Month: ഏപ്രിൽ 2020

ഉറച്ചു നില്‍ക്കുക

അഡ്രിയാനും കുടുംബവും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അവര്‍ താമസിക്കുന്ന രാജ്യത്ത്, പീഡനം അനുഭവിക്കുന്നു. എന്നിരുന്നാലും, അതിന്റെ മധ്യത്തിലും അവര്‍ ക്രിസ്തുവിന്റെ സ്‌നേഹം പ്രകടമാക്കുന്നു. തന്റെ പള്ളി മുറ്റം തീവ്രവാദികള്‍ പരിശീലന മൈതാനമായി ഉപയോഗിക്കുമ്പോള്‍ ചിതറിവീഴുന്ന വെടിയുണ്ടകളുടെ നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, ''ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. യേശു നമുക്കുവേണ്ടി ക്രൂശില്‍ കഷ്ടം സഹിച്ചത് നാം സ്മരിക്കുന്നു. കഷ്ടത എന്നത് അവിടെയുള്ള വിശ്വാസികള്‍ മനസ്സിലാക്കുന്ന ഒന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവിടെത്തന്നെ തുടരുന്നതു തിരഞ്ഞെടുത്തു: ''ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്, ഇപ്പോഴും നില്‍ക്കുന്നു.''
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നോക്കിക്കൊണ്ടു നിന്ന സ്ത്രീകളുടെ മാതൃകയാണ് ഈ വിശ്വാസികള്‍ പിന്തുടരുന്നത് (മര്‍ക്കൊസ് 15:40). അവര്‍ - മഗ്ദലനക്കാരത്തി മറിയ, യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയ, ശലോമി എന്നിവരുള്‍പ്പെടെ - അവിടെ നില്‍ക്കാന്‍ ധൈര്യപ്പെട്ടു, കാരണം ഒരു രാജ്യത്തിന്റെ ശത്രുവിന്റെസുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിഹസിക്കപ്പെടുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നിട്ടും സ്ത്രീകള്‍ യേശുവിന്റെ സമീപേ നിന്നുകൊണ്ട് അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഗലീലിയില്‍ ''അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്ന'' അവര്‍ (വാ. 41), അവന്റെ ഏറ്റവും ആഴമേറിയ ആവശ്യസമയത്ത് അവനോടൊപ്പം നിന്നു.
നമ്മുടെ രക്ഷകന്റെ ഏറ്റവും വലിയ ദാനമായ ക്രൂശിലെ മരണത്തെക്കുറിച്ച് ഓര്‍ക്കുന്ന ഈ ദിവസം, പല തരത്തിലുള്ള പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് എങ്ങനെ യേശുവിനുവേണ്ടി നിലകൊള്ളാമെന്ന് ആലോചിക്കുക (യാക്കോബ് 1:2-4 കാണുക). തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള സഹവിശ്വാസികളെക്കുറിച്ചും ചിന്തിക്കുക. അഡ്രിയാന്‍ ചോദിച്ചതുപോലെ, ''നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുമോ?''

പാതയില്‍ തുടരുക

മധ്യ ചൈനയിലെ പര്‍വതങ്ങളുടെ മുകളിലൂടെ നിര്‍മ്മിച്ച മതിലുകളുടെ മുകളിലൂടെ ഞാന്‍ ലി ബാവോയെ പിന്തുടരുമ്പോള്‍ സന്ധ്യയായി. ഞാന്‍ മുമ്പൊരിക്കലും ഈ വഴി വന്നിരുന്നില്ല, എനിക്ക് ഒരടിയില്‍ കൂടുതല്‍ മുന്നോട്ട് കാണാനോ ഞങ്ങളുടെ ഇടതുവശത്തെ ഗര്‍ത്തം എത്ര ആഴമുള്ളതാണെന്നു കാണാനോ കഴിഞ്ഞില്ല. ഞാന്‍ ലിയോട് ചേര്‍ന്നുനിന്നു. ഞങ്ങള്‍ എവിടെ പോകുന്നുവെന്നോ എത്ര സമയമെടുക്കുമെന്നോ എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ സുഹൃത്തിനെ വിശ്വസിച്ചു.
എല്ലായ്പ്പോഴും ഉറപ്പ് ആവശ്യമാണെന്ന് തോന്നിയ ശിഷ്യനായ തോമസിന്റെ അതേ സ്ഥാനത്തായിരുന്നു ഞാന്‍. താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കാന്‍ താന്‍ പോകയാണെന്നും ''ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു'' എന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (യോഹന്നാന്‍ 14:4). തോമസ് ഒരു യുക്തിസഹമായ അനുധാവന ചോദ്യം ചോദിച്ചു: ''കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?'' (വാ. 5).
താന്‍ അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിച്ചുകൊണ്ട് യേശു അവന്റെ സംശയം മാറ്റിയില്ല. താനാണ് അവിടേക്കുള്ള വഴി എന്ന്് അവന്‍ ശിഷ്യന് ഉറപ്പുനല്‍കി. അത് മതിയായിരുന്നു.
നമുക്കും നമ്മുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്താണ് വരാനിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങള്‍ നമ്മില്‍ ആര്‍ക്കും അറിയില്ല. നാം കാണാത്ത വളവുകളാണ് ജീവിതം മുഴുവനും. അത് കുഴപ്പമില്ല. ''വഴിയും സത്യവും ജീവനും'' ആയ യേശുവിനെ അറിയാന്‍ കഴിഞ്ഞാല്‍ അതു മതിയാകും (വാ. 6).
അടുത്തത് എന്താണെന്ന് യേശുവിനറിയാം. നാം അവനോട് ചേര്‍ന്നു നടക്കാന്‍ മാത്രമേ അവന്‍ ആവശ്യപ്പെടുന്നുള്ളൂ.

