ഒരു രാജകീയ ധര്‍മ്മം
ഒരു രാജകുടുംബത്തിലെ ഒരാള്‍ സിംഹാസനത്തോട് കൂടുതല്‍ അടുക്കുന്നതനുസരിച്ച് പൊതുജനം അവനെക്കുറിച്ചോ അവളെക്കുറിച്ചോ കൂടുതല്‍ കേള്‍ക്കുന്നു. മറ്റുള്ളവരെ ഏറെക്കുറെ മററക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് അറുപതോളം പേര് ഉള്‍പ്പെടുന്ന അനന്തരാവകാശികളുടെ ഒരു നിരയുണ്ട്. അതിലൊരാളാണ് സിംഹാസനത്തിനായി നാല്പത്തിയൊമ്പതാം സ്ഥാനത്തുള്ള ഫ്രെഡറിക് വിന്‍ഡ്സര്‍ പ്രഭു. വെള്ളിവെളിച്ചത്തിലേക്കു വരുന്നതിനുപകരം അദ്ദേഹം നിശബ്ദമായി തന്റെ ജീവിതം നയിക്കുന്നു. അദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ''ജോലി ചെയ്യുന്ന രാജകുടുംബാംഗം'' ആയി കണക്കാക്കുന്നില്ല. കുടുംബത്തെ പ്രതിനിധീകരിക്കുന്നതിന് പ്രതിഫലം ലഭിക്കുന്ന പ്രധാന കുടുംബാംഗങ്ങളില്‍ ഒരാളാണദ്ദേഹം.
ദാവീദിന്റെ മകന് നാഥാന് (2 ശമൂവേല്‍ 5:14) പ്രശസ്തിക്കു പുറത്ത് നിശബ്ദ ജീവിതം നയിച്ച മറ്റൊരു രാജകുടുംബാംഗം ആണ്. അവനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. മത്തായിയിലെ യേശുവിന്റെ വംശാവലിയില്‍ അവന്റെ മകന് ശലോമോനെക്കുറിച്ച് പരാമര്‍ശിക്കുന്നു (യോസേഫിന്റെ വംശാവലി, മത്തായി 1:6), മറിയയുടെ കുടുംബരേഖയാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്ന ലൂക്കൊസിന്റെ വംശാവലി, നാഥാനെ പരാമര്‍ശിക്കുന്നു (ലൂക്കൊസ് 3:31). നാഥാന് ഒരു ചെങ്കോല്‍ പിടിച്ചിരുന്നില്ലെങ്കിലും, ദൈവത്തിന്റെ നിത്യരാജ്യത്തില്‍ അവന് ഒരു പങ്കുണ്ട്.
ക്രിസ്തുവിലുള്ള വിശ്വാസികളെന്ന നിലയില്‍, നാമും രാജകീയരാണ്. ''ദൈവമക്കളാകാനുള്ള അധികാരം'' ദൈവം നമുക്കു നല്കി എന്ന് അപ്പൊസ്തലനായ യോഹന്നാന് എഴുതി (യോഹന്നാന് 1:12). നമ്മള് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും നമ്മള് രാജാവിന്റെ മക്കളാണ്! ഭൂമിയില്‍ അവനെ പ്രതിനിധാനം ചെയ്യാനും ഒരു ദിവസം അവനോടൊപ്പം വാഴാനും ദൈവം നമ്മില്‍ ഓരോരുത്തരെയും പ്രാധാന്യമുള്ളവരായി തിരഞ്ഞെടുത്തു (2 തിമൊഥെയൊസ് 2:11-13). നാഥാനെപ്പോലെ, നാമും ഭൗമിക കിരീടം ധരിക്കണമെന്നില്ല, പക്ഷേ നമുക്കിപ്പോഴും ദൈവരാജ്യത്തില്‍ ഒരു പങ്കു വഹിക്കാനുണ്ട്.
എങ്ങനെ കാത്തിരിക്കാം
സഭയോടുള്ള ബന്ധത്തില്‍ മോഹഭംഗം നേരിട്ടവനും നിരാശനുമായ പതിനേഴു വയസ്സുകാരനായ തോമസ് ഉത്തരങ്ങള്‍ തേടി വര്‍ഷങ്ങളോളം നീണ്ട അന്വേഷണം ആരംഭിച്ചു. എന്നാല്‍ അവന് പര്യവേക്ഷണം ചെയ്തതൊന്നും അവന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്തില്ല.
