Month: ഏപ്രിൽ 2021

നിങ്ങളോടുള്ള യേശുവിന്റെ വാഗ്ദത്തം

രോഹിതിന്റെ മാതാപിതാക്കള്‍ അവനെ ഷീലയെ ഏല്പിച്ചപ്പോള്‍ അവന്‍ നിലവിളിച്ചു. മമ്മിയും ഡാഡിയും ആരാധനയ്ക്കു പോയപ്പോള്‍ അവനെ ആദ്യമായിട്ടാണ് സണ്ടേസ്‌കൂള്‍ റ്റീച്ചറെ ഏല്പിച്ചത് - അത് അവനത്ര സന്തോഷമായിരുന്നില്ല. അവനു കുഴപ്പമൊന്നും വരില്ലെന്നു ഷില ഉറപ്പു നല്‍കി. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊണ്ട് അവനെ ശാന്തനാക്കാമെന്നു ഷീല കരുതി. അവള്‍ അവനെ കസേരയില്‍ ഇരുത്തി ആട്ടി, ചുറ്റും കൊണ്ടു നടന്നു. അവിടിരിക്കുന്നത് എത്ര രസകരമായിരിക്കുമെന്നു പറഞ്ഞുനോക്കി. എന്നാല്‍ അതൊക്കെ അവന്റെ കണ്ണീരും ഉച്ചത്തിലുള്ള നിലവിളിയും വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്നിട്ട് അവള്‍ അവന്റെ ചെവിയില്‍ ലളിതമായ മൂന്നു വാക്കുകള്‍ മന്ത്രിച്ചു: “ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും.'' പെട്ടെന്നു സമാധാനവും ആശ്വാസവുമുണ്ടായി.

ക്രൂശിക്കപ്പെട്ട ആഴ്ചയില്‍ യേശു തന്റെ സ്‌നേഹിതര്‍ക്ക് സമാനമായ ആശ്വാസവാക്കുകള്‍ നല്‍കി: 'എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും' (യോഹന്നാന്‍ 14:16-17). അവന്റെ പുനരുത്ഥാനത്തിനുശേഷം അവന്‍ അവര്‍ക്ക് ഈ വാഗ്ദാനം നല്‍കി: 'ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്' (മത്തായി 28:20). യേശു ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്കു പോകാനിരിക്കുകയാണ്, എന്നാല്‍ അവരോടു 'കൂടെയിരിക്കാനും' അവരില്‍ വസിക്കാനും അവിടുന്ന് ആത്മാവിനെ അയയ്ക്കും.

നമ്മുടെ കണ്ണുനീര്‍ ഒഴുകുമ്പോള്‍ ആത്മാവിന്റെ ആശ്വാസവും സമാധാനവും നാം അനുഭവിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുമ്പാള്‍ നമുക്ക് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നു (യോഹന്നാന്‍ 14:26). ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവിടുന്ന് നമ്മുടെ കണ്ണുകള്‍ തുറക്കുന്നു (എഫെസ്യര്‍ 1:17-20), നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു (റോമര്‍ 8:26-27).

അവിടുന്ന് എന്നേക്കും നമ്മോടൊപ്പം വസിക്കുന്നു.

ഭയത്തിന്റെ ക്വാറന്റൈനില്‍

2020-ല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ ഭയപ്പെടുത്തി. ആളുകളെ ക്വാറന്റൈനില്‍ ആക്കേണ്ടിവന്നു, രാജ്യങ്ങള്‍ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കി. രോഗം റിപ്പോര്‍ട്ടു ചെയ്യാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കും വൈറസ് ബാധിക്കുമെന്ന് ഇപ്പോഴും ഭയപ്പെടുന്നു. ഉത്കണ്ഠയെ സംബന്ധിച്ചു വിദഗ്ദ്ധനായ എബ്രഹാം ഡേവി വിശ്വസിക്കുന്നത്, നെഗറ്റീവ് വാര്‍ത്താ പ്രക്ഷേപണം 'നിങ്ങളെ ദുഃഖിതരാക്കുകയും കൂടുതല്‍ ഉത്കണ്ഠാകുലരാക്കുകയും ചെയ്യും' എന്നാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു തമാശ ഇപ്രകാരമാണ്: റ്റിവിയില്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍, അയാളുടെ ഉത്ക്കണ്ഠ എങ്ങനെ നിര്‍ത്താമെന്നു ചോദിക്കുന്നു. മറുപടിയായി, മുറിയിലെ മറ്റൊരാള്‍ എത്തി റ്റിവി ഓഫ് ചെയ്തിട്ട് അതിനുള്ള ഉത്തരം ശ്രദ്ധാകേന്ദ്രം മാറ്റുക എന്നതാണെന്നു നിര്‍ദ്ദേശിക്കുന്നു!

