Month: ഫെബ്രുവരി 2021

പുതിയ ഒന്ന്

ശുദ്ധജലം ഇല്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന്, സീവാട്ടര്‍ ഗ്രീന്‍ഹൗസ് കമ്പനി ഒരു പുതിയ കാര്യം നിര്‍മ്മിച്ചു: ആഫ്രിക്കയിലെ സൊമാലിലാന്‍ഡിലും സമാന കാലാവസ്ഥയുള്ള മറ്റ് രാജ്യങ്ങളിലും 'കൂളിംഗ് ഹൗസുകള്‍' നിര്‍മ്മിച്ചു. കൂളിംഗ് ഹൗസുകള്‍ സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡുകൊണ്ട് നിര്‍മ്മിച്ച ചുവരുകളിലൂടെ കടല്‍ ജലം ഇറ്റിറ്റു വീഴിക്കുന്നു. ഓരോ പാനലിലൂടെയും വെള്ളം താഴോട്ടുവീഴുമ്പോള്‍, അതിലെ ഉപ്പ് ബോര്‍ഡില്‍ തങ്ങിനില്‍ക്കുകയും ശുദ്ധജലം താഴേക്കു വീഴുകയും ചെയ്യുന്നു. അവശേഷിക്കുന്ന ശുദ്ധജലത്തിന്റെ ഭൂരിഭാഗവും കെട്ടിടത്തിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുകയും ഇത് പഴങ്ങളും പച്ചക്കറികളും തഴച്ചുവളരാന്‍ സഹായിക്കുന്ന ഈര്‍പ്പമുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു.

പുരാതന യിസ്രായേലിനായി 'നിര്‍ജ്ജനപ്രദേശത്തു നദികള്‍ ഉണ്ടാക്കും' എന്നു പറഞ്ഞുകൊണ്ട് ഒരു 'പുതിയ കാര്യം' ചെയ്യുമെന്ന് യെശയ്യാ പ്രവാചകന്‍ മുഖാന്തരം ദൈവം വാഗ്ദത്തം ചെയ്തു (യെശയ്യാവ് 43:19). മിസ്രയീമ്യ സൈന്യത്തില്‍ നിന്ന് തന്റെ ജനത്തെ രക്ഷിക്കാന്‍ അവിടുന്ന് ചെയ്ത പഴയ കാര്യത്തില്‍നിന്ന് ഈ പുതിയ കാര്യം വ്യത്യസ്തമാണ്. ചെങ്കടല്‍ സംഭവം ഓര്‍ക്കുന്നുണ്ടോ? തന്റെ ജനം ഭൂതകാലത്തെ ഓര്‍മ്മിക്കണമെന്നു ദൈവം ആഗ്രഹിച്ചു, എന്നാല്‍ അവരുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഇടപെടലിനെ അത് മറയ്ക്കരുത് (വാ. 18). അദ്ദേഹം പറഞ്ഞു, 'ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അത്
അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും' (വാ. 19).

ഭൂതകാലത്തിലേക്കു നോക്കുന്നത് ദൈവത്തിന്റെ കരുതലിലുള്ള നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, ഭൂതകാലത്തില്‍ ജീവിക്കുന്നത് പരിശുദ്ധാത്മാവ് ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ നേരെ നമ്മുടെ കണ്ണ് കുരുടാക്കും. അവന്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് - സഹായിക്കുകയും പുനഃസൃഷ്ടി നടത്തുകയും തന്റെ ജനത്തെ നിലനിര്‍ത്തുകയും - കാണിച്ചുതരാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാം. സമീപത്തും വിദൂരത്തുമുള്ള മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവനോടൊപ്പം പങ്കാളിയാകാന്‍ ഈ അവബോധം നമ്മെ പ്രേരിപ്പിക്കട്ടെ.

