Month: സെപ്റ്റംബർ 2020

ദൈവം മനസ്സിലാക്കുന്നു

അടുത്തയിടെ വീടുമാറിയതിനെത്തുടര്‍ന്ന്, മാധുരിയുടെ ഏഴുവയസ്സുള്ള മകന്‍ രോഹിത് തന്റെ പുതിയ സ്‌കൂളിലേക്കു പോകാന്‍ മടികാണിച്ചുകൊണ്ട് പിണങ്ങാന്‍ തുടങ്ങി. മാറ്റം പ്രയാസകരമാണെന്ന് തനിക്കറിയാമെന്ന് ഉറപ്പുനല്‍കി മാധുരി അവനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഒരു പ്രഭാതത്തില്‍ രോഹിതിന്റെ അസ്വാഭാവികമായ അമര്‍ഷം അമിതമായി തോന്നിയപ്പോള്‍ അനുകമ്പയോടെ മാധുരി ചോദിച്ചു, ''മോനേ, നിന്നെ ബുദ്ധിമിട്ടിക്കുന്നതെന്താണ്?''

ജനാലയിലൂടെ പുറത്തേക്കുനോക്കി രോഹിത് ആഞ്ഞടിച്ചു. ''എനിക്കറിയില്ല അമ്മ. എനിക്ക് വളരെയധികം വികാരങ്ങള്‍ ഉണ്ട്.''

അവള്‍ അവനെ ആശ്വസിപ്പിച്ചപ്പോള്‍ മാധുരിയുടെ ഹൃദയം വേദനിച്ചു. അവനെ സഹായിക്കാനുള്ള ഒരു മാര്‍ഗ്ഗം തേടി നിരാശയായ അവള്‍ ഈ മാറ്റം തനിക്കും ബുദ്ധിമുട്ടാണെന്ന് പങ്കുവെച്ചു. ദൈവം അടുത്തുണ്ടായിരിക്കുമെന്നും തങ്ങളുടെ നിരാശ മനസ്സിലാക്കാനോ അതു പുറത്തുപറയാനോ കഴിയാതിരിക്കുമ്പോഴും അവന്‍ എല്ലാം അറിയുന്നുവെന്നും അവള്‍ രോഹിതിന് ഉറപ്പ് നല്‍കി. ''സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് നിന്റെ സുഹൃത്തുക്കളെ നമുക്കൊന്നു സന്ദര്‍ശിക്കാം,'' അവള്‍ പറഞ്ഞു. തന്റെ മക്കളുടെ '' വികാര വേലിയേറ്റങ്ങള്‍'' ദൈവം മനസ്സിലാക്കുന്നു എന്നതില്‍ നന്ദിയുള്ളവരായി അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

147-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് തന്റെ വിശ്വാസയാത്രയിലുടനീളം അസ്വസ്ഥപ്പെടുത്തുന്ന വികാരങ്ങള്‍ അനുഭവിക്കുകയും, എല്ലാറ്റിനെയും അറിയുന്ന സ്രഷ്ടാവും എല്ലാവരുടെയും പരിപാലകനും ശാരീരികവും വൈകാരികവുമായ മുറിവുകളെ സൗഖ്യമാക്കുന്നവനും ആയവനെ സ്തുതിക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിയുകയും ചെയ്തു (വാ. 1-6). അവിടുന്ന്് നല്‍കുന്ന വഴികള്‍ക്കായും ''തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു'' (വാ. 11) എന്നതിലും അവന്‍ ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നാം പാടുപെടുമ്പോള്‍, നാം ഒറ്റയ്ക്കായെന്നു തോന്നുകയോ നിരുത്സാഹപ്പെടുകയോ ചെയ്യേണ്ടതില്ല. നമ്മുടെ മാറ്റമില്ലാത്ത ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തിലും പരിമിതികളില്ലാത്ത അറിവിലും നമുക്ക് വിശ്രമിക്കാം.

സംസാരിക്കൂ!

