Month: ഡിസംബര് 2021

വിലപ്പെട്ട ഒരു കാത്തിരിപ്പ്

യുക്തിരഹിതനായ ഒരു മേലുദ്യോഗസ്ഥന്റെ കൂടെ നീണ്ട മണിക്കൂറുകൾ സംഘർഷഭരിതമായ ജോലി ചെയ്യേണ്ടി വന്നതിനാൽ ആ ജോലി ഉപേക്ഷിക്കുവാൻ അഭിനവ് വിചാരിച്ചു. പക്ഷെ അവന് ഭാര്യയും, ചെറിയ ഒരു കുട്ടിയും പിന്നെ വലിയ കടബാധ്യതയും ഉണ്ടായിരുന്നു. അവന് എന്തായാലും ജോലി രാജിവെക്കുന്നതിനുള്ള തോന്നൽ ഉണ്ടാകുമ്പോൾ  അവന്റെ ഭാര്യ അവനോടു “ കുറച്ചു കൂടി പിടിച്ച് നിന്ന് ദൈവം നമുക്ക് എന്താണ് തരുന്നത് എന്ന് നോക്കാമെന്നും”  ഓർമ്മിപ്പിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. അഭിനവിന് ഒരു പുതിയ ജോലി ലഭിച്ചു; അത് അവന് ഇഷ്ടപ്പെട്ട ജോലിയായിരുന്നു ; വീട്ടുകാരോടൊന്നിച്ച് ചെലവഴിക്കുന്നതിന് കൂടുതൽ സമയവും ലഭിച്ചു.  “ആ മാസങ്ങൾ വളരെ നീണ്ടതായിരുന്നു, പക്ഷേ ദൈവം തന്റെ സമയത്ത് നടപ്പാക്കുന്ന പദ്ധതിക്കായി കാത്തിരിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു  ” എന്ന് അവൻ എന്നോടു പറഞ്ഞു.

നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിൽ ദൈവത്തിന്റെ സഹായത്തിനായുള്ള കാത്തിരിപ്പ് വളരെ ബുദ്ധിമുട്ടുള്ളതാണ്; അത്  ആദ്യം നമ്മെ നമ്മുടേതായ പ്രതിവിധികളെ കണ്ടുപിടിക്കുവാൻ പ്രേരിപ്പിക്കും. ഇസ്രായേല്യർ അതുതന്നെയാണ് ചെയ്തത്: തങ്ങളുടെ ശത്രുക്കളിൽ നിന്നുള്ള ഭീഷണിയിൽ അവർ ദൈവത്തിലേക്ക് തിരിയുന്നതിന് പകരം ഈജിപ്തിൽ നിന്നുള്ള സഹായം തേടി (യെശയ്യാ 30:2). പക്ഷേ ദൈവം അവരോട് പറഞ്ഞു: മനംതിരിഞ്ഞു അവനിൽ വിശ്വസിച്ചാൽ മാത്രമേ അവർ ശക്തിയും രക്ഷയും പ്രാപിക്കയുള്ളൂ എന്ന്.( വാ.15). അതുകൊണ്ട്, “ യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു”(വാ.18) എന്ന് അവൻ കൂട്ടിച്ചേർത്തു.

ദൈവത്തിനായി കാത്തിരിക്കുന്നതിന് വിശ്വാസവും ക്ഷമയും ആവശ്യമാണ്. പക്ഷെ, ഇതിന്റെ എല്ലാം അവസാനത്തിൽ അവന്റെ ഉത്തരം നാം കാണുമ്പോൾ, ആ കാത്തിരിപ്പിന്റെ വില നമുക്ക് ബോധ്യപ്പെടും.  “അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” (വാ.18). പിന്നെ ഇതിനേക്കാൾ ആശ്ചര്യമുളവാകുന്ന കാര്യം, നാം അവന്റെ അടുക്കൽ വരുന്നതിനായി ദൈവം കാത്തിരിക്കുന്നു എന്നുള്ളതാണ്.