ആഹ്ലാദകരമായ ഒരു ആഘോഷം

എന്റെ സുഹൃത്ത് ഡേവിന്റെ കൗമാരക്കാരിയായ മകള്‍ മെലിസയുടെ മരണത്തിന് ഒരു വര്‍ഷം മുമ്പ് എന്റെ സുഹൃത്ത് ഷാരോണ്‍ അന്തരിച്ചു. ഇരുവരും വാഹനാപകടത്തിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു രാത്രി ഷാരോണും മെലിസയും എന്റെ സ്വപ്‌നത്തില്‍ വന്നു. ഒരു വലിയ വിരുന്നു ഹാളില്‍ തോരണങ്ങള്‍ തൂക്കിയിട്ടുകൊണ്ട്് അവര്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു; ഞാന്‍ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ അവര്‍ എന്നെ അവഗണിച്ചു. വെള്ള വിരിപ്പുള്ള ഒരു നീളമുള്ള മേശയില്‍ സ്വര്‍ണ്ണപ്പാത്രങ്ങളും ചഷകങ്ങളും സജ്ജീകരിച്ചിരുന്നു. അലങ്കരിക്കാന്‍ സഹായിക്കട്ടെ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതായി തോന്നിയില്ല.

എന്നാല്‍ ഷാരോണ്‍ പറഞ്ഞു, 'ഈ പാര്‍ട്ടി മെലിസയുടെ വിവാഹ സല്‍ക്കാരമാണ്.'

'ആരാണ് വരന്‍?'' ഞാന്‍ ചോദിച്ചു.

അവര്‍ പ്രതികരിച്ചില്ല, എങ്കിലും അറിയാമെന്ന മട്ടില്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഒടുവില്‍, എനിക്കതു മനസ്സിലായി - യേശു!

'യേശുവാണ് മണവാളന്‍' ഞാന്‍ ഉണര്‍ന്നുകൊണ്ടു മന്ത്രിച്ചു.

യേശു മടങ്ങിവരുമ്പോള്‍ അവന്റെ വിശ്വാസികള്‍ ഒരുമിച്ച് പങ്കിടുന്ന സന്തോഷകരമായ ആഘോഷത്തെയാണ് എന്റെ സ്വപ്‌നം ഓര്‍മ്മിപ്പിക്കുന്നത്. വെളിപ്പാടില്‍ 'കുഞ്ഞാടിന്റെ കല്യാണ വിരുന്ന്'' (19:9) എന്ന വിശിഷ്ട വിരുന്നായി അതിനെ ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യ വരവിനായി ആളുകളെ ഒരുക്കിയ യോഹന്നാന്‍ സ്‌നാപകന്‍ അവനെ 'ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിളിച്ചു (യോഹന്നാന്‍ 1:29). അവന്‍ യേശുവിനെ 'മണവാളന്‍'' എന്നും തന്നെത്തന്നെ അവനെ കാത്തിരിക്കുന്ന 'സ്‌നേഹിതന്‍' (തോഴന്‍) എന്നും വിശേഷിപ്പിച്ചു (3:29).

ആ വിരുന്നു ദിനത്തിലും നിത്യതയിലും, നാം നമ്മുടെ മണവാളനായ യേശുവിനോടും ഷാരോണ്‍, മെലിസ, മറ്റെല്ലാ ദൈവജനത്തോടും ഒപ്പം അന്തമില്ലാത്ത കൂട്ടായ്മ ആസ്വദിക്കും.

ടിക്, ടിക് ശബ്ദം ഉണ്ടാക്കുന്ന ഒരു വാച്ച്

ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഐസ്ഹൗസില്‍ ഐസ് സംഭരിക്കുകയായിരുന്നു. പെട്ടെന്ന് അവരില്‍ ഒരാള്‍ ജനാലയില്ലാത്ത ആ കെട്ടിടത്തില്‍ തന്റെ വാച്ച് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കി. അയാളും കൂട്ടുകാരും അത് തിരഞ്ഞുവെങ്കിലും നിഷ്ഫലമായി.

പ്രതീക്ഷ കൈവിട്ട അവര്‍ പുറത്തുകടക്കുന്നത് കണ്ട ഒരു ആണ്‍കുട്ടി കെട്ടിടത്തിലുള്ളിലേക്ക് പോയി. താമസിയാതെ അവന്‍ വാച്ചുമായി പുറത്തുവന്നു. ഇത് എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: 'ഞാന്‍ വെറുതെ ശാന്തമായി ഇരുന്നു, താമസിയാതെ അതിന്റെ ടിക്, ടിക് ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.'

