേഗാസ് പറഞ്ഞു, 'അവന്‍ ചെയ്യുന്നതെല്ലാം നേരെ മികച്ചതാകുന്നു, ഞാനാകട്ടെ അവസാനമില്ലാതെ അദ്ധ്വാനിച്ചിട്ടും ഒരിക്കലും അത് ശരിയാക്കാനായിട്ടില്ല.'

അസൂയ ഒരു വിചിത്രമായ വികാരമാണ് - ഏറ്റവും മോശമായ സ്വഭാവങ്ങളുടെ കൂട്ടത്തിലാണ് അപ്പൊസ്തലനായ പൗലൊസ് അതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്: 'സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍' (റോമര്‍ 1:28), ബുദ്ധിശൂന്യ ചിന്തയുടെ ഫലമാണത്. ദൈവത്തെ ആരാധിക്കുന്നതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ ഫലമാണതെന്നു പൗലൊസ് എഴുതുന്നു (വാ.28 NLT).

എഴുത്തുകാരി ക്രിസ്റ്റീന ഫോക്‌സ് പറയുന്നത്, വിശ്വാസികള്‍ക്കിടയില്‍ അസൂയ രൂപപ്പെടുമ്പോള്‍, അതിനു കാരണം 'നമ്മുടെ ഏക സത്യസ്‌നേഹത്തില്‍ നിന്ന് നമ്മുടെ ഹൃദയം മാറിപ്പോകുന്നതാണ്.' നമ്മുടെ അസൂയയില്‍, അവള്‍ പറയുന്നു, 'യേശുവിനെ നോക്കുന്നതിനു പകരം നാം ഈ ലോകത്തിന്റെ വിലകുറഞ്ഞ സുഖങ്ങളുടെ പിന്നാലെ പായുന്നു. അര്‍ത്ഥാല്‍ നാം ആരുടെ വകയാണെന്നു നാം മറന്നുപോകുന്നു.'

എങ്കിലും അതിനൊരു പരിഹാരമുണ്ട്. ദൈവത്തിങ്കലേക്കു മടങ്ങുക. 'നിങ്ങളുടെ സകല ഭാഗങ്ങളെയും അവനു സമര്‍പ്പിക്കുക' പൗലൊസ് എഴുതി (റോമര്‍ 6:13) - പ്രത്യേകിച്ച് നിങ്ങളുടെ ജോലിയും ജീവിതവും. മറ്റൊരു ലേഖനത്തില്‍ പൗലൊസ് എഴുതി, 'ഓരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വയ്ക്കും' (ഗലാത്യര്‍ 6:4).

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി അവനു നന്ദി പറയുക - കേവലം വസ്തുക്കള്‍ക്കുവേണ്ടിയല്ല, അവന്റെ കൃപയുടെ സ്വാതന്ത്ര്യത്തിനായി. നമ്മുടെ സ്വന്തം ദൈവദത്തമായ ദാനങ്ങള്‍ കാണുമ്പോള്‍ നാം വീണ്ടും സംതൃപ്തി കണ്ടെത്തും.

കൊടുങ്കാറ്റില്‍ സന്നിഹിതന്‍

ഞങ്ങളുടെ സഭയില്‍പ്പെട്ട, ആറുപേരുള്ള ഒരു കുടുംബത്തിന്റെ വീട് അഗ്നിക്കിരയായി, പിതാവും മകനും രക്ഷപ്പെട്ടെങ്കിലും പിതാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും രണ്ടു കൊച്ചു കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ വീണ്ടും സംഭവിക്കുമ്പോള്‍, കാലങ്ങളായുള്ള പഴയ ചോദ്യം ഉയരുന്നു: 'എന്തുകൊണ്ടാണ് നല്ല മനുഷ്യര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത്?' ഈ പഴയ ചോദ്യത്തിന് പുതിയ ഉത്തരങ്ങളില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

