Month: ജനുവരി 2020

നിഗൂഢരായ സഹായികള്‍

ലീല പേശീ സംബന്ധമായ പ്രയാസത്താല്‍ ഭാരപ്പെടുകയായിരുന്നു. ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങവേ തനിക്കു മുമ്പില്‍ ധാരാളം പടിക്കെട്ടുകള്‍ കണ്ട് അവള്‍ സ്തബ്ധയായി; അവിടെ എലവേറ്ററോ എസ്‌കലേറ്ററോ ഇല്ലായിരുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ ലീല പെട്ടെന്നവിടെ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടതു കണ്ടു. അദ്ദേഹം അവളുടെ ബാഗ് വാങ്ങി അവളെ കൈക്കു പിടിച്ച് പടികള്‍ കയറാന്‍ സഹായിച്ചു. നന്ദി പറയാന്‍ അവള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

മൈക്കിള്‍ ഒരു മീറ്റിംഗിനെത്താന്‍ താമസിച്ചിരുന്നു. ഒരു ബന്ധം തകര്‍ന്നതിന്റെ സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന അയാള്‍ ലണ്ടനിലെ ഗതാഗതക്കുരുക്കില്‍ പെടുകയും അതിനിടയില്‍ ടയര്‍ പഞ്ചറാകുകയും ചെയ്തു. മഴയത്ത് നിസ്സഹായനായി അയാള്‍ നില്‍ക്കവേ, ഒരു മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു മുമ്പോട്ടു വരികയും ഡിക്കി തുറന്ന് ജാക്കി എടുത്ത് കാര്‍ ഉയര്‍ത്തുകയും വീല്‍ മാറ്റിയിടുകയും ചെയ്തു. നന്ദി പറയാന്‍ മൈക്കിള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

ആരാണ് ഈ നിഗൂഢനായ സഹായി? ദയാലുവായ അപരിചിതന്‍ അല്ലെങ്കില്‍ അതിലധികം?

ദൂതന്മാര്‍ ചിറകുള്ള അല്ലെങ്കില്‍ പ്രഭ ചൊരിയുന്ന ജീവികള്‍ എന്ന പൊതുവായ ചിത്രം പകുതി മാത്രമേ സത്യമുള്ളു. ചിലര്‍ ഈ തരത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും (യെശ. 6:2; മത്തായി 28:3) മറ്റുള്ളവര്‍ പ്രത്യക്ഷപ്പെടുന്നത് മണ്ണുപറ്റിയ കാലുകളും ഭക്ഷണം കഴിക്കാന്‍ തയ്യാറായും (ഉല്പത്തി 18:1-5) ദൈനംദിന ജീവിതത്തിലെ മനുഷ്യരെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടുമാണ് (ന്യായാധിപന്മാര്‍ 13:16). എബ്രായ ലേഖനകാരന്‍ പറയുന്നത് അപരിചിതര്‍ക്കു ആതിഥ്യം അരുളുന്നതിലൂടെ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുവാന്‍ നമുക്കു കഴിയുമെന്നാണ് (13:2).

ലീലയുടെയും മൈക്കിളിന്റെയും സഹായികള്‍ ദൈവദൂതന്മാരാണോ എന്നു നമുക്കറിയില്ല. എന്നാല്‍ ദൈവദൂതന്മാര്‍ ദൈവജനത്തെ സഹായിച്ചുകൊണ്ട് ഇന്നും പ്രവര്‍ത്തനനിരതരാണ് എന്നാണ് തിരുവെഴുത്ത് നമ്മോടു പറയുന്നത് (എബ്രായര്‍ 1:14). അവര്‍ക്ക് തെരുവിലെ ഒരു ആളെപ്പോലെ സാധാരണക്കാരനായി പ്രത്യക്ഷപ്പെടാന്‍ കഴിയും.

വെളിച്ചം പ്രകാശിക്കുന്നു

തനിക്കു എല്ലാ ദിവസവും സ്‌കൂളിലേക്കു നേരത്തെ പോകണമെന്ന് സ്റ്റീഫന്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും അതിന്റെ പ്രാധാന്യം എന്തെന്നു പറഞ്ഞില്ല. എങ്കിലും എല്ലാ ദിവസവും രാവിലെ 7.15 ന് അവന്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് അവര്‍ ഉറപ്പാക്കി.

