Month: ജൂൺ 2020

അത്യാവശ്യത്തിനുള്ള വിഗ്രഹങ്ങള്‍

സാം തന്റെ വിരമിക്കല്‍ അക്കൗണ്ട് ഓരോ ദിവസവും രണ്ടുതവണ പരിശോധിക്കുന്നു. മുപ്പതു വര്‍ഷക്കാലം അദ്ദേഹം സമ്പാദിച്ചു, ഓഹരിവിപണിയിലെ സൂചിക വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് നിക്ഷേപം വര്‍ദ്ധിച്ച്, ഒടുവില്‍ വിരമിക്കാന്‍ പര്യാപ്തമായ നിലയിലെത്തി. ഓഹരിവിപണി കൂപ്പുകുത്താത്തിടത്തോളം കാലം. ഈ ഭയം സാമിനെ തന്റെ നിക്ഷേപത്തെക്കുറിച്ച് ആശങ്കാകുലനാക്കുന്നു.

യിരെമ്യാവ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി: ''യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്‍മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ, തീര്‍ത്തിരിക്കുന്നു' (11:13).

യഹൂദയുടെ വിഗ്രഹാരാധന ശ്രദ്ധേയമാണ്. യഹോവ ദൈവമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് എങ്ങനെ മറ്റൊന്നിനെ ആരാധിക്കാന്‍ കഴിയും? അവര്‍ നിക്ഷേപം നടത്തുകയായിരുന്നു. മരണാനന്തര ജീവിതത്തിനായി അവര്‍ക്ക് യഹോവയെ ആവശ്യമായിരുന്നു, കാരണം യഥാര്‍ത്ഥ ദൈവത്തിന് മാത്രമേ അവരെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍ വര്‍ത്തമാനകാലത്തെ സംബന്ധിച്ചോ? പുറജാതി ദേവന്മാര്‍ ആരോഗ്യം, സമ്പത്ത്, ഫലഭൂയിഷ്ടത എന്നിവ വാഗ്ദാനം ചെയ്തു, അതിനാല്‍ അവരോടും പ്രാര്‍ത്ഥിക്കരുതോ?-അത്യാവശ്യത്തിന്.

യെഹൂദയുടെ വിഗ്രഹാരാധന എങ്ങനെയാണ് നമ്മുടെ പ്രലോഭനമാകുന്നതെന്ന് നിങ്ങള്‍ക്ക് കാണാമോ? കഴിവ്, വിദ്യാഭ്യാസം, പണം എന്നിവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം ശ്രദ്ധിച്ചില്ലെങ്കില്‍, നാം നമ്മുടെ ആത്മവിശ്വാസം അവയിലേക്ക് മാറ്റിയേക്കാം. മരിക്കുമ്പോള്‍ നമുക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് നമുക്കറിയാം, ഇപ്പോള്‍ നമ്മെ അനുഗ്രഹിക്കാന്‍ നമ്മള്‍ അവനോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ ഈ കുറഞ്ഞ ദേവന്മാരിലും നമ്മള്‍ ആശ്രയിക്കും.

നിങ്ങളുടെ ആശ്രയം എവിടെയാണ്? ബാക്കപ്പ് വിഗ്രഹങ്ങള്‍ എപ്പോഴും വിഗ്രഹങ്ങളാണ്. ദൈവത്തിന്റെ നിരവധി ദാനങ്ങള്‍ക്ക് നന്ദി പറയുകയും നിങ്ങള്‍ അവയിലൊന്നും ആശ്രയിക്കുന്നില്ലെന്ന് അവനോട് പറയുകയും ചെയ്യുക. നിങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും അവനിലാണ്.

എങ്ങനെ പുനര്‍നിര്‍മിക്കാം

മുന്നിലുള്ള ജോലികള്‍ പരിശോധിക്കാന്‍ നേതാവ് കുതിരപ്പുറത്ത് പുറപ്പെട്ടത് രാത്രി സമയമായിരുന്നു. ചുറ്റുമുള്ള നാശത്തെ ചുറ്റിനടന്നപ്പോള്‍, തകര്‍ന്ന നഗര മതിലുകളും കത്തിക്കരിഞ്ഞ കവാടങ്ങളും അദ്ദേഹം കണ്ടു. ചില പ്രദേശങ്ങളില്‍, വിശാലമായ കൂടിക്കിടന്ന അവശിഷ്ടങ്ങള്‍ അവന്റെ കുതിരയെ കടത്തിവിടുന്നത് ബുദ്ധിമുട്ടാക്കി. ദുഃഖിതനായ സവാരിക്കാരന്‍ വീട്ടിലേക്ക് തിരിഞ്ഞു.