എങ്കിലും സങ്കീര്‍ത്തനം 46-ല്‍ സങ്കീര്‍ത്തനക്കാരന്‍ മുന്നോട്ട് വയ്ക്കുന്ന സത്യത്തെ നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ഉരുവിടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു' (വാ. 1). വാ.2-3 ല്‍ വിവരിക്കുന്ന സ്ഥിതി ദുരന്തപൂര്‍ണ്ണമാണ് - ഭൂമിയും പര്‍വ്വതങ്ങളും ഇളകുകയും സമുദ്രം ക്ഷോഭിക്കുകയും ചെയ്യുന്നു. ഇവിടെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിലെ സാഹചര്യത്തില്‍ അകപ്പെടുന്ന കാര്യം സങ്കല്പിച്ചാല്‍ തന്നെ നാം നടുങ്ങിപ്പോകും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ - ഒരു മാരക രോഗത്തിന്റെ അവസ്ഥയിലോ, തകര്‍ത്തു കളയുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയോ, പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കുന്ന ഞെട്ടലിലോ - നാം അകപ്പെടാറുണ്ട്.
പ്രതിസന്ധിയുടെ സാന്നിധ്യം ദൈവത്തിന്റെ അസാന്നിധ്യമാണെന്ന് ന്യായീകരിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്.

എന്നാല്‍ തിരുവചന സത്യം അത്തരം ധാരണകളെ എതിര്‍ക്കുന്നു: 'സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്: യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 7,11). നമ്മുടെ സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ അവന്‍ അടുത്തുവരുന്നു; അവന്റെ സ്വഭാവത്തില്‍ - അവന്‍ നല്ലവനും സ്‌നേഹവാനും വിശ്വസിക്കാവുന്നവനും ആകുന്നു - നാം ആശ്വാസം കണ്ടെത്തുന്നു.

നമ്മുടെ ബലഹീനതയില്‍

ആനി ഷിഫ് മില്ലര്‍ മരിച്ചത് 1999 ല്‍ 90-ാം വയസ്സിലാണെങ്കിലും, 1942 ല്‍ ഒരു ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് സെപ്റ്റിസിമിയ ബാധിച്ച് അവള്‍ മരണാസന്ന അവസ്ഥയില്‍ എത്തിയിരുന്നു. ചികിത്സകള്‍ ഒന്നും ഫലപ്രദമായിരുന്നില്ല. അതേ ആശുപത്രയിലെ ഒരു രോഗി, ഒരു അത്ഭുത മരുന്നിന്റെ പരീക്ഷണത്തില്‍ മുഴുകിയിരിക്കുന്ന ഒരു ശാസ്ത്രജ്ഞനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, ആനിക്കുവേണ്ടി ഒരു ചെറിയ ഡോസ് വാങ്ങുന്നതിനായി അവളുടെ ഡോക്ര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു ദിവസത്തിനുള്ളില്‍ അവളുടെ ശരീരോഷ്മാവ് സാധാരണ നിലയിലെത്തി; പെന്‍സിലിന്‍ ആനിയുടെ ജീവന്‍ രക്ഷിച്ചു.

വീഴ്ചയെ തുടര്‍ന്ന് സകല മനുഷ്യരും പാപം വരുത്തിയ നാശകരമായ ആത്മീയ അവസ്ഥ അനുഭവിക്കുകയുണ്ടായി (റോമര്‍ 5:12). യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും പരിശുദ്ധാത്മാവിന്റെ ശക്തിയും മാത്രമാണ് നമ്മുടെ സൗഖ്യത്തിനുള്ള ഏകവഴി (8:1-2). ഈ ഭൂമിയിലും തുടര്‍ന്ന് നിത്യതയിലും ദൈവസാന്നിധ്യത്തില്‍ സമൃദ്ധമായ ജീവിതം ആസ്വദിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു (വാ.3-10). 'യേശുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും' (വാ. 11).