അവന്റെ യാത്ര അവനെ മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പിച്ചു. എന്നിട്ടും അവന് ക്രിസ്ത്യാനിത്വവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ചര്‍ച്ചയ്ക്കിടെ അവന് ആക്രോശിച്ചു, ''ബൈബിളില്‍ മുഴുവനും പൊള്ളയായ വാഗ്ദാനങ്ങളാണ്.''
മറ്റൊരു മനുഷ്യന് നിരാശയും കഠിന യാതനകളും നേരിട്ടു, അത് തന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ച ശത്രുക്കളില്‍ നിന്ന് ദാവീദ് ഓടിപ്പോയപ്പോള്‍, അവന്റെ പ്രതികരണം ദൈവത്തില്‍ നിന്ന് ഓടിപ്പോകുകയല്ല, അവനെ സ്തുതിക്കുക എന്നതായിരുന്നു. ''എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയനായിരിക്കും,'' അവന് പാടി (സങ്കീര്‍ത്തനം 27:3).
എന്നിട്ടും ദാവീദിന്റെ കവിത ഇപ്പോഴും സംശയത്തെ സൂചിപ്പിക്കുന്നു. ''എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളണമേ'' (വാ. 7) എന്ന അവന്റെ നിലവിളി ഭയവും ചോദ്യങ്ങളും ഉള്ള ഒരു മനുഷ്യനെപ്പോലെയാണ്. ''നിന്റെ മുഖം എനിക്കു മറയ്ക്കരുതേ,'' ദാവീദ് അപേക്ഷിച്ചു. ''അടിയനെ കോപത്തോടെ നീക്കിക്കളയരുതേ'' (വാ. 9).
എന്നിരുന്നാലും തന്റെ സംശയം തന്നെ തളര്‍ത്താന്‍ ദാവീദ് അനുവദിച്ചില്ല. ആ സംശയങ്ങളില്‍പ്പോലും, 'ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്ന്' ദാവീദ് പറയുന്നു (വാ. 13). എന്നിട്ട് അവന് തന്റെ വായനക്കാരെ ഇപ്രകാരം അഭിസംബോധന ചെയ്തു - നിങ്ങളെയും എന്നെയും ഈ ലോകത്തിലെ തോമസിനെയും: 'യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക' (വാ. 14).
നമ്മുടെ വലിയ ചോദ്യങ്ങള്‍ക്ക് വേഗമേറിയതും ലളിതവുമായ ഉത്തരങ്ങള്‍ നാം കണ്ടെത്തിയെന്നു വരില്ല. എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെ - നാം അവനുവേണ്ടി കാത്തിരിക്കുമ്പോള്‍ - നാം കണ്ടെത്തും.
നമ്മുടെ ഹൃദയത്തില്‍
ഒരു കൊച്ചുകുട്ടി സ്കൂളില്‍ ചില വെല്ലുവിളികള്‍ നേരിട്ടതിനുശേഷം, ഓരോ ദിവസവും രാവിലെ സ്കൂളിന് മുമ്പായി ചൊല്ലുന്നതിനായി ഒരു പ്രതിജ്ഞ അവന്റെ അച്ഛന് അവനെ പഠിപ്പിക്കാന്‍ തുടങ്ങി: ''ഇന്ന് എന്നെ ഉണര്‍ത്തിയതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ പഠിക്കുന്നതിനായും ദൈവം എന്നെ സൃഷ്ടിച്ച നിലയിലുള്ള നേതാവായി തീരുന്നതിനായും ഞാന്‍ സ്കൂളിലേക്കു പോകുന്നു.'' തന്റെ മകന് സ്വയം പ്രയോഗിക്കാനും ജീവിതത്തിലെ അനിവാര്യമായ വെല്ലുവിളികളെ നേരിടാനും സഹായിക്കുമെന്ന് പിതാവ് പ്രതീക്ഷിക്കുന്ന ഒരു മാര്‍ഗ്ഗമായിരുന്നു പ്രതിജ്ഞ.