റെസ്റ്റോറന്റിലെ തന്റെ സഹപ്രവര്‍ത്തകയോട് ബാനു വിളിച്ചുപറഞ്ഞു, ''അതാ ആ മനുഷ്യന്‍! അതാ ആ മനുഷ്യന്‍!' വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ അവള്‍ മുമ്പു കണ്ടുമുട്ടിയ മെല്‍വിനെയാണ് അവള്‍ ഉദ്ദേശിച്ചത്. തന്റെ പള്ളിമുറ്റത്തെ പുല്‍ത്തകിടി വെട്ടിയൊരുക്കുമ്പോള്‍, തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അഭിസാരികയെന്നു തോന്നിയ ഒരു സ്ത്രീയുമായി സംഭാഷണം ആരംഭിക്കാന്‍ ആത്മാവ് അവനെ പ്രേരിപ്പിച്ചു. അവന്‍ അവളെ പള്ളിയിലേക്ക് ക്ഷണിച്ചപ്പോള്‍ അവള്‍ നല്‍കിയ മറുപടി ഇതായിരുന്നു: ''ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നെ അവിടെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.' യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് മെല്‍വിന്‍ അവളോട് പറയുകയും അവളുടെ ജീവിതം മാറ്റാനുള്ള അവന്റെ ശക്തിയെക്കുറിച്ച് ഉറപ്പുനല്‍കുകയും ചെയ്തപ്പോള്‍, അവളുടെ മുഖത്തുകൂടി കണ്ണുനീര്‍ ഒഴുകി. ഇപ്പോള്‍, ഏതാനും ആഴ്ചകള്‍ക്കുശേഷം, ജീവിതത്തെ മാറ്റാനുള്ള യേശുവിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവായി ബാനു ഒരു പുതിയ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രാര്‍ത്ഥനയ്ക്കു സമര്‍പ്പിതരാകാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പശ്ചാത്തലത്തില്‍, അപ്പൊസ്തലനായ പൗലൊസ് ഇരട്ട അഭ്യര്‍ത്ഥന നടത്തി: ''എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിക്കുവാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും, ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍'' (കൊലൊസ്യര്‍ 4:3-4).

യേശുവിനായി ധൈര്യത്തോടെയും വ്യക്തമായും സംസാരിക്കാനുള്ള അവസരങ്ങള്‍ക്കായി നിങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? എത്ര ഉചിതമായ പ്രാര്‍ത്ഥന! അത്തരം പ്രാര്‍ത്ഥനകള്‍ മെല്‍വിനെപ്പോലെ അവിടുത്തെ അനുയായികളെ അപ്രതീക്ഷിത സ്ഥലങ്ങളിലും അപ്രതീക്ഷിത ആളുകളുമായും സംസാരിക്കാന്‍ ഇടയാക്കും. യേശുവിനുവേണ്ടി സംസാരിക്കുന്നത് അസ്വസ്ഥതയുളവാക്കുമെന്ന് തോന്നുമെങ്കിലും, പ്രതിഫലങ്ങള്‍ - രൂപാന്തരപ്പെട്ട ജീവിതങ്ങള്‍ - നമ്മുടെ അസ്വസ്ഥതകള്‍ക്ക് ഉചിതമായ പരിഹാരമായിരിക്കും.

യുക്തിരഹിതമായ ഭയം

ഇത് യുക്തിസഹമല്ല എങ്കിലും, എന്റെ മാതാപിതാക്കള്‍ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചപ്പോള്‍, അവര്‍ എന്നെ മറക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. തീര്‍ച്ചയായും അവര്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, പക്ഷേ അത് എന്നെ ഒരു വലിയ അനിശ്ചിതത്വത്തിലേക്ക് നയിച്ചു. ഞാന്‍ ചെറുപ്പവും അവിവാഹിതയായ ഒരു മുതിര്‍ന്ന വ്യക്തിയുമായിരുന്നു. അവരില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒറ്റപ്പെട്ടവളും ഏകാകിയുമായി തോന്നിയ ഞാന്‍ ദൈവത്തെ അന്വേഷിച്ചു.

ഒരു ദിവസം രാവിലെ, എന്റെ യുക്തിരഹിതമായ ഭയത്തെക്കുറിച്ചും അത് വരുത്തിയ സങ്കടത്തെക്കുറിച്ചും ഞാന്‍ അവനോട് പറഞ്ഞു (അവന്‍ ഇതിനകം അത് അറിഞ്ഞിരുന്നുവെങ്കിലും). അന്ന് ഞാന്‍ ധ്യാനത്തിനുവേണ്ടി വായിച്ച തിരുവെഴുത്ത് യെശയ്യാവ് 49 ആയിരുന്നു: ''ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കുകയില്ല' (വാ. 15). ദൈവം തന്റെ ജനത്തെ മറന്നിട്ടില്ലെന്ന് യെശയ്യാവിലൂടെ ഉറപ്പുനല്‍കി, പിന്നീട് തന്റെ പുത്രനായ യേശുവിനെ അയച്ചുകൊണ്ട് അവരെ തന്നിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്ന് വാഗ്ദത്തം ചെയ്തു. എന്നാല്‍ ഈ വാക്കുകള്‍ എന്റെ ഹൃദയത്തിലും പ്രവര്‍ത്തിച്ചു. ഒരു അമ്മയോ അച്ഛനോ അവരുടെ കുട്ടിയെ മറക്കുന്നത് വളരെ അപൂര്‍വമാണ്, എങ്കിലും അത് സാധ്യമാണ്. എന്നാല്‍ ദൈവമോ? ഒരു വിധത്തിലുമില്ല. ''ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' അവന്‍ പറഞ്ഞു.