നഗരത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ''നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ' (നെഹെമ്യാവ് 2:17). നഗരം തകര്‍ന്നടിഞ്ഞതായും സംരക്ഷിക്കുന്ന നഗര മതില്‍ ഉപയോഗശൂന്യമാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് നഗരവാസികളെ ധൈര്യപ്പെടുത്തിയ ഒരു പ്രസ്താവന ആദ്ദേഹം നടത്തി, ''എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച
വാക്കുകളും ഞാന്‍ അറിയിച്ചു'' അപ്പോള്‍ 'അവര്‍: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു' (വാ. 18).

അവര്‍ അങ്ങനെ ചെയ്തു.

ദൈവത്തിലുള്ള വിശ്വാസത്തോടും സമഗ്രമായ പരിശ്രമത്തോടുംകൂടെ, എതിര്‍പ്പും അസാധ്യമെന്ന തോന്നലും ഉണ്ടായിരുന്നിട്ടും നെഹെമ്യാവിന്റെ നേതൃത്വത്തില്‍ യെരൂശലേം നിവാസികള്‍ വെറും അമ്പത്തിരണ്ട് ദിവസത്തിനുള്ളില്‍ മതില്‍ പുനര്‍നിര്‍മിച്ചു (6:15).

നിങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ബുദ്ധിമുട്ടുള്ളതായി നങ്ങള്‍ തോന്നുന്നതും എന്നാല്‍ നിങ്ങള്‍ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതുമായ ഒരു കാര്യം നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പാപം? ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു ബന്ധം? വളരെ കഠിനമായി കാണപ്പെടുന്ന അവനുവേണ്ടിയുള്ള ഒരു ചുമതല?

മാര്‍ഗനിര്‍ദേശത്തിനായി ദൈവത്തോട് ചോദിക്കുക (2:4-5), പ്രശ്‌നം വിശകലനം ചെയ്യുക (വാ. 11-15), അവന്റെ ഇടപെടല്‍ തിരിച്ചറിയുക (വാ. 18). തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കുക.

ഇരുവര്‍ക്കുംവേണ്ടി പരസ്പരം നിര്‍മ്മിക്കപ്പെട്ടത്

''ഞാന്‍ അദ്ദേഹത്തെ പരിപാലിക്കുന്നു. അദ്ദേഹം സന്തോഷവാനാകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,'' സ്റ്റെല്ല പറയുന്നു. പ്രദീപ് മറുപടി പറയുന്നു, ''അവള്‍ ചുറ്റുമുള്ളപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.'' പ്രദീപും സ്റ്റെല്ലയും വിവാഹിതരായിട്ട് 79 വര്‍ഷമായി. പ്രദീപിനെ അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം വിഷാദത്തിനടിമയായി - അതിനാല്‍ സ്റ്റെല്ല അദ്ദേഹത്തെ സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നു. അയാള്‍ക്ക് 101 വയസ്സ്, അവള്‍ക്ക് 95 വയസ്സ്. അവള്‍ക്ക് നടക്കാന്‍ ഒരു വാക്കര്‍ ആവശ്യമാണെങ്കിലും, ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവള്‍ സ്‌നേഹപൂര്‍വ്വം ചെയ്യുന്നു. പക്ഷേ അവള്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. കൊച്ചുമക്കളും അയല്‍വാസികളും സ്റ്റെല്ലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ അവളെ സഹായിക്കുന്നു.

