Month: ഒക്ടോബർ 2021

വേദപഠനം

ജെ ഐ പാക്കർ (1926-2020) നോയിങ് ഗോഡ് എന്ന തന്റെ വിശിഷ്ട കൃതിയിൽ വളരെ പരിചിതരായ 4 ക്രിസ്തു വിശ്വാസികളെ, അദ്ദേഹത്തിന്റെ ഭാഷയിൽ "ബൈബിളിനു വേണ്ടിയുള്ള ബീവേഴ്സ്" എന്ന് പറഞ്ഞിരിക്കുന്നു. പരിശീലനം ലഭിച്ചവരല്ലെങ്കിലും, ഓരോരുത്തരും ഒരു ബീവർ ആഴത്തിൽ കുഴിച്ചു ഒരുമരം കാർന്നു തിന്നുന്നത് പോലെ ദൈവ വചനത്തെ ആഴത്തിൽ പഠിച്ചിരുന്നു.  വേദ പഠനത്തിലൂടെ ദൈവത്തെ അറിയുക എന്നത് പണ്ഡിതന്മാർക്കു മാത്രമുള്ളതല്ല എന്ന് പാർക്കർ പിന്നീട് പറയുന്നു. "ദൈവവുമായുള്ള ആത്മബന്ധം ആഴത്തിൽ സ്ഥാപിക്കുവാൻ ദൈവശാസ്ത്രപരമായി കൂടുതൽ പഠിച്ച പണ്ഡിതനേക്കാൾ സാധാരണക്കാരനായ ഒരു ബൈബിൾ വായനക്കാരന് സാധിക്കും".

നിർഭാഗ്യവശാൽ, ദൈവവചനം പഠിക്കുന്ന എല്ലാവരും തന്നെ താഴ്മയുള്ള ഹൃദയത്തോടെ രക്ഷകനെ കൂടുതൽ അറിയുവാനും അവിടുത്തെ പോലെയാകുവാനും ശ്രമിക്കാറില്ല. യേശുവിന്റെ കാലത്തു പഴയ നിയമ ഭാഗങ്ങൾ വായിക്കുകയും എന്നാൽ അതിൽ ആരെക്കുറിച്ചു പരാമർശിച്ചിരിക്കുന്നുവെന്നു അവർ തിരിച്ചറിഞ്ഞില്ല. "നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല". (യോഹന്നാൻ 5: 39-40)

ബൈബിൾ വായിക്കുമ്പോൾ താങ്കളെപ്പോഴെങ്കിലും സ്തബ്ദനായിട്ടുണ്ടോ? അല്ലെങ്കിൽ ദൈവവചനം പഠിക്കുന്നത് തന്നെ മുഴുവനായും അവസാനിപ്പിച്ചിട്ടുണ്ടോ? ബൈബിൾ "ബിവേർസ്" (ആഴത്തിൽ പഠിക്കുന്നവർ) ബൈബിൾ വായിക്കുന്നവരേക്കാൾ മുന്നിലാണ്. വേദപുസ്തകത്തിൽ വെളിപ്പെട്ടിരിക്കുന്ന യേശുവിനെ കാണുവാനും സ്നേഹിക്കുവാനും അവരുടെ കണ്ണുകൾ തുറക്കേണ്ടതിന് അവർ പ്രാർത്ഥനയോടും ശ്രദ്ധയോടുകൂടി ദൈവവചനത്തെ കാർന്ന് തിന്നുന്നു. 