മിണ്ടാതെയിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ബൈബിള്‍ വളരെയധികം സംസാരിക്കുന്നു. അതിശയിക്കാനില്ല, കാരണം ദൈവം ചിലപ്പോള്‍ മൃദു ശബ്ദത്തിലാണ് സംസാരിക്കുന്നത് (1 രാജാക്കന്മാര്‍ 19:12). ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍, അവനെ കേള്‍ക്കാന്‍ പ്രയാസമാണ്. എന്നാല്‍ നാം തിരക്കുകള്‍ നിര്‍ത്തി അവനോടും തിരുവെഴുത്തുകളോടും ഒപ്പം ശാന്തമായി സമയം ചെലവഴിക്കുകയാണെങ്കില്‍, നമ്മുടെ ചിന്തകളില്‍ അവിടുത്തെ സൗമ്യമായ ശബ്ദം കേള്‍ക്കാന്‍ കഴിയും.

ദുഷ്ടന്മാരുടെ 'ദുഷ്ട പദ്ധതികളില്‍' നിന്ന് നമ്മെ രക്ഷിക്കാനും അഭയം നല്‍കാനും വിശ്വസ്തരായി തുടരുന്നതിനു നമ്മെ സഹായിക്കാനും ദൈവത്തെ നമുക്കു വിശ്വസിക്കാമെന്ന് സങ്കീര്‍ത്തനം 37:1-7 ഉറപ്പുനല്‍കുന്നു. എന്നാല്‍, ചുറ്റുപാടും പ്രക്ഷുബ്ധമാകുമ്പോള്‍ നമുക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?

7-ാം വാക്യം ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: 'യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്കുക.' പ്രാര്‍ത്ഥനയ്ക്കു ശേഷം അല്പ മിനിറ്റുകള്‍ മൗനം പാലിക്കാന്‍ പഠിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. അല്ലെങ്കില്‍ നിശബ്ദമായി ബൈബിള്‍ വായിച്ച് വാക്കുകള്‍ നമ്മുടെ ഹൃദയത്തെ കുതിര്‍ക്കാന്‍ അനുവദിക്കുക. അപ്പോള്‍, ഒരുപക്ഷേ, അവിടുത്തെ ജ്ഞാനം നമ്മോട് സംസാരിക്കുന്നത് നാം കേള്‍ക്കും - ഒരു വാച്ചിന്റെ ടിക്, ടിക് ശബ്ദം പോലെ ശാന്തമായും ക്രമമായും.

പ്രത്യാശയോടെ കാത്തിരിക്കുക

ഹച്ചി: എ ഡോഗ്‌സ് ടെയില്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ ഒരു കോളേജ് പ്രൊഫസര്‍ വഴിതെറ്റി വന്ന ഹച്ചി എന്നു പേരുള്ള നായ്ക്കുട്ടിയുമായി ചങ്ങാത്തം കൂടി. പ്രൊഫസര്‍ ജോലിയില്‍ നിന്ന് മടങ്ങിവരുന്നതിനായി ഓരോ ദിവസവും ട്രെയിന്‍ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്നതിലൂടെ നായ തന്റെ വിശ്വസ്തത പ്രകടിപ്പിച്ചു. ഒരു ദിവസം പ്രൊഫസറിന് മാരകമായ ഹൃദയാഘാതം സംഭവിച്ചു. ഹച്ചി ട്രെയിന്‍ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്നു, അടുത്ത പത്തുവര്‍ഷക്കാലം ഓരോ ദിവസവും അവന്‍ സ്റ്റേഷനിലെത്തി തന്റെ സ്‌നേഹവാനായ യജമാനനെ കാത്തിരിക്കുമായിരുന്നു.

തന്റെ യജമാനന്റെ വരവിനായി ക്ഷമയോടെ കാത്തിരുന്ന ശിമ്യോന്‍ എന്ന മനുഷ്യന്റെ കഥ ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:25). മശിഹായെ കാണുന്നത് വരെ മരണം കാണില്ലെന്ന് പരിശുദ്ധാത്മാവ് ശിമ്യോന് വെളിപ്പെടുത്തി (വാ. 26). തല്‍ഫലമായി, ദൈവജനത്തിന് 'രക്ഷ'' നല്‍കുന്നവനെ ശിമ്യോന്‍ കാത്തിരുന്നു (വാ. 30). മറിയയും യോസേഫും യേശുവിനെയും കൊണ്ട് ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവനാണ് അതെന്നു പരിശുദ്ധാത്മാവ് ശിമ്യോനോട് മന്ത്രിച്ചു! ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ശിമ്യോന്‍ ക്രിസ്തുവിനെ - സകല മനുഷ്യരുടെയും പ്രത്യാശയും രക്ഷയും ആശ്വാസവും ആയവനെ - കൈകളില്‍ എടുത്തു (വാ. 28-32).