വീരന്മാരും, സ്വേച്ഛാധിപതികളും, യേശുവും

ബിഥോവൻ (പ്രസിദ്ധനായ ഗാനരചയിതാവ്) ദ്വേഷ്യത്തിലായിരുന്നു.അദ്ദേഹത്തിന്റെ മൂന്നാമത്തെ സിംഫണിക്ക് “ ദ ബോണപാർറ്റേ” എന്ന പേരാണ്  വിചാരിച്ചിരുന്നത്. മതപരമായും, രാഷ്ട്രീയമായും, അരാജകത്വം നിലനിന്നിരുന്ന ഒരു കാലത്ത് നെപ്പോളിയനെ സ്വാതന്ത്ര്യത്തിന്റെ ഒരു വീരയോദ്ധാവായാണ് അദ്ദേഹം കണ്ടിരുന്നത്. പക്ഷേ ഫ്രഞ്ച് സേനാധിപതിയായ ബോണപാർറ്റേ , സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചപ്പോൾ, വിഖ്യാതനായ ഗാനരചയിതാവ് മനസ്സ് മാറ്റി. അദ്ദേഹത്തിന്റെ വീരനായകനെ നീചനും സ്വേച്ഛാധിപതിയുമായി തള്ളിപ്പറഞ്ഞു. ബോണപാർറ്റേയെ കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന യഥാർത്ഥ രൂപം വളരെ പ്രയാസപ്പെട്ട് മായിച്ചു കളയേണ്ടി വന്നത്, മനസ്സിൽ വലിയ മുറിവുണ്ടാക്കി.

യേശു ഒരു സാമൂഹിക, രാഷ്ട്രീയ പരിഷ്കർത്താവ് അല്ലെന്ന് മനസ്സിലായപ്പോൾ ആദിമ വിശ്വാസികളെ അത് വളരെ നിരാശപ്പെടുത്തിയിരിക്കാം.  സ്വേച്ഛാധിപതിയായ സീസറുടെ കനത്ത  നികുതി ഭാരവും സൈനീക സാന്നിദ്ധ്യവും ഇല്ലാത്ത ഒരു ജീവിതവും അവൻ സാധ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും നടന്നില്ല . വീണ്ടും ദശകങ്ങൾക്ക് ശേഷവും റോമാ സാമ്രാജ്യം ലോകത്തെ ഭരിച്ചുകൊണ്ടിരുന്നു. യേശുവിന്റെ  സന്ദേശ വാഹകരിൽ പേടിയും  ദൗർബല്യവും അവശേഷിച്ചു. അവന്റെ ശിഷ്യന്മാർ അപക്വമായവരും പിണക്കക്കാരുമായിരുന്നു (1  കൊരിന്ത്യർ 1 : 11 – 12 ; 3: 1- 3.).

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അതിനപ്പുറം, മാറ്റമില്ലാതെ നിലനിൽക്കുന്നതിനെ പൗലോസ് കണ്ടു. അവന്റെ ലേഖനങ്ങൾ തുടക്കത്തിലും ഒടുക്കത്തിലും ഉടനീളവും നിറഞ്ഞു നിന്നത്  ക്രിസ്തുവിന്റെ നാമം ആയിരുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു. അധികാരത്തോടെ വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്ത ക്രിസ്തു . എല്ലാറ്റിനേയും, എല്ലാവരേയും ന്യായം വിധിക്കുന്ന ക്രിസ്തു. പൗലോസ്  യേശുവിലായിരിക്കുന്ന വിശ്വാസികളോട് ആവശ്യപ്പെടുന്ന  ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം, ക്രൂശിതനായ ക്രിസ്തു എന്ന യാഥാർത്ഥ്യത്തിന്റെ അർത്ഥത്തിലും, അനുഭവത്തിലും അടിസ്ഥാനപ്പെട്ടവരായിരിക്കുവാനാണ് (2:2 ; 13: 1 – 13).