നിങ്ങളുടെ പാപ പ്രകൃതി നിങ്ങളുടെ ജീവന്‍ എടുത്തുകളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍, നിങ്ങളുടെ രക്ഷയുടെ ഉറവിടമായ യേശുവിങ്കലേക്കു നോക്കുകയും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ബലപ്പെടുകയും ചെയ്യുക (വാ. 11-17). 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുകയും' 'വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുകയും' ചെയ്യുന്നു (വാ. 26-27).

വില്ലന്മാരെ രക്ഷിക്കുക

കോമിക്ക് പുസ്തകത്തിലെ നായകന്‍ എക്കാലത്തും ജനപ്രീതിയുള്ളവനാണ്. 2017 ല്‍ മാത്രം, ആറ് സൂപ്പര്‍ ഹീറോ സിനിമകള്‍, അമേരിക്കയില്‍ 400 കോടി ഡോളറിലധികം വാരിക്കൂട്ടി. എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ആക്ഷന്‍ സിനിമകളില്‍ ആകൃഷ്ടരാകുന്നത്? ഒരുപക്ഷെ അത്തരം കഥകള്‍ ഭാഗികമായിട്ടാണെങ്കിലും ദൈവത്തിന്റെ വലിയ കഥയോട് സാമ്യം പുലര്‍ത്തുന്നതാകാം കാരണം. കഥയില്‍ ഒരു നായകനും വില്ലനും രക്ഷ ആവശ്യമുള്ള ജനങ്ങളും ധാരാളം സംഘട്ടനങ്ങളും ഉണ്ട്.

ഈ കഥയില്‍ ഏറ്റവും വലിയ വില്ലന്‍ സാത്താനാണ് - നമ്മുടെ ആത്മാക്കളുടെ ശത്രു. കൂടാതെ ധാരാളം 'ചെറിയ' വില്ലന്മാരുമുണ്ട്. ഉദാഹരണമായി, ദാനിയേലിന്റെ പുസ്തകത്തില്‍, ഒരുവന്‍ നെബുഖദ്‌നേസറാണ്. അന്നറിയപ്പെട്ട ലോകത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന അവന്‍ തന്റെ ഭീമാകാരമായ പ്രതിമയെ നമസ്‌കരിക്കാത്ത ഏവനെയും കൊല്ലാന്‍ തീരുമാനിച്ചു (ദാനിയേല്‍ 3:1-6). ധൈര്യശാലികളായ മൂന്ന് യെഹൂദ യുവാക്കള്‍ വിസമ്മതിച്ചപ്പോള്‍ (വാ. 12-18), ദൈവം അവരെ എരിയുന്ന തീച്ചൂളയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചു (വാ. 24-27).

എന്നാല്‍ അതിശയകരമായ ഒരു വഴിത്തിരിവിലൂടെ വില്ലന്റെ ഹൃദയം രൂപാന്തരപ്പെടാന്‍ തുടങ്ങുന്നത് നാം കാണുന്നു. ഈ ശ്രദ്ധേയ സംഭവത്തോടുള്ള പ്രതികരണമായി നെബൂഖദ്‌നേസര്‍ പറയുന്നു, 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍' (വാ. 28).

തുടര്‍ന്ന് ദൈവത്തെ ദുഷിക്കുന്ന ഏവനെയും കൊല്ലുമെന്നവന്‍ ഭീഷണിപ്പെടുത്തുന്നു (വാ. 29), തന്റെ സഹായം ദൈവത്തിനാവശ്യമില്ലെന്ന് ഇനിയും അവന്‍ മനസ്സിലാക്കിയില്ല. 4-ാം അദ്ധ്യായത്തില്‍ നെബൂഖദ്‌നേസര്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കുന്നുണ്ട് - അത് മറ്റൊരു കഥയാണ്.

