Month: ആഗസ്റ്റ് 2021

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ഞാൻ മറ്റൊരു രാജ്യത്ത് അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോൾ, ഒരു പോക്കറ്റടിക്കാരൻ എന്റെ സാധനങ്ങൾ അപഹരിക്കാൻ ശ്രമിച്ചതിൽ അതിശയിക്കാനില്ലായിരുന്നു. ഇടവഴികളിൽ കാണുന്ന മോഷ്ടാക്കളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഞാൻ വായിച്ചിരുന്നു, അതിനാൽ എന്റെ പഴ്‌സ് സംരക്ഷിക്കാൻ എന്തുചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും, അതു സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭാഗ്യവശാൽ, എന്റെ പഴ്‌സ് തട്ടിയെടുത്ത യുവാവിന്റെ വിരലുകൾക്കു വഴുക്കലുണ്ടായിരുന്നതിനാൽ, പഴ്‌സ് തറയിലേക്ക് വീഴുകയും ഞാനതു പെട്ടെന്നെടുക്കുകയും ചെയ്തു. പക്ഷേ, മുന്നറിയിപ്പുകൾ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആ സംഭവം എന്നെ ഓർമ്മപ്പെടുത്തി.

മുന്നറിയിപ്പുകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കാൻ നാം ഇഷ്ടപ്പെടുന്നില്ല, കാരണം അവ ജീവിതം ആസ്വദിക്കുന്നതിനു തടസ്സമാണെന്നു നാം കരുതുന്നു. പക്ഷേ അവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ദൈവത്തിന്റെ വരാനിരിക്കുന്ന രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാൻ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ യേശു നമുക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി (മത്തായി 10:7). അവൻ പറഞ്ഞു, ''മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും'' (വാ. 32-33).

നമുക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ട്. ദൈവം തന്റെ സ്‌നേഹത്തിൽ, ഒരു രക്ഷകനെയും നിത്യതയോളം നാം അവിടുത്തെ സന്നിധിയിൽ ഇരിക്കുന്നതിനുള്ള ഒരു പദ്ധതിയും നൽകി. എന്നാൽ നാം ദൈവത്തിൽ നിന്ന് പിന്തിരിയുകയും അവന്റെ രക്ഷാ സന്ദേശവും ഇന്നും എന്നേക്കുമായി അവൻ വാഗ്ദാനം ചെയ്യുന്ന യഥാർത്ഥ ജീവിതവും നിരസിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അവനോടൊപ്പം ജീവിക്കാനുള്ള അവസരം നമുക്ക് നഷ്ടപ്പെടും.  

നമ്മെ സ്‌നേഹിക്കുകയും സൃഷ്ടിക്കുകയും ചെയ്തവനിൽ നിന്ന് എന്നെന്നേക്കുമായി നാം അകന്നുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുന്നതു തിരഞ്ഞെടുത്ത യേശുവിൽ നമുക്ക് ആശ്രയിക്കാം.  

ഒരു നല്ല കാരണം

രണ്ട് സ്ത്രീകൾ ഇടനാഴിയിലെ എതിർ സീറ്റുകളിലിരുന്ന് പരസ്പരം നോക്കി സംസാരിക്കുകയായിരുന്നു. ഫ്‌ളൈറ്റ് രണ്ട് മണിക്കൂറായിരുന്നു, അതിനാൽ എനിക്ക് അവരുടെ ഇടപാടുകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർക്ക് പരസ്പരം അറിയാമെന്നും ഒരുപക്ഷേ ബന്ധുക്കളാകാമെന്നും വ്യക്തമായിരുന്നു. രണ്ടുപേരിൽ ഇളയ സ്ത്രീ (മിക്കവാറും അറുപതു വയസ്സുകാണും) മൂത്തയാൾക്ക് (അവൾ തൊണ്ണൂറുകളിൽ ആണ്) തന്റെ ബാഗിൽനിന്ന് ആപ്പിൾ കഷണങ്ങൾ എടുത്തു കൊടുത്തുകൊണ്ടിരുന്നു. തുടർന്ന് വീട്ടിലുണ്ടാക്കിയ സാൻഡ്‌വിച്ചുകളും ഒടുവിൽ കൈയും മുഖവും വൃത്തിയാക്കാൻ ഒരു ടവലും നൽകി. ഒടുവിൽ ഒട്ടും ചുളിവില്ലാത്ത ഒരു പത്രവും. ഓരോന്നും കൈമാറിയിരുന്നത് വളരെ ആർദ്രതയോടും ആദരവോടും കൂടിയായിരുന്നു. വിമാനത്തിൽ നിന്നു പുറത്തുകടക്കാൻ ഞങ്ങൾ നിൽക്കുമ്പോൾ, ഞാൻ ഇളയ സ്ത്രീയോട് പറഞ്ഞു, ''നിങ്ങൾ അവളെ പരിപാലിക്കുന്ന രീതി ഞാൻ ശ്രദ്ധിച്ചു. അത് മനോഹരം ആയിരുന്നു.'' അവൾ മറുപടി പറഞ്ഞു, ''അവൾ എന്റെ ഉത്തമസുഹൃത്താണ്. അവൾ എന്റെ അമ്മയാണ്.''