ഉല്പത്തി 2-ന്റെ ഉദാഹരണമാണ് സ്റ്റെല്ലയുടെയും പ്രദീപിന്റെയും ജീവിതം, ''മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കി ക്കൊടുക്കും' എന്നു ദൈവം പറഞ്ഞു (വാ. 18). ദൈവം ആദാമിനു മുന്നില്‍ കൊണ്ടുവന്ന സൃഷ്ടികളൊന്നുംആ വിവരണത്തിന് അനുയോജ്യമായിരുന്നില്ല. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് നിര്‍മ്മിച്ച ഹവ്വയില്‍ മാത്രമാണ് ആദാമിന് അനുയോജ്യമായ ഒരു സഹായിയെയും കൂട്ടാളിയെയും കണ്ടെത്തിയത് (വാ. 19-24).

ഹവ്വാ ആദാമിന്റെ തികഞ്ഞ കൂട്ടാളിയായിരുന്നു, അവരിലൂടെ ദൈവം വിവാഹം ആരംഭിച്ചു. ഇത് വ്യക്തികളുടെ പരസ്പര സഹായത്തിന് മാത്രമല്ല, ഒരു കുടുംബം ആരംഭിക്കുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും വേണ്ടിയുള്ളതാണ്, അതില്‍ മറ്റ് ആളുകളും ഉള്‍പ്പെടുന്നു (1:28). ആ ആദ്യ കുടുംബത്തില്‍ നിന്ന് ഒരു സമൂഹം വന്നു, അങ്ങനെ വിവാഹിതരോ അവിവാഹിതരോ വൃദ്ധരോ ചെറുപ്പക്കാരോ ആകട്ടെ, നമ്മളാരും തനിച്ചായിരിക്കുന്നില്ല. ഒരു സമൂഹമെന്ന നിലയില്‍ ''പരസ്പരം ഭാരം'' പങ്കുവെയ്ക്കാനുള്ള പദവി ദൈവം നമുക്കു നല്‍കിയിട്ടുണ്ട് (ഗലാത്യര്‍ 6:2).

അവന്‍ എന്നെ രൂപാന്തരപ്പെടുത്തി

ലണ്ടനിലെ ഏറ്റവും വലിയ വേശ്യാലയം നടത്തിയിരുന്ന ജോണ്‍, ജയിലിലേക്കു പോയപ്പോള്‍ 'ഞാന്‍ ഒരു നല്ല വ്യക്തിയാണ്' എന്നു തെറ്റായി വിശ്വസിച്ചിരുന്നു. കേക്കും കാപ്പിയും ഉള്ളതിനാല്‍ ജയിലിലെ ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു, എങ്കിലും മറ്റ് തടവുകാര്‍ക്ക് അത് എത്ര സന്തോഷകരമാണെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ആദ്യ ഗാനം തുടങ്ങിയപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഒരു ബൈബിള്‍ സ്വീകരിച്ചു. യെഹെസ്‌കേല്‍ പ്രവാചനത്തില്‍നിന്നുള്ള വായന അവനെ രൂപാന്തരപ്പെടുത്തി, ''ഇടിത്തീ പോലെ'' അവനെ അടിച്ചു. യെഹെന്‌സകേല്‍ ഇങ്ങനെ എഴുതി: ''ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, ... അവന്‍ മരിക്കാതെ ജീവിച്ചിരിക്കും' (18: 27-28). ദൈവവചനം അവനില്‍ സജീവമായി വരികയും 'ഞാന്‍ ഒരു നല്ല ആളല്ല. . . ഞാന്‍ ദുഷ്ടനായിരുന്നു, ഞാന്‍ മാറേണ്ടതുണ്ടായിരുന്നു' എന്നവന്‍ മനസ്സിലാക്കുകയും ചെയ്തു. പാസ്റ്ററോടൊത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ''ഞാന്‍ യേശുക്രിസ്തുവിനെ കണ്ടെത്തി, അവന്‍ എന്നെ രൂപാന്തരപ്പെടുത്തി.''