നെബൂഖദ്‌നേസറില്‍ നാം കാണുന്നത് കേവലമൊരു വില്ലനെയല്ല, മറിച്ച് ആത്മീയയാത്ര ചെയ്യുന്ന ഒരുവനെയാണ്. ദൈവത്തിന്റെ, വീണ്ടെടുപ്പിന്‍ കഥയില്‍ നമ്മുടെ നായകനായ യേശു രക്ഷ ആവശ്യമുള്ള എല്ലാവരുടെയും നേരെ - നമ്മുടെയിടയിലുള്ള വില്ലന്മാരുള്‍പ്പടെ - കൈ നീട്ടുന്നു.

രേഖാരൂപ പാഠം

എന്റെ ഒരു സ്‌നേഹിത - അതെന്റെ കൗണ്‍സിലര്‍ ആണ് - ഒരു കടലാസ്സില്‍ ഒരാളിന്റെ രേഖാരൂപം വരച്ചു. അവളതിന് 'സ്വകാര്യ വ്യക്തിത്വം' എന്ന് പേര് കൊടുത്തു. തുടര്‍ന്ന് ആ ചിത്രത്തേക്കാളും അരയിഞ്ചു വലുതായി മറ്റൊരു ഔട്ട്‌ലൈന്‍ വരച്ചു. അതിന് 'പരസ്യ വ്യക്തിത്വം' എന്ന് പേരിട്ടു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം - സ്വകാര്യ, പരസ്യ വ്യക്തിത്വങ്ങള്‍ക്കിടയിലുള്ളത് - നമ്മുടെ ആര്‍ജ്ജവത്വത്തിന്റെ അളവിനെ പ്രതിനിധീകരിക്കുന്നു.

അവളുടെ പാഠത്തിനു മുമ്പില്‍ ഞാന്‍ ഒന്ന് നിന്നിട്ടു ചിന്തിച്ചു. 'സ്വകാര്യമായി ഞാന്‍ ആയിരിക്കുന്ന ആ വ്യക്തിത്വം തന്നെയാണോ പരസ്യമായി ഞാന്‍ പ്രദര്‍ശിപ്പിക്കുന്നത്?'

യേശുവിനെപ്പോലെ തന്റെ ഉപദേശത്തില്‍ സ്‌നേഹവും ശിക്ഷണവും നെയ്തു ചേര്‍ത്തുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് എഴുത്തുകളെഴുതി. ഈ എഴുത്തിന്റെ അവസാന ഭാഗത്ത് (2 കൊരിന്ത്യര്‍) 'അവന്റെ ലേഖനങ്ങളുടെ ഘനവും ഊറ്റവും ഉള്ളവ തന്നേ, ശരീര സന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ' (10:10) എന്നു പറഞ്ഞു തന്റെ ആര്‍ജ്ജവത്വത്തെ ചോദ്യം ചെയ്തവരെ അഭിസംബോധന ചെയുന്നു.

ഈ വിമര്‍ശകര്‍ ശ്രോതാക്കളില്‍ നിന്നു പണം പിടുങ്ങുന്നതിനായി പ്രസംഗ ചാതുര്യം ഉപയോഗിക്കുന്നു. പൗലൊസിനു വിദ്യാഭ്യാസ മികവ് ഉണ്ടെങ്കിലും അവന്‍ ലളിതമായും വ്യക്തമായും ആണ് സംസാരിച്ചിരുന്നത്. 'എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാലല്ല' എന്ന് ഒരു മുന്‍ ലേഖനത്തില്‍ അവന്‍ എഴുതി, മറിച്ച് 'ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്' (1 കൊരിന്ത്യര്‍ 2:4). ഒരു പില്‍ക്കാല ലേഖനത്തില്‍ അവന്റെ ആര്‍ജ്ജവം വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്: 'അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ
അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ' (2 കൊരിന്ത്യര്‍ 10:11).

പൗലൊസ് സ്വകാര്യമായി ആരായിരുന്നോ അതേ വ്യക്തിയായിരുന്നു പരസ്യമായും. നമ്മുടെ അവസ്ഥ എങ്ങനെയാണ്?