നമുക്കെല്ലാവർക്കും അത്തരത്തിലുള്ള എന്തെങ്കിലും പറയാൻ കഴിയുമെങ്കിൽ അത് മഹത്തരമല്ലേ? ചില മാതാപിതാക്കൾ മികച്ച സുഹൃത്തുക്കളെപ്പോലെയാണ്. ചില മാതാപിതാക്കൾ അങ്ങനെയല്ല. ആ ബന്ധങ്ങൾ എല്ലായ്‌പ്പോഴും സങ്കീർണ്ണമാണ് എന്നതാണ് സത്യം. പൗലൊസ് തിമൊഥെയൊസിന് എഴുതിയ കത്ത് ആ സങ്കീർണ്ണതയെ അവഗണിക്കുന്നില്ലെങ്കിലും, മാതാപിതാക്കളെയും മുത്തശ്ശിമാരെയും - നമ്മുടെ ''ബന്ധുക്കളെയും'' നമ്മുടെ ''സ്വന്തം കുടുംബത്തെയും'' - പരിപാലിക്കുന്നതിലൂടെ നമ്മുടെ ''ഭക്തി സ്വന്ത കുടുംബത്തിൽ കാണിക്കാൻ'' ആഹ്വാനം ചെയ്യുന്നു (1 തിമൊഥെയൊസ് 5:4, 8).

നാമെല്ലാവരും പലപ്പോഴും അത്തരം പരിചരണം നൽകുന്നത് കുടുംബാംഗങ്ങൾ നമ്മോടു നല്ല രീതിയിൽ പെരുമാറിയിരുന്നു അല്ലെങ്കിൽ പെരുമാറുന്നു എങ്കിൽ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ അർഹരാണെങ്കിൽ മാത്രം. എന്നാൽ അങ്ങനെ പെരുമാറുന്നതിന് പൗലൊസ് അതിലും മനോഹരമായ ഒരു കാരണം വാഗ്ദാനം ചെയ്യുന്നു. അവരെ പരിപാലിക്കുക, കാരണം ''അതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു'' (വാ. 4).

ദൈവത്തിന്റെ കരുതൽ

ഗ്രാമത്തിൽ നിന്ന് വളരെ വളരെയകന്ന് ഞങ്ങൾ വനത്തിന്റെ കൂടുതൽ ഉള്ളിലേക്കു സഞ്ചരിച്ചു. ഒന്നോ അതിലധകിമോ മണിക്കൂർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ വെള്ളത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പം കേട്ടു. ഞങ്ങൾ നടപ്പു വേഗത്തിലാക്കി, താമസിയാതെ ഒരു തെളിഞ്ഞ പ്രദേശത്തെത്തി, ചാരനിറത്തിലുള്ള പാറകൾക്കിടയിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിന്റെ വെളുത്ത തിരശ്ശീല സൃഷ്ടിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ് ഞങ്ങളെ സ്വീകരിച്ചത്. അതിമനോഹരം!

ഒരു മണിക്കൂർ മുമ്പ് ഞങ്ങൾ യാത്രയാരംഭിച്ച ഗ്രാമത്തിൽനിന്നുള്ള ഞങ്ങളുടെ വഴികാട്ടി, അന്നു രാത്രി അവിടെ തങ്ങാമെന്നു തീരുമാനിച്ചു. മികച്ച ആശയം, പക്ഷേ ഭക്ഷണം എവിടെനിന്നു കിട്ടും? ഞങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. എന്റെ സുഹൃത്തുക്കൾ ചുറ്റുമുള്ള വനത്തിലേക്കു പോയി, പലതരം പഴങ്ങളും ഇലകളും കുറച്ച് മത്സ്യങ്ങളുമായി മടങ്ങിവന്നു. ഭക്ഷണം വിചിത്രമായ തോന്നി, എങ്കിലും അതിന്റെ രുചി സ്വർഗ്ഗതുല്യമായിരുന്നു!