ദൈവം എനിക്കു നല്‍കിയ ഉത്തരം കൂടുതല്‍ ഭയം ഉളവാക്കുമായിരുന്നു. പക്ഷേ, എന്നെ ഓര്‍മ്മിക്കുന്നു എന്നതിലൂടെ അവന്‍ നല്‍കിയ സമാധാനം ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ദൈവം ഒരു രക്ഷകര്‍ത്താവിനേക്കാളും മറ്റാരേക്കാളും അടുപ്പമുള്ളവനാണെന്ന് കണ്ടെത്തുന്നതിന്റെ ആരംഭമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും - നമ്മുടെ യുക്തിരഹിതമായ ഭയങ്ങളില്‍ പോലും -. നമ്മെ സഹായിക്കാനുള്ള വഴി അവനറിയാം.

മന്ത്രിക്കുന്ന ഗാലറി

ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ ഉയര്‍ന്ന താഴികക്കുടത്തില്‍ സന്ദര്‍ശകര്‍ക്ക് 259 പടികള്‍ കയറി വിസ്പറിംഗ് ഗാലറിയിലേക്ക് പ്രവേശിക്കാം. അവിടെനിന്നു നിങ്ങള്‍ മന്ത്രിക്കുന്നത് വൃത്താകൃതിയിലുള്ള നടപ്പാതയില്‍ എവിടെയും നില്‍ക്കുന്ന വ്യക്തിക്കു കേള്‍ക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഏതാണ്ട് നൂറ് അടി അകലെയുള്ള അഗാധമായ ഗര്‍ത്തത്തിന് അപ്പുറത്തുള്ളവര്‍ക്കും അതു കേള്‍ക്കാന്‍ കഴിയും. താഴികക്കുടത്തിന്റെ ഗോളാകൃതിയും മന്ത്രണത്തിന്റെ കുറഞ്ഞ തീവ്രതയിലുള്ള ശബ്ദ തരംഗങ്ങളും മൂലമാണ് ഇതു സംഭവിക്കുന്നതെന്നാണ് എഞ്ചിനീയര്‍മാര്‍ വിശദീകരിക്കുന്നത്.

നമ്മുടെ വേദനാജനകമായ മന്ത്രണങ്ങള്‍ ദൈവം കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എത്രത്തോളം ആശിക്കാറുണ്ട്. അവന്‍ നമ്മെ കേള്‍ക്കുന്നു - നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും മന്ത്രണങ്ങളും - എന്നതിന്റെ സാക്ഷ്യങ്ങളാല്‍ സങ്കീര്‍ത്തനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ദാവീദ് എഴുതുന്നു, ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, സഹായത്തിനായി എന്റെ ദൈവത്തോട് നിലവിളിച്ചു' (സങ്കീര്‍ത്തനം 18:6). അവനും മറ്റ് സങ്കീര്‍ത്തനക്കാരും വീണ്ടും വീണ്ടും നിലവിളിക്കുന്നു, ''എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ'' (4:1), 'എന്റെ ശബ്ദം' (5: 3), 'എന്റെ ഞരക്കം' (102: 20) കേള്‍ക്കണമേ. ചിലപ്പോഴൊക്കെ ഈ പദപ്രയോഗം ''ഞാന്‍ പറയുന്നത് കേള്‍ക്കൂ'' (77: 1) എന്നതിനപ്പുറം 'ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു'' (77: 6) എന്നുള്ളതാണ്.

സങ്കീര്‍ത്തനം 18:6-ലെ ദാവീദിനെപ്പോലെ സങ്കീര്‍ത്തനക്കാര്‍ ഈ അപേക്ഷകള്‍ക്കുള്ള മറുപടിയായി ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു: ''തന്റെ മന്ദിരത്തില്‍നിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.' യഥാര്‍ത്ഥ മന്ദിരം ഇതുവരെയും പണിതിട്ടില്ലാത്തതിനാല്‍, ദൈവം തന്റെ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നു ശ്രദ്ധിക്കുന്നതാണോ ദാവീദ് സൂചിപ്പിച്ചിരിക്കുന്നത്?