യേശുവിന്റെ യാഗത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ആ സ്നേഹം, യേശുവിനെ മറ്റൊരു തരത്തിലുള്ള നായകനാക്കി മാറ്റി. ലോകത്തിന്റെ ദൈവവും രക്ഷിതാവുമായവൻ,  തന്റെ ക്രൂശുമരണത്താൽ എല്ലാം മാറ്റി. യേശുവിന്റെ നാമം എല്ലാ  കാലത്തും, എല്ലാ നാമത്തിനും മേലായ നാമമായി , അറിയപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.

ആവശ്യക്കാരോടുള്ള കരുതൽ

വാതിൽക്കൽ വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ കണ്ടത് സ്ഥിരമായി പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുവാൻ വരുന്ന ക്ഷീണിതയായ സ്ത്രീയെയാണ്.കുപ്പികൾ കൊടുത്തു കിട്ടുന്ന പൈസയായിരുന്നു അവളുടെ പ്രധാന വരുമാനം.എന്റെ കൂട്ടുകാരന് ഒരു ആശയം രൂപപ്പെട്ടു. അവർ എവിടെയാണ് ഉറങ്ങുന്നതെന്ന് കാണിച്ചു തരാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. ഒരു വീടിന്റെ  അടുത്തുള്ള രണ്ടടി വീതിയും, ഇടുങ്ങിയതും, അഴുക്ക് നിറഞ്ഞതുമായ ഒരു കൊച്ചു സ്ഥലത്തേക്ക്  അവർ അവനെ കൂട്ടികൊണ്ടു പോയി.അതു കണ്ട്  വിഷമം തോന്നിയ കൂട്ടുകാരൻ, അവർക്ക് ഒരു “ കൊച്ചു വീട് “ ഉണ്ടാക്കി കൊടുത്തു  - അവർക്ക് സുരക്ഷിതമായി ഉറങ്ങുവാനുള്ള  രക്ഷാ കേന്ദ്രം. കൂട്ടുകാരന് മറ്റൊരു ആശയം ഉടലെടുത്തു . അവൻ ഒരു ഓൺലൈൻ പ്രചരണം തുടങ്ങി, അടുത്തുള്ള സഭകളുമായി സഹകരിച്ച് വീടില്ലാത്തവർക്കായി സ്ഥലം കണ്ടെത്തി കൂടുതൽ വീടുകൾ പണിതു നൽകി.

ബൈബിളിൽ മുഴുവനായും, ആവശ്യങ്ങളിൽ ഇരിക്കുന്നവരെ കരുതുവാൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം ഇസ്രായേൽ മക്കളോട് വാഗ്ദത്ത നാട്ടിലേക്ക് കടക്കുവാനായി ഒരുങ്ങുവാൻ മോശയിലൂടെ സംസാരിക്കുമ്പോൾ, അവൻ അവരെ പ്രേരിപ്പിക്കുന്നത് തുറന്ന ഹൃദയത്തോടെ “ നിന്റെ കൈ (ദരിദ്രനുവേണ്ടി) വേണ്ടി തുറന്നു അവനു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായ്പ കൊടുക്കേണം” (ആവർത്തനം 15: 8). ഈ ഖണ്ഡികയിൽ ഇതുകൂടെ രേഖപ്പെടുത്തിയിരിക്കുന്നു “ ദരിദ്രൻ നിന്റെ ദേശത്തു അറ്റു പോകയില്ല”(വാ. 11). ഈ സത്യം കാണാൻ കൂടുതൽ ദൂരത്തൊന്നും പോകേണ്ട കാര്യമില്ല. ദൈവം ഇസ്രായേൽ മക്കളോട് “ നിന്റെ സഹോദരനും നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ആജ്ഞാപിക്കുന്നു” (വാ. 11), നമുക്കും ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സഹായിക്കാനുള്ള വഴി കണ്ടെത്താം.