ഉള്ളിൽ നിന്നുള്ള ഉടയൽ

എന്റെ കൗമാരപ്രായത്തിൽ എന്റെ അമ്മ ഞങ്ങളുടെ സ്വീകരണമുറിയുടെ ഭിത്തിയിൽ ഒരു ചുമർചിത്രം വരച്ചു. അത് ദീർഘ നാളുകൾ അവിടെയുണ്ടായിരുന്നു. ഒരു പുരാതന ഗ്രീക്ക് ക്ഷേത്രത്തിന്റെ തകർന്ന തൂണുകൾ വശങ്ങളിലും, ഉടഞ്ഞ ജലധാരയും, തകർന്ന ഒരു പ്രതിമയുമടങ്ങുന്ന അവശിഷ്ടങ്ങളായിരുന്നു അതിന്റെ പ്രതിപാദ്യം. ഒരിക്കൽ വളരെ മനോഹരമായിരുന്ന ആ യവന വാസ്തുശില്പം, എങ്ങനെയാണ് തകർന്നത് എന്ന് സങ്കല്പിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാൻ വളരെ കൗതകത്തോടെ  അവിടെയുണ്ടായ ദുരന്തത്തെപ്പറ്റി പഠിച്ചപ്പോൾ,  ഒരിക്കൽ ബൃഹത്തും സമ്പന്നവുമായിരുന്ന സംസ്കാരം ജീർണ്ണിച്ചു നശിച്ചു പോയത് അതിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. 

ഇന്ന് നമ്മുക്ക് ചുറ്റും കാണുന്ന പാപകരമായ വഷളത്തവും അനിയന്ത്രിതമായ തകർച്ചകളും ബുദ്ധിമുട്ടുളവാക്കുന്നതാണ്. സ്വാഭാവികമായും ഇത് വിശദീകരിക്കുവാനായി നാം, വ്യക്തികളും രാഷ്ട്രങ്ങളും ദൈവത്തെ മറന്നു കളഞ്ഞതാണ് കാരണമെന്ന് വിരൽ ചൂണ്ടാറുണ്ട്. നാം നമ്മിലേക്ക്‌ തന്നെയും നോക്കേണ്ടതല്ലേ? നാം നമ്മുടെ തന്നെ ഹൃദയാന്തർഭാഗത്തു നോക്കാതെ മറ്റുള്ളവർ അവരുടെ പാപങ്ങളിൽ നിന്നും തിരിയണമെന്നു പറയുമ്പോൾ കപടഭക്തരാകുന്നു എന്ന് വചനം പറയുന്നു. (മത്താ.7: 1-5)

സങ്കീർത്തനം 32 നമ്മുടെ സ്വന്തം പാപം കാണാനും ഏറ്റുപറയാനും നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ വ്യക്തിപരമായ പാപം തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് കുറ്റബോധത്തിൽ നിന്നും സ്വാതന്ത്ര്യവും യഥാർത്ഥ മാനസാന്തരത്തിന്റെ സന്തോഷവും അനുഭവിക്കാൻ കഴിയൂ (vv. 1-5). ദൈവം നമുക്ക് പൂർണ്ണമായ പാപമോചനം നൽകുന്നുവെന്ന് അറിയുന്നതിൽ നാം സന്തോഷിക്കുമ്പോൾ, പാപത്തോടു പോരാടുന്ന മറ്റുള്ളവരുമായി നമുക്ക് ആ പ്രതീക്ഷ പങ്കിടാൻ കഴിയും.

ത്യജിക്കേണ്ടത് എപ്പോഴാണ്

ഫെബ്രുവരി 2020 ൽ, കോവിഡ് -19 പ്രതിസന്ധിയുടെ ആരംഭത്തിൽ ഒരു പത്രത്തിന്റെ കോളമിസ്റ്റിന്റെ ഉത്കണ്ഠ എന്നെ പിടിച്ചുലച്ചു. മറ്റുള്ളവർക്ക് അസുഖം ബാധിക്കാതിരിക്കുവാനായി നാം സ്വയം മാറിനിൽക്കുമോ, നമ്മുടെ ജോലി, യാത്രകൾ, ഷോപ്പിങ് രീതികൾ എന്നിവ മാറ്റിയാൽ മറ്റുള്ളവർക്ക് അസുഖം വരാതിരിക്കുമോ? എന്നവൾ ആശ്ചര്യപ്പെട്ടു. ഇത് "ഇത് ഒരു ചികിത്സാ രീതിയല്ല",  മറിച്ചു "മറ്റുള്ളവർക്കുവേണ്ടി നമ്മെത്തന്നെ മാറ്റി നിർത്തുവാനുള്ള നമ്മുടെ സന്നദ്ധതയാണ്". 

നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു നാം ആകുലായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ആവശ്യത്തെ പരിഗണിക്കുക എന്നത് പ്രയാസമാണ്. നമ്മുടെ ആവശ്യങ്ങൾ നേടുവാനായി നമുക്ക് ഇച്ഛാശക്തി മാത്രമല്ല തന്നിരിക്കുന്നത്. നമ്മുടെ ഉദാസീനത മാറ്റി സ്നേഹവും, ദുഃഖത്തെ ചെറുക്കുവാൻ സന്തോഷവും, ഉത്കണ്ഠയെ മാറ്റി സമാധാനവും, ആവേശത്തെ പുറത്താക്കുവാൻ സഹനവും(ക്ഷമ) മറ്റുള്ളവരെ കരുതുവാൻ ദയയും, അവരുടെ ആവശ്യങ്ങളെ കാണുവാൻ നന്മയും, നമ്മുടെ വാഗ്ദാനങ്ങളെ പാലിക്കുവാൻ വിശ്വസ്തതയും, ദുഷ്ടതക്ക് പകരം സൗമ്യതയും, സ്വാർത്ഥതയെ നീക്കുവാൻ ആത്മ നിയന്ത്രണവും (ഗലാ.5: 22-23) നല്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടാം. ഇതിലൊന്നും നാം പൂർണ്ണതയുള്ളവരല്ലെങ്കിലും,  പരിശുദ്ധാത്മാവിന്റെ ദാനമാകുന്ന സദ്ഗുണങ്ങളെ ദിവസവും അന്വേഷിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. (എഫെ.5: 18)

ഒരിക്കൽ ഒരു എഴുത്തുകാരൻ വിശുദ്ധിയെന്നാൽ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുവാനുള്ള കഴിവാണ് എന്ന് വിശദീകരിച്ചു. അത്തരത്തിലുള്ള വിശുദ്ധി മഹാമാരിയുള്ളപ്പോൾ മാത്രമല്ല ദിനവും ആവശ്യമാണ്. മറ്റുള്ളവർക്കായി ത്യാഗങ്ങൾ ചെയ്യുവാനുള്ള പ്രാപ്തി നമുക്കുണ്ടോ? പരിശുദ്ധാത്മാവേ, ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള ശക്തി പകരേണമേ.

സംസാരിക്കുവാൻ ഒരു സമയം

കഴിഞ്ഞ മുപ്പത് ദീർഘ വർഷങ്ങൾ, അവളൊരു വലിയ ആഗോള ശുശ്രൂഷയ്ക്കായി വിശ്വസ്തതയോടെ പ്രവർത്തിച്ചു. എന്നിട്ടും വർഗീയ അനീതിയെക്കുറിച്ച് സഹപ്രവർത്തകരുമായി സംസാരിക്കാൻ അവൾ ശ്രമിച്ചപ്പോൾ നിശബ്ദതയായിരുന്നു മറുപടി.  ഒടുവിൽ 2020 ലെ വസന്തത്തിൽ ലോകത്തുടനീളം വംശീയതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വ്യാപിച്ചപ്പോൾ -അവളുടെ സുഹൃത്തുക്കളും "തുറന്ന ചർച്ചക്ക് തയ്യാറായി". സമ്മിശ്ര വികാരങ്ങളോടും വേദനയോടും കൂടെ, ചർച്ചകൾ ആരംഭിച്ചതിൽ അവൾ നന്ദിയുള്ളവളായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് അവളുടെ സഹപ്രവർത്തകർക്ക് സംസാരിക്കാൻ ഇത്രയധികം സമയം എടുത്തതെന്ന് അവൾ അത്ഭുതപ്പെട്ടു.

നിശബ്ദത എന്നത് ചില സാഹചര്യങ്ങളിൽ ഒരു സദ്‌ഗുണമാണ്. ശലോമോൻ രാജാവ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ എഴുതിയതുപോലെ, "എല്ലാറ്റിന്നും ഒരു സമയമുണ്ടു;............മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം". (സഭാ. 3:1, 7)