സൃഷ്ടി ദൈവത്തിന്റെ അത്യധികമായ കരുതലിനെ പ്രഖ്യാപിക്കുന്നുവെന്ന് ഇതെന്നെ ഓർമ്മപ്പെടുത്തി. ''ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു'' എന്നതിൽനിന്നും അവന്റെ ഔദാര്യത്തിന്റെ തെളിവ് നമുക്കു കാണാം (ഉല്പത്തി 1:12). ദൈവം നമുക്കു ഭക്ഷണത്തിനായി ''ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും'' (വാ. 29) നൽകി.

നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തെ വിശ്വസിക്കാൻ ചിലസമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? എന്തുകൊണ്ട് ഒന്നു നടക്കാൻ പ്രകൃതിയിലേക്ക് ഇറങ്ങിക്കൂടാ? നിങ്ങൾ കാണുന്ന കാര്യങ്ങൾ യേശുവിന്റെ വാക്കുകളെ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ:  ''നാം എന്തു തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത് . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ'' (മത്തായി 6:31-32).

നിങ്ങളുടെ ശത്രുവിനെ സ്‌നേഹിക്കുക

അവൾ എന്നെ കാണുന്നതിന് മുമ്പ് ഞാൻ ഒരു മുറിയിലേക്കു കയറി. ഒളിച്ചിരിക്കുന്നതിൽ ഞാൻ ലജ്ജിച്ചു, പക്ഷേ അന്നോ അല്ലെങ്കിൽ എപ്പോഴെങ്കിലുമോ അവളെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അവളോട് പറയാനും അവളെ അവളുടെ സ്ഥാനത്ത് നിർത്താനും ഞാൻ ആഗ്രഹിച്ചു. അവളുടെ മുൻകാല പെരുമാറ്റത്തിൽ ഞാൻ അസ്വസ്ഥനായിരുന്നുവെങ്കിലും, ഒരുപക്ഷേ ഞാൻ അവളെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.

യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ പരസ്പരം പ്രകോപിപ്പിക്കുന്ന ഒരു ബന്ധമാണുണ്ടായിരുന്നത്. സമ്മിശ്ര വംശജരായ ഒരു ജനതയായതിനാലും സ്വന്തം ദേവന്മാരെ ആരാധിക്കുന്നതിനാലും ശമര്യക്കാർ - യെഹൂദന്മാരുടെ കണ്ണിൽ - യെഹൂദ വംശശുദ്ധിയെ കളങ്കപ്പെടുത്തിയവരും ഗെരിസീം പർവ്വതത്തിൽ ഒരു ബദൽ മതം സ്ഥാപിച്ചതുവഴി വിശ്വാസത്തെ ത്യജിച്ചവരും ആയിരുന്നു (യോഹന്നാൻ 4:20). വാസ്തവത്തിൽ, ശമര്യക്കാരെ അത്രയധികം നിന്ദിച്ചതിനാൽ, അവരുടെ രാജ്യത്തിലൂടെയുള്ള നേരിട്ടുള്ള വഴിയിലൂടെ സഞ്ചരിക്കുന്നതിനുപകരം ആ രാജ്യത്തെ ചുറ്റി ദീർഘമായ ദൂരം സഞ്ചരിക്കുവാൻ യെഹൂദന്മാർ മടിച്ചിരുന്നില്ല.

യേശു ഒരു മികച്ച മാർഗ്ഗം വെളിപ്പെടുത്തി. ശമര്യക്കാർ ഉൾപ്പെടെ എല്ലാ ആളുകൾക്കും അവൻ രക്ഷ കൊണ്ടുവന്നു. പാപിയായ ഒരു സ്ത്രീക്കും അവളുടെ പട്ടണത്തിനും ജീവനുള്ള വെള്ളം എത്തിക്കുന്നതിനായി അവൻ ശമര്യയുടെ ഹൃദയത്തിൽ പ്രവേശിച്ചു (വാ. 4-42). ശിഷ്യന്മാരോടുള്ള അവന്റെ അവസാന വാക്കുകൾ തന്റെ മാതൃക പിന്തുടരുക എന്നതായിരുന്നു. യെരൂശലേമിൽ തുടങ്ങി ശമര്യയിലൂടെ ''ഭൂമിയുടെ അറ്റത്തോളം'' എത്തുന്നതുവരെ, അവർ എല്ലാവരോടും അവന്റെ സുവാർത്ത പങ്കിടണം (പ്രവൃത്തികൾ 1:8). ഭൂമിശാസ്ത്രപരമായ അടുത്ത ക്രമത്തെക്കാൾ കൂടുതലായ ഒന്നായിരുന്നു ശമര്യ. ദൗത്യത്തിന്റെ ഏറ്റവും വേദനാജനകമായ ഭാഗമായിരുന്നു അത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെ സ്‌നേഹിക്കാൻവേണ്ടി ആജീവനാന്ത മുൻവിധിയെ ശിഷ്യന്മാർക്കു മറികടക്കേണ്ടിയിരുന്നു.