നാം കാത്തിരിപ്പിന്റെ ഒരു കാലഘട്ടത്തിലാണെങ്കില്‍, യെശയ്യാപ്രവാചകന്റെ വാക്കുകള്‍ ആദ്യമെന്നോണം നമുക്കു കേള്‍ക്കാം: 'എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും' (യെശയ്യാവ് 40:31). യേശുവിന്റെ മടങ്ങിവരവിനായി നാം കാത്തിരിക്കുമ്പോള്‍, ഓരോ പുതിയ ദിവസത്തിനും ആവശ്യമായ പ്രത്യാശയും ശക്തിയും അവിടുന്ന് നല്‍കുന്നു.

മുകളിലേക്ക് നോക്കുക

സമുദ്രാന്തര്‍ഭാഗത്ത് സൂര്യപ്രകാശം കഷ്ടിച്ച് എത്തുന്ന 'ഇരുണ്ട മേഖലയാണ്' കോങ്കണ്ണന്‍ (വ്യത്യസ്ത വലുപ്പത്തിലുള്ള കണ്ണുകളുള്ള) കണവയുടെ ആവാസ കേന്ദ്രം. കണവയുടെ വിളിപ്പേര് അതിന്റെ തികച്ചും വ്യത്യസ്തമായ രണ്ടു കണ്ണുകളെ സൂചിപ്പിക്കുന്നതാണ്: ഇടത് കണ്ണ് കാലക്രമേണ വലത് കണ്ണിനെക്കാള്‍ വലുതായിത്തീരുന്നു- ഏതാണ്ട് ഇരട്ടി വലുപ്പത്തില്‍. ഇരുണ്ട ആഴത്തിലേക്ക് നോക്കാന്‍ കണവ ചെറിയ വലതു കണ്ണ് ഉപയോഗിക്കുന്നതായി മോളസ്‌കുകളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. വലിയ ഇടത് കണ്ണാകട്ടെ മുകളിലുള്ള സൂര്യപ്രകാശത്തിലേക്ക് നോക്കാനും.

നമ്മുടെ ഇന്നത്തെ ലോകത്ത് ജീവിക്കുകയെന്നാല്‍ എന്താണ് എന്നതിന്റെ അസ്വാഭാവികമായ ഒരു ചിത്രമാണ് കണവ. അതോടൊപ്പം 'ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റവര്‍' എന്ന നിലയില്‍ നാം കാത്തിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ചിത്രവും (കൊലൊസ്യര്‍ 3:1) അതു നല്‍കുന്നു. കൊലൊസ്യര്‍ക്കുള്ള ലേഖനത്തില്‍, നാം 'ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നതിനാല്‍' (വാ. 23) 'ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നേ' ചിന്തിക്കണം എന്ന് പൗലൊസ് നിര്‍ബന്ധിക്കുന്നു.

സ്വര്‍ഗ്ഗത്തിലെ നമ്മുടെ ജീവിതത്തിനായി കാത്തിരിക്കുന്ന ഭൂവാസികള്‍ എന്ന നിലയില്‍, നമ്മുടെ ഇന്നത്തെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നതിനായി നമ്മുടെ കണ്ണിനെ പരിശീലിപ്പിക്കണം. എന്നാല്‍ കണവയുടെ ഇടത് കണ്ണ് മുകളിലുള്ളതു കാണുന്നതിനായി കാലക്രമേണ വലുതും കൂടുതല്‍ സംവേദനക്ഷമവുമായ ഒന്നായി വികസിക്കുന്നതുപോലെ, ആത്മീയ മണ്ഡലത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ നമുക്കും വളരാന്‍ കഴിയും. യേശുവില്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നാം ഇതുവരെ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, എന്നാല്‍ 'മുകളിലേക്ക്'' നോക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ തുടങ്ങും.