എല്ലാവർക്കും ഭക്ഷണവും, വീടും, വെള്ളവും ആവശ്യമുണ്ട്. നമുക്ക് കൂടുതൽ ഒന്നും  ഇല്ലെങ്കിലും, നമുക്കുള്ളത് ഉപയോഗിച്ച്  മറ്റുള്ളവരെ  സഹായിക്കാൻ വഴികാണിച്ച്, ദൈവം നമ്മെ നയിക്കട്ടെ. അത് ഒരു സാൻവിച്ച് കൊടുക്കുന്നതോ, തണുപ്പിനുള്ള ഒരു കോട്ട് നൽകുന്നതോ, എന്താണെങ്കിലും, ചെറിയ കാര്യങ്ങൾക്കു വലിയ വ്യത്യാസം ഉണ്ടാക്കുവാൻ കഴിയും.

ശക്തരായ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി

ന്യൂയോർക്ക് ടൈംസ്, "രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും മഹത്തരമായ ഒരു  രക്ഷാദൗത്യം " സംഘടിപ്പിച്ചതിന്, 2010-ൽ , 94 വയസ്സുള്ള ജോർജ്  വോയ്നോവിച്ചിന് അവാർഡായി  ഒരു വെങ്കല നക്ഷത്രം സമ്മാനിച്ചു. അമേരിക്കയിലെ ഒരു സെർബിയൻ കുടിയേറ്റക്കാരന്റെ മകനായ വോയ്നോവിച്ച് അമേരിക്കൻ സൈന്യത്തിൽ ചേർന്നിരുന്നു. നിലം പതിച്ച അമേരിക്കൻ വൈമാനികർ യൂഗോസ്ലാവിയൻ വിപ്ലവകാരികളുടെ സംരക്ഷണത്തിലാണെന്ന വാർത്ത വന്നപ്പോൾ വോയിനോവിച്ച് സ്വന്തം പിതാവിന്റെ നാട്ടിലേക്ക് തിരിച്ചു പോയി വൈമാനികരെ കണ്ടുപിടിക്കുന്നതിന്നായി കാട്ടിൽ പാരച്ചൂട്ടിൽ ഇറങ്ങി. സൈനീകരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് , എങ്ങിനെയാണ് സെർബിയക്കാരുമായി ചേർന്ന് പോകേണ്ടത് എന്ന് (സെർബിയക്കാരുടെ വസ്ത്രധാരണവും അവരുടെ ഭക്ഷണരീതിയും ) അവരെ  പഠിപ്പിച്ചു. അതിനു ശേഷം അവർ കാട്ടിൽ വെട്ടിയുണ്ടാക്കിയ , വിമാനം ഇറങ്ങാനുള്ള പാതയിൽ കാത്തു കിടന്നിരുന്ന യാത്രാ വിമാനമായ C-47-ൽ ഓരോ ഗ്രൂപ്പിനേയും ഓരോ സമയത്തായി മാസങ്ങൾ കൊണ്ട് അദ്ദേഹം തനിയെ പുറത്ത് കൊണ്ടു വന്നു. ആവേശഭരിതരും സന്തോഷവാന്മാരുമായ 512 സൈനീകരെ വോയ്നോവിച്ച് രക്ഷപ്പെടുത്തി.

ദൈവം ദാവീദിനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ  ദാവീദ് വിവരിക്കുന്നുണ്ട്. “അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു” (2 ശമുവേൽ 22 :17) ദാവീദ് പറഞ്ഞു. ശൗൽ രാജാവ്, അസൂയ കൊണ്ട് കോപിഷ്ടനായി, ദാവീദിന്റെ രക്തത്തിനായി , നിഷ്ക്കരുണം വേട്ടയാടി കൊണ്ടിരുന്നു. പക്ഷേ ദൈവത്തിനു മറ്റൊരു പദ്ധതി ആയിരുന്നു. “ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും എന്നെ പകച്ചെവരുടെ പക്കൽ നിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു ; "(വാ. 18) ദാവീദ് ഓർത്തെടുത്തു.

 ദൈവം ദാവീദിനെ ശൗലിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു. അവൻ ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് രക്ഷപ്പെടുത്തി. ദൈവം നമ്മെ രക്ഷിക്കുവാനായി വന്നു. യേശു പാപത്തിൽ നിന്നും, തിന്മയിൽ നിന്നും, മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഏത് ബലവാനായ ശത്രുവിനേക്കാളും വലിയവനാണ് നമ്മുടെ ദൈവം.