ദൈവം അതിലുമധികം യോഗ്യന്‍

മുമ്പ് യേശുവിലുള്ള വിശ്വാസികളില്‍ നിന്ന് വേദന ഏറ്റുവാങ്ങിയിട്ടുള്ള എന്റെ മമ്മി, ഞാന്‍ എന്റെ ജീവിതം അവനുവേണ്ടി സമര്‍പ്പിച്ചപ്പോള്‍ കോപത്തോടെ പ്രതികരിച്ചു. ''അപ്പോള്‍, നീ എന്നെ ഇപ്പോള്‍ വിധിക്കാന്‍ പോവുകയാണോ? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല.'' അവള്‍ ഫോണ്‍ വെച്ചു, തുടര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ എന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ഞാന്‍ ദുഃഖിച്ചു, പക്ഷേ ഒടുവില്‍ ദൈവവുമായുള്ള ഒരു ബന്ധം എന്റെ ഏറ്റവും മൂല്യവത്തായ ഒരു ബന്ധത്തേക്കാള്‍ പ്രധാനമാണെന്ന് മനസ്സിലായി. അവള്‍ എന്റെ കോളുകള്‍ നിരസിക്കുമ്പോഴെല്ലാം ഞാന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവളെ നന്നായി സ്‌നേഹിക്കാന്‍ എന്നെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ഒടുവില്‍, ഞങ്ങള്‍ അനുരഞ്ജനത്തിലായി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, അവള്‍ പറഞ്ഞു, ''നിനക്കു മാറ്റം വന്നു. യേശുവിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു.'' താമസിയാതെ, അവള്‍ ക്രിസ്തുവിനെ സ്വീകരിച്ചു, ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിച്ച് അവളുടെ ബാക്കി ദിവസങ്ങള്‍ ജീവിച്ചു.
നിത്യജീവന്‍ എങ്ങനെ അവകാശമാക്കുമെന്ന് ചോദിച്ച് യേശുവിന്റെ അടുക്കലേക്ക് ഓടിയെത്തിയിട്ട് തന്റെ സമ്പത്ത് ഇപോക്ഷിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ദുഃഖിതനായി മടങ്ങിപ്പോയ മനുഷ്യനെപ്പോലെ, (മര്‍ക്കൊസ് 10:17-22), അവനെ പിന്തുടരുന്നതിനായി എല്ലാം ഉപേക്ഷിക്കുക എന്ന ചിന്തയില്‍ ഞാന്‍ കഷ്ടപ്പെട്ടു. അവനെ ദൈവത്തേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്ന് നാം കരുതുന്ന കാര്യങ്ങളോ ആളുകളോ അടിയറവുവയ്ക്കുന്നത് എളുപ്പമല്ല (വാ. 23-25). എന്നാല്‍ ഈ ലോകത്തില്‍ നാം ഉപേക്ഷിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിന്റെ മൂല്യം ഒരിക്കലും യേശുവിനോടൊപ്പമുള്ള നിത്യജീവന്റെ ദാനത്തെ കവിയുകയില്ല. നമ്മുടെ സ്‌നേഹനിധിയായ ദൈവം എല്ലാ മനുഷ്യരെയും രക്ഷിക്കാന്‍ മനഃപൂര്‍വ്വം തന്നെത്തന്നെ ബലിയര്‍പ്പിച്ചു. അവന്‍ നമ്മെ സമാധാനത്തോടെ പൊതിഞ്ഞ് അമൂല്യവും നിരന്തരവുമായ സ്‌നേഹത്താല്‍ നമ്മെ ആകര്‍ഷിക്കുന്നു.

പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍

മേരി പോപ്പിന്‍സ് റിട്ടേണ്‍സിലെ പ്രധാന വേഷത്തില്‍ എമിലി ബ്ലോണ്ടിന്റെ (അമേരിക്കന്‍ നടി) മനോഹരമായ ശബ്ദം സിനിമാപ്രേമികള്‍ കേട്ടു. അതിശയകരമെന്നു പറയട്ടെ, അവരുടെ ദാമ്പത്യജീവിതം ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷമാണ് അവളുടെ ഭര്‍ത്താവ് അവളുടെ ശബ്ദസൗകുമാര്യം കണ്ടെത്തിയത്. ഒരു അഭിമുഖത്തില്‍, അവള്‍ ആദ്യമായി പാടുന്നത് കേട്ടപ്പോള്‍ തനിക്കുണ്ടായ ആശ്ചര്യത്തെക്കുറിച്ച് താന്‍ മനസ്സില്‍ ചിന്തിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തി, ''നീ എപ്പോഴാണ് ഇത് എന്നോട് പറയാന്‍ പോകുന്നത്?''
ബന്ധങ്ങളില്‍ നമ്മള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുന്ന പുതിയതും ചിലപ്പോള്‍ അപ്രതീക്ഷിതവുമായ വിശദാംശങ്ങള്‍ കണ്ടെത്താറുണ്ട്.. മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തുടക്കത്തില്‍ യേശുവിന്റെ അപൂര്‍ണ്ണമായ ഒരു ചിത്രത്തിലൂടെ ആരംഭിക്കുകയും അവന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പാടുപെടുകയും ചെയ്തു. എന്നിരുന്നാലും, ഗലീല കടലില്‍ വെച്ചുണ്ടായ ഒരു സംഭവത്തില്‍, യേശു തന്നെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി - ഇത്തവണ പ്രകൃതിശക്തികളുടെ മേലുള്ള തന്റെ ശക്തിയുടെ വ്യാപ്തിയാണവന്‍ കാണിച്ചത്.
അയ്യായിരത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം, യേശു തന്റെ ശിഷ്യന്മാരെ ഗലീല കടലിന്റെ അക്കരെക്ക്് അയച്ചു, അവിടെ അവര്‍ ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. പ്രഭാതത്തിനു തൊട്ടുമുമ്പ്, ആരോ വെള്ളത്തില്‍ നടക്കുന്നത് കണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി. ക്രിസ്തുവിന്റെ പരിചിതമായ ശബ്ദത്തില്‍ ആശ്വാസകരമായ വാക്കുകള്‍ അവര്‍ കേട്ടു, ''ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ട' (മര്‍ക്കൊസ് 6:50). ഉഗ്രമായ കടലിനെ അവന്‍ ശാന്തമാക്കി. അത്തരം മഹത്തായ ശക്തി കണ്ടപ്പോള്‍, ശിഷ്യന്മാര്‍ ''അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു'' (6:51). ക്രിസ്തുവിന്റെ ശക്തിയുടെ ഈ അനുഭവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നടുവില്‍ യേശുവിനെയും അവന്റെ ശക്തിയെയും നാം അനുഭവിക്കുമ്പോള്‍, അവന്‍ ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പൂര്‍ണ്ണമായ ചിത്രം നമുക്ക് ലഭിക്കും. നാം ആശ്ചര്യപ്പെടും.

കഷ്ടങ്ങളില്‍ ബലം

1948-ല്‍, ഒരു അണ്ടര്‍ഗ്രൗണ്ട് സഭയുടെ പാസ്റ്ററായ ഹാര്‍ലന്‍ പോപോവിനെ ''ചെറിയ ചോദ്യം ചെയ്യലിനായി'' വീട്ടില്‍ നിന്ന് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ രാപ്പകല്‍ ചോദ്യം ചെയ്യുകയും പത്തു ദിവസത്തേക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. ഒരു ചാരനാണു താനെന്ന ആരോപണം അദ്ദേഹം നിഷേധിച്ച ഓരോ തവണയും അദ്ദേഹത്തെ തല്ലി. പോപ്പോവ് കഠിനമായ പെരുമാറ്റത്തെ അതിജീവിക്കുക മാത്രമല്ല, സഹ തടവുകാരെ യേശുവിന്റെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍, പതിനൊന്ന് വര്‍ഷത്തിനുശേഷം, മോചിതനായി, രണ്ടുവര്‍ഷത്തിനുശേഷം, രാജ്യം വിടുവാന്‍ അനുവാദം ലഭിക്കുകയും അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുകയും സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ട രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തു.
കാലാകാലങ്ങളിലായി യേശുവിലുള്ള അസംഖ്യം വിശ്വാസികളെപ്പോലെ, പോപ്പോവും വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടു. ക്രിസ്തു തന്റെ പീഡനത്തിനും മരണത്തിനും തുടര്‍ന്നു തന്റെ അനുയായികള്‍ക്കു വരാനിരിക്കുന്ന പീഡനങ്ങള്‍ക്കും വളരെ മുമ്പുതന്നെ പറഞ്ഞു, ''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്്'' (മത്തായി 5:10). അവന്‍ തുടര്‍ന്നു, ''എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍' (വാ. 11).
ഭാഗ്യവാന്മാര്‍? യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? അവനുമായുള്ള ബന്ധത്തില്‍ കാണുന്ന സമ്പൂര്‍ണ്ണത, സന്തോഷം, ആശ്വാസം എന്നിവയെക്കുറിച്ചാണ് അവന്‍ പരാമര്‍ശിച്ചത് (വാ. 4, 8-10). കഷ്ടതയുടെ നടുവിലും ദൈവസാന്നിദ്ധ്യം തന്നില്‍ ശക്തി പകരുന്നതായി പോപ്പോവ് മനസ്സിലാക്കിയപ്പോള്‍ അവന്‍ ഉറച്ചുനിന്നു. നാം ദൈവത്തോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, നമുക്കും അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മോടൊപ്പമുണ്ട്.