'അവന്റെ രാജ്യം അന്വേഷിക്കുക' (വാ. 31). ഉത്ക്കണ്ഠപ്പെടുന്നത്് അവസാനിപ്പിക്കാന്‍ ലൂക്കൊസ് 12 നല്‍കുന്ന ഉപദേശമാണിത്. അവിടുത്തെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു അവകാശം ഉണ്ടെന്ന വാഗ്ദത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവരാജ്യം തേടുകയാണ്. നാം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, നമ്മുടെ ശ്രദ്ധ തിരിക്കാനും ദൈവം നമ്മെ കാണുന്നുവെന്നും നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നുവെന്നും ഓര്‍ക്കാനും നമുക്കു കഴിയും (വാ. 24-30).

യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: 'ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു'' (വാ. 32). നമ്മെ അനുഗ്രഹിക്കുന്നതില്‍ ദൈവം സന്തോഷിക്കുന്നു! ആകാശത്തിലെ പക്ഷികള്‍, വയലിലെ പുഷ്പങ്ങള്‍, എന്നിവകളെക്കാളേറെ അവിടുന്നു നമ്മെ പരിപാലിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്ക് അവിടുത്തെ ആരാധിക്കാം (വാ. 22-29). ദുഷ്‌കരമായ സമയങ്ങളില്‍പ്പോലും നമുക്ക് തിരുവെഴുത്തുകള്‍ വായിക്കാനും ദൈവത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും നമ്മുടെ നല്ലവനും വിശ്വസ്തനുമായ ദൈവത്തില്‍ ആശ്രയിക്കാനും കഴിയും.

കഠിന നിലവും ആര്‍ദ്ര കരുണയും

ജെയിംസിന് കേവലം ആറു വയസ്സുള്ളപ്പോള്‍, അവന്റെ മൂത്ത ജ്യേഷ്ഠന്‍ ഡേവിഡ് ഒരു അപകടത്തില്‍ ദാരുണമായി മരിച്ചു. ഡേവിഡിന്റെ പതിന്നാലാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു അത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ജെയിംസ് തന്റെ അമ്മ മാര്‍ഗരറ്റിനെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അവളുടെ അഗാധമായ ദുഃഖത്തില്‍, തന്റെ മൂത്തമകന് വളര്‍ച്ചയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ലല്ലോ എന്നവള്‍ ചിലപ്പോഴൊക്കെ സ്വയം ഓര്‍മ്മിപ്പിച്ചു. ജെയിംസ് ബാരിയുടെ സമ്പന്നമായ ഭാവനയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ ആശയം, ഒരിക്കലും പ്രായമാകാത്ത പീറ്റര്‍ പാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനു പ്രചോദനമായിത്തീര്‍ന്നു. നടപ്പാതയില്‍ പൊട്ടിവിരിയുന്ന ഒരു പുഷ്പം പോലെ, ചിന്തിക്കാന്‍ പോലും കഴിയാത്ത ഹൃദയവേദനയുടെ കഠിനമായ നിലത്തുനിന്നുപോലും നന്മ ഉയര്‍ന്നുവരാറുണ്ട്.

നമ്മുടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍നിന്നു നല്ലതു പുറത്തുകൊണ്ടുവരുവാന്‍, തന്റെ അനന്തമായ സൃഷ്ടിപരമായ രീതിയില്‍ ദൈവത്തിനു കഴിയുന്നു എന്ന ചിന്ത എത്ര ആശ്വാസകരമാണ്. രൂത്തിന്റെ പഴയനിയമകഥയില്‍ ഇതിന്റെ മനോഹരമായ ഒരു ചിത്രം കാണാം. നവോമിക്കു രണ്ടു പുത്രന്മാരെ നഷ്ടപ്പെട്ടു. അങ്ങനെ നിസ്സഹായയായി അവള്‍ ഒറ്റപ്പെട്ടു. അവളുടെ വിധവയായ മരുമകള്‍ രൂത്ത് നവോമിയുടെ കൂടെ താമസിക്കുന്നതും ദൈവത്തെ സേവിക്കുന്നതും തിരഞ്ഞെടുത്തു (രൂത്ത് 1:16). ഒടുവില്‍, ദൈവത്തിന്റെ കരുതല്‍ അവര്‍ക്ക് അപ്രതീക്ഷിത സന്തോഷം നല്‍കി. രൂത്ത് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. അവര്‍ 'അവന് ഓബേദ് എന്നു പേരു വിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നേ' (4:17). യേശുവിന്റെ പൂര്‍വ്വികരുടെ പട്ടികയിലും അവന്‍ ഉള്‍പ്പെട്ടു (മത്തായി 1:5).