നമ്മുടെ പ്രശ്‌നങ്ങളേക്കാൾ യേശു നമുക്ക് പ്രാധാന്യമുള്ളവനായിരിക്കുന്നുവോ? അതുറപ്പാക്കാൻ ഒരു വഴിയേയുള്ളൂ, നിങ്ങളുടെ ''ശമര്യക്കാരനെ'' സ്‌നേഹിക്കുക.

പ്രതികാരം അന്വേഷിക്കുന്നില്ല

കൃഷിക്കാരൻ തന്റെ ട്രക്കിൽ കയറി വിളകളുടെ പ്രഭാത പരിശോധന ആരംഭിച്ചു. വസ്തുവിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ അയാളുടെ രക്തം തിളക്കാൻ തുടങ്ങി. ആരോ നിയമവിരുദ്ധമായി വീണ്ടും അവിടെ മാലിന്യം കൊണ്ടിട്ടിരിക്കുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ ബാഗുകൾ ട്രക്കിൽ നിറച്ചുകൊണ്ടിരുന്നപ്പോൾ, കർഷകൻ ഒരു കവർ കണ്ടെത്തി. അതിൽ കുറ്റവാളിയുടെ വിലാസം അച്ചടിച്ചിരുന്നു. അവഗണിക്കാൻ കഴിയാത്തവിധം വളരെ നല്ല ഒരു അവസരം ഇതാ. ആ രാത്രിയിൽ അയാൾ കുറ്റവാളിയുടെ വീട്ടിലേക്കു പോയി, മാലിന്യം മുഴുവനും അയാളുടെ തോട്ടത്തിൽ നിക്ഷേപിച്ചു, അയാളുടേതു മാത്രമല്ല, തന്റേതും!

പ്രതികാരം മധുരതരമാണ് എന്നു ചിലർ പറയുന്നു. പക്ഷേ അതു ശരിയാണോ? 1 ശമൂവേൽ 24 ൽ, കൊലപാതകിയായ ശൗൽ രാജാവിൽ നിന്ന് രക്ഷപ്പെടാനായി ദാവീദും കൂട്ടരും ഒരു ഗുഹയിൽ ഒളിച്ചിരുന്നു. വിശ്രമിക്കുന്നതിനായി ശൗൽ അതേ ഗുഹയിലേക്കു കടന്നപ്പോൾ, ദാവീദിനു തീരെ അവഗണിക്കാൻ കഴിയാത്ത, പ്രതികാരത്തിനുള്ള വളരെ നല്ല അവസരമാണ് ദാവീദിന്റെ ആളുകൾ അതിൽ കണ്ടത് (വാ. 3-4). എന്നാൽ, അവസരം മുതലാക്കാനുള്ള ഈ ആഗ്രഹത്തെ ദാവീദ് എതിർത്തു. ''എന്റെ യജമാനന്റെ നേരെ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ'' (വാ. 6). ദാവീദ് തന്റെ ജീവൻ രക്ഷിക്കുന്നതാണ് തിരഞ്ഞെടുത്തതെന്ന് ശൗൽ കണ്ടെത്തിയപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല: ''നീ എന്നെക്കാൾ നീതിമാൻ,'' ശൗൽ ഏറ്റുപറഞ്ഞു (വാ. 17-18).

നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അനീതി നേരിടുമ്പോൾ, കുറ്റവാളികളോടു പ്രതികാരം ചെയ്യാനുള്ള അവസരങ്ങൾ വന്നേക്കാം. കൃഷിക്കാരൻ ചെയ്തതുപോലെ, നാം ഈ മോഹങ്ങൾക്ക് വഴങ്ങുമോ അതോ ദാവീദിനെപ്പോലെ അവയെ ചെറുക്കുമോ? പ്രതികാരത്തിനു പകരം നാം യോഗ്യമായ പാത തിരഞ്ഞെടുക്കുമോ?