അവന്റെ ജൂനിയര്‍ വര്‍ഷത്തിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ സ്റ്റീഫന്‍ ഒരു കാറപകടത്തില്‍ പെടുകയും അതവന്റെ ജീവനെടുക്കുകയും ചെയ്തു. പിന്നീട് അവന്റെ ഡാഡിയും മമ്മിയും അവന്‍ എന്തിനാണ് കാലത്തെ സ്‌കൂളിലെത്തിയിരുന്നതെന്നു മനസ്സിലാക്കി. ഓരോ പ്രഭാതത്തിലും അവനും ചില സഹപാഠികളും സ്‌കൂള്‍ കവാടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പുഞ്ചിരിയോടും കൈവീശലോടും ഒരു ദയാവാക്കോടും കൂടെ മറ്റു വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമായിരുന്നു. അത് എല്ലാ വിദ്യാര്‍ത്ഥികളിലും - ജന
പ്രിയരല്ലാത്തവരിലും - തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള തോന്നലുളവാക്കി.

യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍, തന്റെ സന്തോഷം അത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പങ്കിടാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ദയാപൂര്‍വ്വമായ പ്രകടനങ്ങളും സ്വാഗതം ചെയ്യുന്ന മനോഭാവവും ആണെന്ന് അവന്റെ മാതൃക ഓര്‍മ്മിപ്പിക്കുന്നു.

മത്തായി 5:14-16 ല്‍ അവനില്‍ നാം 'ലോകത്തിന്റെ വെളിച്ചം ആകുന്നു'' എന്നും 'മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല' (വാ. 14) എന്നും യേശു വെളിപ്പെടുത്തി. പുരാതന പട്ടണങ്ങള്‍ പലപ്പോഴും പണിയപ്പെട്ടിരുന്നത് വെള്ള ചുണ്ണാമ്പു കല്ലുകള്‍കൊണ്ടായിരുന്നു; സൂര്യപ്രകാശം തട്ടുമ്പോള്‍ അവ തിളങ്ങുമായിരുന്നു. നമുക്കു മറഞ്ഞിരിക്കുന്നവരാകാതെ 'വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം'' കൊടുക്കുന്നവരാകാം (വാ. 15).

അങ്ങനെ നാം 'അവരുടെ മുമ്പില്‍ പ്രകാശിക്കുമ്പോള്‍'' (വാ. 16)അവര്‍ ക്രിസ്തുവിന്റെ സ്വാഗതം ചെയ്യുന്ന സ്‌നേഹം അനുഭവിക്കട്ടെ.

കൃത്യസ്ഥാനത്തു വെച്ചത്

നമ്മുടെ ഭൂമി സൂര്യന്റെ ചൂട് ലഭിക്കത്തക്കവണ്ണം കൃത്യമായ അകലത്തിലാണ് നിലകൊള്ളുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. ഒരല്പം അടുത്തുപോയാല്‍ ശുക്രനിലെപ്പോലെ ജലം മുഴുവന്‍ ബാഷ്പീകരിക്കും. ഒരല്പം അകന്നാലോ ചൊവ്വയിലെന്നപോലെ സകലവും മരവിക്കും. ശരിയായ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതിന് ഭൂമി ശരിയായ വലിപ്പത്തിലുമാണ്. ഒരല്പം കുറഞ്ഞാല്‍ ചന്ദ്രനിലെപ്പോലെ ജീവിമുക്തമാകും, കൂടിയാലോ വ്യാഴത്തെപ്പോലെ ജീവനെ ശ്വാസം മുട്ടിക്കുന്ന വിഷവാതകങ്ങള്‍ കെട്ടിക്കിടക്കും.

നമ്മുടെ ലോകം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ ഭൗതിക, രാസ, ജീവശാസ്ത്ര പരസ്പര പ്രവര്‍ത്തനം വിരല്‍ ചൂണ്ടുന്നത് ജ്ഞാനിയായ ഒരു രൂപകല്പകനിലേക്കാണ്. നമ്മുടെ അറിവിനപ്പുറമായ കാര്യങ്ങളെക്കുറിച്ച് ഇയ്യോബിനോടു സംസാരിക്കുമ്പോള്‍ ഈ സങ്കീര്‍ണ്ണമായ ശില്പവൈദഗ്ദ്ധ്യത്തിന്റെ ഒരു മിന്നലൊളി നാം കാണുന്നു: 'ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു?'' ദൈവം ചോദിക്കുന്നു. 'അതിന്റെ അളവു നിയമിച്ചവന്‍ ആര്? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂല്‍ പിടിച്ചവനാര്? ... അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്?'' (ഇയ്യോബ് 38:4-6).