ദൈവത്തിന്റെ ആര്‍ദ്രമായ കരുണ നമുക്ക് ഗ്രഹിക്കാനുള്ള കഴിവിനപ്പുറത്തേക്ക് എത്തിച്ചേരുകയും നാം പ്രതീക്ഷിക്കാത്തിടത്തു നമ്മെ കണ്ടുമുട്ടുകയും ചെയ്യുന്നു. അന്വേഷണം തുടരുക! ഒരുപക്ഷേ നിങ്ങളത് ഇന്നും കണ്ടെത്തിയേക്കാം.

ജനാലകള്‍

ഹിമാലയത്തിലെ മലഞ്ചരിവില്‍, ജനാലകളില്ലാത്ത കുറെ വീടുകള്‍ ഒരു സന്ദര്‍ശകന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാത്രി ഉറങ്ങുമ്പോള്‍, പിശാചുക്കള്‍ തങ്ങളുടെ വീടുകളിലേക്കു കടന്നുകയറുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നതിനാലാണ് അവര്‍ വീടുകള്‍ക്കു ജനാലകള്‍ വയ്ക്കാത്തതെന്നു ഗൈഡ് വിശദീകരിച്ചു. എന്നാല്‍ ഒരു വീട്ടുടമ യേശുവിനെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍, വീട്ടിനുള്ളില്‍ വെളിച്ചം പ്രവേശിക്കുന്നതിനായി അയാള്‍ വീടിനു ജനാല സ്ഥാപിക്കുമെന്നു നമുക്കു പറയാനാവും.

സമാനമായ ഒരു പരിവര്‍ത്തനം നമ്മില്‍ സംഭവിക്കാം. പക്ഷേ നാമത് ആ രീതിയിലായിരിക്കുകയില്ല കാണുന്നത്. നമ്മെ ഭയപ്പെടുത്തുന്നതും ധ്രുവീകരിക്കുന്നതുമായ ഒരു കാലത്താണു നാം ജീവിക്കുന്നത്. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഭിന്നിപ്പിക്കുന്ന കോപാക്രാന്തമായ ഭിന്നതകള്‍ സാത്താനും ദുരാത്മാക്കളും നമ്മിലുളവാക്കുന്നു. എന്റെ മതിലുകള്‍ക്കു പിന്നില്‍ ആരോ ഒളിച്ചിരിക്കുന്നതായി എനിക്കു പലപ്പോഴും തോന്നും. എന്നാല്‍ ഞാന്‍ ഒരു ജനാല ഉണ്ടാക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.

യിസ്രായേല്‍ ഉയര്‍ന്ന മതിലുകളില്‍ അഭയം തേടി, എന്നാല്‍ അവരുടെ സുരക്ഷ തന്നിലാണെന്നു ദൈവം അവരോടു പറഞ്ഞു. അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു വാഴുന്നു, അവിടുത്തെ വചനം എല്ലാവരെയും ഭരിക്കുന്നു (യെശയ്യാവ് 55:10-11). യിസ്രായേല്‍ തന്നിലേക്കു മടങ്ങിവന്നാല്‍, ദൈവം അവരോടു 'കരുണ കാണിക്കുകയും'' (വാ. 7), ലോകത്തെ അനുഗ്രഹിക്കാനായി അവരെ തന്റെ ജനമായി പുനഃസ്ഥാപിക്കുകയും ചെയ്യും (ഉല്പത്തി 12:1-3). അവിടുന്ന് അവരെ ഉയര്‍ത്തി, ആത്യന്തികമായി ഒരു ജയഘോഷയാത്രയില്‍ അവരെ നയിക്കും. അവരുടെ ആഘോഷം 'യഹോവയ്ക്ക് ഒരു കീര്‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായൊരു അടയാളമായും ഇരിക്കും'' (യെശയ്യാവ് 55:13).