ഒരു വലിയ ജനക്കൂട്ടം

ഞങ്ങൾ ഞായറാഴ്ച രാവിലെ സഭായോഗത്തിന് വളരെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഒരുമിച്ച് വന്നിരിക്കുന്നത്. കോറോണ വൈറസ് എന്ന മഹാമാരിയാൽ നമുക്ക് വളരെ അകലം പാലിച്ച് നിൽക്കേണ്ടി വന്നാലും ഒരു യുവ ദമ്പതികളുടെ വിവാഹം ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ  സന്തോഷമുണ്ട്. സങ്കേതിക വിദ്യയുടെ മികവു കൊണ്ടു് അനുഗ്രഹിക്കപ്പെട്ട നമ്മുടെ സഭയിലെ  അംഗങ്ങൾ ഈ  ചടങ്ങ് ലോകത്തിന്റെ   പല ഭാഗങ്ങളിലുമുള്ള അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി -സ്പെയിൻ, പോളണ്ട്, സൈബീരിയ-സംപ്രേക്ഷണം ചെയ്തു. ഈ തരത്തിലുള്ള ക്രിയാത്മകമായ സമീപനം മൂലം ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങളെ  മറികടക്കുവാനും, വിവാഹ ശുശ്രൂഷയിൽ സന്തോഷിക്കുവാനും കഴിഞ്ഞു.ദൈവത്തിന്റെ ആത്മാവ് നമ്മെ ഒന്നാക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.

ആ ഞായറാഴ്ച രാവിലെ വിവിധ രാജ്യങ്ങളിലെ നമ്മുടെ സഭയുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്ച “സകലജാതികളിലും  ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണികൂടാത്ത ഒരു മഹാ പുരുഷാരം സ്വർഗ്ഗത്തിൽ  ദൈവത്തിന്റെ മുമ്പിൽ  നിൽക്കുന്ന, വരാൻപോകുന്ന ഒരു  വലിയ മഹത്വത്തിന്റെ”(വെളിപ്പാട് 7:9) ചെറിയ ഒരു രുചിച്ചറിയൽ ആയിരുന്നു. യേശുവിന്റെ പ്രിയ ശിഷ്യനായ യോഹന്നാൻ  ആ” മഹാ പുരുഷാരത്തെ” ഒരു വെളിപ്പാടിൽ മിന്നൊളി പോലെ കണ്ടത് വെളിപ്പാട് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.അവിടെ കൂടിയിട്ടുള്ള സകല ദൂതന്മാരും മൂപ്പന്മാരും ദൈവത്തെ ആരാധിച്ച് എല്ലാ മഹത്വവും കൊടുത്തു. “നമ്മുടെ ദൈവത്തിനു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും, ആമേൻ എന്നു പറഞ്ഞു ദൈവത്ത നമസ്കരിച്ചു” (വാ. 12).

യേശുവും മണവാട്ടി സഭയുമായി ഒന്നാകുന്ന വിവാഹത്തിൽ “കുഞ്ഞാടിന്റെ കല്യാണ സദ്യ”(19:9) ആരാധനയുടേയും ആഘോഷത്തിന്റേയും അത്ഭുതകരമായ ഒരു സമയമായിരിക്കും. ഞങ്ങളുടെ ഞായറാഴ്ചത്തെ ആരാധനയിൽ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളുമായുള്ള ഞങ്ങളുടെ അനുഭവം  ചൂണ്ടിക്കാണിക്കുന്നത് നാം എല്ലാവരും ആസ്വദിക്കാനിരിക്കുന്ന ആ വലിയ ദിവസത്തേയാണ്.

പ്രത്യാശയോടെ സന്തോഷപ്രദമായ ആ അനുഭവത്തിനുവേണ്ടി കാത്തിരിക്കുമ്പോഴും നമുക്ക് ദൈവജനത്തെ  കൂട്ടായ്മയോടും സന്തോഷത്തോടും കൂടെ  കൈകൊള്ളാം.