'ഗര്‍ഭത്തില്‍നിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടച്ചവനും'' 'ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്' (വാ. 8-11) എന്നു സമുദ്രത്തോടു കല്പിച്ചവന്റെ മുമ്പില്‍ ഭൂമിയിലെ മഹാസമുദ്രം വണങ്ങി നില്‍ക്കുനതു കാണുമ്പോള്‍ സൃഷ്ടിയുടെ വ്യാപ്തിയുടെ ഒരു നേര്‍കാഴ്ച നമുക്കു ലഭിക്കുന്നു. അതിശയത്തോടെ പ്രഭാത നക്ഷത്രങ്ങളോടു ചേര്‍ന്നു നാം പാടുകയും ദൂതന്മാരോടു ചേര്‍ന്ന് ഉല്ലസിച്ചു ഘോഷിക്കുകയും ചെയ്യും (വാ. 7). കാരണം നാം ദൈവത്തെ അറിയുകയും ആശ്രയിക്കുകയും ചെയ്യേണ്ടതിന് ഈ വിശാലമായ ലോകം നമുക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ദൈവം കാത്തിരുന്നു

ഡെനീസ് ലെവര്‍ട്ടോവ് അറിയപ്പെടുന്ന കവയിത്രിയാകുന്നതിനു മുമ്പ് അവള്‍ക്കു കേവലം പന്ത്രണ്ടു വയസ്സുമാത്രമുള്ളപ്പോള്‍ മഹാനായ കവി റ്റി. എസ്. എലിയട്ടിന് തന്റെ കവിതകളുടെ ഒരു സമാഹാരം അയയ്ക്കാനുള്ള കാര്യപ്രാപ്തി അവള്‍ കാണിച്ചു. അവളെ അതിശയിപ്പിച്ചുകൊണ്ട് എലിയട്ട് രണ്ടു പേജു നിറയെ കൈകൊണ്ടെഴുതിയ ഒരു പ്രോത്സാഹനക്കുറിപ്പ് അവള്‍ക്കയച്ചു. 'ദി സ്ട്രീം ആന്‍ഡ് ദി സഫയര്‍' എന്ന തന്റെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ തന്റെ കവിതകള്‍ എങ്ങനെയാണ് ''അഗ്നേയവാദത്തില്‍ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്കു നീങ്ങിയത്'' എന്ന് അവള്‍ വിശദീകരിച്ചു. പില്‍ക്കാല കവിതകളില്‍ യേശുവിന്റെ അമ്മ മറിയ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചതിന്റെ വിവരണം കാണുന്നത് എത്ര ശക്തമായിട്ടാണ്. മറിയയെ അസ്വസ്ഥപ്പെടുത്താന്‍ പരിശുദ്ധാത്മാവു തയ്യാറാകാത്തതും ക്രിസ്തു ശിശുവിനെ സ്വീകരിക്കാന്‍ മറിയ സ്വമനസ്സാ തയ്യാറാകാനുള്ള അവന്റെ ആഗ്രഹവും ശ്രദ്ധിച്ചുകൊണ്ട് ഈ രണ്ടു വാക്കുകള്‍ കവിതയുടെ കേന്ദ്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു: 'ദൈവം കാത്തിരുന്നു.'

മറിയയുടെ കഥയില്‍, ലെവര്‍ട്ടോവ് സ്വന്തം കഥ ദര്‍ശിച്ചു. അവളെ സ്‌നേഹിക്കാന്‍ ആഗ്രഹത്തോടെ ദൈവം കാത്തിരുന്നു. അവന്‍ അവളുടെമേല്‍ ഒന്നും അടിച്ചേല്പിച്ചില്ല. അവന്‍ കാത്തിരുന്നു. യിസ്രായേലിന്റെ മേല്‍ ആര്‍ദ്ര സ്‌നേഹം പകരുവാന്‍ തയ്യാറായി ദൈവം എത്ര ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു എന്ന ഇതേ യാഥാര്‍ത്ഥ്യം യെശയ്യാവ് വിവരിക്കുന്നു. ''യഹോവ നിങ്ങളോടു കൃപകാണിക്കുവാന്‍ താമസിക്കുന്നു (കാത്തിരിക്കുന്നു); ... നിങ്ങളോട് കരുണ കാണിക്കാന്‍ കാത്തിരിക്കുന്നു' (30:18). തന്റെ ജനത്തിന്മേല്‍ കരുണ പ്രവഹിപ്പിക്കുവാന്‍ അവന്‍ ഒരുക്കമാണ്, എങ്കിലും അവന്‍ വാഗ്ദാനം ചെയ്യുന്നതിനെ അവര്‍ മനസ്സോടെ സ്വീകരിക്കുന്നതിനായി ദൈവം കാത്തിരിക്കുന്നു (വാ. 19).

നമ്മുടെ സ്രഷ്ടാവ്, ലോകത്തിന്റെ രക്ഷകന്‍, നാം അവനെ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് തിരഞ്ഞെടുത്തത് അതിശയകരമാണ്. നമ്മെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ദൈവം താഴ്മയോടെ ക്ഷമ പാലിക്കുന്നു. പരിശുദ്ധനായവന്‍ നമുക്കായി കാത്തിരിക്കുന്നു.

നിങ്ങള്‍ക്കു നല്ലത്

ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്‌ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).