ഒരു വിധത്തില്‍, ഈ പ്രതിജ്ഞ മനഃപാഠമാക്കാന്‍ മകനെ സഹായിക്കുന്നതിലൂടെ, മരുഭൂമിയില്‍വെച്ച് ദൈവം യിസ്രായേല്യരോട് കല്‍പ്പിച്ചതിന് സമാനമായ ഒരു കാര്യം ഈ പിതാവ് ചെയ്യുന്നു: ''ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയും ... വേണം'' (ആവര്‍ത്തനം 6:6-7).
നാല്പതു വര്‍ഷത്തോളം മരുഭൂമിയില്‍ അലഞ്ഞുനടന്ന ശേഷം, അടുത്ത തലമുറയിലെ യിസ്രായേല്യര്‍ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാന്‍ പോകുകയായിരുന്നു. അവര്‍ തന്റെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവര്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യമല്ല എന്ന് ദൈവം അറിഞ്ഞിരുന്നു. അതിനാല്‍, മോശയിലൂടെ, അവനെ അനുസ്മരിക്കാനും അനുസരണമുള്ളവരായിരിക്കാനും 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും' (വാ. 7) ദൈവവചനത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ ദൈവത്തെ അറിയാനും സ്നേഹിക്കാനും അവരുടെ കുട്ടികളെ സഹായിക്കണമെന്നും അവന് അവരോടു കല്പ്പിച്ചു.
ഓരോ പുതിയ ദിവസത്തിലും, നാം അവനോട് നന്ദിയുള്ളവരായി ജീവിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നതില്‍ നമുക്കും പ്രതിജ്ഞാബദ്ധരാകാന്‍ കഴിയും.
മഹത്വം പൊയ്പ്പോയി
ഞങ്ങളുടെ മകള്‍ മെലിസ എന്ന മഹത്വം എനിക്ക് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. ഹൈസ്കൂള്‍ വോളിബോള്‍ അവള് സന്തോഷത്തോടെ കളിക്കുന്നത് ഞങ്ങള്‍ കണ്ട ആ അത്ഭുതകരമായ സമയങ്ങളാണ് എന്റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുന്നത്. ഞങ്ങള്‍ കുടുംബ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവളുടെ മുഖത്തുകൂടെ കടന്നുപോയ സംതൃപ്തിയുടെ ലജ്ജാകരമായ പുഞ്ചിരി ഓര്‍മ്മിക്കാന്‍് ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. പതിനേഴാം വയസ്സിലെ അവളുടെ മരണം അവളുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിനു മുമ്പില്‍ ഒരു തിരശ്ശീല വീഴ്ത്തി.
വിലാപങ്ങളുടെ പുസ്തകത്തില്‍, ഹൃദയത്തിനു മുറിവേല്‍ക്കുമെന്ന് അവനു മനസ്സിലായതായി യിരെമ്യാവിന്റെ വാക്കുകള്‍ കാണിക്കുന്നു. അവന് പറഞ്ഞു, ''എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ' (3:18). അവന്റെ അവസ്ഥ നിങ്ങളുടേതില്‍ നിന്നും എന്റേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അവന് ദൈവത്തിന്റെ ന്യായവിധി പ്രസംഗിച്ചു, യെരൂശലേം പരാജയപ്പെട്ടത് അവന് കണ്ടു. താന്‍ തോറ്റതായും(വാ. 12), ഒറ്റപ്പെട്ടതായും (വാ. 14), ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടതായും (വാ. 15-20) അവന് അനുഭവപ്പെട്ടതുകൊണ്ട് മഹത്വം പൊയ്പ്പോയി.
പക്ഷെ അത് അവന്റെ കഥയുടെ അവസാനമല്ല. പ്രകാശം പരന്നു. ഭാരമുള്ളവനും തകര്‍ന്നവനുമായ യിരെമ്യാവ് ''ഞാന്‍ പ്രത്യാശിക്കും'' (വാ. 21) എന്നു പറയുന്നു - 'അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ല' (വാ. 22) എന്ന് മനസ്സിലാക്കുന്നതില്‍ നിന്നുളവാകുന്ന പ്രത്യാശ. മഹത്വം പൊയ്പ്പോകുമ്പോള്‍ നാം ഓര്‍ക്കേണ്ട കാര്യം ഇതാണ്: ദൈവത്തിന്റെ ''കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതാകുന്നു' (വാക്യം 22-23).