യെഹെസ്‌കേലില്‍ നിന്നുള്ള ഈ വാക്കുകള്‍ പ്രവാസികളായിരിക്കുന്ന ദൈവജനത്തോടാണ് സംസാരിച്ചത്. അവര്‍ ദൈവത്തില്‍ നിന്നു മാറിപ്പോയി എങ്കിലും, അവര്‍ അവരുടെ കുറ്റങ്ങള്‍ വിട്ടുതിരിഞ്ഞാല്‍ അവര്‍ക്ക് 'പുതിയൊരു ഹൃദയവും പുതിയൊരു ആത്മാവും' ലഭിക്കും (വാ. 31). ആ വാക്കുകള്‍ ജോണിനെ പാപികളെ മാനസാന്തരത്തിലേക്ക് വിളിച്ച യേശുവിനെ അനുഗമിച്ചുകൊണ്ട്
(ലൂക്കൊസ് 5:32) ''മനംതിരിഞ്ഞു ജീവിക്കാന്‍'' സഹായിച്ചു (വാ. 32).

നാമും പാപമോചനവും സ്വതന്ത്ര്യവും ആസ്വദിക്കത്തക്കവണ്ണം പാപത്തെക്കുറിച്ചുള്ള ആത്മാവിന്റെ ബോധ്യപ്പെടുത്തലുകളോട് നമുക്കു പ്രതികരിക്കാം.

ഒരുമിച്ച് ഞങ്ങള്‍ വിജയിക്കും

അര്‍ദ്ധരാത്രിയില്‍, ഒരു സഭാംഗത്തിന്റെ വീട്ടിലേക്ക് വരാന്‍ പാസ്റ്റര്‍ സാമുവലിന് ഒരു സന്ദേശം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ ഒരു വീടിനെ അഗ്നി വിഴുങ്ങുന്നതു കണ്ടു. പിതാവിനു പൊള്ളലേറ്റിരുന്നുവെങ്കിലും തന്റെ മക്കളില്‍ ഒരാളെ രക്ഷപ്പെടുത്താനായി വീട്ടിലേക്കു കയറി അബോധാവസ്ഥയിലായ മകളുമായി പുറത്തുവന്നിരുന്നു. ഈ ഗ്രാമീണ മേഖലയില്‍ ആശുപത്രി 10 കിലോമീറ്റര്‍ അകലെയായിരുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാല്‍, പാസ്റ്ററും പിതാവും കുട്ടിയുമായി ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. അവരില്‍ ഒരാള്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ചുമന്നു മടുക്കുമ്പോള്‍ മറ്റൊരാള്‍ ഏറ്റെടുത്തു. അവര്‍ ഒന്നിച്ച് യാത്ര നടത്തി; പിതാവിനും മകള്‍ക്കും ചികിത്സ നല്‍കി പൂര്‍ണമായി സുഖം പ്രാപിച്ചു.

പുറപ്പാട് 17:8-13 ല്‍ യഹോവ ഒരു മഹത്തായ വിജയം പ്ലാന്‍ ചെയ്തു. അതില്‍ യുദ്ധക്കളത്തില്‍ പോരാളികളെ നയിച്ച യോശുവയും; ദൈവത്തിന്റെ വടി പിടിച്ച് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച മോശെയും ഉള്‍പ്പെടുന്നു. മോശെയുടെ കൈകള്‍ തളര്‍ന്നപ്പോള്‍, സൂര്യന്‍ അസ്തമിക്കുന്നതുവരെയും ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെയും അഹരോനും ഹൂരും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചു.

പരസ്പരാശ്രയത്വത്തിന്റെ മൂല്യം ഒരിക്കലും കുറച്ചുകാണാന്‍ കഴിയില്ല. ദൈവം തന്റെ ദയയില്‍ പരസ്പര നന്മയ്ക്കായി തന്റെ ഏജന്റായി ആളുകളെ കൃപയോടെ നല്‍കുന്നു. കേള്‍ക്കുന്ന ചെവികളും സഹായിക്കുന്ന കൈകളും; ജ്ഞാനമുള്ളതും ആശ്വസിപ്പിക്കുന്നതും തിരുത്തുന്നതുമായ വാക്കുകള്‍ - ഇവയും മറ്റ് വിഭവങ്ങളും നമ്മിലേക്കും നമ്മിലൂടെ മറ്റുള്ളവരിലേക്കും വരുന്നു. നാം ഒരുമിച്ച് വിജയിക്കുകയും ദൈവത്തിന് മഹത്വം ലഭിക്കുകയും ചെയ്യുന്നു!