ഭൂമിക്കു മുകളിലുള്ള ആകാശത്തിന്റെ താഴികക്കുടത്തിലെ അവന്റെ ''മന്ത്രിക്കുന്ന ഗാലറി'' യില്‍ നിന്ന്, ദൈവം നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലെ മന്ത്രണങ്ങളിലേക്കും നിശബ്ദ നിലവിളികളിലേക്കും ചെവി ചായിക്കുന്നു . . . ശ്രദ്ധിക്കുന്നു.

ഒരുമിച്ച് കഷ്ടപ്പെടുക

ബ്രിട്ടീഷ് റോയല്‍ മറൈനില്‍നിന്നു വിരമിച്ച എഴുപതുകാരനായ ജെയിംസ് മക്ക്‌കോണല്‍ 2013-ല്‍ മരിച്ചു. മക്ക്‌കോണലിനു കുടുംബം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ ആരും പങ്കെടുക്കാന്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പാര്‍ത്തിരുന്ന വൃദ്ധസദനത്തിലെ ജോലിക്കാര്‍ ഭയപ്പെട്ടു. മക്കോണലിന്റെ അനുസ്മരണ ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ഒരാള്‍ ഇപ്രകാരം ഒരു ഫേസ്ബുക്ക് സന്ദേശം പോസ്റ്റുചെയ്തു: ''ഈ ദിനത്തിലും യുഗത്തിലും, അവരുടെ കടന്നുപോകലിനെക്കുറിച്ച് വിലപിക്കാന്‍ ആരുമില്ലാതെ ഒരാള്‍ ഈ ലോകം വിട്ടുപോകേണ്ടിവരുന്നത് ദുഃഖകരമാണ്. പക്ഷേ ഈ മനുഷ്യന്‍ ഒരു കുടുംബാംഗമായിരുന്നു. . . . ആ ബന്ധം ശവക്കുഴിയിലേക്ക് വരെ നീളുന്നതാണെങ്കില്‍. . . സായുധസേനയിലെ ഈ മുന്‍ സഹോദരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍, ദയവായി അവിടെ ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.' ഇരുനൂറ് റോയല്‍ മറൈനുകള്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു!

ഈ ബ്രിട്ടീഷ് സ്വദേശികള്‍, തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബൈബിള്‍ സത്യത്തെയാണ് പ്രദര്‍ശിപ്പിച്ചത്: ''ശരീരം ഒരു അവയവമല്ല പലതത്രേ'' പൗലൊസ് പറയുന്നു (1 കൊരിന്ത്യര്‍ 12:14). നാം ഒറ്റപ്പെട്ടവരല്ല. നേരെ മറിച്ചാണ്: നാം യേശുവില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജൈവികമായ പരസ്പര ബന്ധം വേദപുസ്തകം വെളിപ്പെടുത്തുന്നു: ''ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു'' (വാ. 26). ദൈവത്തിന്റെ പുതിയ കുടുംബത്തിലെ അംഗങ്ങളായ യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍, നാം പരസ്പരം വേദനയിലേക്കും ദുഃഖത്തിലേക്കും ഒറ്റയ്ക്ക് പോകാന്‍ ഭയപ്പെടുന്ന ഇരുണ്ട സ്ഥലങ്ങളിലേക്കും ഒരുമിച്ചു നീങ്ങുന്നു. നാം ഒറ്റയ്ക്കു പോകേണ്ടതില്ല എന്നതിനു നന്ദി.

ഒരുപക്ഷേ കഷ്ടതയുടെ ഏറ്റവും മോശമായ ഭാഗം എന്നു പറയുന്നത്, ഇരുട്ടില്‍ നാം തനിയെ മുങ്ങുകയാണെന്ന് തോന്നുന്നതാണ്. എന്നിരുന്നാലും, ഒരുമിച്ചു സഹിക്കാന്‍ തയ്യാറുള്ള ഒരു പുതിയ സമൂഹത്തെ ദൈവം സൃഷ്ടിക്കുന്നു. ആരും ഇരുട്ടില്‍ ഉപേക്ഷിക്കപ്പെടാത്ത ഒരു പുതിയ സമൂഹം.