നമ്മുടെ അന്ധകാര പൂര്‍ണ്ണമായ നാളുകളില്‍ പോലും, ദൈവത്തിന്റെ വലിയ വിശ്വസ്തത പ്രകാശിക്കുന്നു.
ഇരുട്ടിലെ വെളിച്ചം
ഇടിമിന്നലോടുകൂടിയ ഒരു ശക്തമായ കൊടുങ്കാറ്റ് ഞങ്ങളുടെ പുതിയ പട്ടണത്തിലൂടെ കടന്നുപോയി, അത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പത്തിനും ഇരുണ്ട ആകാശത്തിനും കാരണമായി. ഞാന്‍ ഞങ്ങളുടെ നായ ജിമ്മിയെ ഒരു സായാഹ്ന നടത്തത്തിനായി കൊണ്ടുപോയി. രാജ്യത്തിന്റെ മറുഭാഗത്തേക്ക് എന്റെ കുടുംബം താമസം മാറ്റിയതിന്റെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ എന്റെ മനസ്സിനെ ഭാരപ്പെടുത്തി. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകളില്‍ നിന്നും ആശകളില്‍ നിന്നും വളരെയധികം വ്യതിചലിച്ചുപോകുന്നതുകണ്ട് നിരാശയായ ഞാന്‍ ജിമ്മിയെ പുല്ലുകള്‍ മണത്തുനോക്കുന്നതിനായി അനുവദിച്ചു. ഞങ്ങളുടെ വീടിനരികിലൂടെ ഒഴുകുന്ന തോടിന്റെ ശബ്ദം ഞാന്‍ ശ്രദ്ധിച്ചു. തോടിന്റെ കരയിലേക്ക് കയറിക്കിടക്കുന്ന കാട്ടുപൂക്കളുടെ കൂട്ടങ്ങളില്‍ വെളിച്ചം മിന്നിക്കൊണ്ടിരുന്നതു ഞാന്‍ കണ്ടു - മിന്നാമിനുങ്ങുകള്‍!
മിന്നുന്ന വെളിച്ചങ്ങള്‍ ഇരുട്ടിനെ കീറി മുറിക്കുന്നത് ഞാന്‍ കണ്ടപ്പോള്‍ കര്‍ത്താവ് എന്നെ തന്റെ സമാധാനം കൊണ്ടു പൊതിഞ്ഞു. സങ്കീര്‍ത്തനക്കാരനായ ദാവീദ് ആലപിച്ചതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു, കര്‍ത്താവേ, 'നീ എന്റെ ദീപത്തെ കത്തിക്കും'' (സങ്കീര്‍ത്തനം 18:28). ദൈവം തന്റെ അന്ധകാരത്തെ വെളിച്ചമാക്കി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച ദാവീദ്, കര്‍ത്താവിന്റെ കരുതലിലും സംരക്ഷണത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു (വാ. 29-30). ദൈവത്തിന്റെ ശക്തിയാല്‍, തനിക്കെതിരെ വരുന്ന എന്തിനെയും കൈകാര്യം ചെയ്യാന്‍ അവനു കഴിഞ്ഞു (വാ. 32-35). എല്ലാ സാഹചര്യത്തിലും യഹോവ തന്നോടുകൂടെയുണ്ടെന്നു വിശ്വസിച്ചുകൊണ്ട് ജാതികളുടെ നടുവില്‍ അവനെ പുകഴ്ത്തുമെന്നും അവന്റെ നാമത്തിനു സ്തോത്രം ചെയ്യുമെന്നും ദാവീദു വാഗ്ദത്തം ചെയ്തു (വാ. 36-49).
ജീവിതത്തിലെ പ്രവചനാതീതമായ കൊടുങ്കാറ്റുകളെ നാം സഹിക്കുകയോ അല്ലെങ്കില്‍ മഴ പെയ്തതിനുശേഷമുള്ള ശാന്തത നാം ആസ്വദിക്കുകയോ ആണെങ്കിലും, ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനം ഇരുട്ടില്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. നമ്മുടെ ജീവനുള്ള ദൈവം എപ്പോഴും നമ്മുടെ ശക്തിയും അഭയവും നമ്മെ നിലനിര്‍ത്തുന്നവനും നമ്മുടെ വിമോചകനുമായിരിക്കും.