മതഭ്രാന്തിന്റെയും അനീതിയുടെയും മുൻപിൽ നിശബ്ദത പാലിക്കുന്നത് ഉപദ്രവവും ദോഷവും മാത്രമേ ചെയ്യുകയുളളൂ. ലൂഥറൻ പാസ്റ്ററായ മാർട്ടിൻ നിമോയല്ലെർ ( ശബ്ദമുയർത്തിയതിന് നാസി ജർമനിയിൽ ജയിലടക്കപ്പെട്ടു) യുദ്ധത്തിനുശേഷം താനെഴുതിയ ഒരു കവിതയിൽ ഇത് ഏറ്റുപറഞ്ഞു. അദ്ദേഹം എഴുതി, “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു”, “പക്ഷേ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല" എന്ന് അദ്ദേഹം എഴുതി. അദ്ദേഹം കൂട്ടിച്ചേർത്തു, “അപ്പോൾ അവർ ജൂതന്മാർക്കും കത്തോലിക്കർക്കും മറ്റുള്ളവർക്കും വേണ്ടി വന്നു, പക്ഷേ ഞാൻ സംസാരിച്ചില്ല.” അവസാനം, “അവർ എന്നെ തേടി വന്നു - അപ്പോഴേക്കും സംസാരിക്കാൻ ആരും അവശേഷിച്ചില്ല.”

അനീതിക്കെതിരെ സംസാരിക്കുവാൻ സ്നേഹവും - ധൈര്യവും - വേണം. ദൈവത്തിന്റെ സഹായം തേടുമ്പോൾ, സംസാരിക്കുവാനുള്ള സമയം ഇപ്പോളാണെന്ന് നാം തിരിച്ചറിയുന്നു.

പരിശുദ്ധാത്മാവ് തരുന്ന ഉൾക്കാഴ്ച

തന്റെ സൈനീക ക്യാമ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മരുഭൂമിയിൽ കുഴിയെടുത്തുകൊണ്ടിരുന്ന ആ ഫ്രഞ്ച് സൈനികന് താനൊരു സുപ്രധാനമായ കണ്ടുപിടുത്തമാണ് നടത്തുവാൻ പോകുന്നതെന്ന് യാതൊരു അറിവുമില്ലായിരുന്നു. അടുത്ത തവണ മണ്ണ് നീക്കിയപ്പോൾ അയാളൊരു കല്ല് കണ്ടു. ഏതെങ്കിലുമൊരു കല്ലായിരുന്നില്ല അത്. അത് റോസേറ്റാ സ്റ്റോൺ ആയിരുന്നു. ടോളെമി അഞ്ചാമൻ രാജാവിന്റെ കാലത്തെ നിയമങ്ങളും ഭരണവും 3 ഭാഷകളിലായി അതിൽ രേഖപ്പെടുത്തിയിരുന്നു. ആ കല്ല് (ഇപ്പോൾ ബ്രിട്ടീഷ് മ്യുസിയത്തിലാണ്) പുരാതന ഈജിപ്ത്യൻ ലിപിയായ ഹൈറോഗ്ലിഫിക്സിന്റെ നിഗൂഡതകൾ തുറക്കാൻ സഹായിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു പുരാവസ്തു കണ്ടെത്തലായിരുന്നു.

നമ്മിൽ പലർക്കും വചനത്തിലെ പലഭാഗങ്ങളും ആഴത്തിലുള്ള നിഗൂഢതകളാണ്. ക്രൂശിക്കപ്പെടുന്നതിന്റെ തലേ രാത്രിയിൽ, അവിടുന്ന് പരിശുദ്ധാത്മാവിനെ അയക്കും എന്ന് യേശു അനുയായികളോട് വാഗ്ദത്തം ചെയ്തു. അവിടുന്ന് അവരോടു പറഞ്ഞു "സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും" (യോഹ.16: 13). ഒരു തരത്തിൽ പറഞ്ഞാൽ പരിശുദ്ധാത്മാവ് ബൈബിളിന്റെ ഗൂഢ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ദൈവീക റോസെറ്റ സ്റ്റോണാണ്.

വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചുമുള്ള പൂർണ്ണമായ അറിവ് നമുക്ക് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, യേശുവിനെ അനുഗമിക്കുന്നതിന് ആവശ്യമായതെല്ലാം മനസ്സിലാക്കുവാൻ പരിശുദ്ധാത്മാവിനാൽ സാധിക്കും എന്ന ഉറപ്പ് നമുക്കുണ്ട്. അവിടുന്ന് നമ്മെ ആ അടിസ്ഥാന സത്യങ്ങളിലേക്ക് വഴി നടത്തും.