ചിലപ്പോള്‍ മതിലുകള്‍ ആവശ്യമാണ്. ജനാലകളുള്ള മതിലുകള്‍ മികച്ചതാണ്. ഭാവിയെ സംബന്ധിച്ചു നാം ദൈവത്തെ വിശ്വസിക്കുന്നുവെന്ന് അവ ലോകത്തെ കാണിക്കുന്നു. നമ്മുടെ ഭയം യഥാര്‍ത്ഥമാണ്. നമ്മുടെ ദൈവം അതിലും വലിയവനാണ്. ജനാലകള്‍ നമ്മെ ലോകത്തിന്റെ വെളിച്ചമായ യേശുവിലേക്കും (യോഹന്നാന്‍ 8:12) അവിടുത്തെ ആവശ്യമുള്ള മറ്റുള്ളവരിലേക്കും തുറക്കുന്നു.

കരുണ കാണിക്കുക

റുവാണ്ടന്‍ വംശഹത്യയില്‍ തന്റെ ഭര്‍ത്താവിനെയും മക്കളില്‍ ചിലരെയും കൊന്ന മനശ്ശെയോട് അവള്‍ എങ്ങനെ ക്ഷമിച്ചുവെന്ന് അയവിറക്കിക്കൊണ്ടു ബിയാത്ത പറഞ്ഞു, “എന്റെ ക്ഷമ യേശു ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാക്കാലത്തെയും സകല ദുഷ്പ്രവൃത്തികള്‍ക്കുമുള്ള ശിക്ഷ അവിടുന്ന് ഏറ്റെടുത്തു. അവിടുത്തെ കുരിശാണു നാം വിജയം കണ്ടെത്തുന്ന സ്ഥലം - ഏക സ്ഥലം!’’ ബിയാത്തയോട് - ദൈവത്തോടും - ക്ഷമ യാചിച്ചുകൊണ്ട് മനശ്ശെ ഒന്നിലധികം പ്രാവശ്യം ബിയാത്തയ്ക്കു ജയിലില്‍നിന്നു കത്തെഴുതി. തന്നെ വിടാതെ പിന്‍തുടരുന്ന പതിവു പേടിസ്വപ്‌നങ്ങളെക്കുറിച്ച് അയാള്‍ കത്തില്‍ വിശദീകരിച്ചു. കുടുംബത്തെ കൊന്നതിന് അവനെ വെറുക്കുന്നുവെന്നു പറഞ്ഞ് ആദ്യം അവള്‍ക്ക് ഒരു ദയയും കാണിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് 'യേശു അവളുടെ ചിന്തകളിള്‍ ആധിപത്യം നേടി.' ദൈവത്തിന്റെ സഹായത്തോടെ, രണ്ടുവര്‍ഷത്തിനുശേഷം അവള്‍ അവനോടു ക്ഷമിച്ചു.  

ഇക്കാര്യത്തില്‍ മാനസാന്തരപ്പെടുന്നവരോടു ക്ഷമിക്കണമെന്ന, ശിഷ്യന്മാരോടുള്ള യേശുവിന്റെ കല്പന ബിയാത്ത അനുസരിച്ചു. 'ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കുകയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക' (ലൂക്കൊസ് 17:4). എന്നാല്‍ ക്ഷമിക്കുക എന്നത് അത്യന്തം പ്രയാസകരമാണ്. അതാണു നാം ശിഷ്യന്മാരുടെ പ്രതികരണത്തില്‍ കാണുന്നത്: 'ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ!'' (വാ. 5).

ക്ഷമിക്കാനുള്ള കഴിവില്ലായ്മയെക്കുറിച്ചു പ്രാര്‍ത്ഥനയില്‍ പോരാടുമ്പോള്‍ത്തന്നെ, ബിയാത്തയുടെ വിശ്വാസം വര്‍ദ്ധിച്ചു. അവളെപ്പോലെ, ക്ഷമിക്കാന്‍ നാമും പാടുപെടുകയാണെങ്കില്‍, അങ്ങനെ ചെയ്യാന്‍ പരിശുദ്ധാത്മാവിലൂടെ നമ്മെ സഹായിക്കാന്‍ ദൈവത്തോടു നമുക്ക് അപേക്ഷിക്കാം. നമ്മുടെ വിശ്വാസം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ക്ഷമിക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.